ADVERTISEMENT

ഭൂമിശാസ്ത്ര പരീക്ഷയ്ക്ക് പതിവുതെറ്റാതെ ചാറിയെത്തുന്ന ഒരു ചോദ്യമുണ്ട്. പേനത്തുമ്പുകളിൽ പെയ്യാനൊരുങ്ങി നിൽക്കുകയാണ് അതിന്റെ ഉത്തരം. ലോകത്ത് മഴ ഒന്നാംറാങ്ക് നേടുന്ന ഒരേ ഒരിടം: ചിറാപുഞ്ചി. ത്രി–സുവർണ ജൂബിലിയുടെ (150 വർഷം) ഭാഗമായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം നടത്താൻ പോകുന്ന പഠനങ്ങളിലൊന്ന് കാലാവസ്ഥാ മാറ്റം ചിറാപുഞ്ചിയെ എങ്ങനെ ബാധിക്കും എന്നതാണ്. ചിറാപുഞ്ചിക്കു മേൽ ഉരുണ്ടുകൂടുന്ന മിന്നൽപ്പിണറായി അതിവർഷം മാറിയിട്ടു നൂറ്റാണ്ടുകളായി.

മഴയളവിലെ ലോക റെക്കോർഡുകൾ നിറഞ്ഞുകവിഞ്ഞ പല പെരുമഴക്കാലങ്ങൾ പെയ്തൊഴിഞ്ഞു. ചിറാപുഞ്ചി എന്ന ഉത്തരത്തിനും ചോദ്യത്തിനും ഇടയിലൂടെ കണക്കറ്റ മണ്ണും ജൈവസമ്പത്തും ഒലിച്ചുപോയി. ഒത്തിരി മഴ നല്ലതാണോ? അല്ല എന്നു ചിറാപുഞ്ചി. പച്ചപ്പു മാത്രമല്ല, ചരിത്രവും സംസ്കാരവും കടപുഴകും. എന്തിനേറെ – തുണി ഉണങ്ങാൻ പോലും സമ്മതിക്കില്ല. ലോകത്തെ ഏറ്റവും നനവാർന്ന പ്രദേശത്ത് മേയ് മുതൽ ജൂലൈ വരെയാണു തീവ്രമഴക്കാലം. പിന്നെ ഇടവിട്ടു മാത്രം. ഡിസംബറിൽ നദികളെല്ലാം വറ്റും. രാജസ്ഥാനിൽ ഇതിലേറെയാണു വേനൽക്കാല പ്രതിശീർഷ ജലലഭ്യത.

ആഗോളതാപന കാലത്ത് ചിറാപുഞ്ചിയിൽ നിന്നു കേരളം എന്തു പഠിക്കും?. ചിറാപുഞ്ചിയിൽ ജല–കാർഷിക ഗവേഷകനായിരുന്ന, കോഴിക്കോട് ജലവിഭവ വികസന കേന്ദ്രം മേധാവി ഡോ. മനോജ് പി. സാമുവൽ പറയുന്നു– കേരളത്തിൽ പെയ്യുന്നതിന്റെ 7 ഇരട്ടിയാണ് ചിറാപുഞ്ചിയിൽ. 

ചിറാപുഞ്ചിയിലെ മഴ ബംഗ്ലദേശിന്റെ ഉർവരത

ബംഗ്ലദേശിന്റെ ദുഃഖമാണ് ചിറാപുഞ്ചി. അതേ സമയം, ചിറാപുഞ്ചിയുടെ വരദാനമാണ് സിൽഹത്തിന് അപ്പുറമുള്ള ബംഗ്ലദേശ് താഴ്‌വര– നിറഞ്ഞ നെൽവയൽ. ഹൈറേഞ്ചിലെ മണ്ണ് കുട്ടനാട്ടിൽ എത്തും പോലെ പീഠഭൂമിയായ ചിറാപുഞ്ചിയിൽ പെയ്യുന്ന മഴ അപ്പോൾ തന്നെ താഴെ ബംഗ്ലദേശ് താഴ്‌വരയിലേക്ക് ഒഴുകും. പെരുമഴ പെയ്താൽ ചിറാപുഞ്ചിക്കു പടിഞ്ഞാറ് അസം താഴ്‌വരയിലൂടെ പോകുന്ന ബ്രഹ്മപുത്ര കരകവിഞ്ഞ് ആദ്യം പദ്മയായും പിന്നീട് മേഘ്നയായും ഒഴുകി ബംഗ്ലദേശിനെ പ്രളയക്കടലാക്കും. ബംഗ്ലദേശിനെ മുക്കിയ 1988 ലെ പ്രളയം ചിറാപുഞ്ചിയുടെ ക്ഷോഭമായിരുന്നു. ബംഗാൾ ഉൾക്കടലിൽ നിന്ന് ഉയർന്ന് ധാക്കയ്ക്ക് മുകളിലൂടെ വീശുന്ന നീരാവിക്കാറ്റാണ് ഖാസി– മലകളെ ലോകത്തിന്റെ മഴക്കൂടാക്കുന്നത്.

