ADVERTISEMENT

ചാറ്റൽ മഴയുള്ളൊരു ശനിയാഴ്ച. കോഴിക്കോട് നിന്നു കൽപറ്റയിലേക്കുള്ള കെഎസ്ആർടിസി ബസിൽ ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റിലായിരുന്നു ജസീല. വലിയൊരു രഹസ്യം മനസ്സിൽ ഒതുക്കി, വരാൻ പോകുന്ന നല്ല ദിവസങ്ങളെ ഓർത്ത് ഒരു യാത്ര. അടുത്ത സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. സുഹൃത്തായ യുവതി കൈക്കുഞ്ഞുമായി ബസിൽ കയറിയത് അപ്പോഴാണ് കണ്ടത്. അവർക്ക് ഇരിക്കാനായി ചിരിച്ച് കൊണ്ട് എഴുന്നേറ്റതാണ് ജസീലയുടെ ആ ദിവസത്തെ അവസാനത്തെ ഓർമ. പിന്നീട് ബോധം തെളിയുന്നത് മൂന്നു ദിവസത്തിനു ശേഷമാണ്. പരീക്ഷകളും പരീക്ഷണങ്ങളും അവിടം കൊണ്ട് അവസാനിച്ചില്ല. 4 വർഷം, 6 മാസം, ഒരു ദിവസം– പ്രിയപ്പെട്ട പൊലീസ് യൂണിഫോമിലേക്ക് ജസീല മടങ്ങിയെത്തിയത് ഇക്കാലയളവിലെ പോരാട്ടത്തിലൂടെയാണ്. കൈ പിടിച്ച് ഒപ്പം അഭിലാഷും.  ഇതവർ എഴുതി വിജയിച്ച ജീവിത പരീക്ഷയുടെ ഭാഗങ്ങളാണ്. തോൽക്കില്ല എന്നുറപ്പിച്ച്, ഏളുപ്പവഴികളിൽ പോകാതെ, ബുദ്ധിമുട്ടി പോരാടി നേടിയ വിജയകഥ...    

ബുള്ളറ്റിലെ പൊലീസ് 

വയനാട് മുട്ടിൽ സ്വദേശി കെ.ടി.ജസീല 2006ൽ പത്തൊൻ‌പതാം വയസ്സിലാണ് കോൺസ്റ്റബിളായി കേരള പൊലീസിന്റെ ഭാഗമാകുന്നത്. യാഥാസ്ഥിതിക കുടുംബ പശ്ചാത്തലമായതിനാൽ ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ചാണ് ഇഷ്ട ജോലിയിലേക്ക് എത്തിയത്. വയനാട് ജില്ലയിൽ തന്നെയായിരുന്നു ആദ്യ നിയമനം. ബുള്ളറ്റ് ഉൾപ്പെടെയുള്ള ബൈക്കുകളും ജീപ്പുകളുമെല്ലാം ജസീല ഓടിക്കുമായിരുന്നു. യാത്രകളും ബുള്ളറ്റിലായിരുന്നു. ബുള്ളറ്റിൽ എത്തുന്ന വനിതാ പൊലീസ് പെട്ടെന്ന് ശ്രദ്ധേയയായി. നഗരമധ്യത്തിൽ ഒരു കള്ളനെ ഓടിച്ചിട്ടു പിടിച്ചതും 2018ലെ പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവർത്തനവുമെല്ലാം മിടുക്കരായ ഉദ്യോഗസ്ഥരുടെ പട്ടികയിലേക്ക് ജസീലയെ എത്തിച്ചു. 2019ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചു. 

