ADVERTISEMENT

സാധാരണ ഒരാൾ യാത്ര പോകുന്നത് ഉല്ലാസത്തിന്, കാഴ്ചകൾ കാണുന്നതിന്, പഠനത്തിന്, തീർഥാടനത്തിന് ചികിത്സയ്‌ക്ക്, പരിപാടികളിൽ പങ്കെടുക്കാൻ, ബന്ധുക്കളെ സന്ദർശിക്കാൻ ഒക്കെയാണല്ലോ. എന്നാൽ ഇപ്രാവശ്യത്തെ എന്റെ യാത്ര അതിനൊന്നുമായിരുന്നില്ല. അത് എഴുതാൻ വേണ്ടിയായിരുന്നു! സ്വന്തം നാട്ടിലിരുന്ന് നിങ്ങൾക്ക് സ്വസ്ഥമായി എഴുതാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങളതിനു സൗകര്യമൊരുക്കിത്തരാം എന്നു പറയുന്ന അനേകം യൂണിവേഴ്‌സിറ്റികളും ഫൗണ്ടേഷനുകളും ലോകത്തിലുണ്ട്. റൈറ്റേഴ്സ് ഇൻ റസിഡൻസി പ്രോഗ്രാം എന്നാണതിനു പറയുക. അവർ ഒരുക്കുന്ന സൗകര്യം ഉപയോഗിച്ച് വിവിധ കാലയളവുകളിൽ എഴുത്തുകാർക്ക് അവിടെ പോയിരുന്ന് സ്വസ്ഥമായി എഴുതിയിട്ട് പോരാം.

സ്വിറ്റ്‌സർലൻഡിലെ ഷാൻ മിഷാൽസ്‌കി (Jan Michalski) എന്ന സ്വകാര്യ ഫൗണ്ടേഷനാണ് എനിക്ക് ആ സൗകര്യം ഒരുക്കിയത്. അതൊരു ക്ഷണമല്ല. എഴുത്തുകാർ ഒരുവർഷം മുൻപേ കൃത്യമായ അപേക്ഷിച്ച്, വിദഗ്ധർ അടങ്ങുന്ന സമിതി അവ പരിശോധിച്ച്, അവരുടെ മാനദണ്ഡങ്ങളിൽ വരുന്നവരെ തിരഞ്ഞെടുക്കുകയാണ്. 2023ൽ നൊബേൽ സമ്മാനജേതാവ് ഓൾഗ ടൊകാർചുക് ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള 54 എഴുത്തുകാരാണ് ഷാൻ മിഷാൽസ്‌കിയുടെ സൗകര്യം പ്രയോജനപ്പെടുത്താൻ എത്തിയത്. അതിൽ ഇന്ത്യയിൽ നിന്നുള്ള ഏക എഴുത്തുകാരനായിരുന്നു ഞാൻ. രണ്ടാഴ്ച മുതൽ മൂന്നുമാസം വരെയുള്ള വിവിധ കാലയളവുകൾ എഴുത്തുകാർക്ക് സൗകര്യപ്രദമായി തിരഞ്ഞെടുക്കാം. വർഷത്തിൽ ഏതു സമയത്ത് എത്തണമെന്നത് സംഘാടകരാണു തീരുമാനിക്കുന്നത്.

സെപ്റ്റംബർ ആറു മുതൽ നവംബർ ഏഴുവരെയുള്ള രണ്ടുമാസക്കാലയളവാണ് എനിക്ക് അനുവദിച്ചു കിട്ടിയത്. ജനീവ വിമാനത്താവളത്തിന്റെ വരാന്തയിൽ തന്നെ ട്രെയിൻ സ്റ്റേഷൻ. യൂറോപ്പിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലെയും വിമാനത്താവളങ്ങൾക്കും അങ്ങനെ സൗകര്യമുണ്ട്. ഉജ്വലമായ പൊതുഗതാഗത സംവിധാനം. വാഹനം തേടി നമ്മൾ ഓടിനടക്കേണ്ടതില്ല. ട്രെയിൻ, മെട്രോ, ട്രാം, ബസ് എന്നിവ മാത്രം ഉപയോഗിച്ച് നമുക്ക് യാത്ര ഒരു തടസ്സവുമില്ലാതെ പൂർത്തിയാക്കാം. അവയെല്ലാം പരസ്‌പരം ബന്ധിതവും ആയിരിക്കും.

