ADVERTISEMENT

തിരുവനന്തപുരം∙ അവിചാരിതമായാണോ പ്രകാശ് ജാവഡേക്കർ ഇ.പി.ജയരാജന്റെ മകന്റെ ആക്കുളത്തെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയത്. പോളിങ് ദിനത്തിൽ കേരളം ചർച്ച ചെയ്തത് ഇ.പിയുടെ മകന്റെ ആക്കുളത്തെ ഫ്ലാറ്റിനെക്കുറിച്ചാണ്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള ആക്കുളത്തെ ഫ്ലാറ്റിലാണ് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ സന്ദർശനം നടത്തിയത്. അങ്ങനെ ആക്കുളം ഫ്ലാറ്റിനെ പോളിങ് ദിനത്തിൽ രാഷ്ട്രീയത്തിൽ എടുത്തുവെന്നും പറയാം.

ജയരാജൻ ആക്കുളത്തേക്ക് പോയ കഥ ഇങ്ങനെയാണ്. ലുലു മാളും ആക്കുളംപാലവും കഴിഞ്ഞുള്ള ജം‌ക്ഷനിൽ തിരുവനന്തപുരത്തിന്റെ പുതിയ വികസനമുഖമായ ഇടത്താണ് ആഡംബര ഫ്ലാറ്റ്. ഐടി കമ്പനികൾ കൂടുതലുള്ള സ്ഥലം. ഹൈവേ വികസനം വന്നതോടെ സ്ഥലം ആകെമാറി. ഫ്ലാറ്റ് വാങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. ഇ.പി.ജയരാജൻ തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം മകന്റെ ഫ്ലാറ്റിൽ സന്ദർശനം നടത്താറുണ്ടെന്ന് അടുപ്പമുള്ളവർ പറയുന്നു.

ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമെല്ലാം ഫ്ലാറ്റിലെത്താറുണ്ട്. കുടുംബവുമായി അടുപ്പമുള്ളവരും സുഹൃത്തുക്കളും എത്തുന്നതും ആക്കുളത്തെ ഫ്ലാറ്റിലാണ്. ചില ദിവസങ്ങളിൽ ഇ.പി മകന്റെ ഫ്ലാറ്റിൽ താമസിക്കാറുണ്ട്. അല്ലാത്ത സമയങ്ങളിൽ എകെജി സെന്ററിന് എതിർവശത്തെ പാർട്ടി ഫ്ലാറ്റിലാണ് ഇ.പി.ജയരാജൻ താമസിക്കുന്നത്. പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതും മാധ്യമങ്ങളെ കാണുന്നതുമെല്ലാം ഈ ഫ്ലാറ്റിൽവച്ചാണ്. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്.

മകന്റെ ആക്കുളത്തെ ഫ്ലാറ്റിൽവച്ച് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ തന്നെ സന്ദർശിച്ചിരുന്നതായി ഇ.പി.ജയരാജൻ സമ്മതിച്ചിരുന്നു. ഇതോടെ, സന്ദർശനം രാഷ്ട്രീയ വിവാദമായി. ഇ.പി.ജയരാജൻ ബിജെപിയിലേക്ക് പോകാൻ ഡൽഹിയിൽവച്ചാണ് ചർച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും, ബിജെപിയിലേക്ക് വരാൻ ഇ.പി 90% ചർച്ച പൂർത്തിയാക്കിയതായി ശോഭാ സുരേന്ദ്രനും ആരോപിച്ചിരുന്നു. ജൂൺ നാലിനുശേഷം പല പ്രമുഖരും ബിജെപിയിൽ ചേരുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം.

ഇ.പി വിവാദത്തിൽ പ്രതികരിച്ചത്: ‘മകന്റെ കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാനാണ് ഞാൻ ഫ്ലാറ്റിൽ പോയത്. കുറച്ചു കഴിഞ്ഞപ്പോൾ ജാവഡേക്കർ കയറിവന്നു. ഒരാൾ വീട്ടിൽ കയറി വരുമ്പോൾ ഇറങ്ങിപോകാൻ പറയാൻ കഴിയില്ലല്ലോ. ഹൈവേ വഴി പോകുമ്പോൾ അടുത്തുള്ള ഫ്ലാറ്റിലെത്തി കണ്ടുപരിചയപ്പെടാമെന്ന് കരുതി വന്നു എന്നാണ് ജാവഡേക്കർ പറഞ്ഞത്. നന്ദകുമാറും ഒപ്പമുണ്ടായിരുന്നു. അതിനു മുന്‍പ് ജാവഡേക്കറെ ഞാൻ കണ്ടിട്ടില്ല. മീറ്റിങ് ഉള്ളതിനാൽ ഇറങ്ങുകയാണെന്ന് ഞാൻ പറഞ്ഞു. മകനോട് ചായ കൊടുക്കാൻ പറഞ്ഞു. ഞങ്ങളും ഇറങ്ങുകയാണെന്നു പറഞ്ഞ് അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയകാര്യം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. കാണാൻ വരുന്നവരുടെയെല്ലാം കാര്യം പാർട്ടിയെ അറിയിക്കാൻ കഴിയുമോ?’. 

English Summary:

EP Jayarajan son's luxury flat in junction after Lulu mall and Aaklulam bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com