കോഴിക്കോട് ജില്ലയിലെ മുക്കം സ്റ്റേഷനിലെ എസ്ഐ ആയിരുന്നു കെ.പി.അഭിലാഷ് അപ്പോൾ. കഞ്ചാവു വേട്ടകളും മാധ്യമശ്രദ്ധ നേടിയ കേസുകളിലെ അന്വേഷണവുമെല്ലാമായി പേരെടുത്ത ഉദ്യോഗസ്ഥൻ. ഔദ്യോഗിക പരിചയത്തിൽ തുടങ്ങി അക്കാലയളവിൽ അഭിലാഷും ജസീലയും അടുത്ത സുഹൃത്തുക്കളായിരുന്നു. അതു പ്രണയത്തിലേക്കു വഴിമാറി. വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവരായതിനാൽ വീട്ടുകാർ എതിർക്കുമെന്ന് ഉറപ്പായിരുന്നു. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ആദ്യം രഹസ്യമായി  2019 മാർച്ച് ആറിന്  വിവാഹിതരായി.

സാക്ഷികളായി അടുത്ത സുഹൃത്തുക്കളായ ചില ഉദ്യോഗസ്ഥർ മാത്രം. വിവാഹ റജിസ്ട്രേഷൻ പൂർത്തിയാക്കി ഇരുവരും ജോലി സ്ഥലത്തേക്കു മടങ്ങുകയും ചെയ്തു. വീട്ടുകാരെ പിന്നീട് അറിയിക്കാമെന്നായിരുന്നു തീരുമാനം. ഇതിനിടെ തിരഞ്ഞെടുപ്പ് കാലത്ത് അഭിലാഷ് കണ്ണൂരിലെ ധർമടം സ്റ്റേഷനിലേക്കു സ്ഥലം മാറി. വിവാഹം കഴിഞ്ഞ് പിന്നീട് കാണാൻ കഴിയാത്തതിനാൽ‌ ഒരു ദിവസം നേരിൽ കാണാൻ ഇരുവരും തീരുമാനിച്ചു. മാർച്ച് 30ന് ജസീല വയനാട്ടിൽ നിന്നു ധർമടത്ത് എത്തി. അഭിലാഷിന്റെ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് തമ്മിൽ കണ്ടത്. ഒരുമിച്ച് ഭക്ഷണം കഴിച്ച് വൈകിട്ടത്തെ ട്രെയിനിൽ കോഴിക്കോട്ടേക്ക് മടങ്ങുകയും ചെയ്തു. അവിടെ നിന്നു ബസിൽ കൽപറ്റയിലേക്ക്. ജസീലയുടെയും അഭിലാഷിന്റെയും ജീവിതത്തിലെ ആദ്യ പരീക്ഷയിലേക്കുള്ളതായിരുന്നു ഈ ബസ് യാത്ര.   

വഴിമാറിയ മരണം

കെഎസ്ആർടിസി ബസിൽ ഡ്രൈവർക്കു തൊട്ടു പിന്നിലെ സീറ്റിലായിരുന്നു ജസീല. ഇറങ്ങാനുള്ള സ്റ്റോപ്പിന് തൊട്ടു മുൻപുള്ള സ്റ്റോപ്പിൽ‌ വച്ച് സുഹൃത്തായ യുവതി കുഞ്ഞുമായി ബസിൽ കയറി. അവർക്ക് ഇരിക്കാനായി ജസീല സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്നപ്പോഴാണ് എതിർ ദിശയിൽ നിന്നെത്തിയ ഒരു സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറിയത്. കൃത്യം ജസീല നിന്ന ഭാഗത്താണ് ബസ് ഇടിച്ചത്. ധാരാളം പേർക്ക് അപകടത്തിൽ പരുക്കേറ്റെങ്കിലും ജസീലയുടെ പരുക്കായിരുന്നു ഏറ്റവും ഗുരുതരം. രണ്ടു കാലുകളിലെയും എല്ലുകൾ ഒടിഞ്ഞു നുറുങ്ങുകയും തലയിൽ വലിയ മുറിവുണ്ടാവുകയും ചെയ്തു. ബസിന്റെ തറ തകർന്ന് അതിനുള്ളിൽ കുടുങ്ങിപ്പോയതിനാൽ ഏറ്റവും ഒടുവിലാണ് ജസീലയെ രക്ഷിക്കാൻ കഴിഞ്ഞത്. ചോര ധാരാളം വാർന്നു പോയി ബോധം നശിച്ച അവസ്ഥയിലായിരുന്നു അപ്പോൾ. ആശുപത്രിയിലേക്കുള്ള യാത്രയിൽ ഇടയ്ക്ക് ബോധം വന്നപ്പോൾ പിതാവിന്റെയും അഭിലാഷിന്റെയും ഫോൺ നമ്പറുകളാണ് ജസീല രക്ഷാപ്രവർത്തകരോട് പറഞ്ഞത്. അവരാണ് അഭിലാഷിനെ വിളിച്ച് വിവരം അറിയിച്ചത്. അപ്പോഴേക്കും വീട്ടുകാരും സഹപ്രവർത്തകരുമെല്ലാം ആശുപത്രിയിൽ എത്തിയിരുന്നു. 