പുറത്തിറങ്ങിയപ്പോൾ മ്യൂണിക്കിനു പോകുന്ന ട്രെയിൻ കാത്തുകിടക്കുന്നു. ടിക്കറ്റും റൂട്ടും ഫൗണ്ടേഷനിൽ നിന്ന് അയച്ചു തന്നിരുന്നതിനാൽ അതിനായി അലയേണ്ടി വന്നില്ല. ആ യാത്രയിൽ എനിക്കിറങ്ങേണ്ടത് 45 മിനിറ്റ് ദൂരമുള്ള മോർഷ് (Morges) എന്ന ചെറിയ പട്ടണത്തിലാണ്.

യൂറോപ്പിലെ ഫ്രാൻസ്, ഇറ്റലി, ജർമനി, ബൽജിയം, നെതർലൻഡ്, പോളണ്ട്, ചെക്ക് തുടങ്ങിയ രാജ്യങ്ങൾ നേരത്തേ സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണു ഞാൻ സ്വിറ്റ്‌സർലൻഡിൽ എത്തുന്നത്. ട്രെയിനിൽ ഇരുന്നു കാണുമ്പോൾ ജനീവ എന്ന നഗരത്തിന്റെ പരിസരങ്ങൾ മറ്റ് യൂറോപ്യൻ നഗരങ്ങൾ പോലെ തോന്നിച്ചെങ്കിലും യാത്ര മുന്നോട്ടു കുതിച്ചതോടെ കാഴ്ചകൾ വ്യത്യസ്‌തമാവാൻ തുടങ്ങി. ഒരു വശത്ത് മനോഹരമായ ജനീവ തടാകം. അതിനപ്പുറത്ത് മഞ്ഞുശിഖരങ്ങൾ കാണാവുന്ന ആൽപ്സ് പർവതനിരകൾ. എതിർവശത്ത് പുൽത്തകിടികളും കൃഷിയിടങ്ങളും. ഒരേ നിരയിൽ, ഒരേ ഉയരത്തിൽ നിൽക്കുന്ന വിളവുകൾ കൃഷിയിലെ പ്രഫഷനലിസം വിളിച്ചു പറയുന്നു. ഏറെയും വിജനമായ ഇടങ്ങൾ. അങ്ങിങ്ങു മാത്രം ചില വീടുകൾ. ഇടയ്ക്ക് കൃഷിയിടങ്ങൾ ഉഴുതുമറിക്കുന്ന കൂറ്റൻ ട്രാക്‌ടറുകൾ.

ബെല്ലടിച്ചാൽ നിൽക്കും ട്രെയിൻ

മോർഷിൽ നിന്ന് ബെയർ (Biere) എന്ന സ്ഥലത്തേക്കു പോകുന്ന വണ്ടിയിൽ ആപ്ലേ (Apples) എന്ന സ്റ്റേഷനിലാണ് എനിക്ക് അടുത്തായി ഇറങ്ങാനുള്ളത്. സ്റ്റേഷനിൽ കണ്ട ചിലർ സഹായിച്ചതുകൊണ്ട് കൃത്യം പ്ലാറ്റ്ഫോമിൽ എത്താനും കൃത്യം ട്രെയിനിൽ തന്നെ കയറാനും കഴിഞ്ഞു. അതുവരെ സഞ്ചരിച്ചത് ഒരു അതിവേഗ ട്രെയിനിൽ ആയിരുന്നെങ്കിൽ ഇത് മൂന്നു ബോഗികൾ മാത്രമുള്ള ഒരു ലോക്കൽ വണ്ടിയാണ്. എന്നാലും പതിയെ ഒന്നുമല്ല പോകുന്നത്. നമ്മുടെ സൂപ്പർ ഫാസ്റ്റ് ട്രെയിനുകളുടെ വേഗം അതിനുണ്ട്. ഉൾഗ്രാമത്തിലെ കൃഷിയിടങ്ങളിലൂടെയാണ് യാത്ര. ഗോതമ്പ്, ചോളം, സൂര്യകാന്തി, മുന്തിരി എന്നിങ്ങനെ ഓരോ തരം വിളകൾ നീണ്ടുപരന്നു കിടക്കുന്നു.

