ADVERTISEMENT

ചാർട്ടേഡ് അക്കൗണ്ടന്റ് രാഗദീപയ്ക്കു മുന്നിൽ പ്രതിശ്രുതവരനായ ഐഎഎസുകാരൻ ഒരു നിബന്ധന വച്ചു,‘കല്യാണശേഷം വീട്ടുചെലവുകൾ മുഴുവൻ താൻ നോക്കണം. എന്റെ ശമ്പളം മുഴുവൻ, ഒരു രൂപ കുറയാതെ, കുറെ കുഞ്ഞുങ്ങളെ സഹായിക്കാനാണ്’. വധു സമ്മതം മൂളി. കുട്ടികളെ ഹൃദയത്തോടു ചേർത്തുനിർത്താൻ ഇഷ്ടപ്പെടുന്ന അന്നത്തെ ആ വരൻ ഇന്നത്തെ തൃശൂർ കലക്ടറാണ്. കുട്ടികളുടെ സ്വന്തം ‘കലക്ടർ മാമൻ’ വി. ആർ. കൃഷ്ണതേജ.

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ഒരു മധ്യവർഗ കുടുംബത്തിലെ കുട്ടി. അച്ഛന് ചെറിയ ജോലി. കുടുംബം നോക്കുന്നതിന്റ കിതപ്പും വിങ്ങലുമൊക്കെ കൃഷ്ണതേജ മനസ്സിലാക്കുന്നത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. സാമ്പത്തിക ‍ഞെരുക്കത്തിന്റെ കാലത്ത് അച്ഛനൊരു കൈ സഹായത്തിന് അടുത്തുള്ള മരുന്നുകടയിൽ ജോലിക്കുനിന്നു. അന്നൊക്കെ ശരാശരി വിദ്യാർഥിയായിരുന്നു കൃഷ്ണതേജ. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന അച്ഛനെ മനസ്സിലാകുന്നത് അക്കാലത്താണ്. പഠനം മാത്രമാണു തന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന് തേജ  തിരിച്ചറിഞ്ഞു. പിന്നീട് സ്കൂളിലും കോളജിലും ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയാണു വിജയിക്കുന്നത്. ‌എൻജിനീയറിങ്ങിനു ശേഷം ഐടി മേഖലയിലെ ഉന്നത ശമ്പളമുള്ള ജോലി വിട്ടാണ് നാലു തവണ കഠിനമായി പരിശ്രമിച്ച് സിവിൽ സർവീസ് നേടിയെടുത്തത്.

ശമ്പളം ഒട്ടേറെപ്പേർക്ക്

കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പഠനസഹായമൊരുക്കാനാണ് കൃഷ്ണ തേജയുടെ മുഴുവൻ ശമ്പളവും മാറ്റിവയ്ക്കുന്നത്. 200 കുട്ടികളെ കണ്ടെത്തി അവർക്ക് മുന്നോട്ടു പഠിക്കാൻ സഹായം നൽകുന്നുണ്ട്. സ്പോൺസർമാരും സഹായിക്കുന്നു. കുട്ടികളുടെ പഠനത്തിന്റെ ഫീസാണ് ഇത്തരത്തിൽ നൽകുക. കൃഷ്ണ തേജയുടെ അക്കൗണ്ടിൽ ശമ്പളം ക്രെഡിറ്റായാൽ ഉടൻ അതു പല വിദ്യാർഥികളുടെ ഫീസിനത്തിലേക്ക് അയയ്ക്കും.

