ADVERTISEMENT

ജയിൽ മുറിയിലെ ഇരുട്ടുമാത്രമായിരുന്നില്ല. മാതൃഭാഷ പോലും വിലക്കി. ജീവൻരക്ഷാമരുന്നുകളും പുസ്തകങ്ങളും നിഷേധിച്ചു. ഇനിയൊരിക്കലും കാണാൻ കഴിയാത്ത ദൂരത്തിലേക്ക് അമ്മ പോകുമ്പോൾ ഒന്നുകാണാൻ പോലും അനുവാദം കിട്ടാതെ നിസ്സഹായനായിരുന്നു’– ഡൽഹി സർവകലാശാലയിലെ ഇംഗ്ലിഷ് അധ്യാപകനായിരിക്കെ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ദീർഘവർഷം ജയിലിൽ കഴിയേണ്ടി വന്ന ഡോ.ജി.എൻ. സായിബാബയ്ക്ക് പറയാൻ നഷ്ടങ്ങളുടെ കണക്കുമാത്രം. നാഗ്പുരിലെ സെൻട്രൽ ജയിലിലെ ഇരുണ്ട 10 വർഷങ്ങൾക്കു ശേഷം നീതിപീഠം നിരപരാധിയെന്നു വിളിച്ച ഡോ. സായിബാബ മനോരമയിലൂടെ ജീവിതം പറയുന്നതു തുടരുന്നു. 

‘സർവകലാശാലയിലായിരിക്കെ എല്ലാവർഷവും ആരോഗ്യപരിശോധന നടത്താറുള്ളതാണ്. കാലിന്റെ ചലനശേഷിയുമായി ബന്ധപ്പെട്ടതല്ലാതെ മറ്റ് അസുഖങ്ങളൊന്നും ഇല്ലായിരുന്നു’. –10 വർഷത്തോളം നീണ്ട ജയിൽ കാലത്തിൽ രോഗങ്ങൾ വരിവരിയായി സായിയുടെ ശരീരത്തിലേക്കു കയറി.

അറസ്റ്റ് ചെയ്യുമ്പോൾ പൊലീസ് കൈകാര്യം ചെയ്തത് ഇടത്തെ കൈയുടെ ഞരമ്പുകളെ ബാധിച്ചു; ഇടതു കൈ പൂർണമായി തളർന്നു. വലതുകൈയിലും ഭാഗികമായി പ്രശ്നങ്ങളുണ്ട്. വീൽചെയർ നീക്കാനും കിടക്കയിലേക്കു കയറാനുമൊക്കെ നേരത്തേ തനിച്ചു സാധിച്ചിരുന്നു. ഇപ്പോൾ അതിനെല്ലാം പരസഹായം വേണം. ഭക്ഷണം കഴിക്കാനും സഹായം വേണം. ടോയ്‌ലറ്റ് ആവശ്യങ്ങൾക്കു രണ്ടുപേർ സഹായിക്കണം. വൃക്കയ്ക്കും നട്ടെല്ലിനുമൊക്കെ പ്രശ്നങ്ങളുണ്ട്. ജയിൽ കാലത്ത് 2 തവണ കോവിഡ് വന്നു. ഒരു തവണ സ്വൈൻ ഫ്ലൂ പിടിപെട്ടു. കൃത്യമായ ചികിത്സയോ ജീവൻരക്ഷാ മരുന്നുകളോ ലഭിച്ചില്ല. വീട്ടുകാർ എത്തിച്ചു നൽകിയ മരുന്നുകൾ അകത്തേക്ക് നൽകിയില്ല.

എത്രയും പ്രിയപ്പെട്ട...

‘പ്രിയ സായ്’ എന്ന അഭിസംബോധനയോടെ വസന്ത കത്തുകളെഴുതാൻ തുടങ്ങിയത് സ്കൂളിൽ പഠിക്കുമ്പോഴാണ്. കാലുകൾക്ക് 90% ചലനശേഷി നഷ്ടമായ സായിബാബയെ പ്രണയിച്ച വസന്തയ്ക്കു സായിബാബ അന്നേ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആദ്യം പഠനത്തിനും പിന്നെ സ്വപ്നങ്ങൾക്കും പിന്നാലെ സായി പോകുമ്പോൾ കത്തുകളായിരുന്നു വസന്തയ്ക്ക് ആശ്രയം. 1991–ൽ വിവാഹം ചെയ്ത് ജീവിതത്തിൽ ഒപ്പം കൂട്ടിയതിൽ പിന്നെ സ്നേഹം കൂടിയെങ്കിലും കത്തെഴുത്തു കുറഞ്ഞു. ഫോണും സൗകര്യങ്ങളും ഏറിയതോടെ തീർത്തും ഇല്ലാതായി. എന്നാൽ, വർഷങ്ങൾക്കിപ്പുറം ‘സി 9556, അണ്ഡാ സെൽ, സെൻട്രൽ പ്രിസൺ, നാഗ്പുർ – 440020’ എന്ന വിലാസത്തിലേക്ക് നിരന്തരം എഴുതേണ്ടി വരുമെന്നും അവിടെ നിന്നു തന്നെ തേടി പ്രണയവും വിഷാദവും കാത്തിരിപ്പും പ്രതീക്ഷയും പോരാട്ടവീര്യവും തെളിയുന്ന കത്തുകൾ എത്തുമെന്നും വസന്ത കരുതിയതല്ല.

