ADVERTISEMENT

മണൽകാടിനു നടുവിൽ പഞ്ചഭൂതങ്ങളുടെ കാവലിൽ സ്വർണത്താഴികക്കുടം ശിരസിലേറ്റി, ഇന്ത്യൻ ശിൽപകലയുടെ ചാരുത മുഴുവൻ ആവാഹിച്ച്, അറബി നാടിന്റെ സ്വന്തം ക്ഷേത്രം. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ക്ഷേത്രനിർമാണ ശൈലിയിൽ പൂർത്തിയാക്കിയ ആദ്യ ഹിന്ദു ക്ഷേത്രം 14നു ലോകത്തിനു മുൻപിൽ നട തുറക്കുന്നു. മധ്യപൂർവ ദേശത്ത് ഹിന്ദു ക്ഷേത്രങ്ങൾ പലതുണ്ടെങ്കിലും പരമ്പരാഗത ക്ഷേത്രനിർമാണ ശൈലിയിൽ പൂർത്തിയാക്കി എന്നതാണ് അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നത്. 18ാം നൂറ്റാണ്ടിൽ ഗുജറാത്തിൽ ഹിന്ദു വിശ്വാസത്തെ നവീകരിച്ച സ്വാമി നാരായൺ സൻസ്തയിലെ വിശ്വാസ സമൂഹമാണ് അബുദാബിയിലെ ഹിന്ദു യാഥാർഥ്യമാക്കിയത്.

ബോച്ചസന്യാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്ത എന്നതാണ് ബിഎപിഎസിന്റെ പൂർണ രൂപം. സത്യത്തോടു മാത്രം സഖ്യം എന്നതാണ് (സത് സംഘ്) നാരായൺ സൻസ്തയുടെ പ്രഖ്യാപിത ജീവിതചര്യ. 2015ൽ ക്ഷേത്രത്തിന് യുഎഇ സർക്കാർ സ്ഥലം അനുവദിച്ചു. ക്ഷേത്ര നിർമാണത്തിനായുള്ള അന്തിമ ധാരണാപത്രം ഒപ്പുവച്ചത് 2018 ഫെബ്രുവരി 10നാണ്. അന്ന് യുഎഇ പ്രസിഡന്റിന്റെ ഒൗദ്യോഗിക കൊട്ടാരത്തിൽ ബിഎപിഎസ് സന്യാസിമാർ ഇന്നത്തെ പ്രസിഡന്റും അന്നത്തെ കിരീടാവകാശിയുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനു മുന്നിൽ രണ്ടു ക്ഷേത്ര മാതൃകകൾ അവതരിപ്പിച്ചു. ആദ്യത്തേത് ആധുനിക നിർമാണ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള മോഡേൺ കെട്ടിടം. രണ്ടാമത്തേത് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന്റെ മാതൃകയിൽ പരമ്പരാഗത ശിൽപനിർമാണ രീതിയിൽ രൂപപ്പെടുത്തുന്ന ക്ഷേത്രം. 

ഇതിൽ ഏതു മാതൃകയിൽ നിർമിക്കണമെന്ന ചോദ്യത്തിനു ഷെയ്ഖ് മുഹമ്മദിന്റെ  മറുപടി വളരെ ലളിതമായിരുന്നു, ‘നിങ്ങൾ ഒരു ക്ഷേത്രമാണ് നിർമിക്കുന്നതെങ്കിൽ അതു ക്ഷേത്രം പോലെയിരിക്കണം’. അക്ഷർധാം മാതൃകയിലുണ്ടാക്കുന്ന ക്ഷേത്രത്തിനു വർഷങ്ങളുടെ അധ്വാനം വേണ്ടി വരുമെങ്കിലും കാഴ്ചയിൽ സുന്ദരവും 10,000 വർഷമെങ്കിലും നിലനിൽപ്പുമുണ്ടാകുമെന്നു സന്ന്യാസിമാർ പറഞ്ഞു. അതു തന്നെയാകണം അബുദാബി ക്ഷേത്രത്തിന്റെ രൂപമെന്ന് യുഎഇ ഭരണകൂടം തീരുമാനിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. ക്ഷേത്രത്തിനായി 27 ഏക്കർ സ്ഥലം യുഎഇ ഭരണകൂടം സൗജന്യമായി നൽകി. ഇതിൽ 13.5 ഏക്കറിലാണ് ക്ഷേത്രം. ബാക്കി 13.5 ഏക്കർ സ്ഥലം പാർക്കിങ്ങിനായി വേർതിരിച്ചിരിക്കുന്നു.  2018 ഫെബ്രുവരി 11ന് ശിലാപൂജ നടന്നു. 2019 ഏപ്രിൽ 20ന് ബിഎപിഎസിന്റെ ആത്മീയ ആചാര്യൻ മഹന്ദ് സ്വാമി ശിലാസ്ഥാപനം നിർവഹിച്ചു. 