മരുഭൂവൽക്കരണത്തിന്റെ സൂചന നൽകി മണ്ണുകലങ്ങിച്ചുവക്കുന്ന പുഴ കേരളത്തിലും മേഘാലയയിലുമാണ് ഏറെയും. മൊത്തം വിസ്തീർണത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ചരിവു പ്രദേശമായ കേരളത്തിനു ചിറാപുഞ്ചിയോടു ഭൂമിശാസ്ത്ര സമാനതകളേറെയുണ്ട്. മേൽമണ്ണ് ഇളകിയാൽ കേരളവും ചിറാപുഞ്ചി പോലെ പാറ തെളി‍ഞ്ഞ് കൃഷിയോഗ്യമല്ലാതാകും. പ്രളയത്തിന്റെ കോപമടക്കാൻ പ്രകൃതി കണ്ടെത്തിയ മാർഗമാണ് വയൽ. കുന്നും പാറയും മണ്ണുമാണ് മറ്റു സംഭരണികൾ. മഴയെ തടഞ്ഞു നിർത്താൻ കൃത്യമായ കല്ലുകയ്യാലകൾ ഉള്ള ഒരു പ്രദേശം കേരളത്തിലുള്ളത് കാഞ്ഞിരപ്പള്ളിയാണ്. 

വൻ തോതിൽ കൽക്കരി– പാറ ഖനനം നടക്കുന്ന പ്രദേശമായി ഖാസിക്കുന്നുകൾ മാറിയിട്ട് വർഷങ്ങളായി. റാറ്റ് ഹോൾ എന്ന നാടൻ വിദ്യ ഉപയോഗിച്ച് മല തുരന്ന് അകത്തേക്ക് നുഴഞ്ഞുകയറി കൽക്കരി മാന്തിയെടുക്കുന്നതു പാരിസ്ഥിതിക സന്തുലത്തിനു ദോഷമാണെന്നു മനസ്സിലാക്കി ഹരിത ട്രൈബ്യൂണൽ 2014 ൽ നിരോധിച്ചു. എന്നാലും ഗ്രാമങ്ങളിൽ ഖനമുണ്ട്. അത് ചിറാപുഞ്ചിയുടെ ഭൂഘടനയെ പ്രതിസന്ധിയിലാക്കുന്നു. ഇതേ റാറ്റ് ഹോൾ വിദ്യ സിൽക്യാരയിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഉപയോഗിച്ചു എന്നതു മറ്റൊരു കാര്യം. 

കൽക്കരിക്കുപുറമേ മൈക്ക, മണൽ, ചുണ്ണാമ്പ് എന്നിവയും ഇവിടെ നിന്ന് ഇപ്പോഴും ഖനനം ചെയ്യുന്നു. ബ്രിട്ടിഷുകാരനായ ഹാരി ഇംഗ്ലിസ് ഇന്നും ചിറാപുഞ്ചിയിലെ പഴമക്കാരുടെ ഓർമയിലെ പേടിസ്വപ്നമാണ്. ചുണ്ണമ്പുകല്ലിന്റെ വിപണി സാധ്യത കണ്ടു മലകയറിയ ഹാരി മരിച്ചിട്ടും മൃതദേഹം വീട്ടിൽ ഗ്ലാസിട്ട് സൂക്ഷിച്ച് തദ്ദേശീയരെ ഭയപ്പെടുത്തിയാണ് ഭാര്യ റാല സോഫി ചുണ്ണാമ്പു മടകൾ നിഷ്കരുണം വെട്ടിവിറ്റുകൊണ്ടിരുന്നത്.