കത്തെഴുത്തിനെക്കുറിച്ചു ചോദിച്ചപ്പോൾ, ‘വീ ആർ ഇൻ ലൈഫ്ടൈം ലൗ’ എന്നാണു സായിബാബ പറഞ്ഞത്. അനുഭവിച്ച വേദനകൾ വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്ന വസന്തകുമാരി അപ്പോൾ മാത്രം പുഞ്ചിരിച്ചു. കാലങ്ങൾക്കു ശേഷം ഡൽഹി വസന്ത് വിഹാറിലെ അവരുടെ വീട്ടിൽ കുളിർമഴ പെയ്തതു പോലെ.

എത്ര കത്തുകൾ എഴുതിയെന്ന് ഓർമയില്ല. പേജുകളോളം എഴുതും. ഭാര്യയ്ക്കു മാത്രമല്ല, കൂട്ടുകാർക്കും പഴയ സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കുമെല്ലാം കത്തുകളെഴുതി. ഇംഗ്ലിഷിൽ മാത്രമായിരുന്നു തുടക്കത്തിൽ എഴുതാൻ അനുവദിച്ചിരുന്നത്. 

തെലങ്കുപുസ്തകങ്ങളടക്കം വിലക്കിയപ്പോൾ വീണ്ടും പട്ടിണി സമരമിരുന്നു. അധികൃതർ വഴങ്ങിയെങ്കിലും തെലുങ്കിൽ വരുന്ന കത്തുകളും തെലുങ്കിൽ എഴുതുന്ന കത്തുകളും മാസങ്ങൾ വൈകി. 

തെലുങ്ക് അറിയാവുന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ കൊണ്ടു വായിപ്പിച്ചുള്ള ‘സെൻസറിങ്ങിനായിരുന്നു’ ഈ കാലതാമസം. ഭാര്യ അയച്ച കത്ത് കൈമാറി കിട്ടാൻ ഉദ്യോഗസ്ഥരെ ദിവസവും ഓർമിപ്പിക്കേണ്ട അവസ്ഥ പോലുമുണ്ടായി. ഭക്ഷണം കിട്ടിയില്ലെങ്കിലും കത്തെഴുതാൻ കടലാസും വായിക്കാൻ പുസ്തകങ്ങളും മതിയായിരുന്നു എനിക്ക്.– സായി പറഞ്ഞു.

നീ എന്നു വരും, കണ്ണാ.. ?

ആശുപത്രിയിലെ ഐസിയു മുറിയിൽ കാൻസർ ബാധിതയായി കിടക്കുമ്പോൾ വിഡിയോ കോളിലിരുന്ന് ആവുംവിധം അമ്മ ചോദിച്ചു: ‘നീ എന്നു വരും? മോനിങ്ങു വന്നാൽ എന്റെ അസുഖം മാറും’. ഹൃദയം പൊട്ടി, ഭൂമി പിളർന്ന് താഴോട്ടു പോകുന്നതു പോലൊരു വേദനയിലായിരുന്നു താനപ്പോഴെന്ന് സായി ഓർക്കുന്നു. കണ്ണീരിനിടയിൽ വാക്കുകൾ മുറിഞ്ഞ് ഫോൺ കട്ടാക്കി എത്രയും വേഗം അമ്മയുടെ അരികിൽ എത്താൻ കൊതിച്ചു. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ അമ്മ മരിച്ചുവെന്ന് ജയിലിലേക്ക് അറിയിപ്പു വന്നു. ചക്രക്കേസരയിലെ ജീവിതം കൂടുതൽ നിശ്ചലമായി. അഭിഭാഷകനെയും വസന്തയെയും ബന്ധപ്പെട്ടു. 

അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള വഴി തേടി. പക്ഷേ, ജീവിതത്തിന്റെ നല്ലകാലം മുഴുവൻ വേട്ടയാടിയിട്ടും മതിയാകാത്തതു പോലെ വിലങ്ങു നിന്നു. ആ നിമിഷം എനിക്കു മനഃപൂർവം നിഷേധിച്ചതു പോലെ. വിഡിയോ കോൾ വഴിയെങ്കിലും അമ്മയുടെ നിശ്ചല ദേഹമൊന്നു കണ്ടോട്ടെയെന്ന എന്ന എന്റെ യാചന നാഗ്പുരിലെ ഇരുട്ടുമൂടിയ ജയിൽമുറിക്കപ്പുറം പോയില്ല. അമ്മയുടെ അവസാന നിമിഷങ്ങൾ പകർത്തി മൊബൈൽ വഴി ഭാര്യ അയച്ചെങ്കിലും കാണാൻ അനുവദിച്ചില്ല.

‘ഞാനോർത്തു കർഷകനായിരുന്ന അച്ഛൻ സത്യനാരായണയെക്കാൾ എന്നെ ഞാനാക്കിയത് അമ്മയായിരുന്നു. സൂര്യവതിയെന്നായിരുന്നു പേര്. എല്ലാ കുട്ടികളെയും പോലെ ആയിരുന്നില്ലല്ലോ ഞാൻ. സ്വയം നടക്കാൻ കഴിയാത്തതിനാൽ വീടിന്റെ ഏതോ കോണിലായിപ്പോകേണ്ടതായിരുന്നു. എന്നാൽ, പ്രയാസങ്ങളെ തോൽപിക്കാൻ വേണ്ടത് വിദ്യാഭ്യാസമാണെന്ന് നിരക്ഷരയായ അമ്മ വിശ്വസിച്ചു. പുഴയും കടലും കാടും കണ്ടറിഞ്ഞു തന്നെ പഠിക്കണമെന്ന് ശഠിച്ചു. കാശില്ലാത്ത കാലത്തും കരുത്തോടെ ജീവിക്കണമെന്ന വാക്കു പറഞ്ഞ് വയറുനിറച്ചു. പരിമിതികളെ പിന്നിലാക്കി അധ്യാപകനായത് എന്റെ വിദ്യാഭ്യാസ യോഗ്യതകൾ കൊണ്ടു മാത്രമല്ല, സൂര്യവതി എന്റെ അമ്മ ആയതുകൊണ്ടു കൂടിയാണ്. അവരായിരുന്നു ശരിയായ ടീച്ചർ. ആ അമ്മയ്ക്കരികിലേക്ക് എനിക്കു പോകാൻ കഴിഞ്ഞില്ല.– വിതുമ്പലോടെ സായി പറഞ്ഞു.

കോടതി ആവർത്തിച്ചത്

നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി സായിബാബയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു 2014ൽ അറസ്റ്റ് ചെയ്യുമ്പോൾ മഹാരാഷ്ട്ര പൊലീസ് ആരോപിച്ചത്. മാവോയിസ്റ്റുകൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും സംഘടനയിലേക്ക് ആളുകളെ ചേർക്കുകയും ചെയ്തുവെന്നും പൊലീസ് ആരോപിച്ചു. കടുത്ത വ്യവസ്ഥകളോടെയുള്ള യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമം) കുറ്റങ്ങളും ചുമത്തി. എന്നാൽ, മാവോയിസ്റ്റ് ബന്ധം പറഞ്ഞ് ജയിലിലിട്ടത് തെറ്റായിരുന്നുവെന്നുവെന്നാണു ദിവസങ്ങൾക്കു മുൻപ് ബോംബെ ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കിയത്. നേരത്തേതന്നെ സായിയുടെ ജയിൽമോചനം സാധ്യമാകേണ്ടതായിരുന്നു.

 2022–ഒക്ടോബറിൽ സായിബാബയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഒരു ദിവസത്തെ പോലും ആയുസ്സും ആഹ്ലാദവും ആ വിധിക്കുണ്ടായില്ല. മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കാൻ സുപ്രീം കോടതി അവധിദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയതോടെ സായിക്ക് ജയിലിൽ തുടരേണ്ടി വന്നു. അസാധാരണ തിടുക്കത്തോടെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും ഒന്നേന്നു പരിഗണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മറ്റൊരു ബെഞ്ച് വിശദമായി വാദം കേട്ടപ്പോഴും പൊലീസ് നിരത്തിയ വാദങ്ങൾ പൊളിഞ്ഞു. മാവോയിസ്റ്റ് ആശയങ്ങൾ ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യു‌ന്നതു യുഎപിഎ പ്രകാരമുള്ള കുറ്റമല്ലെന്നു കോടതി വിധിച്ചു. ഈ ഉത്തരവു പ്രഥമദൃഷ്ട്യാ യുക്തിസഹമെന്നു കഴിഞ്ഞദിവസം സുപ്രീംകോടതി നിരീക്ഷിച്ചു.കോടതി വിധിയെക്കുറിച്ചു സായി പറഞ്ഞു:

‘ജീവിതത്തിൽ ഒരുപാട് അഗ്നിപരീക്ഷകളിലൂടെ കടന്നുപോയിക്കഴിഞ്ഞു. ഞാൻ മാത്രമല്ല കോടതിയും. വൈകിയെങ്കിലും സത്യം ജയിച്ചു.’

