ADVERTISEMENT

വിസ്മൃതിയിലായ ഒരു ഭാഷയുടെ ശേഷിപ്പു തേടിയുള്ള യാത്രയിലാണ് ചെന്നൈ ന്യൂ കോളജ് അറബിക് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. കെ.എം.എ അഹമ്മദ് സുബൈർ. 1000 വർഷത്തിലേറെ പഴക്കമുള്ള ഈ സങ്കര ഭാഷയുടെ പ്രാഗ്‌രൂപം എവിടെക്കണ്ടാലും, അതു ചിന്നിപ്പോയ കല്ലിലായാലും കല്ലച്ചിൽ അച്ചടിച്ച കടലാസിലായാലും, സുബൈറിനു നിധിയാണ്.

തൂത്തുക്കുടിയിലും കായൽപ്പട്ടണത്തും കീഴൈക്കരയിലും മാത്രമല്ല, ചെന്നൈയ്ക്കടുത്ത പുലിക്കട്ട് പക്ഷിസങ്കേതത്തിലും ഇത്തരം ശിലാലിഖിതങ്ങൾ കണ്ടെത്തി. പുലിക്കട്ട് തടാകം പണ്ട് അറബ് വ്യാപാരികൾ എത്തുന്ന തുറമുഖമായിരുന്നതിനാൽ അതിൽ അതിശയമില്ല. ശ്രീലങ്കയിലേക്കും ഇന്തനീഷ്യയിലേക്കും ഈ ഭാഷ പായ്ക്കപ്പലേറി.

വാമൊഴി– വരമൊഴി വഴക്കങ്ങൾക്കു അലകും പിടിയുമേകിയ ആ ഭാഷയാണ് അറവി; തമിഴ്മുസ്‌ലിം ജനതയുടെ ആത്മാവിഷ്കാരത്തിന്റെ അക്ഷരരൂപം. തീരത്തെ വ്യാപാരത്തിന്റെ ഇടനിലയായ മൊഴി. തമിഴിനെയും അറബിക്കിനെയും കൂട്ടിയോജിപ്പിച്ച എ‍ഞ്ചുവടിപ്പാലം.

പുതിയ ആപ്പ്, കീ ബോർഡ്, യൂണികോഡ് എന്നിവ വികസിപ്പിച്ചും പ്രാചീന പുസ്തകങ്ങൾ തേടിപ്പിടിച്ചും സെമിനാർ സംഘടിപ്പിച്ചും സുബൈറും കൂട്ടുകാരും നടത്തുന്ന വീണ്ടെടുപ്പു ശ്രമങ്ങൾ ഭാഷാ സ്നേഹികളുടെ മനം കവരുന്നു. എഴുത്തും വായനയും സൽക്കർമങ്ങളുടെ ഭാഗമായി കണ്ട ഒരു ലോകസംസ്കാരത്തിന്റെ വീണ്ടെടുപ്പു കൂടിയാണ് ഈ ഗവേഷകൻ ലക്ഷ്യമിടുന്നത്.

40 ലിപികളുടെ അക്ഷരക്കൂട്ട്

തമിഴും അറബിക്കും കലർത്തിയുണ്ടാക്കിയ 40 ലിപികളുടേതാണ് ഈ ഭാഷ. 9–ാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെത്തിയ അറബികൾ കച്ചവടത്തിനായാണ് ഇതു ചിട്ടപ്പെടുത്തിയത്. 11–ാം നൂറ്റാണ്ട് ആയപ്പോഴേക്കും ഈ ഭാഷയിൽ ഗാനങ്ങളും പദ്യങ്ങളും പിറന്നു. വൈദ്യം, നിയമം, കാവ്യം തുടങ്ങിയ മേഖലകളിലും പല മികച്ച രചനകളും അറവി ഭാഷയിലൂടെ പുറത്തുവന്നു. മദ്രാസ് പ്രവിശ്യയിൽ ഖുർആൻ വിവർത്തനശ്രമം ആദ്യം നടന്നത് അറവിയിലായിരുന്നു. പത്താം നൂറ്റാണ്ടിൽ ബുദ്ധസംസ്കാരത്തിനു തിരിച്ചടി നേരിട്ടപ്പോൾ, ഇസ്‌ലാം സ്വീകരിച്ചവർ ഒപ്പം കൊണ്ടുവന്ന പള്ളി, നോമ്പ്, പെരുന്നാൾ തുടങ്ങിയ പദങ്ങളും ഭാഷയുടെ ഭാഗമായി.