ചോര ധാരാളം പോയതിനാലും തലയ്ക്കേറ്റ പരുക്ക് ഗുരുതരമായതിനാലും ജസീല ജീവിതത്തിലേക്കു മടങ്ങി വരുമെന്ന പ്രതീക്ഷ ഡോക്ടർമാർക്ക് ഇല്ലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രം കാലുകളിൽ ശസ്ത്രക്രിയ ചെയ്യാം എന്നായിരുന്നു തീരുമാനം. ജീവിതം തിരികെ വേണം എന്നതിന്റെ സൂചനകൾ ജസീലയുടെ ശരീരം നൽകിത്തുടങ്ങിയതോടെ പിറ്റേ ദിവസം പുലർച്ചെ ആദ്യ ശസ്ത്രക്രിയ നടത്തി. പിന്നീട് ഒന്നര മാസം ആശുപത്രിയിൽ. എല്ലുകൾ തകർന്നു പോയതിനാൽ രണ്ടു കാലുകളിലും സ്റ്റീൽ റോഡുകൾ ഇട്ടു. 

ജസീലയെ ആശുപത്രിയിലാക്കിയ ദിവസം തന്നെ അഭിലാഷ് അവിടെ എത്തിയിരുന്നു. പക്ഷേ, ഭർത്താവാണെന്ന് ആരോടും പറയാൻ കഴിയാത്ത അവസ്ഥ. സുഹൃത്തുക്കളായ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രം വിവരം അറിയാം. ഒടുവിൽ ജസീലയെ ഐസിയുവിലേക്ക് മാറ്റിയപ്പോൾ അഭിലാഷ് വിവരങ്ങൾ ഡോക്ടറെ അറിയിച്ചു. അതോടെ ജസീലയെ ഇടയ്ക്ക് എത്തി കാണാനും സംസാരിക്കാനും കഴിഞ്ഞു. 

ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതിനു ശേഷം ആറുമാസം ജസീല വീട്ടിൽത്തന്നെയായിരുന്നു. നടക്കാൻ കഴിയാത്തതിനാൽ എല്ലാ കാര്യങ്ങൾക്കും അമ്മയും അനിയത്തിയുമായിരുന്നു ആശ്രയം. വീട്ടുകാരോട് വിവാഹക്കാര്യം പറയാത്തതിൽ കുറ്റബോധം തോന്നിത്തുടങ്ങിയ കാലം. അഭിലാഷിന് മുന്നോട്ടുള്ള ജീവിതത്തിൽ താനൊരു ഭാരമാകുമോ എന്ന ചിന്തയും കൂടി ആയപ്പോൾ ജസീല വല്ലാതെ മാനസിക സമ്മർദത്തിലായി. ഒടുവിൽ അഭിലാഷിനെ വിളിച്ച് വിവാഹബന്ധം ഒഴിയാമെന്ന് പറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടിട്ടും അഭിലാഷ് ഇതിനു വഴങ്ങിയില്ല. പിന്നീട് ജസീലയുടെ മനസ്സും മാറി.  

