ADVERTISEMENT

കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനത്തിൽ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ കവർന്ന് ഇ.പി.ജയരാജന്റെ ബിജെപി പ്രവേശന ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദം. വോട്ടെടുപ്പ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ കണ്ണൂരിൽ വോട്ടു രേഖപ്പെടുത്തിയ ഇ.പി.ജയരാജൻ, കേരള ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം സ്ഥിരീകരിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാർ എന്നിവരുടെ വെളിപ്പെടുത്തലുകള്‍ ഇ.പി ശരിവച്ചത് വോട്ടെടുപ്പു ദിനത്തിൽ കോൺഗ്രസിന് വീണുകിട്ടിയ ആയുധമായി; സിപിഎമ്മിന് അപ്രതീക്ഷിത പ്രഹരവും. ‘എല്ലാവരും ബിജെപിയിലേക്ക്’ എന്ന പ്രതീതി ബലപ്പെടുത്താൻ ലഭിച്ച അവസരം ബിജെപിയും കൈവിട്ടില്ല. ഫലത്തിൽ, മൂന്നു മുന്നണികളും വാശിയോടെ പ്രചാരണം നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പു ദിവസത്തെ അജൻഡ നിശ്ചയിക്കുന്ന തുറന്നുപറച്ചിലായി ഇ.പിയുടേത്.

‘ഇന്നത്തെ കോണ്‍ഗ്രസ്, നാളത്തെ ബിജെപി’ എന്ന സിപിഎം പ്രചാരണത്തിന്റെ മുനയൊടിച്ച‌ാണ്, വോട്ടെടുപ്പു ദിനത്തിൽ ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദം ചൂടൻ ചർച്ചയായത്. എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതു മുതൽ സിപിഎമ്മിൽ പുകഞ്ഞുനീറുന്ന ആഭ്യന്തര പ്രശ്നങ്ങളാണ്, വോട്ടെടുപ്പിന്റെ നിർണായക ദിനത്തിൽ പൊട്ടിത്തെറിച്ചത്. വോട്ടെടുപ്പ് ദിവസം രാവിലെ ഇ.പി.ജയരാജൻ നടത്തിയ തുറന്നുപറച്ചിൽ അക്ഷരാർഥത്തിൽ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയെന്നതാണ് വാസ്തവം. അതിന്റെ ബാക്കിപത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനം. 

പ്രകാശ് ജാവഡേക്കർ, ഇ.പി.ജയരാജൻ, ദല്ലാൾ നന്ദകുമാർ
പ്രകാശ് ജാവഡേക്കർ, ഇ.പി.ജയരാജൻ, ദല്ലാൾ നന്ദകുമാർ

ഇ.പിയുടെ പ്രതികരണത്തിലെ അപകടം മനസ്സിലാക്കി ആദ്യം തന്നെ രക്ഷാപ്രവർത്തനത്തിന് എത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജയരാജന്റെ നിഷ്കളങ്ക സ്വഭാവം എതിരാളികള്‍ മുതലെടുത്തതാണെന്ന് വരുത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ ജയരാജന്റെ രീതികള്‍ ആവര്‍ത്തിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണെന്ന് പരസ്യമായിത്തന്നെ അദ്ദേഹത്തിന് പറയേണ്ടിയും വന്നു. ജാവഡേക്കറെ കണ്ടതിൽ വലിയ കാര്യമില്ലെന്ന് വരുത്തി പ്രശ്നം ലഘൂകരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ശ്രമിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ പതിവിലും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഇ.പിയെ തിരുത്തിയതിലൂടെ വിവാദം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും, ബിജെപി – സിപിഎം അന്തർധാരയെന്ന ആരോപണം വോട്ടെടുപ്പു ദിനം മുഴുവനും സജീവമായി നിലനിർത്താൻ കോൺഗ്രസ് നേതൃത്വം ശ്രദ്ധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ തുടങ്ങിയവരെല്ലാം ശക്തമായി പ്രതികരിച്ച് വിവാദത്തിൽ കണ്ണികളായി. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങൾ ബിജെപിക്കും ശേഷിക്കുന്ന 18 മണ്ഡലങ്ങൾ എൽഡിഎഫിനും എന്നതാണ് സിപിഎം – ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന് കെ.മുരളീധരൻ വിശദീകരിക്കുകയും ചെയ്തു.

അതേസമയം, പാർട്ടി സംസ്ഥാന നേതൃത്വം അറിഞ്ഞാണ് ഇ.പി.ജയരാജനുമായി ജാവഡേക്കർ ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിലപാട്. വോട്ടെടുപ്പു ദിനത്തിലെ അപ്രതീക്ഷിത രാഷ്ട്രീയ ചർച്ചകളുടെ ഫലം പരമാവധി കൊയ്തെടുക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് നിസംശയം പറയാം. കൂടുതൽ പേർ ബിജെപിയിലേക്കു വരുന്നുവെന്ന തന്റെ സ്ഥിരം അവകാശവാദം ഊട്ടിയുറപ്പിക്കാനും സുരേന്ദ്രൻ ഈ അവസരം ഉപയോഗപ്പെടുത്തി. വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനകം ഒട്ടും പ്രതീക്ഷിക്കാത്ത യുഡിഎഫ് – എൽഡിഎഫ് നേതാക്കളെ ബിജെപിയിൽ കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇരു മുന്നണികളിൽ നിന്നുമായി ഏഴോളം നേതാക്കളുമായി ബിജെപി പ്രവേശനത്തേക്കുറിച്ച് ചർച്ച നടത്തിയതായി മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനും സ്ഥിരീകരിച്ചു.

