ADVERTISEMENT

നിറചിരിയോടെ ‘നമസ്തേ’ പറയുന്നതു കണ്ടാൽ മലയാളത്തിന്റെ ലാവണ്യമാണെന്നേ തോന്നൂ. പെരുമാറ്റത്തിൽ മലയാളിത്തത്തിന്റെ ലാളിത്യം നിറച്ച ഇവർ ബ്രിട്ടിഷുകാരിയാണെന്ന കാര്യം സംസാരിക്കുമ്പോൾ മാത്രമേ ആരുമോർക്കൂ. ഇത്ര കാലമായിട്ടും മലയാളം അത്രയ്ക്കങ്ങു വഴങ്ങിയിട്ടില്ലെന്നു പറയുന്ന ഈ പത്മശ്രീ ജേതാവിനെ പരിചയക്കാരെല്ലാം ആത്യാദരവോടെയാണു കാണുന്നത്. എഴുത്തുകാരിയായും ഫൊട്ടോഗ്രഫറായും തിളങ്ങുന്ന പെപിത സേത്തിനെ കേരളവും കേരളത്തെ പെപിതയും ആലിംഗനം ചെയ്തു തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. 

അമ്മയുടെ മുത്തച്ഛന്റെ ഡയറിത്താളുകളിലൂടെ ഇന്ത്യയെ അറിഞ്ഞ്, വേരുകൾ പറിച്ചെറിഞ്ഞ് ഇവിടെയെത്തിയ അവർ രണ്ടാം വരവിൽ കേരളത്തോട് ഇഷ്ടംകൂടി. ഓരോ വർഷവും കൂടിക്കൂടിവരുന്ന ആ ഇഷ്ടത്തോടെ അവർ കേരളത്തെക്കുറിച്ചു പഠിച്ചുകൊണ്ടേയിരിക്കുന്നു. തൃശൂരിൽ താമസിക്കുന്ന പെപിത സേത്ത് തെയ്യത്തെക്കുറിച്ചു തയാറാക്കിയ സചിത്രപുസ്തകത്തിന്റെ പേരിലാണിപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇരുപതു വർഷത്തോളം വടക്കേ മലബാറിലെ തെയ്യപ്പറമ്പുകളിലൂടെ അല‍ഞ്ഞും ഒട്ടേറെ ആളുകളുമായി സംവദിച്ചും കഥകളറിഞ്ഞും ഇംഗ്ലിഷിൽ തയാറാക്കിയ ‘ഇൻ ഗോഡ്സ് മിറർ: ദ് തെയ്യംസ് ഓഫ് മലബാർ’ എന്ന പുസ്തകം തെയ്യങ്ങളുടെ വിസ്മയലോകത്തിന്റെ ആധികാരിക രേഖയാണെന്നു പറയാം.

2,000 വർഷങ്ങളുടെ പാരമ്പര്യമുള്ള തെയ്യങ്ങളുടെ ചരിത്രത്തെ ഉള്ളിലേക്ക് അത്രമേൽ ചേർത്തുവച്ചാണ് അതിമനോഹരമായ പുസ്തകരൂപത്തിലേക്ക് ആവാഹിച്ചിരിക്കുന്നത്. അത്രമാത്രം ഉൾക്കനമുള്ള എഴുത്തും ജീവനുള്ള ചിത്രങ്ങളും. ഇംഗ്ലണ്ടിലെ സഫോക്കിൽ ജനിച്ച പെപിത ചെറുപ്പത്തിൽതന്നെ സ്കൂൾ പഠനം അവസാനിപ്പിച്ച് ഫൊട്ടോഗ്രഫിയിലേക്കും സിനിമയിലേക്കും തിരിഞ്ഞു. വൈകാതെ ഫിലിം എഡിറ്ററായി ജോലി ചെയ്യാൻ തുടങ്ങി. കൃഷിയെക്കുറിച്ചു പഠിക്കുകയും മാതാപിതാക്കളെ ഫാമിലെ ജോലികളിൽ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യ മാടിവിളിക്കുന്നത്.

മുത്തച്ഛന്റെ ഡയറിയിൽ ഇന്ത്യയെക്കുറിച്ച് എഴുതിയതു വായിച്ചതോടെ ഇതാണു തന്റെ വാഗ്ദത്തദേശമെന്ന് അവർ തിരിച്ചറിഞ്ഞു. എല്ലാമായ അമ്മ മരിച്ചതിന്റെ കണ്ണീരിലിരിക്കെ ആ ഡയറിക്കുറിപ്പുകൾ അവർക്കു വഴി തെളിച്ചു. അങ്ങനെ 1970 ൽ, 27–ാം വയസ്സിൽ ഇന്ത്യയിലേക്കുള്ള ആദ്യ വരവ്. ലണ്ടനിൽനിന്നു മുംബൈയിലേക്കുള്ള യാത്ര കൊൽക്കത്തയിലേക്കും ലക്നൗവിലേക്കും കാശിയിലേക്കും നീണ്ടു. ലണ്ടനിലേക്കു മടങ്ങിയെങ്കിലും ഇന്ത്യയെന്ന ഉൾവിളി അതിശക്തമായിരുന്നു. 

1972ൽ അങ്ങനെയെത്തിയതാണു കേരളത്തിൽ. അമ്പലങ്ങളുടെയും ആനകളുടെയും ഉത്സവങ്ങളുടെയും പ്രകൃതിയൊരുക്കിയ നിറക്കൂട്ടുകളുടെയും നടനവേദിയായ കേരളം ആദ്യകാഴ്ചയിലേ നെഞ്ചോടു ചേർത്തു. ഇവിടത്തെ ഭക്ഷണരീതിയും വസ്ത്രധാരണ ശൈലികളുമെല്ലാം ക്രമേണ പെപിതയുടേതു കൂടിയായി. 