അതിനിടയിൽ യാത്രക്കാരുടെ ആവശ്യപ്രകാരം വണ്ടിയിലെ ബെല്ലടിച്ചാൽ മാത്രം നിർത്തുന്ന സ്റ്റേഷനുകൾ. ചിലതിനു വളരെ പരിമിതമായ സൗകര്യങ്ങളുള്ള പ്ലാറ്റ്ഫോമുകളുണ്ട്. ചിലയിടങ്ങിളിലാവട്ടെ അതുമില്ല. കൃഷിയിടത്തിലേക്കാണ് ട്രെയിനിറങ്ങേണ്ടത്. ബോഗിയിലെ സ്ക്രീനിൽ സ്റ്റേഷനുകളുടെ പേരുകളും അടുത്ത സ്റ്റോപ്പും സമയവുമൊക്കെ കാണിക്കുന്നതിനാൽ സമാധാനമായി പുറം കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം. യാത്രക്കാർ ഏറെയില്ല. അപ്പോഴേക്കും ഉച്ചതിരിഞ്ഞ് മൂന്നുമണി കഴിഞ്ഞിരുന്നതിനാൽ സ്കൂൾ വിട്ടുവരുന്ന കുറച്ചു കുട്ടികൾ, ചെറിയ കുട്ടികളെ വിളിക്കാൻ പോയ അമ്മമാർ, രണ്ടുമൂന്നു സൈക്കിൾ യാത്രികർ തുടങ്ങിയവരൊക്കെയേ ഉള്ളൂ ഉള്ളൂ. അവർ ബെല്ലടിച്ച് ട്രെയിൻ നിർത്തി ഇറങ്ങുന്നതിലെ കൗതുകം ആസ്വദിച്ച് ഞാനിരുന്നു. ഇതിനു മുൻപ് പലരാജ്യങ്ങളിൽ യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു കാഴ്ച ആദ്യമായിരുന്നു.

ലെഗുത്ത (Le Gottaz), ഷിംഗ് (Chigny), വിഫ്ലൻ ലെഷെത്തു (Vufflens – le- Chateau), ലെമറി (le marais) ഴവറോൾ (Reverolle) എന്നിങ്ങനെ എഴുതുന്നതും പറയുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത കുറെ ഗ്രാമീണസ്റ്റേഷനുകൾ താണ്ടി ആപ്ലേയിൽ ഞാൻ വണ്ടിയിറങ്ങി. സ്ഥലപ്പേരിന്റെ എഴുത്തും ഉച്ചാരണവും തമ്മിൽ കാര്യമായി ബന്ധമില്ലെന്നു മനസ്സിലായതോടെ രണ്ടുമാസത്തെ സ്വിസ് ജീവിതത്തിൽ ആരോടും സ്ഥലപ്പേര് പറഞ്ഞ് വഴി ചോദിക്കാൻ ഞാൻ ശ്രമിച്ചതേയില്ല. തെറ്റായിരിക്കും എന്നുറപ്പ്. പകരം എഴുതിക്കാണിക്കും അല്ലെങ്കിൽ മൊബൈലിൽ ടൈപ്പ് ചെയ്‌തു കാണിക്കും. അങ്ങനെയാണ് ഞാൻ ഓരോസ്ഥലത്തും രക്ഷപെട്ടത്.

അരമണിക്കൂർ സമയം എടുത്തിട്ടുണ്ടാവും എന്റെ യാത്ര. അപ്പോൾ അതിന്റെ കണക്‌ഷനായി ലിസ് (Llsle) എന്നൊരു ഗ്രാമത്തിലേക്കു പോകുന്ന ട്രെയിൻ റെഡിയായിക്കിടക്കുന്നു. അതാവട്ടെ കൂടുതൽ ലോക്കൽ എന്നു വിളിക്കാവുന്ന വെറും രണ്ട് ബോഗികൾ മാത്രമുള്ള ഒരു കുഞ്ഞുവണ്ടി. 128 വർഷങ്ങൾക്ക് മുൻപ് 1895 -ൽ ആരംഭിച്ചതാണ് 30 കിലോമീറ്റർ ദൂരം മാത്രമുള്ള മോർഷ് - ലിസ് പാത. 1943 ൽ തന്നെ അത് വൈദ്യുതീകരിച്ചിരുന്നു എന്നും സ്വിറ്റ്‌സർലൻഡിലെ ഇരുപതിൽ അധികം തീവണ്ടിക്കമ്പനികളിൽ ഒന്നായ എംബിസിയാണ് (Transports de la region Morges-Biere-Cossonay) ഇവിട സർവീസ് നത്തുന്നതെന്നും പിന്നീടു ഞാൻ വായിച്ചറിഞ്ഞു.

