ADVERTISEMENT

ബിരുദങ്ങളുടെ ആടയാഭരണങ്ങളില്ലാതെ കഠിനാധ്വാനത്തിന്റെയും പച്ചയായ ജീവിതാനുഭവങ്ങളുടെയും കരുത്തിൽ ഭാഷയ്ക്കു വെളിച്ചമായി മാറിയ വ്യക്തി; കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ ഞാറ്റ്യേല ശ്രീധരൻ. ഞാറ്റ്യേല ദേവിയുടെയും തട്ടാരിയിൽ ചാത്തന്റെയും മകൻ. ശ്രീധരനു നാലാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. ദാരിദ്ര്യം തന്നെ കാരണം.

ചെറുപ്പം മുതൽ വായനയോട്‌ അത്യധികം താൽപര്യമുണ്ടായിരുന്ന ശ്രീധരൻ കുഞ്ചൻ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളകാവ്യം, കുമാരനാശാന്റെ ബാലചരിതം, സംസ്കൃത നിഘണ്ടു അമരകോശം എന്നിവയൊക്കെ ആഴത്തിൽ വായിച്ചറിഞ്ഞു. നാലാം ക്ലാസിൽ പഠനമവസാനിപ്പിച്ച് ശ്രീധരൻ നേരെ പോയത് ബീഡിക്കമ്പനിയിലെ ജോലിക്കാണ്. അവിടെയുള്ളവർ മിക്കവരും സാഹിത്യകൃതികൾ വായിക്കുന്നവരായിരുന്നു. അവിടെ പിന്നീട്‌ അതെപ്പറ്റിയുള്ള ചർച്ചകളും വാദപ്രതിവാദങ്ങളും നടത്തിയിരുന്നു.

അങ്ങനെ ആ ബീഡിക്കമ്പനിയുടെ അന്തരീക്ഷം പുതിയൊരു വിജ്ഞാനലോകം ശ്രീധരനു മുന്നിൽ തുറന്നുവച്ചു. കമ്പനിയിലെ പത്രവായനയും പുസ്തച്ചർച്ചകളും ചിന്തകൾ വിശാലമാക്കി. അക്കാലത്ത് അവിടെ രൂപീകരിച്ച ബാലസംഘത്തിന്റെ പ്രസിഡന്റായി ശ്രീധരൻ തിരഞ്ഞെടുക്കപ്പെട്ടു. 1957 ൽ ബാലസംഘം നിശാക്ലാസ്സ്‌ ആരംഭിച്ചു. അധ്യാപകനില്ലാത്തപ്പോൾ ക്ലാസിന്റെ ചുമതല ശ്രീധരനു കിട്ടി. 1962ൽ ശ്രീധരൻ സ്വന്തമായൊരു ക്ലാസ്‌ തുടങ്ങി.  1982-ൽ കണ്ണൂരിലെ കക്കാടുള്ള ദേശാഭിവർദ്ധിനി വായനശാലയിൽ സാക്ഷരതാപദ്ധതി തുടങ്ങിയപ്പോൾ ശ്രീധരൻ അവിടെ അധ്യാപകനായി.

പിന്നീട്‌ 1991 ലെ നായനാർ സർക്കാരിന്റെ കാലത്ത് സാക്ഷരതാപദ്ധതിയിൽ മാസ്റ്റർ ട്രെയിനറായി അദ്ദേഹത്തെ നിയമിച്ചു. ആ സമയത്ത്‌, ആക്രിക്കച്ചവടം നടത്തുന്ന ഇതരസംസ്ഥാനക്കാർ താമസിക്കുന്ന എസ്‌എംഎസ്‌ കോളനിയിൽ ശ്രീധരൻ പഠിപ്പിക്കാൻ പോയി. അവിടെ തമിഴരും തെലുങ്കരും കന്നഡക്കാരുമെല്ലാം ഉണ്ടായിരുന്നു. ഒരു ദിവസം തന്റെ ശിഷ്യരിലെ തമിഴ്നാടു സ്വദേശിനിയായ ഷെൽവി ‘മാശേ മലയാളം പഠിക്കരത്‌ റൊമ്പ കശ്ടം’ എന്നു പറഞ്ഞു. ആ വാക്കുകൾ ഞാറ്റ്യേല ശ്രീധരൻ എന്ന ഭാഷാസ്നേഹിയുടെ മനസ്സിലേക്ക്‌ ഒരു കുന്തമുനപോലെ തറച്ചു കയറി.

