ADVERTISEMENT

മൽ, രജനി തുടങ്ങിയവർ കൂടി അങ്കക്കളത്തിൽ ഇറങ്ങുന്നതോടെ ഒരുവേള ‘സ്റ്റാർ വാറി’ലേക്കു പോകുമെന്നു കരുതിയ തിരഞ്ഞെടുപ്പിൽ ക്ലൈമാക്സ് അടുക്കുമ്പോൾ പ്രചാരണരംഗത്ത് സൂപ്പർ സ്റ്റാറിന്റെ ഉദയസൂര്യത്തിളക്കത്തിൽ സ്റ്റാലിൻ. രജനീകാന്തിന്റെ പിൻമാറ്റം, ഭരണവിരുദ്ധ വികാരസാധ്യതകൾ... തമിഴ്നാട് തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ എം.കെ.സ്റ്റാലിനിലാണ് പുതിയ രാഷ്ട്രീയത്തിന്റെ ഫോക്കസ്. എന്നും രണ്ടാം നിരയിൽനിന്ന ഒരു നേതാവിന്റെ വളർച്ച.

എതിരാളികളെ തളർത്തും സ്റ്റാലിനിസം

സങ്കീർണമായ തമിഴ്നാട് രാഷ്ട്രീയത്തിലെ ഇന്നത്തെ സൂപ്പർതാരമാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ.സ്റ്റാലിൻ. അതെ, അക്ഷൗഹിണിയുമായി ചുറ്റിലും അണിനിരക്കുന്ന വില്ലന്മാരെ മെയ് വഴക്കം കൊണ്ട് അടിച്ചുതരിപ്പണമാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഈ ദളപതി (സൈന്യാധിപൻ). ഇന്നത്തെ അവസ്ഥയിൽ തമിഴക രാഷ്ട്രീയത്തിൽ ഏറ്റവുമധികം ശത്രുക്കളെ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്ന ദ്രാവിഡ കഴകം നേതാവും സ്റ്റാലിനാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ ശത്രുക്കൾ പല ദിക്കിൽനിന്നും ഒളിഞ്ഞും തെളിഞ്ഞും അമ്പുകൾ തൊടുത്തുവിടാൻ തുടങ്ങിയിരിക്കുന്നു. ബുദ്ധിരാക്ഷസനെന്നും രാഷ്ട്രീയ ചാണക്യനെന്നുമൊക്കെയുള്ള വിശേഷണങ്ങൾ ഏറ്റുവാങ്ങിയ സാക്ഷാൽ മുത്തുവേൽ കരുണാനിധിയുടെ അടവുകൾ മകനറിയില്ലെങ്കിലും നിലവിലുള്ള ശത്രുക്കളെ നിലംപരിശാക്കാനുള്ള മനക്കരുത്ത് ഈ നേതാവ് കൈവശമാക്കിയിരിക്കുന്നു.

MK-Azhagiri-2
എം.കെ.അഴഗിരി (ഫയൽ ചിത്രം)

ഏഴു വർഷമായി രാഷ്ട്രീയ വനവാസത്തിലായിരുന്ന സ്വന്തം ജ്യേഷ്ഠൻ എം.കെ.അഴഗിരിയാണ് ഇപ്പോൾ ഒന്നാം നമ്പർ ശത്രുവായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റാലിൻ ഒരിക്കലും മുഖ്യമന്ത്രിയാവില്ലെന്നും തന്റെ അനുയായികൾ അതിന് അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം മധുരയിൽ അഴഗിരി പ്രഖ്യാപിച്ചതോടെ പുതിയൊരു എതിരാളി കൂടി രംഗത്തു വന്നിരിക്കുകയാണ്.

പാർട്ടിയിൽ കടന്നുകൂടാനുള്ള അഴഗിരിയുടെ അടവായും ഇതിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ഏറ്റവും അധികം ഭയപ്പെടുന്നത് സ്റ്റാലിൻ നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) മുന്നേറ്റത്തെയാണ്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളോടൊപ്പംനിന്ന് 39 സീറ്റുകളിൽ മുപ്പത്തെട്ടും പിടിച്ചെടുക്കാൻ സ്റ്റാലിനു കഴിഞ്ഞത് സംഘടനാ ശേഷികൊണ്ടു മാത്രമല്ല വിട്ടുവീഴ്ചകൾ ചെയ്യാനുള്ള സന്മനസും ത്രാണിയും ഉള്ളതിനാലുമാണ്.

