ADVERTISEMENT

1982 മേയ് 19 ബുധനാഴ്ച – രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിലേക്കു പറവൂർ മണ്ഡലം വിരൽ ചലിപ്പിച്ച ദിവസം. അന്ന്, 52 ബൂത്തുകളിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ (ഇവിഎം) ബീപ് ശബ്ദമുയർന്നു. 1972 മേയ് 5 വെള്ളിയാഴ്ച – മനോരമ ഇങ്ങനെ എഴുതി: ‘കണ്ടാൽ ഒരു ചെറിയ യന്ത്രം. അതിനകത്തോ, വലിയ ചില തന്ത്രങ്ങളും’. രാജ്യത്തിന്റെ തലവിധി കുറിക്കാനും ചരിത്രം തിരുത്താനും പോന്ന ഒരാശയത്തെ പത്തുവർഷം മുൻപേ പ്രവചനാതീതമായി ആറ്റിക്കുറുക്കിയതായിരുന്നു ആ വാക്കുകൾ. ‘സങ്കീർണവും ശ്രമകരവുമായ ഇന്നത്തെ തിരഞ്ഞെടുപ്പു സമ്പ്രദായം പരമാവധി ലളിതമാക്കുക എന്നതാണ് ടി.വി.കെ നമ്പീശൻ എന്ന ചെറുപ്പക്കാരൻ കണ്ടുപിടിച്ച യന്ത്രത്തിന്റ സവിശേഷത’– ആ വാർത്ത ഇങ്ങനെ തുടർന്നു.

വലിയ തന്ത്രങ്ങളെ ചെറിയ യന്ത്രത്തിലേക്ക് ചൂണ്ടുവിരലാൽ ആവാഹിച്ചു കയറ്റി തളച്ചിട്ട ആ നമ്പീശൻ ആരായിരിക്കും? ഇന്നിപ്പോൾ എവിടെയായിരിക്കും? വേലൂർ പഞ്ചായത്തിലെ കിരാലൂർ താമരത്തിരുത്തി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ പഴയൊരു നാലുകെട്ടിൽ ഉമ്മറത്തെ ചാരുകസേരയിൽ നമ്പീശനെ കാണാം. ബാലറ്റിൽ വിരലടയാളം പതിപ്പിച്ചു ശീലിച്ചവർക്ക് ‘സ്വിച്ചിട്ട പോലെ’ ഒരു മാറ്റം സാധ്യമാണെന്നു അരനൂറ്റാണ്ടു മുൻപേ ചെയ്തു കാണിച്ച മലയാളി, സാക്ഷാൽ തെക്കേപ്പാട്ട് വാസുദേവൻ കേശവൻ നമ്പീശൻ.

എതിരില്ലാത്ത ആശയം

1971–72 കാലം. അന്നു പാലക്കാട് വെള്ളിനേഴിയിലാണു താമസം. നാട്ടുകവലയിൽ കൂട്ടുകാർക്കൊപ്പം ഇലക്‌ഷൻ ചർച്ച പൊടിപൊടിക്കുകയാണ്. എന്തുകൊണ്ട് വോട്ടിങ് ഓട്ടമറ്റിക് ആക്കിക്കൂടാ എന്നൊരു ചോദ്യം നാവിൻ തുമ്പിൽ അറിയാതെ മുളപൊട്ടി. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുകയും പിൻതാങ്ങുകയും ചെയ്യും വിധം കൂട്ടുകാർ തലങ്ങും വിലങ്ങും നിന്നു.

പക്ഷേ, ആശയം മാത്രമേയുള്ളൂ. ഫണ്ടില്ല. വീട്ടുകാരുടെ പിന്തുണ കൂടി ഇല്ലാതായതോടെ പെട്ടിതുറക്കും മുൻപേ പൊട്ടിയ സ്ഥാനാർഥിയുടെ അവസ്ഥയായി. പോരാത്തതിനു, തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ് കോഴ്സ് പൂർത്തീകരിക്കാൻ നിൽക്കാതെ സ്വന്തം ഭാവനകളുടെ പിറകേ പായുന്ന കാലവും. എന്തായാലും വച്ച കാൽ മുന്നോട്ടുതന്നെ.

യന്ത്രതന്ത്രം ഫലിക്കുന്നു

ആദ്യം ഇലക്ട്രോ മെക്കാനിക്കൽ മെതേഡ് ഉപയോഗിച്ച് മനസ്സിലൊരു രൂപരേഖ വരച്ചു. ഒരു മാസ്റ്റർ യൂണിറ്റും കൗണ്ടിങ് യൂണിറ്റുകളും അനുബന്ധ സാമഗ്രികളും അതിൽപെടും. ഇവയ്ക്കും അനുബന്ധ ഉപകരണങ്ങൾക്കുമായി പാച്ചിൽ തുടങ്ങി. കോയമ്പത്തൂരിൽ നിന്നും മറ്റും സെക്കൻഡ് ഹാൻഡ് ഉപകരണങ്ങൾ തേടിപ്പിടിച്ച് ഇവിഎം അസംബിൾ ചെയ്തു. 230 വോൾട്ട് കറന്റിലും കറന്റില്ലാതെ വന്നാൽ 9 വോൾട്ട് ബാറ്ററിയുടെ സഹായത്താലും യന്ത്രം പ്രവർത്തിക്കും.