ആറുമാസത്തിനു ശേഷം എഴുന്നേറ്റ് നിൽക്കാം എന്ന അവസ്ഥ എത്തിയപ്പോൾ ജസീലയുടെ കാലിൽ ഇട്ടിരുന്ന സ്റ്റീൽ റോഡ് വളയുന്ന പ്രശ്നം ഉണ്ടായി. അഭിലാഷ് ഇടപെട്ട് ചികിത്സ കോഴിക്കോട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിച്ചതിന്റെ പിറ്റേ ദിവസം തന്നെ അടിയന്തരമായി ശസ്ത്രക്രിയ നടത്തി പുതിയ സ്റ്റീൽ ഇട്ടു. വീണ്ടും കുറച്ച് ദിവസം ആശുപത്രി വാസം. അവിടെ നിന്ന് ഡിസ്ചാർജ് ആകുന്ന സമയത്താണ് അഭിലാഷ് എത്തി ജസീലയുടെ വീട്ടുകാരോട് ഇരുവരുടെയും വിവാഹം കഴിഞ്ഞ കാര്യം സംസാരിക്കുന്നത്. പ്രതീക്ഷിച്ചതു പോലെ അവരുടെ നിലപാട് അനുകൂലമല്ലായിരുന്നു. കൂരാച്ചുണ്ട് എസ്ഐ ആയിരുന്നു അഭിലാഷ് അപ്പോൾ. ആശുപത്രിയിൽ നിന്ന് ജസീലയെ കൂട്ടി അഭിലാഷ് പോയത് അവിടെയുള്ള ഒരു വാടകവീട്ടിലായിരുന്നു. പ്രശ്നങ്ങളെല്ലാം അവസാനിക്കും എന്ന പ്രതീക്ഷയിൽ ഒരുമിച്ചുള്ള ജീവിതത്തിന്റെ തുടക്കം. 

തിരികെയെത്തിയ ജീവിതം 

കൂരാച്ചുണ്ടിലെ വാടകവീട്ടിലാണ് ഒരുമിച്ചുള്ള ജീവിതം അഭിലാഷും ജസീലയും ആരംഭിച്ചത്. ജസീല അന്ന് വീൽചെയറിലായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഒരാളുടെ സഹായം വേണം. ജസീലയുടെ സഹായത്തിന് ഒരാളെ ഏൽപ്പിച്ചിട്ടാണ് അഭിലാഷ് ജോലിക്ക് പോയിരുന്നത്. അതിനിടയ്ക്ക് അഭിലാഷിന് കോടഞ്ചേരിയിലേക്ക് സ്ഥലംമാറ്റമായി. ആരോഗ്യസ്ഥിതിയും ബുദ്ധിമുട്ടുകളും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാമെന്ന് ജസീല പറഞ്ഞെങ്കിലും അഭിലാഷ് സമ്മതിച്ചില്ല. ഇരുവരും കോടഞ്ചേരിയിലേക്കു താമസം മാറി. രാഷ്ട്രീയ പ്രവർത്തകനായ ജോർജ്കുട്ടിയും ഭാര്യ ജിജിയുമായിരുന്നു അവിടെ എല്ലാ കാര്യത്തിനും സഹായമായി നിന്നത്. ഒപ്പം ആരും ഇല്ലെങ്കിലും ജീവിതം പതിയെ സാധാരണ അവസ്ഥയിലേക്ക് എത്തുന്നു എന്ന തോന്നലുണ്ടാക്കിയ ദിവസങ്ങൾ. പരീക്ഷകളുടെ രണ്ടാം ഘട്ടത്തിലേക്കാണ് പക്ഷേ ഈ ശാന്തത അവസാനിച്ചത്. 

