ADVERTISEMENT

വായുവാണോ, വൈദ്യുതിയാണോ ഏറ്റവും പ്രധാനമെന്നു തമാശയായി ചോദിച്ചാൽ വൈദ്യുതിയാണെന്നു ഞാൻ പറയും. ജീവിച്ചിരിക്കുന്നതിനാണ് ശ്വാസം ആവശ്യം. എന്നാൽ മരിച്ചു കഴിഞ്ഞാലും മൃതദേഹം സൂക്ഷിക്കാൻ ഫ്രീസർ പ്രവർത്തിക്കാൻ വൈദ്യുതി വേണമല്ലോ. അതു കൊണ്ടു തന്നെ വൈദ്യുതി ഉൽപാദനവുമായി ബന്ധപ്പെട്ട കാഴ്ചയും ചിന്തയും പങ്കുവയ്ക്കാം.

നോർവേയിലെ ഓസ്‌ലോ നഗരത്തിൽ പല കാഴ്ചകൾ കണ്ട ശേഷം അടുത്ത ദിവസം അടുത്ത ട്രെയിൻ പിടിച്ച് ഫിയോർദ് കാണാൻ പോയി. നോർവേയുടെ ഏറ്റവും മനോഹരമായ കാഴ്ചകളാണത്. പർവതങ്ങളുടെ ഉള്ളിലേക്കു കടൽ കയറിക്കിടക്കുന്ന ചേതോഹര കാഴ്ചയാണത്.

നോർവേയുടെ ഭൂപടം നോക്കിയാൽ ചിരവയുടെ നാക്കു പോലെ തോന്നും. ഒരോ മുനമ്പിന്റെ അകത്തേക്കും കടൽ കയറി കിടക്കിടക്കുകയാണ്. ടേബിൾ ടോപ്പ് പോലെ ഈ സ്ഥലം ഇങ്ങനെ ഉയർന്നു നിൽക്കും. ഇതിനുള്ളിലൂടെ കപ്പലിൽ പോകാം. ബഗൻ എന്ന പട്ടണമാണ് ഏറ്റവും നല്ല ഉദാഹരണം. ഈ ഫിയോർദുകളെല്ലാം സംഗമിക്കുന്ന സ്ഥലത്തെ ഏറ്റവും മനോഹരമായ മീൻപിടിത്ത കേന്ദ്രമാണ് ബഗൻ. അതി മനോഹരമാണ് ആ പട്ടണം.

മരങ്ങൾ കൊണ്ടുള്ള വീടുകളാണ് ഇവിടുള്ളത്. നോർവേയിൽ വരുന്ന എല്ലാ വിനോദസഞ്ചാരികളും അവിടെ പോയിരിക്കും. അവിടേക്ക് ട്രെയിനിൽ പോകാം. അത് മഞ്ഞുമലയ്ക്ക് ഉള്ളിലൂടെ കയറിക്കയറി പോകും. ഇതിനിടെ മൂന്നാർ പോലെയുള്ള സ്ഥലങ്ങളുണ്ട്, അവിടിറിങ്ങാം. ചിലയിടങ്ങളിൽ നദിയുടെ ഓരം ചേർന്നും ട്രെയിൻ പോകും.

മനോഹരമായ ട്രെയിൻ യാത്രയാണിത്. ട്രെയിനിന് ഉള്ളിൽത്തന്നെ റസന്ററന്റുകളും ബാറും എല്ലാമുണ്ട്. പുറത്തെ കാഴ്ചകൾ കണ്ടു റസ്റ്ററന്റിലെ ബെഞ്ചുകളിൽ ഇരിക്കാം. ഇങ്ങനെ കാഴ്ചകൾ കണ്ട് പോകുമ്പോഴാണ് നദിയിൽ ചില സാധനങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ആർഒആർ എന്ന ജലവൈദ്യുതി സ്റ്റേഷനുകളാണെന്ന് പിന്നീടു മനസ്സിലായി. അണക്കെട്ടുകളില്ലാതെ റൺ ഓഫ് ദ് റിവർ എന്ന പദ്ധതിയിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന രീതിയാണത്.