പബ്ലിക് ഹെൽത്ത് വിഭാഗമാണ് ഇന്നും മേഘാലയയിലെ ജല അതോറിറ്റി. കേരളത്തിലും ആദ്യകാലത്ത് പിഎച്ച് വിഭാഗമായിരുന്നു ജലം ശുദ്ധീകരിച്ച് വിതരണം ചെയ്തിരുന്നത്. ഗ്രാമങ്ങളിലെ 43% ജലസ്രോതസ്സുകളും മലിനമാണ്. മത്സ്യസമ്പത്തും കുറവ്. 70–77 % വരെ വനഭൂമി എന്നു കേട്ട് വരുന്ന സഞ്ചാരികളെ നോക്കി ചിറാപുഞ്ചി ചിരിക്കും. ഭൂമിയുണ്ടെങ്കിലും വനം തീരെയില്ല. കുരങ്ങിനെപ്പോലും കാണാനുമില്ല. ആകെയുള്ളതു ചീവീടുകളുടെ സ്വരം മാത്രം. 

ബ്രിട്ടിഷ് സൈന്യത്തെ തോൽപ്പിച്ച മഴ

1757 ലെ പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബിനെ തോൽപ്പിച്ച് കൊൽക്കത്തയിൽ തുടക്കമിട്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വളർച്ചാ വഴിയിൽ മഴ പ്രതിരോധമുയർത്തിയ ഒരേ ഒരു ഭൂമികയാണ് ചിറാപുഞ്ചി. ബ്രിട്ടിഷ് ഏജന്റായിരുന്ന ഡേവിഡ് സ്കോട്ടിന് ബർമയുടെ മുന്നേറ്റം ചെറുക്കാൻ അനുമതി നിഷേധിച്ച ജയന്തിയ കുന്നുകളുടെ രാജാവ് തിരോത് സിങ്ങിനെതിരായ ബ്രിട്ടീഷുകാരുടെ പടനീക്കത്തെ തോൽപ്പിച്ചത് കനത്ത മഴ ഉയർത്തിയ വെല്ലുവിളിയായിരുന്നു. എന്നിട്ടും 1833–ൽ പ്രദേശം കീഴടക്കി തിരോതിനെ അവർ ധാക്കയിലേക്കു നാടു കടത്തി.

ചിറാപുഞ്ചി തലസ്ഥാനമാക്കി ഭരണം ആരംഭിച്ചെങ്കിലും അതിഭീകരമായ മഴ ചിറാപുഞ്ചി വിട്ട് പോകാൻ അവരെ പ്രേരിപ്പിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷം സൈനികരെ വിഷാദരോഗികളാക്കി. പലരും മദ്യത്തിൽ അഭയം തേടി. ചിലർ ജീവനൊടുക്കി. ബ്രിട്ടീഷുകാർ മഴയ്ക്കു മുമ്പിൽ തലകുനിച്ചു. 1864 ൽ തലസ്ഥാനം ഷില്ലോങിലേക്കു മാറ്റി. ഒരു പക്ഷേ, ഇന്ത്യാ ചരിത്രത്തിലെ ആദ്യ ബ്രിട്ടിഷ് പിന്മാറ്റം. ഡേവിഡ് സ്കോട്ടിന്റെ സ്മാരകശില ഇന്നും ഇവിടെയുണ്ട്. 