തോൽക്കാതെ എഴുതാം 

പതിവു കൺസൽറ്റേഷനായി ഡോക്ടറെ കാണാൻ അഭിലാഷുമൊത്ത് ഒരു ദിവസം പോകുമ്പോഴാണ് കഴുത്തിൽ ഒരു ചെറിയ തടിപ്പുള്ളതായി ജസീലയ്ക്ക് തോന്നിയത്.  ഡോക്ടറുടെ അടുത്ത് വിവരം പറഞ്ഞപ്പോൾ അപകടത്തിന്റെ ഭാഗമായി നീർക്കെട്ട് വരുന്നതായിരിക്കാമെന്നും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ പരിശോധിക്കാം എന്നുമാണു പറഞ്ഞത്. പക്ഷേ ദിവസങ്ങൾ പിന്നിട്ടപ്പോൾ ആ തടിപ്പ് ചെറിയൊരു മുഴയുടെ രൂപത്തിലേക്ക് മാറി. ഇടയ്ക്ക് പനിയും വരാൻ തുടങ്ങി. സംശയനിവാരണത്തിനായി ഇരുവരും ഒരു ഓങ്കോളജിസ്റ്റിന്റെ അടുത്ത് എത്തി. മുഴ വിശദമായി പരിശോധിച്ച ഡോക്ടർ കാൻസർ ടെസ്റ്റിന് എഴുതി. ടെസ്റ്റിനുള്ള സാംപിൾ നൽകിയതിനു ശേഷം ഇരുവരും അഭിലാഷിന്റെ സുഹൃത്തായ ഡോക്ടറുടെ അടുത്താണ് എത്തിയത്. ടെസ്റ്റ് റിസൽറ്റ് ലഭിച്ചപ്പോൾ അഭിലാഷിനോടാണ് ഡോക്ടർ ആദ്യം അത് വെളിപ്പെടുത്തിയത്. ജസീലയ്ക്ക് കാൻസർ. ഹോഡ്ജ്കിൻസ് ലിംഫോമാ എന്ന കാൻസറിന്റെ മൂന്നാം ഘട്ടത്തിലായിരുന്നു ജസീല അപ്പോൾ. അടിയന്തരമായി കഴുത്തിലെ മുഴ നീക്കം ചെയ്ത് കീമോതെറപ്പി തുടങ്ങണം. അതിനുമുൻപ് ജസീലയെ വിവരങ്ങൾ അറിയിക്കണം. 

ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് ജസീലയെ ഏറ്റവും സന്തോഷവതിയാക്കാനാണ് അഭിലാഷ് ആ ദിവസങ്ങളിൽ ശ്രമിച്ചത്. കീമോ തുടങ്ങിയാൽ എല്ലാ കാര്യങ്ങൾക്കും നിയന്ത്രണം വരും എന്നതിനാലായിരുന്നു ഇത്. ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുകയും സിനിമയ്ക്കു പോവുകയും ചെയ്തു. എന്നാൽ തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലാത്തതിന്റെ സന്തോഷത്തിലാണ് അഭിലാഷ് ഇതൊക്കെ ചെയ്യുന്നതെന്നായിരുന്നു ജസീലയുടെ ധാരണ. 

ആദ്യം നടത്തിയ ടെസ്റ്റിന്റെ ഫലം ശരിയായി ലഭിക്കാത്തതിനാൽ ശസ്ത്രക്രിയ നടത്തി മുഴ പുറത്തെടുത്ത് പരിശോധിക്കണം എന്നു പറഞ്ഞാണ് ഒടുവിൽ ജസീലയെ ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം ബയോപ്സി റിസൽറ്റ് അറിയാൻ ജസീലയും അഭിലാഷും ഒരുമിച്ചാണ് പോയത്. ജസീല കഴുത്തിലെ സ്റ്റിച്ച് മാറ്റാനായി പോയ സമയത്ത് അഭിലാഷ് ഡോക്ടറുടെ അടുത്തേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും അഭിലാഷ് തിരികെ വരാതായതോടെ എന്തോ ഒരു പ്രശ്നം ഉള്ളതായി ജസീലയ്ക്ക് സംശയം തോന്നി. ഒടുവിൽ ജസീലയും ഡോക്ടറുടെ മുറിയിലേക്കു ചെന്നു. ടെസ്റ്റ് റിസൽറ്റ് എന്താണെങ്കിലും പറയാൻ ആവശ്യപ്പെട്ടു. ബയോപ്സി പോസിറ്റീവാണെന്ന ഡോക്ടറുടെ വാക്കുകൾ തന്നെ ഇരുട്ട് നിറഞ്ഞ വലിയൊരു കുഴിയിലേക്ക് വീഴ്ത്തിയതു പോലെയാണ് ജസീലയ്ക്കു തോന്നിയത്. പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം തകർന്ന് ഓരോ കഷ‌ണങ്ങളായി തനിക്കു മീതേ ആ കുഴിയിലേക്കു വന്നു വീഴുന്നതു പോലെയുള്ള തോന്നൽ. പക്ഷേ ആ ഇരുട്ടിൽ അധിക സമയം ജസീലയ്ക്കു നിൽക്കേണ്ടി വന്നില്ല. കൂട്ടായി എന്നും ഒപ്പമുണ്ടാവുമെന്ന് ഉറപ്പായിരുന്ന കൈകൾ വേദനയുടെ ആ ഇരുട്ടിൽ നിന്ന് ജസീലയെ പതിയെ പുറത്തെത്തിച്ചു. ഇനിയുള്ള പരീക്ഷകളും തോൽക്കാതെ ഒരുമിച്ചെഴുതാം എന്ന ഉറപ്പിൽ അവർ വീണ്ടും യാത്ര തുടർന്നു. 

