ADVERTISEMENT

ധാരാളം മലയാളികൾ തിങ്ങിപ്പാർക്കുന്ന ബത്ഹയിലേക്കു രാത്രി പോകാമെന്നായിരുന്നു തീരുമാനിച്ചത്. ഒരുകാലത്ത് യെമനികളുടെ പ്രധാന കേന്ദ്രമായിരുന്ന ബത്ഹയിൽ കുവൈത്ത്- ഇറാഖ് യുദ്ധത്തോടെയാണു മലയാളികൾ വലിയ തോതിൽ കച്ചവടം ആരംഭിക്കുന്നത്. യുദ്ധത്തിൽ ഇറാഖിന് അനുകൂലമായ നിലപാടാണ് യെമൻ കൈക്കൊണ്ടത്. ഇതുകാരണം യെമനികൾക്കു സൗദിയിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്നു. ഇതോടെ അവർ കൂട്ടമായി ബത്ഹ ഉപേക്ഷിച്ചുതുടങ്ങി. പലരും കച്ചവട സ്ഥാപനങ്ങൾ മറിച്ചു വിറ്റു. മലയാളികളായിരുന്നു കൂടുതൽ സ്ഥാപനങ്ങളും വാങ്ങിയത്.

അങ്ങനെ 1990കളുടെ തുടക്കത്തിൽ സൗദി മലയാളികളുടെ പ്രധാന കച്ചവടകേന്ദ്രമായി ബത്ഹ മാറി. റിയാദിലെ പ്രധാനപ്പെട്ട ഇൻഡസ്ട്രയിൽ ഏരിയയുടെ ഭാഗവുമായിരുന്നു ബത്ഹ. എട്ടുമണിക്കാണ് ഞങ്ങളവിടെയെത്തുന്നത്. പള്ളിയിലെ നമസ്കാരം കഴിഞ്ഞതിനാലും യാത്രക്കാർ എന്ന നിലയിൽ ഖസ്‌ർ (ചുരുക്കിയുള്ള നമസ്കാരം) ഉത്തമമായതിനാലും ഞങ്ങൾ റൂമിലാണു നമസ്കരിച്ചത്. റൂമിൽ സ്ഥിര താമസക്കാരായ ചിലരും ഞങ്ങളെ പിന്തുടർന്നു നമസ്കരിച്ചു. അപ്പോഴേക്കും വാതിലിനു ശക്തമായി മുട്ടുന്നതും തുടരെ ബെല്ലടിക്കുന്നതും കേട്ടു.

വാതിൽ തുറന്നപ്പോൾ യൂണിഫോമിലുള്ള രണ്ടു പൊലീസുകാരും സിവിൽ വേഷത്തിലുള്ള മറ്റു മൂന്നു പേരും പുറത്തു നിൽക്കുന്നു. വാതിൽ തുറന്നയുടനെ അവർ അകത്തേക്കു കയറി ആദ്യം ഒന്നമ്പരന്നുവെങ്കിലും എന്തെങ്കിലും സംശയത്തിന്റെ പുറത്തുള്ള സാധാരണ പരിശോധന മാത്രമായിരിക്കും എന്നാണു ഞങ്ങൾ കരുതിയത്. പക്ഷേ, അവരുടെ സമീപനവും മുഖഭാവവും കണ്ടപ്പോൾ ഗൗരവമായ മറ്റെന്തോ ഉദ്ദേശ്യങ്ങൾ ഉള്ളതായി തോന്നി.

വിശദീകരണങ്ങളില്ലാതെ

പൊലീസുകാർ എന്റെ പാസ്പോർട്ടും മറ്റുള്ളവരുടെ ഇഖാമയും വാങ്ങി പരിശോധിച്ചു. കൂടുതൽ വിശദീകരണങ്ങളോ കരണങ്ങളോ പറയാതെ ബ്രീഫ് കെയ്‌സുകളുമെടുത്ത് പുറത്തു നിർത്തിയ വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു. ശബ്ദം കേട്ട് ബിൽഡിങ്ങിലെ മറ്റു ഫ്ലാറ്റുകളിലുള്ള താമസക്കാരും തടിച്ചുകൂടി. ഇരുപതോളം വരുന്ന അവരോടും വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു.

ബത്ഹ ടൗണിന്റെ ഭാഗമായ സൽമാൻ സ്ട്രീറ്റിലെ ഉബൈറയിലെ ഒരു കെട്ടിടത്തിലേക്കാണു ഞങ്ങളെ കൊണ്ടുപോയത്. ഹൈഅതു അംറും ബിൽ മഅറൂഫ് (സദുപദേശക സംഘം) എന്ന പേരിൽ അറിയപ്പെടുന്ന, പൊലീസിലെ ഒരു വിഭാഗത്തിന്റെ ആസ്ഥാനമാണ് അത്. സൗദി ഭരണകൂടം പ്രതിനിധീകരിക്കുന്ന വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നവരെ കണ്ടെത്തി പിടികൂടുകയാണ് ഈ പൊലീസിന്റെ ചുമതല. എന്നെയും ഇബ്രാഹിം ഹാജിയെയും ഉമർ ഹാജിയെയും വെവ്വേറെ മുറികളിലാക്കി. പ്രാഥമികമായ ചോദ്യം ചെയ്യലുകൾക്കു ശേഷം മറ്റുള്ളവരെയെല്ലാം വിട്ടയച്ചു.