തുടർന്ന് ആധാര– വ്യവഹാരങ്ങളിലും സ്ഥാനം പിടിച്ചു. ഇതിനിടെ അറവി ഭാഷയിൽ ഒരു നോവലും ചിറകുവിരിച്ചു: താമ്രപട്ടണം. ഹഖീഖത്തുൽ ഇൻസാൻ എന്ന മികച്ച അറവി ഗ്രന്ഥം 1882 ൽ റംഗൂണിൽ പുറത്തിറക്കി. മൗലാനാ മുഹമ്മദ് യൂസുഫ് അൽ ഹനഫി അൽ ഖാദിരി രചിച്ച സിംദുസ്സിബിയാൻ, അഖ്‌ലാമുൽ മുസ്‌ലിമീൻ തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങൾ പുറത്തുവന്നത് അറവി ഭാഷയിലാണ്.

കായൽപ്പട്ടണം സ്വദേശിയായ മുഹമ്മദ് സുൽത്താൻ ബാഖവിയെപ്പോലെയുള്ള ഗവേഷകർ അറവി പുസ്തകങ്ങൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും കണ്ടെടുത്തു. കായൽപ്പട്ടണത്തെ നെയ്ത്തുകാരൻ തെരുവിൽ ഹാഫിസ് അമീർ വാലി അപ്പ എന്ന മുസ്‌ലിം പണ്ഡിതന്റെ കുടീരം കാണാം. ഇദ്ദേഹമാണ് വ്യാകരണത്തിന്റെ അടുക്കും ചിട്ടയും കൊണ്ടുവന്ന് അറവി ഭാഷയ്ക്ക് ഊടുംപാവും നെയ്തത്.

ഇസ്‌ലാം മതത്തോളം പഴമ അവകാശപ്പെടാവുന്ന രാമനാഥപുരം കീഴൈക്കരൈ പഴയ ജുമാ മസ്ജിദിൽ ഇന്നും അറവി ലിഖിതങ്ങൾ കാണാമെന്നു സുബൈർ പറയുന്നു. പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ബ്രിട്ടിഷുകാരും എത്തിയതോടെ ഇംഗ്ലിഷിന്റെ വരവായി. അറവി മറവിയിലായി.

മുഹ്‌യുദ്ദീൻ മാലയുടെ ശീലുകളുയരും നാട്

അറവി ഭാഷയെപ്പറ്റി സുബൈർ ഗവേഷണം തുടങ്ങുന്നത് കായൽപ്പട്ടണത്തു നിന്നാണ്. ഇവിടുത്തെ പല വീടുകളിലും ഈ ഭാഷയിൽ പ്രാർഥന ചൊല്ലും. അറബി മലയാളത്തിലെ ആദ്യ കൃതിയായ മുഹ്‌യുദ്ദീൻ മാല എന്ന പ്രാചീന മാലപ്പാട്ടിന്റെ രചയിതാവായ ഖാസി മുഹമ്മദ് കായൽപ്പട്ടണത്തെ ലബ്ബമാരുടെ ശിഷ്യനായിരുന്നു. 17–ാം നൂറ്റാണ്ടിലെ ഈ കൃതി കായൽപ്പട്ടണത്തിൽ ഓത്തിന്റെയും പാട്ടിന്റെയും ഭാഗമായി ചൊല്ലാറുണ്ട്. പ്രസവം പോലെയുള്ള വൈഷമ്യ വേളകളിൽ ഇത്തരം പാട്ടുകൾ രക്ഷയ്ക്കെത്തിയിരുന്നു എന്നു ചരിത്രം.