അങ്ങനെ മലയാളം അക്ഷരമാലയിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്ന തോന്നൽ ശ്രീധരനിൽ ഉടലെടുത്തു. അദ്ദേഹം ലിപിപരിഷ്കരണവുമായി ബന്ധപ്പെട്ട്‌ ഒരു വാരികയിൽ ‘മലയാള ലിപി പരിഷ്കാരം ഒരവലോകനം’ എന്ന ലേഖനവും, മറ്റൊരു വാരികയിൽ ‘മാശേ മലയാളം പഠിക്കരത്‌ റൊമ്പ കശ്ടം’ എന്ന പേരിൽ ഒരു ലേഖനവും എഴുതി. ഇനിയൊരു ലിപി പരിഷ്കാരം മലയാളഭാഷയിൽ ഏർപ്പെടുത്തുമ്പോൾ ഭാഷാപഠനവും പ്രയോഗവും എളുപ്പമാക്കണമെന്നായിരുന്നു ലേഖനത്തിലെ പ്രധാന നിർദേശം. 23ാം വയസ്സിൽ പാലക്കാട്ടേക്കു ജോലിമാറി. അവിടെ നിന്നാണ് അദ്ദേഹം തമിഴ്‌ പഠിക്കുന്നത്‌.

പാലക്കാട്ടുള്ള ബീഡിക്കമ്പനിയിൽ അക്കാലത്ത്‌ തമിഴ്പത്രങ്ങൾ വായിച്ചിരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ അക്ഷരമാലയും നിഘണ്ടുവും നിറഞ്ഞു നിൽക്കുകയായിരുന്നു. അതിനിടെ ഏഴാം ക്ലാസ് പൊതു പരീക്ഷ എഴുതി വിജയിച്ചു. പിന്നീട്‌ ബീഡിത്തൊഴിലാളി യൂണിയന്റെ തലശ്ശേരി സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട്‌ ലാസ്റ്റ്‌ ഗ്രേഡിൽ താൽക്കാലിക ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചു. ശേഷം ബ്ലൂ പ്രിന്റിങ് ട്രെയിനിങ്‌ വിജയിച്ച് അദ്ദേഹം ബ്ലൂ പ്രിന്റിങ് ജോലിയിലേക്കു കടന്നു. അതിനിടെ പലരുമായി ബന്ധപ്പെടുകയും പല ഭാഷ പഠനം പുരോഗമിക്കുകയും ചെയ്തു.

പഠനത്തിനായി ആന്ധ്രയിലും തമിഴ്നാട്ടിലും കർണാടകയിലും പോയി താമസിച്ചു. 1994ൽ ജോലിയിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം തന്റെ ജീവിതം നിഘണ്ടുവിനായി സമർപ്പിച്ചു. വീട്ടിൽ നിന്നു പുറത്തിറങ്ങാതെ സമൂഹവുമായി തന്റെ ചുറ്റുപാടുമായി ഒരു സമ്പർക്കവുമില്ലാതെ ശ്രീധരൻ വർഷങ്ങൾ കഴിച്ചുകൂട്ടി. ഊണും ഉറക്കവും മാറ്റിവച്ച്‌ അദ്ദേഹം രാപകൽ നാലു ഭാഷകളിലെ പദങ്ങളെ ഒരു കുടക്കീഴിൽ ക്രമീകരിച്ചു. ഏതു ഭാഷയിലായാലും നിഘണ്ടു നിർമാണം ബാലികേറാമല തന്നെയാണ്‌. ആരും തനിച്ചു കേറാൻ മടിക്കുന്ന അക്ഷരമല.

എന്നാൽ ഇവിടെ ഞാറ്റ്യേല ശ്രീധരൻ എന്ന ഭാഷാസ്നേഹി 25 വർഷത്തെ സ്വപ്രയത്നത്തിലൂടെ ശ്രമകരമായ ചതുർഭാഷാ നിഘണ്ടു പൂർണതയിലെത്തിച്ചു.  നിഘണ്ടുവായി രൂപപ്പെടുത്തിയെടുക്കാൻ പല പ്രസാധകരെയും സമീപിച്ചുവെങ്കിലും അവരൊക്കെ ചികഞ്ഞത്‌ വിദ്യാഭ്യാസ യോഗ്യതകളാണ്.  ആ നാലാംക്ലാസുകാരന്റെ, ഒരു പുരുഷായുസ്സോളംനീണ്ട കഠിനാധ്വാനത്തെയോ അതിന്റെ ഉദാത്തമായ ഫലത്തെയോ ആരും തിരിച്ചറിഞ്ഞില്ല. ഒടുവിൽ നീണ്ട കാത്തിരിപ്പിനും അവഗണനയ്ക്കും വിരാമമിട്ടു 2012- ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളം തമിഴ്‌ ദ്വിഭാഷാ നിഘണ്ടു പ്രസിദ്ധീകരിച്ചു.