എവിടെയന്നു പോലും അറിയില്ല

അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ദിവസങ്ങളിലൊന്നും ഞങ്ങളെ എങ്ങോട്ടാണു കൊണ്ടുപോയതെന്നതിനെക്കുറിച്ചു പോലും പുറത്തുള്ളവർക്ക് ധാരണയുണ്ടായിരുന്നില്ല. പുറത്ത് ആരെയെങ്കിലും ബന്ധപ്പെടാൻ ഞങ്ങളെ അനുവദിച്ചതുമില്ല. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് നായിഫ് അബ്ദുല്ല അൽ മസൂർ എന്നൊരു പൊലീസുകാരൻ വന്നു വിവരങ്ങൾ അന്വേഷിക്കുന്നത്. പുറത്തുള്ള വിവരങ്ങൾ അദ്ദേഹം മുഖേനയാണ് അറിയാൻ കഴിഞ്ഞത്. കൊണ്ടോട്ടിക്കടുത്ത് ചെറുമുറ്റത്തുള്ള മുഹമ്മദ് ഹാജി എന്നയാളുടെ കഫീലാണ് (പ്രവാസികളുടെ തൊഴിലുടമ/സ്പോൺസർ) നായിഫ് അൽ മസൂർ. വിവരങ്ങൾ മുഹമ്മദ് ഹാജി പറഞ്ഞതനുസരിച്ചാണ് ഈ പൊലീസുകാരൻ എന്നോടു സംസാരിക്കാൻ വന്നത്.

തന്റെ ഉസ്താദ് എന്നാണ് എന്നെ മുഹമ്മദ് ഹാജി പരിചയപ്പെടുത്തിയത്. ആ സംസാരത്തിനു ശേഷം പൊലീസുകാരുടെ സമീപനങ്ങളിൽ ഒരു മയം വന്നുതുടങ്ങി. അതിനിടയിൽ ഞങ്ങളെ ഒബേരയിലെ സ്റ്റേഷനിലേക്കു മാറ്റി. എന്നെ പാർപ്പിച്ചിരിക്കുന്നത് ബത്ഹ സ്റ്റേഷനിൽ ആണെന്നറിഞ്ഞ് അവിടെ ആളുകൾ കൂടിയതായിരുന്നു ഇതിനു കാരണം. സ്റ്റേഷനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്റ്റേറ്റ്‌മെന്റുകൾ തയാറാക്കിയ ശേഷം ദീരയിലെ കോടതി സമുച്ചയത്തിലേക്ക് കൊണ്ടുപോകും. അവിടെ വച്ചും അൽ ഹരിജയിലുള്ള മതകാര്യ പൊലീസിന്റെ ഓഫിസിൽ വച്ചുമായിരുന്നു ചോദ്യം ചെയ്യൽ. പരസ്യമായി വധശിക്ഷകൾ നടപ്പാക്കുന്ന സ്ഥലം കൂടിയാണ് ജസ്റ്റിസ് സ്ക്വയർ എന്നറിയപ്പെട്ടിരുന്ന ദീര.

പരാതിയുടെ ഉറവിടം

ഇതിനിടയിൽ മറ്റു ചില ഇടപെടലുകൾ കൂടി നടന്നതായി അറിയാൻ കഴിഞ്ഞു. റിയാദിൽ ബുർജുൽ ഹമാം എന്ന പേരിൽ ഒരു ഹോട്ടൽ ബിസിനസ് ശൃംഖല നടത്തുന്ന ലബനൻകാരനുണ്ട്. രാജ കുടുംബങ്ങളിലുള്ളവരിൽ പലരും ഭക്ഷണം കഴിക്കാനെത്തുന്ന അക്കാലത്തെ പ്രശസ്തമായ ഹോട്ടലുകളിലൊന്നാണത്. റിയാദ് ഗവർണർ ആയിരുന്ന സൽമാൻ ബിൻ അബ്ദുൽ അസീസുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഒരാളായിരുന്നു അതിന്റെ ഉടമയായ അൽ ഖൗരി. 

    അദ്ദേഹം പ്രത്യേക താൽപര്യമെടുത്തു. ഗവർണറുടെ ഓഫിസിനെ ഇടപെടുത്തി. അതും കൂടിയായപ്പോൾ ജയിൽ മോചനത്തിനുള്ള വഴികൾ തെളിഞ്ഞു. പക്ഷേ, ജയിൽ മോചനം പൂർത്തിയാക്കണമെങ്കിൽ ഒരു സൗദി പൗരന്റെ ജാമ്യം കൂടി വേണം. അപ്പോഴേക്കും പുറത്തുള്ളവരുമായി വിവരങ്ങൾ കൈമാറാവുന്ന അന്തരീക്ഷം ഉരുത്തിരിഞ്ഞിരുന്നു. ‘എത്ര രാജ്യക്കാർ ഇവിടെ വരുന്നുണ്ട്? നിങ്ങളുടെ നാട്ടുകാരല്ലാതെ ഇങ്ങനെ പരസ്പരം പരാതി കൊടുക്കാറുണ്ടോ?’ പരിചയത്തിലായ ഒരു പൊലീസുകാരൻ ചോദിച്ചു. എന്റെ അറസ്റ്റിലേക്ക് നയിച്ച സാഹചര്യത്തിലേക്കുള്ള സൂചനയായിരുന്നു ആ ചോദ്യം.

English Summary:

Sunday special about Kanthapuram A. P. Aboobacker Musliyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com