സാഹോദര്യത്തിന്റെ ഉത്സവം

ബിഎപിഎസ് ക്ഷേത്രത്തിന്റെ പുറംഭാഗത്തെ കൊത്തുപണികൾ
ബിഎപിഎസ് ക്ഷേത്രത്തിന്റെ പുറംഭാഗത്തെ കൊത്തുപണികൾ

ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ സാഹോദര്യത്തിന്റെ ആഘോഷമായാണ് ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്നത്. 1997ൽ നാരായൺ സൻസ്തയുടെ അന്നത്തെ ആത്മീയ ആചാര്യൻ പ്രമുഖ് സ്വാമി മഹാരാജ് ആണ് യുഎഇയിൽ ബിഎപിഎസിന് ഒരു ക്ഷേത്രം എന്ന ആശയം ഭരണാധികാരികൾക്കു മുൻപിൽ വയ്ക്കുന്നത്. യുഎഇ എല്ലാ അർഥത്തിലും ക്ഷേത്ര നിർമാണത്തിനൊപ്പം നിന്നു. കോവിഡിൽ, ലോകം നിശ്ചലമായപ്പോൾ പോലും ക്ഷേത്ര നിർമാണം നിലച്ചില്ല. 

കാഴ്ചകളുടെ പൂരം

ദുബായിക്കും അബുദാബിക്കും ഒത്ത നടുവിൽ ഷെയ്ഖ് സായിദ് ദേശീയ പാതയ്ക്കു സമീപം അബു മുറെയ്ഖിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 7 ഗോപുരങ്ങളുടെ തലയെടുപ്പിൽ ക്ഷേത്രം ദൂരെ നിന്നു തന്നെ ദൃശ്യമാണ്. വിശാലമായ കാർ പാർക്കിങ് മേഖല പിന്നിട്ടാൽ കാണുന്നത് ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടമാണ്. അവിടെ ഗംഗയും യമുനയും ഒഴുകുന്നു. ദേവ ലോകത്തു നിന്നുള്ള സരസ്വതി നദി സാങ്കൽപിക നദിയായ ഇവയ്ക്കു മധ്യത്തിലൂടെ കടന്നു പോകുന്നു. ഗംഗയും യമുനയും സരസ്വതിയും ചേരുന്ന ത്രിവേണി സംഗമത്തിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. ഗംഗയിലെയും യമുനയിലെയും വെള്ളം കപ്പൽ മാർഗം ക്ഷേത്രത്തിൽ എത്തിച്ചു. കൃത്രിമ നദിയിലൂടെ ഈ വെള്ളം നിലയ്ക്കാതെ ഒഴുകും. സരസ്വതി നദിയെ സൂചിപ്പിക്കാനായി വെളിച്ച സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. 

നടവഴിയുടെ ഇരു വശത്തും ഗോമാതാവിനെ സൂചിപ്പിക്കാനായി പശുവിന്റെ തലയുടെ രൂപം സ്ഥാപിച്ചിരിക്കുന്നു. ഇവയ്ക്കു മുകളിലായി 96 മണികളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രം തുറക്കുന്നതോടെ ഈ മണികളും ശബ്ദിച്ചു തുടങ്ങും. മരുഭൂമിയിലെ കൊടും ചൂടിലും നഗ്നപാദരായി ക്ഷേത്രത്തിന്റെ പടവുകൾ കയറാം എന്നതാണ് മറ്റൊരു പ്രത്യേകത. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത തറയോടിന് 50 ഡിഗ്രിവരെയുള്ള ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.  രാജസ്ഥാനിൽ നിന്നുള്ള പിങ്ക് സാൻഡ് സ്റ്റോണിലാണ് ക്ഷേത്രത്തിന്റെ പുറം ഭാഗം ഒരുക്കിയിരിക്കുന്നത്. ഓരോ അണുവിലും അതിമനോഹര ശിൽപങ്ങൾ. 

