ADVERTISEMENT

തിരുവനന്തപുരം∙ തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല. അതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻഡിഎ കേരളത്തിൽ ഇത്തവണ കൂടുതൽ വോട്ട് നേടും. മൂന്നു മുന്നണികൾക്കും ന്യൂനപക്ഷം മതിയെന്ന സ്ഥിതിയായിരുന്നു. ന്യൂനപക്ഷ പ്രീണനത്തിനു മൂന്നു മുന്നണികളും പരസ്പരം മത്സരിച്ചു. തുഷാർ വെള്ളാപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താൻ പറഞ്ഞത്. തുഷാറിന് ഈഴവ വോട്ടുകൾ മുഴുവനായി കിട്ടാൻ ഒരു സാധ്യതയുമില്ല. മുന്നണി നിർദേശം പാലിച്ചാണ് തുഷാർ മത്സരത്തിന് ഇറങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ടെന്നും എന്നാൽ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ മത്സരമാണ്. ആരുടെയെങ്കിലും വാക്കുംകേട്ട് ഫലം പ്രവചിക്കാനില്ല. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ കൂടുതൽ വോട്ട് മേടിച്ചാൽ അതിന്റെ ഗുണം ആരിഫിന് ലഭിക്കും. കുറഞ്ഞ വോട്ട് ശോഭ മേടിച്ചാൽ അതിന്റെ ഗുണം വേണുഗോപാലിനു കിട്ടും. മുൻപ് ബിജെപി നേടിയതിനേക്കാൾ വോട്ട് ശോഭാ സുരേന്ദ്രന് കിട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച വിവാദമാകുന്നത് ഒഴിവാക്കാമായിരുന്നു. ഇ.പി.ജയരാജൻ സീനിയർ നേതാവാണ്. രാഷ്ട്രീയ നേതാക്കൾ പരസ്പരം കാണാറുണ്ട്. പക്ഷേ കാണുന്ന സമയവും രീതിയും പ്രധാനമാണ്. പാർട്ടിയിൽ പറഞ്ഞിട്ടാണ് ജാവഡേക്കറെ കണ്ടതെങ്കിൽ തെറ്റില്ല.  എന്നാൽ പാർട്ടിയിൽ അത് പറഞ്ഞിട്ടില്ലെങ്കിൽ അത് പാർട്ടി നയം അനുസരിച്ച് തെറ്റ് തന്നെയാണ്. ജയരാജൻ എൽഡിഎഫ് കൺവീനർ എന്ന നിലയിൽ രണ്ടടി പിന്നോട്ടാണ്. അത്ര ശക്തമായ നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതിനു കാരണം റിസോർട്ട് വിവാദമായിരിക്കാം. പക്ഷേ അദ്ദേഹം ബിജെപിയിലേക്ക് പോകുമോ എന്നൊന്നും പറയാൻ താൻ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

English Summary:

Vellappally Natesan prediction for Loksabha election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com