ADVERTISEMENT

നിന്നു കത്തുന്ന വിളക്കായല്ല, ഓടിച്ചാടി ജ്വലിക്കുന്ന തീപ്പന്തമാവണം പെണ്ണുങ്ങൾ. വെറുതേയിരുന്നു മടുപ്പിനെ എടുത്തണിയാതെ പെണ്ണിന്റെ വൈകാരികാവസ്ഥകളെ മാനസികമായും ശാരീരികമായും ചെറുക്കാൻ ചലനാത്മകമായും പ്രവർത്തന സജ്ജരായും കരുത്തരാകണം’, ബീന കണ്ണൻ കൊച്ചിയിലെ ശീമാട്ടിയിലിരുന്നാണിതു പറഞ്ഞത്. കേരളത്തിലെ സ്ത്രീകളെ ആരോഗ്യവും കരുത്തുമുള്ളവരാക്കി മാറ്റാനുള്ള പുതിയൊരു പദ്ധതി തുടങ്ങാനൊരുങ്ങുകയാണവർ, ‘ബീയിങ് കൈനറ്റിക്’ എന്ന പേരിൽ. മനസ്സെത്തുന്നിടത്ത് ശരീരമെത്തിക്കാനുള്ള ഫിറ്റ്നസ് ഫിലോസഫിക്കൊപ്പം സ്ത്രീകളെ ഒപ്പം കൂട്ടാനിറങ്ങുകയാണ്.

ബീന കണ്ണൻ

ബിരുദപ്പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്നാൾ ബിസിനസിലേക്കിറങ്ങിയ ആളാണു ബീന കണ്ണൻ. സ്വയം പിടിച്ചെഴുന്നേൽപിച്ചും ഒറ്റയ്ക്കു പലതും പഠിച്ചെടുത്തും നിരന്തര പരിശ്രമത്തിലൂടെ പിന്നീടൊരു ബ്രാൻഡായി പരിണമിച്ചപ്പോഴും അച്ഛൻ ചൊല്ലിത്തന്ന ചില കുട്ടിക്കാല ശീലങ്ങൾ വഴിയിലുപേക്ഷിച്ചില്ല. ആരോഗ്യപരമായി കരുത്തയാകണം എന്ന നല്ലപാഠം അലക്ഷ്യമായി കൈകാര്യം ചെയ്യേണ്ടതല്ല എന്നു ബീന പണ്ടേ ചിന്തിച്ചുറപ്പിച്ചു.

ഒറ്റയടിക്ക് അഞ്ഞൂറോളം പുഷ് അപ്സ്, 20,000 ചുവടുകളോളമുള്ള നടപ്പ്, കുന്നും മലയും കയറിയിറങ്ങും മട്ടിൽ നിർത്താതെയുള്ള ഓട്ടം, കളരി പോലുള്ള ആയോധന കലകളിലെ ചുവടുകൾ... ഈ 64–ാം വയസ്സിലും ബീന കണ്ണന്റെ മനസ്സും ശരീരവും ചടുലമാണ്. തിരക്കിന്റെ ഓട്ടപ്പാച്ചിലിനിടയിൽ ഇത്തരം ചിട്ടകളിൽ ചിലപ്പോഴൊക്കെ മുടക്കം. വ്യായാമ മുറകൾക്കപ്പുറത്തുള്ള ചലനങ്ങളിലൂടെ ശരീരത്തെ ഊർജിതപ്പെടുത്തണമെന്ന ചിന്ത വന്നത് അപ്പോഴാണ്. അതാണു ബീയിങ് കൈനറ്റിക് എന്ന പ്രക്രിയയിലെത്തിച്ചത്.