ആ പുരാതന നാടൻ പാതയിൽ മോൺട്രീഷേർ എന്ന സ്ഥലത്താണ് എനിക്കിറങ്ങാനുള്ളത്. വീണ്ടും ഉച്ചരിക്കാൻ പ്രയാസപ്പെടുന്നതരം പേരുകളുള്ള ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ, പുൽത്തകിടികൾ. പ്ലാറ്റ്ഫോം പോലുമില്ലാത്ത ഒരു കുഞ്ഞു സ്റ്റേഷനാണു മോൺട്രീഷേർ. ഞാൻ മാത്രമേ അവിടെ ഇറങ്ങാനുണ്ടായിരുന്നുള്ളൂ. ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരായ ഷന്റാൽ ബഫറ്റും തോമസ് റോബർജും സ്റ്റേഷനിൽ കാറുമായി എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

എഴുത്തുമുറി
എഴുത്തുമുറി

ഇരുപർവതങ്ങൾക്കിടയിൽ ഒരു ഗ്രാമം

മുന്നിൽ ആൽപ്‌സ് പർവതനിരകൾ, പിന്നെ ജനീവ തടാകം, അതു കഴിഞ്ഞ് നീണ്ടു കിടക്കുന്ന പുൽത്തകിടികളും കൃഷിയിടങ്ങളും പിന്നിൽ ജൂറാ പർവതം. അതിന്റെ താഴ്‌വരയിൽ ഒരു കൊച്ചുഗ്രാമം. അതാണ് മോൺട്രീഷേർ. ആകെ ജനസംഖ്യ എണ്ണൂറ്. രണ്ട് കടകൾ. ഒരു റസ്റ്ററന്റ്. ഇടയ്ക്ക് ഒട്ടേറെ കന്നുകാലി ഫാമുകൾ. സ്റ്റേഷനിൽ നിന്നു കഷ്‌ടിച്ച് രണ്ടു കിലോമീറ്റർ മാത്രം ദൂരെയാണ് അടുത്ത രണ്ടുമാസം ഞാൻ താമസിക്കാൻ പോകുന്ന ഷാൻ മിഷാൽസ്‌കി ഫൗണ്ടേഷൻ.

സാഹിത്യത്തെയും കലകളെയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വീര ഹോഫ്‌മാൻ എന്ന വനിത അവരുടെ ഭർത്താവിന്റെ സ്മരണാർഥം 2004ൽ ആരംഭിച്ചതാണ് ഈ ഫൗണ്ടേഷൻ. 2017 മുതൽ അവർ ഈ റസിഡൻസി പ്രോഗ്രാം നടത്തുന്നു. ഇതിനോടകം 250ൽ അധികം എഴുത്തുകാർ അവിടെ താമസിച്ച് തങ്ങളുടെ സർഗാത്മകപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഫ്രാൻസിലെ ഏഴ് പ്രമുഖ ആർക്കിടെക്‌ടുകൾ രൂപകൽപന നിർവഹിച്ച ഏഴ് വ്യത്യസ്ത തടിവീടുകൾ, അഞ്ചു നിലയിലുള്ള ഒരു ലൈബ്രറി, വിശാലമായ ഓഡിറ്റോറിയം, ഒരു എക്‌സിബിഷൻ ഹാൾ, എലമെന്ററി എന്ന് പേരായ മെസ് ഹാൾ, ഓഫിസ് കെട്ടിടങ്ങൾ തുടങ്ങി വിശാലമായ ഒരു ക്യാംപസാണ് ഫൗണ്ടേഷനുള്ളത്. 

സൂറിക്കിലെ പ്രസിദ്ധ ആർകിടെക്ടുമാരായ ആൻഡേഴ്സ് ഫെറിമാൻ, ഗ്രബ്രിയേല ഹാച്‌ലർ എന്നിവർ ചേർന്ന് രൂപകൽപന ചെയ്‌ത ഒരു തടിവീടാണ് എനിക്ക് അനുവദിച്ചു കിട്ടിയത്. മുകളിലും താഴെയുമായി രണ്ട് മുറികൾ മാത്രമുള്ള ഒരു കുഞ്ഞുവീട്. താഴെ കിച്ചൻ കാബിൻ, ഡൈനിങ് ടേബിൾ, ഒരു കുഞ്ഞു സോഫ എന്നിവ. മുകളിൽ ബെഡ്, കുളിമുറി, അലമാര, എഴുത്തുമേശ. അതിന്റെ ബാൽക്കണിയിൽ നിന്നു നോക്കിയാൽ നേരെ കാണുന്നത് നീണ്ട പുൽത്തകിടികളും ആൽപ്‌സ് പർവത നിരകളുമാണ്. 

English Summary:

Sunday Special about experiences from Benyamin's European trip to write quietly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com