പോരാട്ടം: അധ്യായം 2 

കോഴിക്കോട് എംവിആർ കാൻസർ സെന്റർ ചികിത്സയ്ക്കായി തിരഞ്ഞെടുത്തു. അവിടെ ഡോ.നാരായണൻകുട്ടി വാരിയരാണു ചികിത്സിക്കുന്നത്. കാൻസർ ചികിത്സ നടക്കുമ്പോൾ മറ്റു ചികിത്സകളൊന്നും നടത്താൻ പാടില്ലാത്തതിനാൽ കാലിന്റെ ചികിത്സ തൽക്കാലം നിർത്തിവച്ചു.  

കീമോതെറപ്പിക്കു മുൻപ് ശരീരത്തിൽ അത് വരുത്തുന്ന മാറ്റങ്ങളും മറ്റ് അവയവങ്ങളെ എങ്ങനെ ബാധിക്കുമെന്നും ഒക്കെ ഡോക്ടർ വിശദമായി ജസീലയ്ക്കും അഭിലാഷിനും പറഞ്ഞു കൊടുത്തു. ഭാവിയിൽ കുട്ടികൾ ഉണ്ടാവാൻ പ്രയാസമാണ് എന്ന കാര്യവും ഇരുവരെയും അറിയിച്ചു. കുട്ടികളെ ഒത്തിരി സ്നേഹിച്ചിരുന്ന ജസീലയെ ഇത് മാനസികമായി തളർത്തി. അഭിലാഷിനെ കുറിച്ച് ആലോചിച്ചായിരുന്നു വേദന. തനിക്കു വേണ്ടി ഈ ബുദ്ധിമുട്ടുകൾ അഭിലാഷ് എന്തിന് സഹിക്കണം എന്ന തോന്നൽ. വിവാഹമോചനത്തെ കുറിച്ചുള്ള ചിന്തകൾ വീണ്ടും മനസ്സിലേക്ക് വന്നു. ഇരുവരെയും പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥർ വഴിയും ഡോക്ടർമാരും കൗൺസിലർമാരും വഴിയും അഭിലാഷിനോട് വിഷയം അവതരിപ്പിച്ചു. എന്നാൽ ആരൊക്കെ പറഞ്ഞിട്ടും അഭിലാഷ് ഈ ആവശ്യം അംഗീകരിച്ചില്ല. കാൻസറിനെതിരെയുള്ള അവരുടെ പോരാട്ടവും അവിടെ തുടങ്ങി. ജീവിത പരീക്ഷണങ്ങളോടുള്ള പോരാട്ടത്തിന്റെ രണ്ടാം അധ്യായം. 

