ADVERTISEMENT

തൃശൂർ∙ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തർധാര തിരഞ്ഞെടുപ്പിൽ ഏശില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. തൃശൂരും തിരുവനന്തപുരവും ബിജെപിക്കും ബാക്കി സീറ്റുകൾ എൽഡിഎഫിനും എന്ന ധാരണ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിറങ്ങിയ കെ.മുരളീധരൻ ആദ്യം പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാര ആരംഭിച്ചുവെന്നും പല കേസുകളുടെയും ഒത്തുതീർപ്പ് ഈ അന്തർധാരയ്ക്ക് പിന്നിലുണ്ടെന്നും മുരളീധരൻ പറയുന്നു. കെ.മുരളീധരൻ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു...

∙ താങ്കൾ ആരോപിച്ച ബിജെപി–സിപിഎം അന്തർധാര യുഡിഎഫിന് തിരിച്ചടിയാകുമോ?

ഒരു തിരിച്ചടിയുമുണ്ടാകില്ല. അന്തർധാര ഏറ്റില്ല. അതിനെ കവച്ചുവയ്ക്കുന്ന വിജയം യുഡിഎഫിനുണ്ടാകും.

∙ എത്ര സീറ്റാണ് പ്രതീക്ഷിക്കുന്നത് ?

ഇരുപതിൽ ഇരുപത് സീറ്റും ഞങ്ങളുടെ കൈവെള്ളയിലുണ്ടാകും.

∙ ഈ ആത്മവിശ്വാസത്തിനു പിന്നിലെ കാരണം?

സ്ത്രീകൾ കൂടുതൽ വോട്ട് ചെയ്തിട്ടുണ്ട്. ബിജെപിക്കും സിപിഎമ്മിനും നല്ല തട്ടുകിട്ടുമന്നാണ് അതിന്റെ അർഥം. പാചകവാതകം ഉപയോഗിക്കുന്നവരാണ് സ്ത്രീകൾ. അതിനാൽ അവർ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ല. കേരളത്തിൽ വിലക്കയറ്റം രൂക്ഷമായി, മാവേലി സ്റ്റോറിലും സപ്ലൈക്കോയിലുമൊന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം യുഡിഎഫിനാണ് വോട്ട് ചെയ്തത്.

∙ ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാരയുണ്ടെന്ന് എങ്ങനെയാണ് മനസിലായത്?

അത് മനസിലാക്കാൻ പാടൊന്നുമില്ല. എൽഡിഎഫ് കൺവീൻ തന്നെ വീട്ടിൽ വിളിച്ചിരുത്തി ചായ കൊടുക്കുകയല്ലേ. അദ്ദേഹം ഇതൊക്കെ സമ്മതിച്ചിട്ടുമുണ്ട്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടിയല്ല. കഴിഞ്ഞ കുറേകാലമായി ഇ.പി.ജയരാജൻ എൻഡിഎ കൺവീനറായാണ് പ്രവർത്തിക്കുന്നത്. പല കേസുകളുടെയും ഒത്തുത്തീർപ്പ് ഈ അന്തർധാരയ്ക്ക് പിന്നിലുണ്ട്.

എന്നുമുതലാണ് ബിജെപി സിപിഎം അന്തർധാര ആരംഭിക്കുന്നത്?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ. കോൺഗ്രസ് മുക്ത ഭാരതത്തിനുവേണ്ടി ബിജെപി വോട്ട് മറിച്ചതുകൊണ്ടാണ് എൽഡിഎഫിനു തുടർഭരണമുണ്ടാകുന്നത്. ഇതു ബിജെപിയുടെ മുകൾതട്ടിൽ നിന്നുള്ള നിർദേശമായിരുന്നു.

∙ മുഖ്യമന്ത്രിയ്ക്ക് ഈ ഇടപാടുകളിൽ പങ്കുണ്ടോ?

അദ്ദേഹമറിയാതെ സിപിഎമ്മിൽ ഒന്നും നടക്കില്ല. ഇതെല്ലാം നടത്തിയിട്ട് മാധ്യമങ്ങൾക്കു മുന്നിൽ വന്നു പറയുന്ന ഡയലോഗുകൾക്ക് ഓസ്കർ കൊടുക്കണം.

∙ പാപിക്കൊപ്പം ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്?

അദ്ദേഹത്തിന്റെ മുൻ അനുഭവങ്ങളിൽ നിന്നുണ്ടായ ഉപദേശമാണത്.

∙ തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിനു 18 സീറ്റ് ബിജെപിക്ക് 2 സീറ്റ് എന്നു താങ്കൾ പറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലേ?

യുഡിഎഫിനു വോട്ടുകൾ കൂടുകയേയുള്ളൂ. ജനം തീരുമാനിച്ച് ഉറപ്പിച്ചാണ് യുഡിഎഫിനു വോട്ട് ചെയ്തത്.

∙ തൃശൂരിൽ താങ്കളാണ് വിജയിയെങ്കിൽ രണ്ടാമത് എത്തുന്നത് ആരായിരിക്കും?

അതു പറയാറായിട്ടില്ല.

∙ തൃശൂർ പൂരത്തിനിടെയുണ്ടായ വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടോ?

തീർച്ചയായും. തൃശൂർ പൂരം കുളമാക്കാൻ നോക്കിയ സർക്കാരിനു രണ്ട് കൊടുക്കാൻ തന്നെയാണ് ജനം പോളിങ് ബൂത്തിലേക്ക് എത്തിയത്.

∙ തൃശൂരിൽ ജയിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോൾ വേറൊരു ഓപ്ഷൻ സ്വീകരിക്കുമോ?

ഈ തിരഞ്ഞെടുപ്പിൽ തന്നെ ഞാൻ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതല്ല. അപ്രതീക്ഷിതമായി വന്നുചേർന്നതാണ് തൃശൂരിലെ സ്ഥാനാർഥിത്വം. മണ്ഡലത്തിൽ സജീവമാകുന്നതിനൊപ്പം കെ.കരുണാകരന്റെ സ്മാരക നിർമാണത്തിനും വേഗം കൂട്ടണമെന്നാണ് ആഗ്രഹം.

∙ പത്മജ വീണ്ടും താങ്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്?

മറുപടി അർഹിക്കാത്ത കാര്യങ്ങളാണ് പത്മജ പറയുന്നത്.

∙ ചേട്ടനൊക്കെ വീട്ടിലാണെന്നും ചേട്ടനുവേണ്ടി പ്രാർഥിക്കില്ലെന്നും പത്മജ പറഞ്ഞു?

പത്മജയുടെ പ്രാര്‍ഥന എനിക്കുവേണ്ട. സുരേഷ് ഗോപിക്ക് വേണ്ടി പ്രാർഥിച്ചു കൊണ്ടിരിക്കട്ടെ. ദൈവത്തിനെല്ലാം തിരിച്ചറിയാം.

English Summary:

K Muraleedharan Talks After Polling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com