ഒരു ബാറ്ററി കൊണ്ട് ഇരുപതിനായിരം പേർക്കു വോട്ടു ചെയ്യാം. വെറും 300 രൂപ കൊണ്ട് ഒരു ഇവിഎം തയാർ. വൻതോതിൽ നിർമിക്കുകയാണെങ്കിൽ 6 സ്ഥാനാർഥികൾക്ക് 6 ബട്ടനുകളുള്ള ഒരു യന്ത്രത്തിന് 250 രൂപയേ ചെലവു വരൂ. കുറ‍ഞ്ഞ ചെലവിൽ മാതൃകാ യന്ത്രം നിർമിച്ചെങ്കിലും അതിൽ കൂടുതലായിരുന്നു അന്നത്തെ അലച്ചിലിന്റെ ചെലവെന്ന് നമ്പീശൻ പറയുന്നു.

നയ‘യന്ത്ര’ജയം

പിന്നീടു സമയം കുറെയെടുത്ത് പല മാർഗങ്ങളിലൂടെയാണ് യന്ത്രം സംബന്ധിച്ച വിവരം ഉദ്യോഗസ്ഥ തലത്തിലേക്ക് എത്തിച്ചത്. സി.അച്യുതമേനോൻ ആയിരുന്നു അന്നു മുഖ്യമന്ത്രി. തൃശൂർ ബന്ധം ഉപയോഗപ്പെടുത്തി വിവരം ധരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യ പ്രകാരം ആദ്യം ക്ലിഫ് ഹൗസിലും പിന്നീട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിലും പ്രവർത്തന മാതൃക കാട്ടിക്കൊടുക്കാൻ അവസരം ലഭിച്ചു.

5 വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിജയകരമായി പ്രവർത്തിപ്പിച്ചു കാട്ടി. ‘ടി.വി.കെ.നമ്പീശൻ രൂപകൽപന ചെയ്ത വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനത്തിനു സാക്ഷിയാകാൻ കഴിഞ്ഞു. യന്ത്രം തികച്ചും കൗതുകകരവും ഉപയോഗപ്രദവുമാണ്. പൊതു തിരഞ്ഞെടുപ്പിൽ ഇതെത്ര മാത്രം ഉപയോഗപ്രദമാകും എന്നതിനെ കുറിച്ച് എനിക്ക് ഉറപ്പില്ല. ഒരുപക്ഷേ, പഞ്ചായത്തു പോലെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ഇതു കൂടുതൽ ഗുണപ്രദമായേക്കും.

ശ്രീ നമ്പീശനും അദ്ദേഹത്തിന്റെ പരിശ്രമത്തിനും വിജയത്തിനും എല്ലാവിധ ആശംസകളും.’ എന്നു രേഖപ്പെടുത്തി കേരള സർക്കാർ മുദ്രയുള്ള സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി സമ്മാനിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരീക്ഷിക്കാമെന്ന അന്നത്തെ പഞ്ചായത്ത് മന്ത്രി അവുക്കാദർകുട്ടി നഹയുടെ വാഗ്ദാനവും കിട്ടി.

news-paper-cutting
ടി.വി.കെ.നമ്പീശന്റെ പുതിയ യന്ത്രത്തെ പരിചയപ്പെടുത്തി 1972 മേയ് 5ന് മനോരമ പ്രസിദ്ധീകരിച്ച വാർത്ത.

ജയിച്ചത്, കാലയന്ത്രം

ഈ പ്രതീക്ഷയിൽ, യന്ത്രം പരിശോധിച്ച് സർക്കാർ സംതൃപ്തി പ്രകടിപ്പിച്ച കാര്യമടക്കം വിശദമായ കുറിപ്പോടെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. പലതവണ അയച്ചപ്പോഴും നിരാശയായിരുന്നു ഫലം. ഒടുവിൽ, പ്രായോഗികമായി അസാധ്യമെന്നു മറുപടി കിട്ടിയതോടെ യന്ത്ര‘പ്പെട്ടി’ മടക്കി. ഇതിനിടെ നാഷനൽ റിസർച് ആൻഡ് ഡവലപ്മെന്റ് കോർപറേഷനും കത്തെഴുതി. ഫലം നിരാശയായിരുന്നെങ്കിലും അവരുടെ ഒരു പ്രസിദ്ധീകരണത്തിൽ യന്ത്രം സംബന്ധിച്ച് വിശദമായൊരു കുറിപ്പു പ്രസിദ്ധീകരിച്ചതായിരുന്നു നേരിയൊരാശ്വാസം. ഒരു പരീക്ഷണത്തിനു കൂടി നിൽക്കാതെ നമ്പീശന്റെ വോട്ടിങ് യന്ത്രം മത്സരരംഗത്തു നിന്നു വിടവാങ്ങി. 1982ൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ

പുതിയ യന്ത്രം വന്നപ്പോൾ പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിൽ പ്ലാസ്റ്റിക് കമ്പനിയിലായിരുന്നു ജോലി. ആ പത്തുവർഷത്തിനിടെ ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയിലുണ്ടായ പരിഷ്കാരമല്ലാതെ മറ്റൊന്നും പുതിയ യന്ത്രത്തിലുണ്ടായിരുന്നില്ല.

കാലത്തിനു മുൻപേ സഞ്ചരിച്ച വ്യക്തിയല്ലേ, ഇവിഎം സുതാര്യമല്ലെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നു കരുതുന്നുണ്ടോ: ‘യന്ത്രമല്ലേ, തെറ്റുകൾ സ്വാഭാവികം; എന്നാൽ കരുതിക്കൂട്ടി തെറ്റുവരുത്തൽ അസാധ്യം. കൈകടത്താൻ ഒരുപാടു പേർ തുനിഞ്ഞിറങ്ങിയാലോ സാധ്യവുമാണ്. എന്നാൽ അങ്ങനെയൊന്നു സംഭവിക്കുമെന്നു കരുതാനും വയ്യ’ 

English Summary:

Sunday Special about voting machine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com