കുഞ്ഞിനു കളിക്കാനും ഉറങ്ങാനും പാട്ട്. അങ്ങനെ ജീവിതം തന്നെ ഗാനമായി മാറുന്നു. മഷിപ്പേനകൊണ്ട് ഈ കൃതി അറവി ഭാഷയിലേക്കു മാറ്റി എഴുതുന്ന അനുഷ്ടാനവുമുണ്ട്. ഒരു വീട്ടിൽ ഒരാൾക്കെങ്കിലും അറവി അറിയാമെന്നതാണു കായലിന്റെ അലങ്കാരം. പെരുന്നാൾ സമയത്ത് വീടുകളിൽ അറവി ഗാനങ്ങൾ ഉയരും. ഈയിടെയുണ്ടായ കനത്ത പ്രളയത്തിലും അറവി ഭാഷയെ അവർ മുങ്ങാതെ കാത്തു. അറവിയിലെ നല്ല കയ്യക്ഷരത്തിനു കുട്ടികൾക്കു സമ്മാനമുണ്ട്.

ചരിത്രനിലാവിന്റെ കായൽപ്പട്ടണം

തൂത്തുക്കുടിയിൽ നിന്നു തിരിച്ചെന്തൂർ റൂട്ടിൽ 30 കിലോമീറ്റർ പോയാൽ കായൽപ്പട്ടണ കവാടമായി. മാപ്പിളമഹാകവി മോയിൻകുട്ടി വൈദ്യർക്കു കായൽപ്പട്ടണവുമായി ഏറെ അടുപ്പമുണ്ടായിരുന്നുവെന്ന് ഇവിടത്തെ സാഹിത്യകാരനായ ശാലൈ ബഷീർ അവകാശപ്പെടുന്നു.പോരാളിയായ കുഞ്ഞാലിമരയ്ക്കാർക്ക് ഇടമൊരുക്കുന്ന ചെറിയൊരു ആരാധനാലയവും ഈ ഭാഗത്ത് ഉണ്ടെന്നത് നാഗൂരിലെ കുഞ്ഞാലിമരയ്ക്കാർ തെരുവുപോലെ അധികമാർക്കും അറിയാത്ത രഹസ്യം.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന ടി. ‍ഡി. രാമകൃഷ്ണന്റെ നോവലിൽ താമ്രപർണി നദീ തീരത്തെ കായൽപ്പട്ടണം ഒരു അധ്യായമാണ്. ആറേഴു ഭാഷകൾ അറിയാവുന്ന സുൽത്താന്റെ നാട്. നാഗപട്ടണത്തും കോടിക്കരയിലും നിർമിക്കുന്നതിനെക്കാൾ മികച്ച പടക്കപ്പലുകൾ കായൽപ്പട്ടണം നീറ്റിലിറക്കി. അതിനുള്ള തേക്കു വന്നത് അഗസ്ത്യാർകൂടത്തിൽ നിന്നു താമ്രപർണി നദി വഴിയെന്നു നോവലിസ്റ്റ്.