ഒറ്റയ്ക്കല്ല

ജസീലയ്ക്കു കീമോയും അനുബന്ധ ചികിത്സകളും തുടങ്ങിയ സമയത്ത് കോടഞ്ചേരി എസ്ഐ ആയിരുന്നു അഭിലാഷ്. കീമോ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ വൈകുന്നേരത്തോടെ മറ്റു ബുദ്ധിമുട്ടുകൾ തുടങ്ങും. വീണ്ടും ആശുപത്രിയിലേക്ക്. ജസീലയുടെയും അഭിലാഷിന്റെയും അവസ്ഥ മനസ്സിലാക്കി അഭിലാഷിന്റെ ഡ്യൂട്ടിയിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി താമരശ്ശേരി ഡിവൈഎസ്‌പി ആയിരുന്ന അഷ്റഫ് തെങ്ങിലംകണ്ടി അന്ന് ഒത്തിരി സഹായങ്ങൾ ചെയ്തു നൽകിയിരുന്നു. 

ജസീലയ്ക്ക് രണ്ടു കീമോ കഴിഞ്ഞപ്പോഴാണ് അഭിലാഷിന് സിഐ ആയി പ്രമോഷൻ ലഭിച്ചുള്ള ഉത്തരവ് വരുന്നത്. അതിനൊപ്പം പയ്യന്നൂരിലേക്ക് സ്ഥലംമാറ്റവും. ജസീലയുടെ അന്നത്തെ ശാരീരിക അവസ്ഥയിലും നോക്കാൻ ആരുമില്ലാത്തിനാലും ബുദ്ധിമുട്ടാകുന്ന ഒരു സ്ഥലംമാറ്റം. ഡിജിപിയുടെ ഓഫിസിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് ജസീല തന്നെ അതിനുള്ള ശ്രമങ്ങൾ തുടങ്ങി. ലോക്നാഥ് ബെഹ്റ ആയിരുന്നു അന്നു ഡിജിപി. അദ്ദേഹത്തിന്റെ ഓഫിസിൽ സിഐ ആയിരുന്ന സനൂജ എന്ന ഉദ്യോഗസ്ഥയാണ് ജസീലയ്ക്ക് സഹായം ആയത്. രോഗാവസ്ഥയും സ്ഥലംമാറ്റം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ജസീല സനൂജയെയാണ് അറിയിച്ചത്. അവർ കാര്യങ്ങൾ അന്വേഷിച്ചതിനു ശേഷം വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഡിജിപി ഇടപെട്ടതോടെ അഭിലാഷിന് സിഐ ആയി തിരികെ കോടഞ്ചേരിയിലേക്കു തന്നെ സ്ഥലംമാറ്റം ലഭിച്ചു. ജസീലയുടെ രോഗാവസ്ഥ അറിഞ്ഞ്, പിണക്കം മറന്ന് വീട്ടുകാരും ആ സമയത്ത് കാണാൻ എത്തി. 

കോവിഡ് ബാധിച്ചതിനെ തുടർന്ന് ആ സമയത്ത് ജസീലയുടെ ആരോഗ്യസ്ഥിതിയിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ദിവസങ്ങളോളം നീണ്ട ആശുപത്രി വാസം. എല്ലാവരും ഭയപ്പെട്ടെങ്കിലും, ഒടുവിൽ‌ കോവിഡിനെയും തോൽപ്പിച്ച്  ജസീല വീണ്ടും ജീവിതത്തിലേക്കു മടങ്ങി എത്തി. മാസങ്ങൾ നീണ്ട ചികിത്സയിലൂടെ കാൻസർ അപ്പോഴേക്കും ഭേദമായിരുന്നു. മരുന്നുകളും കൃത്യമായ പരിശോധനകളും തുടർന്നു കൊണ്ട് സാധാരണ ജീവിതത്തിലേക്കു മടക്കം. ശാന്തമായി തുടങ്ങിയ ദിവസങ്ങളുടെ അണിയറയിൽ പക്ഷേ അടുത്ത പരീക്ഷയുടെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. പ്രതീക്ഷിക്കാതെ എത്തിയ മറ്റൊരു അതിഥി നടത്തിയ പുതിയ പരീക്ഷ. 