ബീയിങ് കൈനറ്റിക്

ചലനങ്ങൾ സ്ത്രീകളെ കൂടുതൽ ഊർജിതരാക്കും. ഒരു കടലാസ് കീറി നിലത്തിട്ടു കുനിഞ്ഞെടുക്കുന്നതു പോലും വെറുതേയാവില്ല. ചിന്തകൾക്കായി ഇരുന്നു കൊടുക്കുന്നതാവരുത് ജീവിതരീതി. പതിവായി ഡാൻസ് ചെയ്തിരുന്നു ബീന. യോഗയും ജിമ്മിലെ വെയ്റ്റ് പരിശീലനവുമെല്ലാം മാസത്തിലെ 20 ദിവസം നീളുന്ന ബിസിനസ് യാത്രകൾക്കിടയിൽ മുടക്കിയിരുന്നില്ല. മടുപ്പില്ലാതെ നടന്നും ഓടിയുമാണു ലാഭനഷ്ടങ്ങളുടെ ഭാഷ പോലും തിരിച്ചറിഞ്ഞു തുടങ്ങിയതെന്നു ബീന കണ്ണൻ പറയുന്നു.

‘ ജിമ്മിൽ പോയും കടുത്ത ഡയറ്റിങ്ങിനിറങ്ങിയുമുള്ള ആരോഗ്യസംരക്ഷണമല്ല ‘ ബീയിങ് കൈനറ്റിക്’ പറയുന്നത്. ജിമ്മുകളിലേതു പോലെ ഫിറ്റ്നസ് ഉപകരണങ്ങളൊന്നുമില്ല. ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യായാമ ശീലങ്ങളുടെ നാടൻ സിലബസ്. ഓടാനും ചാടാനും മലകയറി, മരംകയറി മറിഞ്ഞെണീക്കാനുമെല്ലാം ‘ ബീയിങ് കൈനറ്റിക്’ സെന്ററിൽ സൗകര്യമുണ്ട്. കേരളത്തിലെ സ്ത്രീകൾക്കായുള്ള പുതിയൊരു ആരോഗ്യ സംസ്കാരമാവുമിത്. മാർച്ച് 8ന് ലോക വനിതാദിനത്തിൽ കൊച്ചിയിലാണ് ആരംഭം. എല്ലാ ജില്ലകളിലും, പിന്നീട് മുഴുവൻ പഞ്ചായത്തുകളിലും വ്യാപിപ്പിക്കണമെന്നാണു മോഹം’.

എറണാകുളം ബൈപാസിൽ വെണ്ണലയ്ക്കടുത്ത് അത്തരമൊരിടം ഒരുക്കത്തിന്റെ അവസാന ഘട്ടത്തിലാണ്. ഫാൻസി സാങ്കേതിക വിദ്യകൾ ഒട്ടും കയറിക്കൂടാതെ ഉല്ലാസത്തോടെ ചലനോർജം ആർജിക്കാവുന്ന സംവിധാനങ്ങൾ. ആനന്ദകരമാകുന്ന വ്യായാമശീലങ്ങൾ.

‘ചലനവും ചടുലതയുമെല്ലാം ഇവിടെയെത്തുന്നവരിൽ പുതിയ ഉദിപ്പുകളുണർത്തും, തീർച്ച....’, ബീന കണ്ണൻ പറഞ്ഞു. നിർത്താതെയുള്ള പരിശ്രമത്തിന്റെ ആകെത്തുകയാണ് ഇന്നു കാണുന്ന ബീന കണ്ണൻ. അതിൽ ആരോഗ്യരക്ഷയ്ക്ക് അവർ നൽകിയ ശ്രദ്ധയ്ക്കാണു വലിയ പ്രസക്തി. ശരീരത്തിന്റെ മതിലുകൾ മറികടന്നു കൈവരിച്ച അനുഭവങ്ങൾ മറ്റുള്ളവർക്കായി പകുത്തു നൽകണമെന്ന മോഹമാണ് ഈ പദ്ധതിക്കു പിന്നിൽ. 3 മുതൽ 90 വയസ്സു വരെയുള്ള സ്ത്രീകൾക്കു ബീയിങ് കൈനറ്റിക്കിന്റെ ഭാഗമാകാം.

English Summary:

Sunday Special about Beena Kannan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com