കേരളത്തിലേക്കുള്ള ആദ്യ യാത്രയിൽ കിട്ടിയ സൗഭാഗ്യമായിരുന്നു ഗജരാജൻ ഗുരുവായൂർ കേശവനെ ലോകശ്രദ്ധയിലെത്തിച്ച മനോഹരചിത്രം. ഈ ചിത്രം പകർത്തിയ ഫൊട്ടോഗ്രഫറെന്ന നിലയിൽ ഇവരെ ഓർക്കുന്നത് എത്രയോ പേരാണ്. ഒരർഥത്തിൽ, പെപിതയ്ക്കു കേരളത്തോടുള്ള പൊക്കിൾക്കൊടി ബന്ധമായി മാറി മദപ്പാടിലുള്ള കേശവന്റെ ആ ചിത്രം. ഗുരുവായൂരപ്പൻ തന്നെ ഏൽപിച്ച നിയോഗമായിട്ടാണവർ ആ ചിത്രത്തെ കാണുന്നത്. 

ക്യാമറയുമായി നിൽക്കുന്ന തന്നെക്കണ്ടു കേശവൻ പനമ്പട്ട വീശിയെറിഞ്ഞതും ദേഹത്തുരുമ്മി അതു കടന്നുപോയതും നിമിഷാർധത്തിൽ വിരലുകൾ ക്യാമറാ ബട്ടനിൽ പതിഞ്ഞതുമെല്ലാം ഇത്രകാലം കഴിഞ്ഞിട്ടും അവർ ഓർത്തെടുക്കുന്നതു വല്ലാത്ത നെഞ്ചിടിപ്പോടെയാണ്. ഏറെ പ്രസിദ്ധമായ ഈ ചിത്രം ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റമ്പല മുഖപ്പിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ആനകളും ക്ഷേത്രവും അതിന്റെ അലൗകിക അനുഭൂതിയും പെപിതയെ ഗുരുവായൂരിൽ തളച്ചിട്ടു.

1981ൽ ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനു ഹിന്ദു ആചാരപ്രകാരമുള്ള അനുമതി വാങ്ങി. അവിടത്തെ കാഴ്ചകളെല്ലാം ക്യാമറയിൽ പകർത്താനും അവയെക്കുറിച്ചു പഠിച്ചെഴുതാനും തുടങ്ങിയതോടെ പെപിത സേത്ത് എന്ന പേരു ശ്രദ്ധിക്കപ്പെട്ടു. പേരിലെ രണ്ടാം ഭാഗമായ സേത്ത് അഭിനേതാവായ റോഷൻ സേത്താണ്. റിച്ചഡ് അറ്റൻബറോയുടെ ‘ഗാന്ധി’ സിനിമയിൽ നെഹ്റുവിനെ അവതരിപ്പിച്ച താരം. സിനിമാ താൽപര്യമുള്ള പെപിതയും സേത്തും അടുക്കുകയും വിവാഹം കഴിക്കുകയും ചെയ്തെങ്കിലും പിന്നീടവർ വേർപിരിഞ്ഞു). 

ഗുരുവായൂരിന്റെ ചരിത്രത്തെയും ആചാരാനുഷ്‌ഠാനങ്ങളെയും പറ്റി ഏഴു വർഷത്തെ ഗവേഷണത്തിനു ശേഷം എഴുതിയ ‘ഹെവൻ ഓൺ എർത്ത് - ദ് യൂണിവേഴ്‌സ് ഓഫ് കേരളാസ് ഗുരുവായൂർ ടെംപിൾ’ എന്ന പുസ്തകം 2012ൽ പ്രസിദ്ധീകരിച്ചു. നിയോഗി ബുക്സ് ആയിരുന്നു പ്രസാദകർ. ദി എഡ്ജ് ഓഫ് ദ് അനദർ വേൾഡ്’ എന്നൊരു നോവലും ഇടക്കാലത്തെഴുതി. 

പിന്നീടാണ് തെയ്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും അലച്ചിലുകളും. 1984ൽ പയ്യന്നൂരിൽ വച്ച് ആദ്യമായി തെയ്യം കണ്ടതോടെയാണു മനസ്സ് തെയ്യത്തിലേക്കും തെയ്യം കെട്ടുന്നവരുടെ ഉള്ളിലേക്കും ചാഞ്ഞത്. മുച്ചിലോട്ടു ഭഗവതിയാണു പെപിതയുടെ ഇഷ്ട തെയ്യം. തെയ്യക്കാരായ ലക്ഷ്മണൻ കരുവണ്ണാൻ, മുരളി പണിക്കർ എന്നിവരുടെ വിലപ്പെട്ട സഹായങ്ങൾ ഈ പുസ്തകത്തിന്റെ പിന്നിലുണ്ടെന്ന് ഇവർ സ്നേഹത്തോടെ പറയുന്നു. 

ലണ്ടൻ ആസ്ഥാനമായ സ്കാല ആർട്സ് ആൻഡ് ഹെറിറ്റേജ് പബ്ലിഷേഴ്സ് കഴിഞ്ഞ വർഷം പുറത്തിറക്കിയ പുസ്തകം 5,000 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. മൾട്ടി കളർ ആർട് പേപ്പറിൽ തയാറാക്കിയ പുസ്തകത്തിന്റെ യഥാർഥ വില 7,500 രൂപ. പത്മശ്രീക്കു പുറമേ ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റിയുടെ വിഖ്യാതമായ റിച്ചഡ് ബർട്ടൺ മെഡലും നേടിയിട്ടുണ്ട് ഈ 81 വയസ്സുകാരി. 

English Summary:

Sunday Special about Padmasree winner Pepita Seth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com