കൊച്ചിയിലെ നൈന മരയ്ക്കാർ

കൊച്ചിയിലെ നൈന, മരയ്ക്കാർ സമൂഹത്തിന്റെ വേരുകളും കായൽപ്പട്ടണത്താണെന്നു നൈനാ മരയ്ക്കാർ ചരിത്രം എന്ന പുസ്തകം എഴുതിയ കൊച്ചിയിലെ മൻസൂർ നൈന പറയുന്നു. കൊച്ചിയാർ സ്ട്രീറ്റ് തന്നെ ഉണ്ട് കായൽപ്പട്ടണത്ത്. കൊച്ചിക്ക് കൂശി എന്നാണ് അറബിയിൽ പറയുന്നത്.തമിഴിലും മലയാളത്തിലും ചരിത്രം രേഖപ്പെടുത്തിയ മഖ്ബറകൾ കായൽപ്പട്ടണത്തെ അനേകം പള്ളികളിൽ കാണാം. 13–ാം നൂറ്റാണ്ടിലെ പ്രളയത്തിൽ കൊടുങ്ങല്ലൂർ മുസീരിസ് തുറമുഖം തകർന്ന് പുതുതുറമുഖമായി കൊച്ചി വികസിച്ചതോടെയാണ് കായൽപ്പട്ടണത്തു നിന്നു പലരും കൊച്ചിയിലേക്കു കുടിയേറിയത് എന്നു കരുതപ്പെടുന്നു.

പല മലയാളികളുടെ പക്കലും കായൽപ്പട്ടണത്തെ സൂഫി വര്യന്മാർ രചിച്ച പ്രാചീന അറബിക് പുസ്തകങ്ങളുണ്ട്.ബാല്യത്തിലെ വിശുദ്ധ ഖുർആൻ പഠിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളിൽ ഈ പാരമ്പര്യത്തിന്റെ നിഴലാട്ടം കാണാമെന്ന് പത്രപ്രവർത്തകനായ ജമാൽ കൊച്ചങ്ങാടി പറയുന്നു.

കോഴിക്കോട്– കായൽപ്പട്ടണം11 മണിക്കൂർ, 550 കിമീ

തിരുച്ചെന്തൂർ – കോഴിക്കോട് തമിഴ്നാട് ബസ് കായൽപ്പട്ടണം വഴിയാണു പോകുന്നത്. കോഴിക്കോട്ടെ ഷെയ്ഖ് ജിഫ്രി തങ്ങളുടെ ഓർമ കായൽപ്പട്ടണത്ത് ആചരിക്കാറുണ്ട്. കായലിലെ പ്രധാന കല്യാണ മണ്ഡപം പോലും ജലാൽ ബുഖാരി തങ്ങളുടെ പേരിലാണ്. ശുഹദാക്കളുടെ ഭൂമിയായ കോസ്മര ദർഗയിൽ കബറടങ്ങിയിരിക്കുന്ന 3 ശ്രേഷ്ഠർ തെക്കൻകേരളത്തിലെ മത പണ്ഡിതർ ആയിരുന്നു. മഖ്‌ദൂമുകളും നൈനമാരും കുഞ്ഞാലി പാരമ്പര്യക്കാരുമെല്ലാം കായൽപ്പട്ടണവുമായി ബന്ധമുള്ളവരാണ്.

മലയാളത്തിലുമുണ്ട് അറബിക് ഭാഷാമികവ്

മാപ്പിളപ്പാട്ടിനും നമ്മുടെ മറ്റു പാട്ടുകൾക്കും മഞ്ജരി, കാകളി വൃത്തമാണ്. ഇതേപോലെ അറവി ഭാഷയും ഈ ദേശത്തിന്റെ പദബോധത്തെ സ്വാധീനിച്ചു. തമിഴ്പാട്ടുകളിലെ ദുർഗ്രഹത മാറ്റാനാണു പാടിപ്പറയുന്ന പതിവ് മലയാളത്തിൽ തുടങ്ങിവച്ചത്. തമിഴിനെ മാത്രമല്ല, മലയാളം ഉൾപ്പെടെ അനേകം ഭാഷകളെ അറബിക് സ്വാധീനിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ മഹാസമുദ്ര തീരത്തെ വ്യാപാരചരിത്രത്തെപ്പറ്റി പഠിക്കുന്ന എഡിൻബറോ സർവകലാശാല പ്രഫസർ മഹ്‌മൂദ് കൂരിയയെപ്പോലുള്ള ഗവേഷകർ പറയുന്നു.

