ADVERTISEMENT

കൊച്ചി ∙ ആയിരക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കി അപ്രതീക്ഷിത സമരം നടത്തിയ 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകിയതായി സൂചന. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരിൽ കാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തത്. ഇതോടെ ബുധനാഴ്ച 90 സർവീസുകള്‍ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലാവുകയും ചെയ്തു.

മിന്നൽ പണിമുടക്കിന് കാരണക്കാരായ ചില വ്യക്തികൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് അറിയിച്ചു. എയർ‍ ഇന്ത്യ ഇന്ന് നടത്തേണ്ടിയിരുന്നത്  285 സർവീസുകളാണ്. ഇതിൽ 85 സർവീസുകൾ റദ്ദാക്കി. മുടങ്ങിയ 20 റൂട്ടുകളിൽ എയർ ഇന്ത്യ സര്‍വീസ് നടത്തും. മൂന്നു മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയിട്ടുണ്ടെങ്കിൽ യാത്രക്കാർക്ക് റീഫണ്ടിന് നൽകുകയോ പുതുക്കിയ തീയതിയിൽ യാത്ര ചെയ്യാനുള്ള സൗകര്യം നൽകുകയോ ചെയ്യും.  നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഇന്നു രാവിലെ 8.50നു മസ്കത്തിലേക്കും ഉച്ചയ്ക്ക് 2 മണിക്ക് കൊൽക്കത്തയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി. ഒരാഴ്ചത്തേക്കുള്ള സർവീസുകളാണ് ഇപ്പോൾ എയർ ഇന്ത്യ മാനേജ്മെന്റ് പുനഃക്രമീകരിച്ചത്.

പ്രശ്നപരിഹാരത്തിനു മാനേജ്മെന്റും എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനുമായി ഇന്ന് ലേബർ വകുപ്പ് ചർച്ച നടത്തുന്നുണ്ട്. സമരം ചെയ്യുന്ന മുഴുവൻ പേർക്കും ബുധനാഴ്ച തന്നെ പിരിച്ചുവിടൽ നോട്ടിസ് നൽകിയെന്ന് വിമാനക്കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ 25 പേരെ ഇതിനകം തന്നെ പിരിച്ചുവിട്ടുവെന്നും അറിയുന്നു. ഇന്നത്തെ ചർച്ചയില്‍ ഈ പിരിച്ചുവിടൽ വിഷയവും ഉയർന്നേക്കും. 

കേരളത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഇതിലെ സീനിയർ കാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും മലയാളികളാണ്. കാബിൻ ക്രൂവിലെ ഏറ്റവും മുതിർന്ന തസ്തികകളിലൊന്നായ എൽ1 വിഭാഗത്തിൽ പെടുന്നവരാണ് സമരക്കാരിൽ കൂടുതലും. ഒരു വിമാനം സർവീസ് നടത്തണമെങ്കിൽ എൽ1 ക്രൂ അംഗത്തിന്റെ നേതൃത്വത്തിലുള്ള 4 കാബിൻ ക്രൂ അംഗങ്ങളാണ് വേണ്ടത്. എൽ1നെ ഒഴിവാക്കി വിമാന സർവീസ് നടത്താനും സാധിക്കില്ല. അതുകൊണ്ടു തന്നെ 200 പേരെ ഒറ്റയടിക്ക് പിരിച്ചുവിടുക അത്ര എളുപ്പമല്ല.

സമരത്തോട് കടുത്ത അതൃപ്തിയാണ് മാനേജ്മെന്റ് പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന. ആളുകളെ തെരുവിൽ ഇറക്കിവിടുന്ന തരത്തിലുള്ള സമരത്തെ ഒരു വിധത്തിലും അനുവദിക്കില്ല എന്നാണ് വിമാനക്കമ്പനി മാനേജ്മെന്റിന്റെ നിലപാട്. മാത്രമല്ല, മാതൃകമ്പനിയായ ടാറ്റ ഗ്രൂപ്പിനു വലിയ നാണക്കേടുണ്ടാക്കിയ സംഭവമായും എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് ഇതിനെ കാണുന്നു. സമരം നടത്തിയത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും വിമാന സർവീസുകൾ റദ്ദാക്കാൻ ബോധപൂർവം എടുത്ത തീരുമാനമാണെന്നും കമ്പനി പറയുന്നു. 

English Summary:

Air India Express Management may take serious action against Cabin crew members involved in strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com