ADVERTISEMENT

വടകര∙ പോളിങ് മന്ദഗതിയിലായ വടകരയിൽ വോട്ടെടുപ്പ് രാത്രി ഏറെ നീണ്ടു. തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വോട്ടു ചെയ്യാതെ മടങ്ങി. വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി. വോട്ടിങ് യന്ത്രം തകരാറിലായതാണ് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാകാൻ കാരണം. ചിലയിടത്ത് വൻ തോതിൽ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാത്തവർ പോലും ഓപ്പൺ വോട്ട് ചെയ്യുന്നുണ്ട്. ഇതിനു വളരെയധികം സമയം വേണ്ടി വരുന്നുണ്ട്.

വടകരയിൽ പല ബൂത്തുകളിലും വോട്ടർമാർ രാത്രി വൈകിയും കാത്തു നിന്നിരുന്നു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുന്നൂറിലധികം പേർക്കാണ് ടോക്കൺ നൽകിയത്. വടകര നിയോജക മണ്ഡലത്തിലെ മാക്കൂൽപീടിക പുതിയാപ്പ് ജെബി സ്കൂളിലെ 109,110 ബൂത്തുകളില്‍ രാത്രി വൈകിയും പോളിങ്ങ് തുടർന്നു. 6 ന് പോളിങ്ങ് സമയം കഴിയുമ്പോൾ 530 പേർ വോട്ട് ചെയ്യാൻ ഉണ്ടായിരുന്നു. ഇവർക്ക് ടോക്കൺ നൽകി. പോളിങ് വളരെ മന്ദഗതിയിലാണ് നടന്നത്. 110 ബൂത്തിൽ വോട്ടിങ് മെഷീൻ തകരാർ കാരണം വോട്ടെടുപ്പ് ആരംഭിക്കാൻ 2 മണിക്കൂർ വൈകിയിരുന്നു. 109 ബൂത്തിൽ തകരാറില്ലാതെ തുടർന്നു. രാവിലെ മുതൽ തന്നെ ഇരുബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണാനുണ്ടായിരുന്നു. രാത്രി വോട്ടെടുപ്പിന് ആവശ്യമായ വെളിച്ചവും വോട്ടർമാർക്ക് ഇരിക്കാനുള്ള കസേര ഉൾപ്പെടെ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്ത്രീ വോട്ടർമാരായിരുന്നു കൂടുതലും വോട്ട് ചെയ്യാൻ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ് കെ.കെ.രമ എംഎൽഎ രാത്രി ബൂത്തിലെത്തി.

രാവിലെ മുതൽ ബൂത്തുകളിൽ വലിയ ക്യൂ അനുവഭവപ്പെട്ടിരുന്നു. ഉച്ചതിരിഞ്ഞും ആളുകൾ ക്യൂവിൽ കാത്തുനിൽക്കുന്ന അവസ്ഥയായിരുന്നു. പോളിങ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചില ബൂത്തുകളിൽ ഏജന്റുമാർ പ്രശ്നമുണ്ടാക്കി. എന്നിട്ടും വോട്ടിങ് മന്ദഗതിയിൽ തന്നെയാണ് തുടർന്നത്. വടകര ടൗണിലും പരിസരത്തുമായി മാത്രം ഇരുപതോളം ബൂത്തുകളിൽ പോളിങ് ഇഴയുകയാണ്. 

അതേസമയം, വോട്ടിങ് വൈകിപ്പിക്കുന്നതു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.കെ.രമ എംഎൽഎയും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും ആരോപിച്ചു. യാതൊരു പ്രശ്നവുമില്ലാത്തവർക്ക് വരെ ഓപ്പൺ വോട്ട് അനുവദിക്കുന്നുണ്ട്. പ്രിസൈഡിങ് ഓഫിസർമാർ ഇതിനു കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ടിങ് വൈകുന്നുവെന്ന് ആരോപിച്ച് കെ.കെ.രമ കലക്ടർക്ക് പരാതി നൽകി.

English Summary:

Vatakara election updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com