sohra

ചിറാപുഞ്ചി ഇനിയില്ല; പകരം സോഹ്റ

ചിറാപുഞ്ചി ഇനി മുതൽ സോഹ്റ എന്നായിരിക്കും അറിയപ്പെടുക. സോഹ്റ എന്നാൽ ഖാസി ഭാഷയിൽ മണ്ണ്. മഴയുടെ അളവിൽ നേരിയ കുറവുണ്ട്. തണുപ്പ് കുറഞ്ഞ് ഉഷ്ണ ദിനങ്ങൾ പെരുകി ശൈത്യവും നൂൽമഴയും അകലുകയാണെന്ന് ഷില്ലോങിലെ കാലാവസ്ഥാ വിഭാഗം മേധാവി താങ്ജാ ലാൽ പറഞ്ഞു. മഴവെള്ളം ഊർന്നിറങ്ങി ചുണ്ണാമ്പു പാറയ്ക്കുണ്ടാകുന്ന ശോഷണമാണ് ഗുഹകൾ. ആകെ 1500 ഗുഹയുള്ളതിൽ ആയിരത്തിലും കയറാം. ഭൂഗർഭനദികളുടെ ശീൽക്കാരം ഈ ഗുഹകൾക്കുള്ളിൽ നിന്നാൽ കേൾക്കാം. ലക്ഷോപലക്ഷം വർഷം പഴക്കമുള്ള പല ഫോസിലുകളും ഖാസി കുന്നുകളിൽ കണ്ടെത്തി. ഇതിൽ പ്രധാനപ്പെട്ടത് ദിറാങ്ങ്– റാണുക്കോട്ട് പ്രദേശത്തു നിന്നു കണ്ടെടുത്ത ദിനോസറുകളുടേതാണ്. പഴക്കം 6.5 കോടി വർഷം.

ഊറൽ പാറകളുടെ അടരുകളിൽ കടൽ മത്സ്യങ്ങളുടെ ഫോസിലുകൾ കാണാം. ചിറാപുഞ്ചിയിലെ ആർവാ ഗുഹ ഇത്തരമൊരു ഫോസിൽ സങ്കേതമാണ്. പണ്ട് തെത്തിസ് സമുദ്രമായിരുന്ന ഭാഗമാണ് ഭൂപാളി സമ്മർദം മൂലം ഇന്ന് ഹിമാലയമായി ഉയർന്നു വന്നിരിക്കുന്നതെന്നു ഭൂമിശാസ്ത്രം.

വേണ്ടിയിരുന്നില്ല ഇത്രയും മഴ

മണ്ണിനു ചരമഗീതം എഴുതിയ മഴയെ തോമസ് ഓൾദാം എന്ന ഭൗമഗവേഷകൻ പഴിക്കുന്നുമുണ്ട്. ഇത്രയും മഴ ഇല്ലായിരുന്നെങ്കിൽ ചിറാപുഞ്ചി കുറച്ചുകൂടി മനോഹരമായിരുന്നേനേ എന്ന് ഓൾദാം തന്റെ റിപ്പോർട്ടിൽ പറയുന്നതായി ബിനു കെ. ജോൺ യാത്രാനുഭവത്തിൽ പറയുന്നു. മേഘാലയയിലെ മിക്ക നദികളും വേനലിൽ വറ്റും. 

ഇറ്റാലിയൻ, വെൽഷ് മിഷനറി പാരമ്പര്യത്തിന്റെ ശേഷിപ്പായി ഒപ്പംകൂടിയ സംഗീതം മേഘാലയയെ സംഗീതാലയമാക്കുന്നു. പാട്ടും പാടി സായാഹ്നം ചെലവിടുന്ന ട്രൂപ്പുകൾ ഇവിടെ പതിവു കാഴ്ചയാണ്. മഴ മാറി നിൽക്കുന്ന സായാഹ്നങ്ങളിൽ മേഘാലയം സംഗീതം ചിറകടിക്കുന്ന കിളിക്കൂടാകും. മൈതാനത്തെ കളിയും ചിരിയുമെല്ലാം മഴയിൽ മുങ്ങിപ്പോയ ബാല്യങ്ങളാണ് ചിറാപുഞ്ചിയിലേത്. കളി മൈതാനങ്ങൾ നന്നേ കുറവാണ്. മഴ മാറി വരുമ്പോൾ ചിറാപ്പുഞ്ചിയിലെ ജനങ്ങൾ ജീവിക്കാനും പഠിച്ചു തുടങ്ങുകയാണ്. വലിയ കാലാവസ്ഥാമാറ്റങ്ങൾക്കൊപ്പം ജനജീവിതം കൂടി മാറേണ്ടതിന്റെ പാഠമാണ് ചിറാപുഞ്ചി നൽകുന്നത്. അതു കേരളവും പഠിച്ചു വയ്ക്കേണ്ടതു തന്നെ.

English Summary:

Sunday Special about Cherrapunji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com