അതിൽ രാമകഥയുണ്ട്, മഹാഭാരതമുണ്ട്, ഭഗവത് ഗീതയുണ്ട്, ബൈബിൾ കഥയും അറബിക്കഥകളുമുണ്ട്. 1997ൽ ഹിന്ദു ക്ഷേത്രത്തിന്റെ നിർമാണത്തിന് ആലോചിച്ചതു മുതൽ ആധുനിക യുഎഇയുടെ ഇന്നത്തെ രൂപവും ക്ഷേത്രത്തിന്റെ ഭിത്തിയിൽ കൊത്തിയൊരുക്കിയിരിക്കുന്നു. യുഎഇയുടെ സാംസ്കാരിക ചരിത്രവും നാഗരിക ചരിത്രവും  ചൈനീസ്, ആസ്ടെക്, മെസപ്പട്ടേമിയ ചരിത്രവും ഈ ക്ഷേത്രഭിത്തിയിൽ കാണാം. ശബരിമലയും അയ്യപ്പന്റെ ജീവിതവും ശിൽപകഥകളിൽ ആലേഖനം ചെയ്തിരിക്കുന്നു. രാമന്റെയും ശിവന്റെയും പ്രതിഷ്ഠയുള്ള ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളുടെ രൂപം, ഇന്ത്യൻ ആനകളും അറേബ്യൻ ഒട്ടകങ്ങളും യുഎഇയുടെ ദേശീയ മൃഗം ഓറിക്സ് എന്ന മാനും ദേശീയ പക്ഷി ഫാൽക്കണും ക്ഷേത്രത്തിന്റെ ചുവരുകളിൽ കാണാം. 

രാജസ്ഥാനിലെ കരവിരുത്

 കൃത്രിമ ത്രിവേണി സംഗമം
കൃത്രിമ ത്രിവേണി സംഗമം

ക്ഷേത്രത്തിലെ ഓരോ കൊത്തുപണികളും ഇന്ത്യൻ മണ്ണിൽ പിറന്നതാണ്. രാജസ്ഥാനിലെ ശിൽപികളാണ് കൊത്തുപണികൾക്കു പിന്നിൽ. ഇന്ത്യയിൽ നിർമിച്ച ക്ഷേത്ര ഭാഗങ്ങൾ കപ്പലിലാണ് അബുദാബിയിൽ എത്തിച്ചത്. ഇരുമ്പോ കമ്പികളോ ക്ഷേത്രത്തിനായി ഉപയോഗിച്ചിട്ടില്ല. ഇന്റർ ലോക്ക് രീതിയിൽ കൂട്ടിയിണക്കുകയായിരുന്നു. 

7 ഗോപുരങ്ങൾ

ഏഴു പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ. ഓരോ ഗോപുരവും ഓരോ പ്രതിഷ്ഠയെ സൂചിപ്പിക്കുന്നു. സ്വാമിനാരായൺ അക്ഷർ പുരുഷോത്തമാണ് മുഖ്യ പ്രതിഷ്ഠ. ശിവൻ, ശ്രീകൃഷ്ണൻ, ശ്രീരാമൻ, ജഗന്നാഥൻ, വെങ്കിടേശ്വരൻ, അയ്യപ്പൻ എന്നിവരാണ് മറ്റു പ്രതിഷ്ഠകൾ. 7 ഗോപുരങ്ങൾ സാഹോദര്യത്തിന്റെ കൂടി അടയാളങ്ങളാണ്. യുഎഇയിലെ 7 എമിറേറ്റുകളെയും ഈ ഗോപുരങ്ങൾ പ്രതിനിധീകരിക്കുന്നു. 