പോരാട്ടം: അധ്യായം 3  

ജസീലയുടെ കാൻസർ ചികിത്സ അവസാനിച്ചപ്പോൾ അഭിലാഷിന് മഞ്ചേരിയിലേക്ക് സ്ഥലമാറ്റം ലഭിച്ചു. ജസീലയും അവിടേക്കു പോയി. ആയിടയ്ക്ക് ജസീലയ്ക്ക് വീണ്ടും ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. വീണ്ടും ആശുപത്രിയിലേക്കുള്ള യാത്രകൾ. കോഴിക്കോട്ടെ ആശുപത്രിയിൽ വച്ചാണ് ഇത്തവണത്തെ പ്രശ്നം വൃക്കകൾക്കാണെന്ന‌ു കണ്ടെത്തിയത്. വൃക്കകളിൽ ഒരേ സമയം മുഴയും കല്ലും കണ്ടു. ഒടുവിൽ അതിനുള്ള ശസ്ത്രക്രിയകളും നടത്തി. വീണ്ടും കുറച്ചു കാലം വിശ്രമം. 2019ൽ ലഭിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇതിനിടയിൽ തിരുവനന്തപുരത്ത് പോയി ഡിജിപിയുടെ കൈയിൽ നിന്നു ജസീല വാങ്ങിയിരുന്നു. ഒടുവിൽ 4 വർഷവും 6 മാസവും ഒരു ദിവസവും നീണ്ട അവധിക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബർ 18ന് ജസീല വീണ്ടും ജോലിയിൽ പ്രവേശിച്ചു. 9 ശസ്ത്രക്രിയകളും നാല് രോഗങ്ങളുടെ കാലവും കഴിഞ്ഞ് ഏറ്റവും പ്രിയപ്പെട്ട കാക്കിക്കുപ്പായത്തിലേക്ക്. ഒരു കാലിന്റെ പ്രശ്നങ്ങൾ പൂർണമായും ഭേദമാവാത്തതിനാൽ നടക്കാൻ വാക്കിങ് സ്റ്റിക്കിന്റെ സഹായം വേണം. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ സീനിയർ സിപിഒ ആയാണു നിയമനം. അഭിലാഷ് കോഴിക്കോട് ക്രൈംബ്രാഞ്ചിൽ സിഐയും. കോഴിക്കോട് കുന്നമംഗലത്തെ അഭിലാഷിന്റെ വീട്ടിലാണ് ഇരുവരും ഇപ്പോൾ. 

എഴുതി ജയിച്ച ജീവിതപരീക്ഷകളുടെ വിജയരഹസ്യം ചോദിച്ചപ്പോൾ അഭിലാഷിന്റെ കൈകൾ ചേർത്തു പിടിച്ച് ജസീല അതു പറഞ്ഞു , ‘എത്ര മനക്കരുത്തുള്ള ആൾക്കും അതിജീവനം എന്നത് ഒറ്റയ്ക്ക് സാധ്യമായ ഒന്നല്ല. കൂടെ നടക്കാൻ ഒരാളുണ്ടെങ്കിൽ ജീവിതത്തിലേക്കുള്ള യാത്രയ്ക്കു വേഗം കൂടും. എന്റെ യാത്രയുടെ വേഗം കൂട്ടിയത് ഈ കൈകളാണ്’. ആരെങ്കിലുമൊക്കെ കൈ പിടിക്കാൻ ഉണ്ടെങ്കിൽ നമുക്ക് ചുറ്റുമുള്ള ഒരുപാട് ആളുകൾക്ക് ശാന്തമായി ഉറങ്ങാനും നല്ല സ്വപ്നങ്ങൾ കാണാനും കഴിയും. ഓടി തീർക്കുന്ന ദിവസവേഗങ്ങൾക്കിടയിൽ അവരെ കണ്ടെത്താൻ തലയുയർത്തിയും കണ്ണ് തുറന്നും ചുറ്റും നോക്കുക മാത്രമാണ് വേണ്ടത്’.   

English Summary:

Writeup about constable Jasila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com