പിന്നീട്‌ ഞാറ്റ്യേല ശ്രീധരന്റെ സ്വപ്നസാക്ഷാൽകാരമായ മലയാളം–കന്നഡ–തമിഴ്‌ തെലുങ്ക് ചതുർ ദ്രാവിഡ ഭാഷാനിഘണ്ടു 2020ൽ കേരള സീനിയർ സിറ്റിസൻ ഫോറം പ്രസിദ്ധീകരിച്ചു. ശേഷം അതിന്റെ രണ്ടാം പതിപ്പ്‌ ദ്രാവിഡ ചതുർഭാഷാ പദപരിചയം ( മലയാളം കന്നഡ തമിഴ്‌ തെലുങ്ക്) എന്ന പേരിൽ 2022 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. കോഴിക്കോട്ടുകാരൻ കൈലാഷ്‌നാഥ്‌, കണ്ണൂർ കൂത്തുപറമ്പ്‌ സ്വദേശി ജിസോ ജോസ്‌, പാലക്കാട്ടുകാരൻ ഷിജു അലക്സ്‌ എന്നിവർ ഞാറ്റ്യേല ശ്രീധരന്റെ ചതുർ ദ്രാവിഡ ഭാഷ നിഘണ്ടുവിനെ ഡിജിറ്റലാക്കുന്നതിനുള്ള പ്രോജക്ട് ഏറ്റെടുത്തിരിക്കുകയാണ്‌.

മലയാളം, കന്നഡ, തമിഴ്‌, തെലുങ്ക് എന്നിവയിൽ 1.25 ലക്ഷത്തിലധികം പദങ്ങളെ പരിചയപ്പെടുത്തുകയും അർത്ഥപരമായി വിശകലനം ചെയ്യുകയും ചെയ്യുന്നു. അതോടൊപ്പം പദങ്ങൾക്കു ലിപ്യന്തരണം നൽകുകയും ചെയ്തിട്ടുണ്ട്‌. അതായത്‌ ഒരു ഭാഷയെ മറ്റൊരു ഭാഷയുടെ ലിപി ഉപയോഗിച്ചു കൊണ്ട്‌ എഴുതുന്ന രീതിയാണത്‌. മലയാളക്കരയിൽ ആദ്യമായാണ്‌ ഇത്തരത്തിലുള്ളൊരു ഗ്രന്ഥം. ശ്രീധരന്റെ ചതുർ ദ്രാവിഡ ഭാഷാനിഘണ്ടു നിർമാണത്തെ അടയാളപ്പെടുത്തി ‘ഡ്രീമിങ്‌ ഓഫ്‌ വേർഡ്‌സ്‌’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയിട്ടുണ്ട്.

നന്ദൻ ആണു സംവിധാനം. അതിനു മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. ഇതിലൂടെ ഞാറ്റ്യേല ശ്രീധരൻ എന്ന ഭാഷാസ്നേഹിയുടെ കഠിനാധ്വാനങ്ങളും പരിശ്രമങ്ങളും പുറംലോകം അറിഞ്ഞു. 1872-ൽ ഹെർമൻ ഗുണ്ടർട്ട്‌ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ ആദ്യത്തെ മലയാളം - ഇംഗ്ലിഷ്് നിഘണ്ടുവിന്‌ രൂപം നൽകി, ഇപ്പോൾ 150 വർഷങ്ങൾക്കു ശേഷം ഗുണ്ടർട്ട്‌ നിഘണ്ടു രൂപം നൽകിയ തലശ്ശേരിയിൽ നിന്ന്‌ തന്നെ ഞാറ്റ്യേല ശ്രീധരന്റെ മലയാളം– കന്നഡ– തമിഴ്‌– തെലുങ്ക് ചതുർ ദ്രാവിഡ ഭാഷാ നിഘണ്ടുവും പിറവിയെടുത്തു എന്ന കൗതുകവുമുണ്ട്.

English Summary:

Sunday Special about Njattyela Sreedharan's dictionary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com