ADVERTISEMENT

‘‘ദേഖോ മസീ ആയാ സമീൻ പെ, ഖുശി ഹോത്തി ഹേ സാരി ഖയാനത്ത്...’’ 

ഡിസംബർ തണുപ്പിനെ വകഞ്ഞുമാറ്റി ഓൾഡ് ഡൽ‍ഹിയിലെ ഒരു കൊച്ചു ഗലിയിൽ നിന്ന് ഈ ഗീതം ഉയരുമ്പോൾ ഏതോ ദർഗയിൽ നിന്നുള്ള ഖവാലി സംഗീതമാണെന്ന് ഒരു വേള തോന്നിയേക്കാം - മുഗൾകാലത്തിന്റെ ശേഷിപ്പുകൾക്കു നടുവിലെ ഒരു ദേവാലയത്തിലെ ഈദെ വിലാദത്ത് അഥവാ ക്രിസ്മസ് ആഘോഷ ഗാനമാണിത്. പിതാവും പുത്രനും പരിശുദ്ധാത്മാവും അവർക്ക് ഖുദ ബാപ്പും ഈസാ മസീഹും പവിത്രാത്മയുമാണ്. 

ഹോളി ട്രിനിറ്റി ചർച്ചിലെ പാട്ടും പ്രാർഥനയും ഹിന്ദുസ്ഥാനിയിലാണ്; ആഘോഷങ്ങളിൽ പങ്കിടുന്ന പലഹാരങ്ങൾക്ക് ഇവിടെ ഉറുദു പേരുകളും മുഗൾ രുചിയുമാണ്. പക്‌വാൻ ആണ് പ്രധാന ക്രിസ്മസ് പലഹാരം. ഹോളിക്കും ദീപാവലിക്കും വിളമ്പുന്ന ഗുജിയ, നമക്പാര, ശക്കർപാര, ബാജ്‌റ ടിക്കി എന്നിവയാണ് മറ്റു പലഹാരങ്ങൾ. മുഗളായ് ബിരിയാണിയും മട്ടൻ കുറുമയും പുലാവും നിഹാരിയും ആലു ഗോഷ്ടും പലതരം കബാബുകളും സാർദ എന്ന മധുരവും ഉൾപ്പെടുന്നതാണ് ക്രിസ്മസ് ലഞ്ച് - ആഘോഷ ഭൂപടത്തിൽ ഇതുപോലൊരു ക്രിസ്മസ് മറ്റൊരിടത്തുമുണ്ടാകില്ല. 

ചാന്ദ്നി ചൗക്കിന്റെ തിക്കും തിരക്കും കടന്നു ഷാ തുർക്ക്മാൻ ബയാബാനിയുടെ ദർഗയോടു ചേർന്ന ഫസീൽ റോഡിലെ ഗലിയിലേക്കു തിരിയുമ്പോൾ മതിൽക്കെട്ടിനു മുകളിൽ ചുവന്ന ഫലകത്തിൽ ഹോളി ട്രിനിറ്റി ചർച്ച് എന്നെഴുതി വച്ചിട്ടുണ്ട്. ഗേറ്റ് കടന്നു‌ ചെല്ലുമ്പോൾ ചുറ്റും വെള്ളപൂശിയ ഇരുനില വീടുകളുടെ നടുവിൽ ചുവപ്പും വെള്ളയും കലർന്ന ഛായയിൽ ബൈസന്റൈൻ മാതൃകയിൽ പണിത പള്ളി. 34 കുടുംബങ്ങളിലായുള്ള 130 പേരുടെ ദേവാലയം 1905ലാണ് പണിതീർത്തത്. ഏറെ അകലെയല്ലാതെ, 1920ൽ സ്ഥാപിച്ച ഹോളി ട്രിനിറ്റി സ്കൂളുമുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള ഇവിടെ ഹിന്ദിക്കും ഇംഗ്ലിഷിനുമൊപ്പം ഉർദുവും പഠിപ്പിക്കുന്നു. 

ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) ഡ‍ൽഹി രൂപതയുടെ കീഴിലുള്ള പള്ളിയിൽ ഞായറാഴ്ചകളിൽ മലയാളികളും പങ്കെടുക്കാറുണ്ടെന്ന് കൂട്ടായ്മയിലെ ഏറ്റവും മുതിർന്നയാളായ ബാബുലാൽ മാത്യൂസ് പറഞ്ഞു. 84 വയസായ ബാബുലാൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ നിന്നു വിരമിച്ച് വിശ്രമ ജീവിതത്തിലാണ്. മുൻപു പ്രാർഥനകളെല്ലാം ഉറുദുവും ഹിന്ദിയും ചേർന്ന ഹിന്ദുസ്ഥാനിയിലായിരുന്നു. പക്ഷേ, പുതിയ തലമുറയ്ക്ക് ഹിന്ദുസ്ഥാനി അത്ര വശമില്ലാത്തതിനാൽ വാക്കുകൾ തനി ഹിന്ദിയിലാക്കി അച്ചടിച്ച പുസ്തകങ്ങളാണു പള്ളിയിൽ ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് അസിസ്റ്റന്റ് പാസ്റ്റർ ജോയൽ ലാസർ പറഞ്ഞു. 80 വർഷം പഴക്കമുള്ള ഉർദു ബൈബിളും പളളിയിലുണ്ട്. പാടുന്ന പാട്ടുകളൊക്കെയും ഹിന്ദുസ്ഥാനിയിൽ തന്നെ. 

ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ ആശുപത്രിയിൽ നഴ്സായിരുന്ന ഡോർകാസ് ക്രിസ്റ്റഫർ ബെഞ്ചമിനെ ഇവിടേക്കു വിവാഹം കഴിച്ചു കൊണ്ടുവരുന്നത്. 1971ലാണ്. താനിവിടെ വരുന്ന കാലത്ത് പള്ളിയിൽ മുന്നൂറിലേറെ അംഗങ്ങളുണ്ടായിരുന്നുവെന്ന് ഡോർകാസ് പറഞ്ഞു. ഹോം നഴ്സായിരുന്ന റോസ്‌ലിൻ മസിയും ഇവിടെ ജനിച്ചു വളർന്നതാണ്. 73 വയസായി. മക്കളൊക്കെ ജോലിയുമായി ബന്ധപ്പെട്ട് ഈ ചുറ്റുപാട് വിട്ടു പോയി. ഇവിടം വിട്ടു മറ്റൊരിടത്തേക്കു താമസിക്കുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയില്ല– റോസ്‌ലിൻ പറഞ്ഞു.

80 വർഷം പഴക്കമുള്ള ഉറുദു ബൈബിൾ.
80 വർഷം പഴക്കമുള്ള ഉറുദു ബൈബിൾ.

ഡൽഹിയിലെ പല ദിക്കിലുമുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ വീടുകളിൽ പള്ളി അംഗങ്ങൾ ക്രിസ്മസിന് മുൻപ് കാരൾ സർവീസുമായി ചെല്ലും. പാടുന്നത് ലോകപ്രശസ്തമായ ഇംഗ്ലിഷ് കാരൾ ഗാനങ്ങളുടെ ഹിന്ദുസ്ഥാനി പരിഭാഷയാണ്. പരിസര പ്രദേശങ്ങളായ ദരീബ കാലാൻ, ചിപ്പിവാഡ, ഗലി ഗുലിയാൻ എന്നിവിടങ്ങളിൽ നിന്ന് ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഈ പള്ളിയിലേക്ക് ക്രിസ്മസ് ദിനത്തിൽ ആളുകളെത്തും. ഞായറാഴ്ചയും പ്രത്യേക ആരാധനയുള്ള ദിവസങ്ങളിലും മാത്രമേ പള്ളി തുറക്കാറുള്ളൂ. ‍

ഡൽഹിയിലെ മഞ്ഞുകാല പകലുകളിലെ പതിവുപോലെ, പ്രായമായവരെല്ലാം വീടുകളിൽ നിന്നിറങ്ങി പള്ളിയുടെ നടയിലിരുന്നു വെയിൽ കായുകയാണ്. മതിൽക്കെട്ടിനു പുറത്തൊരു ലോകം തിരക്കിട്ട് പല മാറ്റങ്ങൾക്കും വഴിമാറുന്നു. ഇവരാകട്ടെ ഓർമകളിൽനിന്ന് വീണ്ടും പഴയ കാലങ്ങളെ തുടച്ചു മിനുക്കിയെടുത്ത് വീണ്ടുമൊരു ഈദെ വിലാദത്തിനു ഒരുങ്ങിയിരിക്കുന്നു. ‘ഹാർക്ക്! ദി ഹെറാൾഡ് ഏഞ്ചൽസ് സിങ് ഗ്ലോറി ടു ദി ന്യൂ ബോൺ കിങ്...’ എന്ന പ്രശസ്തമായ കാരൾ ഗാനം ഇന്നു ബാബുലാലും ജോൺ ലാസറും റോസ്‌ലിനും പാടും; ഹിന്ദുസ്ഥാനിയിൽ. 

English Summary:

Sunday Special about Hindustani Christmas at Chandni Chowk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com