2015ൽ 66ാം റാങ്കോടെയാണ് കൃഷ്ണതേജ സിവിൽ സർവീസ് പാസാകുന്നത്. ആദ്യകാലത്തെ ശമ്പളത്തിൽ നിന്ന് വലിയൊരു വിഹിതം സിവിൽ സർവീസ് സ്വപ്നം കണ്ടിറങ്ങിയ കൂട്ടുകാർക്ക് നൽകുമായിരുന്നു. ആലപ്പുഴയിൽ സബ്കലക്ടറായിരിക്കുമ്പോഴാണ് 2018ലെ മഹാപ്രളയം. സെപ്റ്റംബർ 5ന് ‘ഐ ആ‍ം ഫോർ ആലപ്പി’ എന്ന പ്രളയാനന്തര പുനരധിവാസ പദ്ധതി കൊണ്ടുവന്നു. പ്രളയത്തിൽ തകർന്ന സർക്കാർ കെട്ടിടം നവീകരിക്കാനാണ് ആദ്യം സഹായം ആവശ്യപ്പെട്ടത്. ആറു മണിക്കൂറിനുള്ളിൽ ആദ്യ സ്പോൺസറെത്തി.

പിന്നീട് സാധാരണക്കാരുടെ ഉപജീവനത്തിന് കന്നുകാലികൾ, വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റ്, സ്കൂളുകളിലെ അടിസ്ഥാന സൗകര്യം, തകർന്ന വീടുകളുടെ നവീകരണം, വീട്ടുപകരണങ്ങൾ, മത്സ്യത്തൊഴിലാളികൾക്ക് തൊഴിലുപകരണങ്ങൾ, ഭിന്നശേഷിക്കാർക്ക് വീൽ ചെയറുകളും കൃത്രിമ അവയവങ്ങളും ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ സഹായങ്ങൾ ലോകത്തെമ്പാടുംനിന്ന് മറ്റൊരു പ്രളയമായി ഒഴുകിയെത്തിയതിന് ആലപ്പുഴക്കാർ സാക്ഷി. 2022 ഓഗസ്റ്റിൽ വീണ്ടുമൊരു മഴക്കാലത്ത് ആലപ്പുഴയുടെ കലക്ടറായി. ആദ്യ ഉത്തരവ് കുട്ടികൾക്കു വേണ്ടിയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ട് ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചത് കുട്ടികളേറ്റുപിടിച്ചു. ക്ലാസില്ലെന്നു കരുതി വെള്ളത്തിൽ ചാടാനോ, ചൂണ്ടയിടാനോ പോകരുതെന്നും വീട്ടിൽ തന്നെയിരിക്കണമെന്നുമുള്ള കലക്ടർ അങ്കിളിന്റെ കരുതൽ അനുസരിക്കാതിരിക്കുന്നതെങ്ങനെ.

ഒരുപിടി നന്മ

അതിദരിദ്രരായ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ കുട്ടികളെ പഠിപ്പിച്ച പദ്ധതിയാണ് ഒരുപിടി നന്മ. മാസത്തിലെ ആദ്യ തിങ്കളാഴ്ചകളിൽ വീട്ടിൽ നിന്നു പയറോ പരിപ്പോ കറിമസാലകളോ ഒക്കെ സ്കൂളുകളിൽ കൊണ്ടുവരുക. ആ മേഖലകളിലെ അതിദരിദ്ര കുടുംബങ്ങൾക്ക് കുട്ടികൾ തന്നെ ഈ സാധനങ്ങൾ എത്തിക്കുക. കരുതലിന്റെ പാഠങ്ങൾ കൂടി പഠിച്ചു വളരട്ടെ അവർ എന്നു കലക്ടർ പറയും. വിശപ്പകറ്റണമെന്നേ ആഗ്രഹിച്ചുള്ളൂ. എന്നാൽ, ചില മാതാപിതാക്കൾ വീടുനിർമിച്ച് കൊടുക്കാനും ചികിത്സ ഏറ്റെടുക്കാനുമൊക്കെ തയാറായി മുന്നോട്ടു വന്നു. കുട്ടികൾ വീട്ടിൽ ചെന്നു പറയുന്നതു കൊണ്ടാണിത്. നാളെ ഇവർ പഠിച്ചുയരുമ്പോൾ സ്വന്തം നാടിനെ കരുതാൻ ഇതവരെ പഠിപ്പിക്കും–അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ, ‘ടുഗെദർ ഫോർ തൃശൂർ’ പദ്ധതിയിലൂടെ ‘ഒരു പിടി നന്മ’യുടെ സന്തോഷവും കുരുന്നുകളുടെ വിദ്യാഭ്യാസവും കൂടുതൽ കരുത്തോടെ തൃശൂരിലേക്കും വ്യാപിച്ചിരിക്കുന്നു.

തൃശൂരിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൻ അടുക്കളയിൽ കയറി സ്കൂളിലേക്ക് സാധനങ്ങളെടുക്കുമ്പോൾ കലക്ടറുടെ മനസ്സിൽ സന്തോഷം നിറയും. പിറന്നാളിന് ചെലവു ചുരുക്കാൻ മകൻ മുൻകയ്യെടുത്തതിനാൽ മെഡിസിന് പഠിക്കുന്ന ഒരുകുട്ടിയെ സഹായിക്കാൻ കഴിഞ്ഞെന്ന് കൃഷ്ണതേജ അഭിമാനത്തോടെ പറയുന്നു.

ഗൃഹനാഥൻ മരിച്ച കുടുംബത്തിലെ ഗൃഹനാഥയ്ക്ക് സ്ഥിരവരുമാനമുള്ള ചെറുജോലികൾ കണ്ടെത്തി നൽകി സഹായിക്കുന്നതും കൃഷ്ണതേജയുടെ പദ്ധതിയിൽപ്പെടും. ‘അവരുടെ കുട്ടികൾ പഠിക്കാൻ ബുദ്ധിമുട്ടരുത്’. ഇതു പറയുമ്പോൾ കലക്ടറുടെ കണ്ണിൽ പഴയ എട്ടാം ക്ലാസുകാരൻ വിടരും; എന്റെ അച്ഛന്റെ കാറിൽ കയറാനുള്ള സ്റ്റേറ്റസ് നിനക്കില്ലെന്നു പറഞ്ഞ് കൂട്ടുകാരൻ മാറ്റിനിർത്തിയ ആ എട്ടാം ക്ലാസുകാരന് ഇന്ന് കൊടിവച്ച കാറുണ്ട്; എവിടെപ്പോയാലും കൈവീശി സ്വീകരിക്കാൻ കുട്ടിക്കൂട്ടങ്ങളുമുണ്ട്.

കുട്ടികളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചാൽ കലക്ടർ ഒന്നു ചിരിക്കും. ‘വളരെ ഉത്തരവാദിത്തമുള്ള ജോലിയാണിത്. കൂടെ സമ്മർദങ്ങളും. സ്കൂളിലെ പരിപാടികൾക്കു പോകുമ്പോഴും കുട്ടികളെ കാണുമ്പോഴുമാണ് തുറന്നു ചിരിക്കാൻ കഴിയുന്നത്.  നിങ്ങൾ തൊട്ട ജീവിതങ്ങളാണ് നിങ്ങളെ അടയാളപ്പെടുത്തുന്നത് എന്നു പറയാറുണ്ട്. പതിനായിരത്തിലേറെപ്പേരുടെ ജീവിതത്തെ തൊടാൻ കഴിഞ്ഞെന്ന സന്തോഷമാണ് എന്റെ അടയാളം.’ തൃശൂർ ചെമ്പൂക്കാവിലെ ക്യാംപ് ഓഫിസിന്റെ സ്വീകരണമുറിയിൽ കുട്ടികൾ വരച്ചുനൽകിയ കലക്ടറങ്കിളിന്റെ പടങ്ങൾ നിരത്തിവച്ചിട്ടുണ്ട്.     പെൻസിലും മഷിയും കോറിയ വരകളിൽ കാണുന്നത് കുട്ടികളുടെ ‘തേജാജി’ ഭാവങ്ങൾ തന്നെ. 

English Summary:

Sunday Special about Thrissur District collector VR Krishna teja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com