നദിയുടെ ഒഴുക്കു മൂലം പൽച്ചക്രം കറങ്ങി വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനമാണത്. ഒരു ഉപകരണത്തിൽ നിന്ന് 250 കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇത്തരം നൂറെണ്ണം ഒരു നദിയിലുണ്ടാകും. ചരിഞ്ഞു കിടക്കുന്ന ഭൂമിയിലൂടെ ഒഴുകുന്ന നദികൾ ഉള്ള ഭാഗത്ത് ഈ സംവിധാനത്തിലൂടെ വൈദ്യുതി ഉണ്ടാക്കാം.

ഒട്ടേറെ നദികളുള്ള നമ്മുടെ സംസ്ഥാനത്ത് ഈ സംവിധാനത്തിലൂടെ എന്തു കൊണ്ട് വൈദ്യുതി ഉൽപാദിപ്പിച്ചു കൂടാ എന്നു ചിന്തിച്ചത് അവിടെ വച്ചാണ്. അണക്കെട്ട് മാത്രമല്ല വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള മാർഗം. അണക്കെട്ട് പണിയാൻ പണമില്ലാത്തത് കൊണ്ടാവില്ലല്ലോ നോർവേക്കാർ ഈ മാർഗം അവലംബിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടു തന്നെ വൈദ്യുതിക്കുള്ള ബദൽ സംവിധാനങ്ങൾ നമ്മൾ ഉപയോഗപ്പെടുത്തണം. കേരളത്തിൽ സോളർ കുറെ ഫലപ്രദമാണെങ്കിലും മഴയും പായലുമെല്ലാം കാരണം ചെറിയ പ്രശ്നങ്ങളുണ്ട്.

വൈദ്യുതി ബോർഡിന്റെ ചില നയങ്ങൾ കാരണം സോളർ വൈദ്യുതി സംവിധാനം വച്ചവർ ചിലരെങ്കിലും ആപ്പിലായിട്ടുമുണ്ട്. അമേരിക്കയിലൂടെ യാത്രപോകുമ്പോൾ കാലിഫോർണിയ സംസ്ഥാനത്തും മറ്റും മരുഭൂമി മേഖലകളിൽ ആയിരക്കണക്കിന് സോളർ പാനലുകൾ കാണാം. നമ്മുടെ തരിശായി കിടക്കുന്ന പാടങ്ങളിലും ഇതു പരീക്ഷിക്കാം. അതുപോലെ ആർഒആർ പ്രോജക്ടിൽ നമുക്കു ചെയ്യാവുന്ന കാര്യങ്ങളുണ്ട്.

വീടിന്റെ അതിരിൽ കൂടി നദി ഒഴുകുന്നുണ്ടെങ്കിൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അനുമതി നൽകണം. ആ നയം നമ്മൾ രൂപീകരിച്ചാൽ മതി. പണം സർക്കാർ മുടക്കേണ്ട കാര്യമില്ല. ഇവിടെ കൊലപാതകം നടത്തിയാൽ ശിക്ഷ എന്താണെന്ന്   എല്ലാവർക്കും അറിയാം. എന്നാൽ സോളർ പാനൽ വച്ചാൽ അതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്താണെന്നു പലർക്കും വ്യക്തമല്ല. ഈ അവസ്ഥ മാറണം. ഇങ്ങനെ വൈദ്യുതി നിർമിക്കാൻ അനുമതി നൽകിയാൽ റിസർവോയറിലെ വെള്ളം പോലും മഴക്കാലത്ത് കുറച്ച് ഉപയോഗിച്ചാൽ മതി. ആ വെള്ളം നമുക്ക് വിൽക്കാനും പറ്റുമല്ലോ.   ജീവശ്വാസത്തെക്കാൾ വലുതാണ് വൈദ്യുതി.

English Summary:

Sunday special about fjord norway trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com