വോട്ടെടുപ്പു ദിവസം ഇ.പിയെ ചേർത്തുപിടിക്കാനും പ്രശ്നത്തെ ലഘൂക്കാനുമാണ് പാർട്ടി നേതൃത്വം ശ്രമിച്ചതെങ്കിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇക്കാര്യത്തിൽ ഇ.പി.ജയരാജൻ പാര്‍ട്ടിയില്‍ മറുപടി പറയേണ്ടി വരുമെന്ന് തീർച്ചയാണ്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുക കൂടി ചെയ്താൽ പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്കു തന്നെ സാധ്യതയുണ്ട്. പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിവരം വോട്ടെടുപ്പു ദിനത്തിൽ ഇ.പി.ജയരാജൻ സ്ഥിരീകരിച്ചത് വെറുതെയല്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. പോകുന്നവഴിക്ക് ഒരു ചായ കുടിക്കാൻ മാത്രമാണ് ജാവഡേക്കർ തന്റെ ഫ്ലാറ്റിൽ വന്നതെന്ന് ജയരാജൻ വിശദീകരിച്ചെങ്കിലും, അത് ഉറച്ച പാർട്ടിക്കാർ പോലും വിശ്വസിക്കുമോയെന്ന് സംശയം. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്ന ഇ.പിയുടെ പ്രതികരണത്തെ, പിന്നെ രാമകഥയാണോ സംസാരിച്ചത് എന്ന ചോദ്യത്തോടെയാണ് കെ.സുധാകരൻ നേരിട്ടത്. 

ഇ.പി.ജയരാജൻ, ശോഭാ സുരേന്ദ്രൻ
ഇ.പി.ജയരാജൻ, ശോഭാ സുരേന്ദ്രൻ

‘‘ശ്വസിക്കുന്ന വായുവിൽ പോലും ബിജെപി വിരുദ്ധവും വർഗീയ വിരുദ്ധവുമായ നിലപാടുള്ളവരാണ് ഇടതുപക്ഷക്കാരെ’ന്ന് ഇന്ന് പ്രസ്താവിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്. ഇടതുപക്ഷത്തിന്റെ ബിജെപി വിരുദ്ധത ഇല്ലാതാക്കാൻ ജീവനെടുത്താൽ മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം അൽപം കടത്തിപ്പറയുകയും ചെയ്തു. ബിജെപിയോട് സിപിഎം പ്രവർത്തകർക്കുണ്ടെന്ന് കരുതപ്പെട്ടിരുന്ന ഈ തൊട്ടുകൂടായ്മയാണ്, ഇ.പി. ജയരാജനെന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന്റെ ജാവഡേക്കർ കൂടിക്കാഴ്ചയോടെ ചോദ്യചിഹ്‌നമായത്. സിപിഎമ്മിനെ സംബന്ധിച്ച് ബിജെപിയുമായുള്ള സൗഹൃദം അചിന്ത്യമാണെന്ന ഒരു വിഭാഗം പ്രവർത്തകരുടെ ഉറച്ച ബോധ്യത്തിലാണ്, ജയരാജൻ വിവാദം കരിനിഴൽ വീഴ്ത്തിയത്.

ഇ.പി.ജയരാജനേപ്പോലൊരു ഉറച്ച കമ്യൂണിസ്റ്റ് നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് വോട്ടെടുപ്പു ദിനത്തിൽത്തന്നെ സ്ഥിരീകരിച്ചത്, ചില മണ്ഡലങ്ങളിലെങ്കിലും ചാഞ്ചാടി നിൽക്കുന്ന ഒരു വിഭാഗം വോട്ടർമാരുടെ ‘താമര’യോടുള്ള അയിത്ത ചിന്ത അയയാൻ കാരണമായിട്ടുണ്ടാകാമെന്നാണ് സംസാരം. ത്രിപുരയിലെയും ബംഗാളിലെയും സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്കു പോയെന്ന കോൺഗ്രസ് പരിഹാസത്തെ എക്കാലവും കേരളത്തിന്റെ ഉദാഹരണം എടുത്തുകാട്ടി നെഞ്ചുറപ്പോടെ നേരിട്ടിരുന്ന സിപിഎമ്മിന്, ഇനി അതേ തീവ്രതയോടെ ആ നിലപാടു തുടരാൻ വിഷമിക്കേണ്ടി വരും.

English Summary:

EP's disclosure by setting the polling day agenda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com