എന്നെന്നും അധ്യാപകൻ

അറസ്റ്റ് ചെയ്തതാണോ ജയിലിലിട്ടതാണോ ഏറ്റവും വിഷമമുണ്ടാക്കിയതെന്നു ചോദിച്ചപ്പോൾ ജോലിയിൽ നിന്നു പിരിച്ചുവിടപ്പെട്ടതാണ് ഏറ്റവും വേദനയുണ്ടാക്കിയതെന്നായിരുന്നു മറുപടി. സ്കൂൾ കാലത്തു തുടങ്ങിയതാണ് അധ്യാപനം. ജയിലിലായിട്ടും അധ്യാപനം കൈവിട്ടില്ല.

‘വലിയ തീവ്രവാദിയാണ്. അയാളോടു സംസാരിക്കരുത് എന്ന ഭാവമായിരുന്നു ആദ്യം ഉദ്യോഗസ്ഥർക്കു പോലും. എന്നാൽ, നേരിട്ടു വന്നു സംസാരിച്ചവർക്കെല്ലാം സംശയം മാറി. ജയിൽ ജീവനക്കാരടക്കം ഇംഗ്ലിഷ് പഠിപ്പിച്ചു തരാമോ എന്ന ചോദ്യവുമായി വന്നു. തടവുകാരുടെ തുല്യതാ പരീക്ഷയ്ക്കും സഹായിച്ചു. അവരിൽ ചിലരൊക്കെ ഡിഗ്രിക്കാരായി. അതിനവരെ സഹായിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഭവമായി. ജയിലിൽ അധ്യാപകനായി തുടർന്നു. കേസിൽ അപ്പീൽ നിലനിൽക്കെയാണ് സർവകലാശാല പിരിച്ചുവിട്ടത്. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിരിക്കുന്നു. സ്വാഭാവികമായി ജോലി തിരികെ നൽകേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈക്കോടതിയിലുണ്ട്. ഏതായാലും ഒന്നു പറയാം, ക്ലാസ് മുറിക്ക് അകത്തോ പുറത്തോ ആകാം– ഞാൻ ജീവിതകാലം മുഴുവൻ അധ്യാപകനായിരിക്കും.’ കവർന്നെടുത്ത കാലം സായിക്കു തിരിച്ചുകൊടുക്കാൻ ഒരാൾക്കുമാകില്ല. ആശുപത്രികളിലും ഡോക്ടർമാരുടെ മുൻപിലുമാണ് ഇപ്പോൾ പകലുകൾ. കഴിഞ്ഞദിവസം പുതിയൊരു വീൽചെയർ വാങ്ങാൻ പോയി. തളർന്നുറഞ്ഞുപോയ കൈകളായതു കൊണ്ടാകാം പുതിയൊന്നിൽ ഇരുത്താൻ ശ്രമിക്കുമ്പോൾ നെറ്റിയിടിച്ചു നിലത്തു വീണു. അയ്യോ എന്നു അനുതപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:

‘സാരമില്ല. ഇപ്പോൾ വീഴുമ്പോൾ താങ്ങാൻ അടുത്തു വസന്തയുണ്ട്, മകളുണ്ട്, സുഹൃത്തുക്കളുണ്ട്.. ജയിലിൽ ആരുമുണ്ടായിരുന്നില്ല. തനിച്ചുള്ള വീഴ്ചകൾക്കായിരുന്നു വേദന കൂടുതൽ.’‍‌

അടുക്കളയിൽ സായിക്കിഷ്ടപ്പെട്ട ഭക്ഷണം തയാറാക്കുന്ന തിരക്കിലാണ് ഭാര്യ വസന്ത. എംഫിൽ പൂർത്തിയാക്കി ഗവേഷണത്തിനൊരുങ്ങുന്ന മകൾ മഞ്ജീര അച്ഛന്റെ ചാരെയുണ്ട്. കൂട്ടിന് കുറെയേറെ പുസ്തകങ്ങളും. കത്തെഴുതേണ്ട ദൂരങ്ങൾ അലിഞ്ഞില്ലാതാകുന്നു.

English Summary:

Sunday special about GN Saibaba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com