ചെല്ലുന്ന നാട്ടിലെ ഭാഷയെ അറബികുമായി കലർത്തി പുതുഭാഷ സൃഷ്ടിക്കുന്ന പാരമ്പര്യത്തിന്റെ ഫലമാണു സങ്കര ഭാഷകളെന്നാണു സാമൂഹിക നിരീക്ഷകനായ എം.എൻ കാരശേരി പറയുന്നത്. അറബിക്– തമിഴ് പ്രാചീന സാഹിത്യ ഗ്രന്ഥങ്ങൾക്ക് ഒപ്പം അറബിക് – മലയാളം പുസ്തകങ്ങളും ലോകത്തെ പ്രമുഖ ലൈബ്രറികളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ രണ്ടായിരത്തോളം പുസ്തങ്ങൾ ഉണ്ടെന്നാണ് കണക്ക്. ലണ്ടനിലെ ഇന്ത്യൻ ഓഫിസ് ലൈബ്രറിയിൽ 60 അറവി പുസ്തകങ്ങളുണ്ട്. നോണ്ടി നാടഗം (1872), സിരാ നാടഗം (1878) എന്നിവയാണ് ഇതിൽ ഏറെ ശ്രദ്ധേയം.യുഎന്നും അറവിയെ ഭാഷയായി അംഗീകരിച്ചിട്ടുണ്ട്. 1981 ൽ യുനെസ്കോ കൊറിയർ എന്ന മാസിക ഇസ്‌ലാം മതത്തെപ്പറ്റി ലേഖനം പ്രസിദ്ധീകരിച്ചത് അറവി ഭാഷയിലായിരുന്നു.

അമുലും അസ്സലും നക്കലും മൈലും

അറബി ഭാഷ ദ്രാവിഡ ഭാഷകൾക്കു നൽകിയ ചില വാക്കുകൾ ഇവയാണ്: അമുൽ, അസ്സൽ, ദിവാൻ, താലൂക്ക്, നക്കൽ, മൈൽ, ആമിന, മുൻസിഫ്, വക്കീൽ, ഇനാം, മഹ്സൂൽ, വസൂൽ, വരിശു, ബാക്കി, ജവാബ്, ജുബ്ബ, ഫൈസൽ, മാമൂൽ, മൈദാൻ, ഹൽവ.

കിതാബ്, സർബത്ത് തുടങ്ങിയ വാക്കുകൾ അറവി ഭാഷയുടെ സംഭാവനയാണ്.റസൂൽ (സന്ദേശവാഹകൻ), സ്വഹാബ (പ്രവാചകന്റെ ഉത്തമസുഹൃത്ത്), വാജിബ് (നിർബന്ധമായ), ജന്നത്ത് (സ്വർഗം), ജഹന്നം (നരകം), ഈമാൻ (വിശ്വാസം), തഖ്‌വ (സൗമ്യത) തുടങ്ങിയവയ്ക്കു പറ്റിയ അക്ഷരങ്ങൾ തമിഴിൽ ഇല്ലാതെ വന്നപ്പോൾ അവിടെയും രക്ഷയ്ക്കെത്തിയത് അറവി ഭാഷയാണ്. എണ്ണമറ്റ പള്ളികളുടെ നാട്. ഹോട്ടലുകൾ കുറവ്, മദ്യശാലകൾ ഇല്ല, കുറ്റകൃത്യങ്ങൾ കുറവ്. പൊലീസ് സ്റ്റേഷനും ഇല്ല. വനിതകൾക്കായി പ്രത്യേക കോളജുകൾ. കായൽ വെറുമൊരു മുനിസിപ്പൽ പട്ടണമല്ല, വിസ്തീർണമുള്ളൊരു സംസ്കാരമാണ്.

English Summary:

Tourist destination Kayalpatnam and Arwi language

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com