ബലമറിഞ്ഞു മുന്നേറ്റം

പാർട്ടിയുടെ കടിഞ്ഞാൺ കൈയിൽ ഉണ്ടായിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കുനിന്ന് മത്സരിക്കാനുള്ള ശേഷിയെക്കുറിച്ച് പല ഭാഗത്തുനിന്നും സംശയങ്ങൾ തലപൊക്കിയിരുന്നു. എന്നാൽ ദേശീയതലത്തിൽതന്നെ മാതൃകയാക്കാവുന്ന പ്രതിപക്ഷ കൂട്ടായ്മയാണ് സ്റ്റാലിൻ ലക്ഷ്യമിട്ടത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങളുടെ അടിസ്ഥാനത്തിൽ എഐഎഡിഎംകെ സഖ്യകക്ഷികൾക്ക് 60 ശതമാനം വോട്ടായിരുന്നു ലഭിച്ചിരുന്നത്.

അതിനേക്കാൾ വോട്ടുശതമാനം കൈക്കലാക്കാൻ ശ്രമിച്ചാലേ വിജയം സുനിശ്ചിതമാകൂ എന്ന് സ്റ്റാലിൻ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. സ്വന്തം ബലമറിയാത്ത സഖ്യകക്ഷികളെ അനുകൂലമായ രീതിയിൽ കൊണ്ടുവരാനും അവർക്ക് പരമാവധി സീറ്റുകൾ പങ്കുവയ്ക്കാനും ശ്രമിച്ചാൽ മാത്രമേ വിശാലസഖ്യത്തിന്റെ വിജയം ഉറപ്പുവരുത്താൻ കഴിയൂ. അങ്ങനെയാണ് കോൺഗ്രസും സിപിഐയും സിപിഎമ്മും ഐജെകെയും ഡിഎംകെയുടെ ബദ്ധവൈരിയായിരുന്ന വൈകോയുടെ എംഡിഎംകെയും മുസ്‌ലിം ലീഗുമൊക്കെ ഡിഎംകെ സഖ്യത്തിൽ എത്തുന്നത്.

വോട്ടുശതമാനം കൂട്ടി അസാധാരണ വിജയം കൈവരിക്കാനും അവർക്ക് കഴിഞ്ഞു. ഡിഎംകെ: 19, കോൺഗ്രസ് എട്ട്, വിസികെ രണ്ട്, സിപിഎം രണ്ട് സിപിഐ രണ്ട്, എംഡിഎംകെ രണ്ട്, മുസ്‌ലിം ലീഗ് ഒന്ന്, കൊങ്കുനാട് ദേശീയമക്കൾ കക്ഷി ഒന്ന് എന്നിങ്ങനെയായിരുന്നു ഡിഎംകെ സഖ്യത്തിനു ലഭിച്ച സീറ്റുകൾ. അതേസമയം എഐഎഡിഎംകെ ഒറ്റ സീറ്റുകൊണ്ട് സംതൃപ്തി അടയേണ്ടതായി വന്നു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ ബലഹീനത മുതലെടുക്കാനും വിജയിക്കാനും തനിക്ക് കഴിയുമെന്ന് സ്റ്റാലിൻ തെളിയിക്കുകയാണ്. അതിനുള്ള അടിസ്ഥാനം മെനയുന്നതിലാണ് ദളപതിയുടെ ശ്രദ്ധ. എടപ്പാടി മന്ത്രിസഭയിലെ മന്തിമാർക്കെതിരെയുള്ള അഴിമതി, പൊങ്കലിന്റെ പേരിൽ സർക്കാർ ജനങ്ങൾക്ക് നൽകുന്ന പാരിതോഷികം, തകരുന്ന ക്രമസമാധാനനില തുടങ്ങിയ നിരവധി വിഷയങ്ങളാണ് സ്റ്റാലിൻ തിരഞ്ഞെടുപ്പു പ്രചാരണ വിഷയങ്ങളായി ഉന്നയിക്കുന്നത്.   