പഞ്ചഭൂതങ്ങളുടെ ഡോം ഓഫ് ഹാർമണി

അബുദാബി ക്ഷേത്ര സമുച്ചയത്തിന്റെ പൂർണ മാതൃക.
അബുദാബി ക്ഷേത്ര സമുച്ചയത്തിന്റെ പൂർണ മാതൃക.

ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന ഹാളിനു പരസ്പര്യത്തിന്റെ മകുടം എന്നാണ് പേര്. ഹൈന്ദവ വിശ്വാസ പ്രകാരം പഞ്ചഭൂതങ്ങൾ കുടിയിരിക്കുന്ന മകുടം. ഭൂമി, ജലം, പ്രകാശം, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളെ ശിലകളിൽ ആലേഖനം ചെയ്ത താഴികക്കുടത്തിൽ ഇസ്‍ലാമിലും ഹൈന്ദവ വിശ്വാസത്തിലും പ്രധാനമായ ചന്ദ്രന്റെ പിറവി മുതൽ പൂർണത വരെ ചിത്രീകരിച്ചിരിക്കുന്നു. ക്ഷേത്രത്തിലെ ശിൽപങ്ങൾ പൂർത്തിയാക്കാൻ ഏകദേശം രണ്ടായിരത്തോളം ശിൽപികൾ രാപകലില്ലാതെ അധ്വാനിച്ചു. 

ക്ഷേത്രത്തിന്റെ ഉൾവശം പൂർണമായും ഇറ്റലിയിൽ നിന്നുള്ള തൂവെള്ള മാർബിളിലാണ് നിർമിച്ചിരിക്കുന്നത്. വിശാലമായ ആംഫി തിയറ്റർ, ഭക്ഷണ ശാല എന്നിവയും ക്ഷേത്രത്തിന്റെ ഭാഗമായി കാണാം. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്ഐ) പള്ളിയാണ് ബിഎപിഎസ് ക്ഷേത്രത്തിന്റെ അയൽപക്കത്ത്. 

ഐക്യത്തിന്റെ പ്രതീകം

മാനവ സാഹോദര്യത്തിന്റെയും ആഗോള ഐക്യത്തിന്റെയും ശാന്തിയുടെയും പ്രതീകമാണ് അബുദാബി ക്ഷേത്രമെന്ന് ബിഎപിഎസ് ഹിന്ദു മന്ദിർ മേധാവി സ്വാമി ബ്രഹ്മ വിഹാരി ദാസ് ‘മനോരമ’യോടു പറഞ്ഞു. 14ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഭരണാധികാരികളും ചേർന്ന് ക്ഷേത്രം നാടിനു സമർപ്പിക്കും. രാവിലെ വിഗ്രഹ പ്രതിഷ്ഠയും വൈകിട്ട് സമർപ്പണ ചടങ്ങുമായിരിക്കും. സ്വാമിനാരായൺ സൻസ്തയുടെ ഇപ്പോഴത്തെ ആത്മീയ ആചാര്യൻ മഹന്ദ് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വം നൽകും.

ക്ഷേത്രം ഒറ്റനോട്ടത്തിൽ

ഉയരം 108 അടി

വിസ്തീർണം 55,000 ചതുരശ്ര മീറ്റർ. 

ക്ഷേത്രവുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ 300

ഉപയോഗിച്ചിരിക്കുന്ന മാർബിൾ 40,000 ക്യുബിക് അടി

രാജസ്ഥാനിലെ മൺകട്ട 1.8 ലക്ഷം ക്യുബിക് അടി. 

ഇഷ്ടികകൾ 18 ലക്ഷം. 

മനുഷ്യ അധ്വാനം: 6,89,512 മണിക്കൂർ 

ചെലവ്: 40 കോടി ദിർഹം (ഏകദേശം 900 കോടി രൂപ)

ആർക്കിടെക്റ്റ്: ആർഎസ്പി ആർക്കിടെക്റ്റ്സ് പ്ലാനേഴ്സ് ആൻഡ് എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്

English Summary:

Sunday Special about construction completed BAPS temple in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com