1200-mk-stalin-chennai
സ്റ്റാലിൻ (ഫയൽ ചിത്രം)

വേറിട്ട പാത തുറന്ന നേതാവ്

സ്വന്തം പിതാവിന്റെ തണലിൽ വളർന്നുവന്ന ദളപതിക്ക് തനതായ തീരുമാനങ്ങളെടുക്കാൻ സന്ദർഭം കുറവായിരുന്നു. എന്നാൽ പിതാവ് രോഗബാധിതനായി കിടക്കുമ്പോൾതന്നെ സ്റ്റാലിൻ തന്റെ ഭാവിപ്രവർത്തനങ്ങൾ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് ചിന്തിച്ചു പ്രവർത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ സ്റ്റാലിൻ സഖ്യകക്ഷികളെ ഏകോപിപ്പിച്ച് മുന്നിൽനിന്നു നയിച്ചു. ഗ്രാമസഭകൾ, പൊതുസമ്മേളനങ്ങൾ, വീടുസന്ദർശനം തുടങ്ങിയവ സാധാരണക്കാരെപ്പോലും ആകർഷിച്ചു.

അഞ്ച് പവൻവരെയുള്ള സ്വർണ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം ജനത്തിന് ആത്മവിശ്വാസം പകർന്നു. വിമതനായിനിന്ന് പാർട്ടിയെ അവഹേളിക്കാൻ ശ്രമിച്ച സഹോദരൻ എം.കെ.അഴഗിരിയെ പക്വതയുള്ള ഒരു രാഷ്ട്രീയക്കാരന്റെ നിർമമത്വത്തോടെ ഒന്നുമല്ലാതാക്കാൻ സ്റ്റാലിനു കഴിഞ്ഞു എന്നതാണ് മറ്റൊരു നേട്ടം.

സ്റ്റാലിൻ ബിജെപിയുമായി സഖ്യചർച്ച നടത്തിയെന്ന ബിജെപി സംസ്ഥാനപ്രസിഡന്റ് തമിഴിശൈ സുന്ദരരാജന്റെ വാദം മറ്റൊരു കോലഹലമുണ്ടാക്കിയിരുന്നു. കളവു പറയുന്നതിൽ നരേന്ദ്ര മോദിയെ വെല്ലാനാണ് തമിഴിശൈ ശ്രമിക്കുന്നതെന്നും സ്റ്റാലിൻ തിരിച്ചടിച്ചു. രാഹുലാണ് അടുത്ത പ്രധാനമന്ത്രിയെന്ന് ചെന്നൈയിൽ സ്റ്റാലിൻ നടത്തിയ പ്രസംഗം ദേശീയ തലത്തിൽ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.

ജയലളിതയുടെ അന്ത്യത്തോടെ കെട്ടുപൊട്ടിയ പട്ടംപോലെ കാറ്റിലാടിനിന്ന എടപ്പാടിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ കാര്യമായ സഖ്യങ്ങൾ സ്ഥാപിച്ചിട്ടും സ്റ്റാലിന്റെ പ്രഭാവത്തെ തകർക്കാൻ കഴിഞ്ഞില്ല. എഐഎഡിഎംകെ സഖ്യത്തിൽ ബിജെപി, ഡോ.രാമദാസിന്റെ പട്ടാളി മക്കൾ കക്ഷി (പിഎംകെ), വിജയകാന്തിന്റെ ഡിഎംഡികെ, ടിഎംസി, എൻആർ കോൺഗ്രസ് എന്നീ കക്ഷികളായിരുന്നു ഭാഗ്യപരീക്ഷണത്തിനു തയാറായത്.

ബിജെപിയെ തളർത്തിയ നീക്കങ്ങൾ

എഐഎഡിഎംകെയുടെ രക്ഷിതാവെന്ന നിലയിൽ പ്രത്യക്ഷപ്പെട്ട ബിജെപിക്കെതിരെ തെന്നിന്ത്യയിൽ ജനരോക്ഷം പതഞ്ഞുപൊങ്ങിയിട്ടും എഐഎഡിഎംകെക്ക് ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. ഒരുതരത്തിൽ എടപ്പാടി സർക്കാരിനെ തകർച്ചയിൽനിന്ന് താങ്ങിനിർത്തിയതും മോദിയായിരുന്നു. സംസ്ഥാനത്ത് പടർന്നു കയറാൻ പറ്റിയ പച്ചത്തലപ്പ് എഐഎഡിഎംകെ ആണെന്നായിരുന്നു ബിജെപിയുടെ ചിന്ത. എന്നാൽ കണക്കുകൂട്ടലുകളൊക്കെ തറപറ്റി.

തമിഴ്നാട് ബിജെപിയെ പച്ചതൊടാൻ പോലും അനുവദിച്ചില്ല. തമിഴ്നാട്ടിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 22 സീറ്റുകളിൽ ഒൻപതു സീറ്റുകൾ നേടി സർക്കാരിനെ പതനത്തിൽനിന്ന് കരകയറ്റാൻ കഴിഞ്ഞത് ബിജെപിയുടെ പിന്തുണകൊണ്ടല്ലെന്ന് വ്യക്തം. ബിജെപിക്ക് എടപ്പാടി സർക്കാരിനെ നിലനിർത്താൻ കഴിയുമോ എന്ന ചോദ്യത്തിനും ഉത്തരമില്ലായിരുന്നു. രജനീകാന്തിനെ രാഷ്ട്രീയത്തിലിറക്കി കളിക്കളമൊരുക്കാൻ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയത്.

പാർട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട രജനി ബിജെപിയെ കടുത്ത നിരാശയിൽ കൊണ്ടെത്തിച്ചു. അതാകട്ടെ സ്റ്റാലിനു നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3.72 ശതമാനത്തിനു താഴെ മാത്രം വോട്ടു ലഭിച്ച കമലഹാസന്റെ എംഎൻഎമ്മും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെക്ക് ഭീഷണിയാവുന്നില്ല. തമിഴ്നാട് മുസ്‌ലിം ഗ്രൂപ്പുകളെ ഭിന്നിപ്പിക്കാതിരിക്കാൻ അസദുദീൻ ഉവൈസിയുടെ എഐഎംഐഎം–നെപ്പോലും മാറ്റി നിർത്താൻ കഴിഞ്ഞ ദിവസം സ്റ്റാലിൻ തീരുമാനിച്ചത് സഖ്യകക്ഷികളുടെ മനോവീര്യം വർധിപ്പിക്കാൻ കാരണമായിരിക്കുന്നു.

സ്ഥാനം ഉറപ്പിച്ച ലോക്സഭാ ഫലം

രാഷ്ട്രീയ സംഘർഷങ്ങളുടെ വിളനിലമാണ് തമിഴകം. അറുപതു വർഷത്തെ ദ്രാവിഡ രാഷ്ടീയ ചരിത്രത്തിന്റെ നെടുംകോട്ടകളിൽ ഈ സംഘർഷങ്ങളും സങ്കീർണതകളും കെട്ടുപിണഞ്ഞു കിടക്കുന്നത് കാണാം. സ്വീകരണവും നിരാകരണവും തമിഴക രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണ്. ഇ.വി.രാമസ്വാമി നായ്ക്കരിൽനിന്ന് അണ്ണാദുരൈയിലേക്കും അവിടെനിന്ന് മുത്തുവേൽ കരുണാനിധിയിലേക്കും എംജിആറിലേക്കും ജയലളിതയിലേക്കുമുള്ള സഞ്ചാരപഥങ്ങളിൽ നാം കണ്ട ചരിത്രയാഥാർഥ്യങ്ങൾ മധുരതരമായിരുന്നില്ല.

PTI7_4_2019_000176B
ഉദയനിധി, സ്റ്റാലിൻ (ഫയൽ ചിത്രം)

അവിശുദ്ധബന്ധങ്ങൾക്കാണു തമിഴക രാഷ്ട്രീയത്തിൽ മുൻതൂക്കം. അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കുവേണ്ടി ആദർശങ്ങളും അടിസ്ഥാന വിശ്വാസങ്ങളും കാറ്റിൽ പറത്തുന്നതിൽ ദ്രാവിഡകക്ഷികൾ എന്നും മുന്നിലാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പും അതിൽനിന്നു  വ്യത്യസ്തമായിരുന്നില്ല. പ്രമുഖരായ രണ്ട് നേതാക്കളുടെ അന്ത്യം സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യതയിലാണ് തമിഴകത്ത് ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടന്നത്.

തമിഴകത്ത് ഇത്രമാത്രം രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉണ്ടായിട്ടുള്ള സന്ദർഭം അപൂർവമായിരുന്നു. അതുകൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു പ്രസക്തി വർധിച്ചത്.  യുദ്ധതന്ത്രങ്ങൾ പയറ്റി ശത്രുക്കളെപ്പോലും മലർത്തിയടിച്ച കലൈഞ്ജരുടെ ഇരുപത്തഞ്ച് ശതമാനം തന്ത്രങ്ങൾപോലും മകൻ സ്റ്റാലിനു വശമില്ല എന്നതായിരുന്നു 2019 ലെ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഉയർന്നുവന്ന ആക്ഷേപം.

പക്ഷേ പ്രതിപക്ഷത്തിന്റെ ബലഹീനത മുതലെടുക്കാനും വിജയിക്കാനും ഈ നേതാവിനു കഴിഞ്ഞു എന്നത് ചില്ലറക്കാര്യമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളോടൊപ്പംനിന്ന് 39 സീറ്റുകളിൽ മുപ്പത്തെട്ടും പിടിച്ചെടുക്കാൻ സ്റ്റാലിനു കഴിഞ്ഞത് സംഘടനാ ശേഷികൊണ്ടു മാത്രമല്ല വിട്ടുവീഴ്ചകൾ ചെയ്യാനുള്ള സന്മനസും ത്രാണിയും ഉള്ളതിനാലാണ്. അഖിലേന്ത്യാതലത്തിൽ കോൺഗ്രസിനു കൈമോശം വന്ന സഖ്യസാധ്യതകളിൽനിന്നാണ് സ്റ്റാലിൻ സ്വന്തം നേതൃത്വം ഉറപ്പിച്ചുയർന്നത്.

എന്തായാലും ബിജെപിയുടെ നിലപാടുകളെ തകർത്തുകൊണ്ട് മുന്നേറാനാണ് ഡിഎംകെ സഖ്യത്തിന്റെ ശ്രമം. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ തന്ത്രങ്ങൾക്കായിരിക്കും മുൻതൂക്കം. അതിനുവേണ്ടി സഖ്യകക്ഷികളെ ശക്തമാക്കണമെങ്കിൽ ബിജെപി വിരുദ്ധവികാരം സംസ്ഥാനത്ത് നിലനിർത്തണം. അതാണ് സ്റ്റാലിന്റെ മുഖ്യ അജൻഡ.

തുടരുന്ന കുടുംബവാഴ്ച

കരുണാനിധി കടന്നുവന്ന വഴികൾ സുഖകരമായിരുന്നില്ല. എന്നാൽ സ്റ്റാലിന്റെ വഴിയാകട്ടെ പുഷ്പവിതാനമുള്ളതുമായിരുന്നു. കലൈഞ്ജർ സുപ്രധാന സ്ഥാനങ്ങൾ നൽകിയാണ് ശ്രദ്ധയോടെ സ്റ്റാലിനെ പിടിച്ചുനടത്തിയത്. യൂത്ത് വിങ് സെക്രട്ടറി, നിയമസഭാംഗം, ഉത്തരവാദിത്തമുള്ള മന്ത്രിസ്ഥാനം, ചെന്നൈ മേയർ പദവി, ഡപ്യൂട്ടി മുഖ്യമന്ത്രി, പാർട്ടി ട്രഷറർ, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ സുപ്രധാന വഴികളിലൂടെയാണ് സ്റ്റാലിൻ ഇന്നത്തെ നിലയിലെത്തിയത്.

ഉദയനിധി സ്റ്റാലിനും എം.കെ. സ്റ്റാലിനും
ഉദയനിധി, സ്റ്റാലിൻ (ഫയൽ ചിത്രം)

കൈപിടിച്ചുയർത്താൻ പിതാവുള്ളപ്പോൾ ഭയപ്പാടെന്തിന്? ഭാവിയിൽ സ്റ്റാലിൻ കഴിഞ്ഞാൽ പാർട്ടിയിൽ പ്രധാനി മകൻ ഉദയനിധി ആയിരിക്കും. തനിക്കുശേഷം പ്രളയം വരാതിരിക്കാനാണ് ഉദയനിധി സ്റ്റാലിനെ പിതാവ് നിറുകയിൽ ചുംബിച്ച് പാർട്ടിയുടെ യൂത്ത് വിങ് സെക്രട്ടറിയാക്കി കഴിഞ്ഞ വർഷം അവരോധിച്ചത്. 

സിനിമാ അഭിനയവും നിർമ്മാണവും റിയൽഎസ്റ്റേറ്റ് ബിസിനസുമായുമൊക്കെയായി നടന്ന ഉദയനിധിയെ താൻ പണ്ട് അലങ്കരിച്ച പദവിയിൽ പിടിച്ചിരുത്തുമ്പോൾ ഒരു കാര്യം വ്യക്തമായി– തനിക്ക് ശേഷം മുഖ്യമന്ത്രി പദത്തിലെത്താൻ മകനെത്തന്നെ നിശ്ചയിച്ചുകഴിഞ്ഞു.

പാർട്ടിയിൽ യാതൊരുവിധ എതിർപ്പുമില്ലാതെ മകനെ അവരോധിക്കുമ്പോൾ, വരുന്ന നാൽപ്പതു വർഷത്തേക്ക് പാരമ്പര്യത്തിന്റെ തിരുമുറ്റത്ത് ആരെയും പേടിക്കാനില്ലെന്ന സന്തോഷമായിരുന്നു സ്റ്റാലിന്റെ മുഖത്ത് പ്രകടമായത്. നിലവിലുള്ള യൂത്ത് വിങ് സെക്രട്ടറി വെള്ളക്കോവിൽ എം.പി. സാമിനാഥനെ നിഷ്കരുണം മാറ്റിനിർത്തിയാണ് ഉദയനിധിക്ക് അവസരമൊരുക്കിയത്. പക്ഷേ ആർക്കും ചോദ്യം ചെയ്യാനാകാത്ത വിധം സ്റ്റാലിൻ വളർന്നിരിക്കുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മകനെ മത്സരിപ്പിച്ച് മന്ത്രിസഭയിൽ കയറ്റാനും ശ്രമം നടക്കുന്നുണ്ട്. കരുണാനിധിയുടെ മരണംമൂലം ഒഴിവുവന്ന തിരുവാരൂർ മണ്ഡലത്തിൽ ഉദയനിധിയെ മത്സരിപ്പിക്കാൻ ആലോചന ഉണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള നീക്കങ്ങൾ പ്രകടമായ മക്കൾപ്രീണനമാവും എന്ന ചിന്താഗതിയാണ് പാർട്ടിയിൽ പരക്കെ ഉണ്ടായത്.

അടുത്ത തിരഞ്ഞെടുപ്പോടെ സ്റ്റാലിൻ മുഖ്യമന്ത്രിക്കസേരയിൽ അമരുന്ന സാഹചര്യം ഉണ്ടായാൽ ഉദയനിധിക്ക് കാര്യമായ സ്ഥാനം കൽപ്പിക്കേണ്ടി വരും. അവിടെ പാർട്ടിയുടെ കീഴ്‌വഴക്കങ്ങൾ പ്രശ്നമാകില്ലെന്നും അണികൾ പിന്തുണക്കുമെന്നും സ്റ്റാലിൻ കരുതുന്നുണ്ടാകണം.

PTI4_13_2018_000111A
സ്റ്റാലിൻ (ഫയൽ ചിത്രം)

റഷ്യൻ സ്റ്റാലിൻ, തമിഴ് സ്റ്റാലിൻ

സിനിമയുടെ അടിത്തറയിലാണ് ദ്രാവിഡ രാഷ്ട്രീയം പടർന്നു പന്തലിച്ചത്. അണ്ണാദുരൈയും കരുണാനിധിയും പുരട്ചിത്തലൈവൻ എംജിആറും ജയലളിതയുമൊക്കെ സിനിമയുടെ തട്ടകങ്ങളിലൂടെയാണ് രാഷ്ട്രീയത്തിന്റെ ഉത്തുംഗങ്ങളിൽ എത്തിയത്. അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കാനാണ് ഉദയനിധിയേയും സ്റ്റാലിൻ പ്രേരിപ്പിച്ചിരുന്നത്.

‘ആതവൻ’, ‘ഒരു കൽ ഒരു കണ്ണാടി’, ‘കണ്ണൈ കലൈമാനേ’ തുടങ്ങിയ ഒൻപതോളം ശരാശരി ചിത്രങ്ങളിൽ അഭിനയിക്കുകയും മൂന്നു ചിത്രങ്ങൾ നിർമിക്കുകയും ചെയ്ത ഉദയനിധി സ്റ്റാലിൻ സിനിമാരംഗത്ത് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. ഒരു നടനു ആവശ്യമായ ഭാവങ്ങളൊന്നും ഉദയനിധിക്ക് ഇല്ലെന്നതാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം. അഭിനയത്തിന്റെ കാര്യത്തിൽ മിടുക്കന്മാർ ശോഭിക്കുന്ന ഇടമാണ് തമിഴ്സിനിമാരംഗം. അവർക്കിടയിൽ ഉദയനിധിക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാനുമില്ല.

1953 മാർച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. നാലു ദിവസം കഴിഞ്ഞാണ് റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് സാക്ഷാൽ ജോസഫ് സ്റ്റാലിൻ മരിക്കുന്നത്. അദ്ദേഹത്തിന്റെ ശക്തനായ ആരാധകനായിരുന്ന കരുണാനിധിക്ക് മകന് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. ന്യൂ കോളേജിലെ ബിരുദപഠനത്തിനു ശേഷം സ്റ്റാലിൻ നേരേ അച്ഛന്റെ പിന്നാലെ ദ്രാവിഡ രാഷ്ട്രീയത്തിലേക്കാണ് കയറിപ്പോകുന്നത്.

ഡിഎംകെയിൽ യുവജനസഖ്യം സ്ഥാപിച്ചാണ് ആദ്യകാല പ്രവർത്തനം. 1989 ൽ തൗസന്റ് ലൈറ്റ് മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തുന്നു. 53–ാം വയസ്സിൽ മന്ത്രിയായി. 2009 ൽ ഉപമുഖ്യമന്ത്രിയുമായി. സ്റ്റാലിനെ പലതവണ ജയലളിത തറപറ്റിക്കാൻ ശ്രമിച്ചിരുന്നു. 2001 ൽ രണ്ടാമതും സിറ്റി മേയറായി തിരഞ്ഞെടുത്തെങ്കിലും ജയലളിത പുതിയ നിയമം പാസ്സാക്കി സ്റ്റാലിനെ പുറത്താക്കി.

ഒരാൾക്ക് ഒരേസമയം ഒരു പദവി എന്ന നിയമം വന്നപ്പോൾ സ്റ്റാലിനു എംഎൽഎ സ്ഥാനം മാത്രം നിലനിർത്തേണ്ടിവന്നു. അടിയന്തരാവസ്ഥക്കാലത്ത് സ്റ്റാലിൻ ഒരുവർഷത്തോളം ജയിലിൽ കഴിയേണ്ടിയുംവന്നു. ജയിലിലെ ഏറ്റുമുട്ടലിൽ അന്ന് ജീവൻ നഷ്ടപ്പടാതെ രക്ഷിച്ചത് പാർട്ടിയിലെ വിശ്വസ്തരായിരുന്നു എന്ന് സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്. ജയലളിത അക്കാലത്ത് രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്തിരുന്നില്ല. 

എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുംതോറും തമിഴകം തന്റെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് സ്റ്റാലിൻ. ഇവിടത്തെ രാഷ്ട്രീയാന്തരീക്ഷം ചാഞ്ഞുംചെരിഞ്ഞും നീങ്ങുകയാണ്. ആർക്ക് അനുകൂലമാകുമെന്ന് പ്രവചിക്കാനാവില്ലെങ്കിലും ഡിഎംകെ സഖ്യത്തിന്റെ പ്രവർത്തനങ്ങൾ തള്ളിക്കളയാനാവില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ പ്രസിഡന്റ് സ്റ്റാലിൻ എവിടെ മത്സരിച്ചാലും താൻ അവിടെ മത്സരിക്കുമെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രഖ്യാപിച്ചുട്ടുണ്ടെങ്കിലും അതൊന്നും ജനങ്ങൾക്കിടയിൽ കാര്യമായ ചലനം സൃഷ്ടിച്ചിട്ടില്ല.

English Summary: MK Stalin emerges as superstar as star war politics dims in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com