ADVERTISEMENT

ഗാസ ∙ പട്ടിണിയും പോഷകാഹാരക്കുറവും മൂലം 5 വയസ്സുകാരൻ കൂടി ഇന്നലെ ഗാസയിൽ മരിച്ചു. ബോംബുകൾക്കും വെടിയുണ്ടകൾക്കുമിടയിൽ ജനങ്ങൾ നരകിക്കുന്ന ഗാസയിൽ പട്ടിണിമരണം തടയാനുള്ള അവസാന അവസരവും കൈവിട്ടുപോകുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികൾ മുന്നറിയിപ്പു നൽകി. 

ഗാസ സിറ്റിക്കു സമീപം, നിരായുധരായ പലസ്തീൻകാർ വെള്ളത്തുണി വീശിക്കാണിച്ചിട്ടും ഇസ്രയേൽ സൈന്യം അവരെ വെടിവച്ചുവീഴ്ത്തുന്നതിന്റെ വിഡിയോ പുറത്തുവന്നു. പിന്നീട് ബുൾഡോസർ ഉപയോഗിച്ച് മൃതദേഹങ്ങൾ ഒരുമിച്ചു കുഴിച്ചുമൂടി. യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 32,552 ആയി. 74,980 പേർക്കു പരുക്കേറ്റു.

കഴിഞ്ഞയാഴ്ച അൽ ഷിഫ ആശുപത്രിയിൽ കടന്നുകയറിയ ഇസ്രയേൽ സൈന്യം ഇതുവരെ 200 പലസ്തീൻകാരെ വധിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിക്കു സമീപം ഹമാസും ഇസ്രയേൽ സൈന്യവും നേർക്കുനേർ ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഖാൻ യൂനിസിലെ അൽ അമൽ ആശുപത്രിക്കു സമീപവും ഏറ്റുമുട്ടൽ നടക്കുന്നു. ഒട്ടേറെ ഹമാസുകാരെ വധിച്ചതായും നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

സംഘർഷ സാഹചര്യത്തിൽ അൽ അമൽ ആശുപത്രി പ്രവർത്തനം നിർത്തി. ഗാസയിലെ 36 ആശുപത്രികളിൽ നിലവിൽ 12 എണ്ണം മാത്രമേ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നുള്ളൂ. 70% ആളുകളും വറുതിയിലായ വടക്കൻ ഗാസയിലേക്ക് ഈ മാസം ആകെ 11 ട്രക്കുകൾ മാത്രമാണു ഭക്ഷണവിതരണത്തിന് പോയത്. 74,000 പലസ്തീൻകാർ ഈ മേഖലയിൽ പട്ടിണിയിലാണ്. അതിനിടെ, വടക്കൻ ഇസ്രയേൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായി തുടരുന്നു. ഇസ്രയേൽ മിസൈലാക്രമണത്തിൽ ലബനനിൽ 16 പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല മുപ്പതിലേറെ റോക്കറ്റുകളാണു പ്രത്യാക്രമണമായി തൊടുത്തത്. 

പുതിയ മന്ത്രിസഭയുമായി മുഹമ്മദ് മുസ്തഫ

∙ പലസ്തീൻ പ്രധാനമന്ത്രിയായി നിയമിതനായ മുഹമ്മദ് മുസ്തഫ മന്ത്രിസഭ രൂപീകരിച്ചു. 23 അംഗ മന്ത്രിസഭയിൽ 5 പേർ ഗാസയിൽനിന്നുള്ളവരാണ്. പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വിശ്വസ്തനും ബിസിനസ് പ്രമുഖനുമായ മുസ്തഫ ഗാസയിലെ വെടിനിർത്തലിനാണ് മുൻഗണന പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസിൽ ഉപരിപഠനം നടത്തിയ അദ്ദേഹം സാമ്പത്തിക വിദഗ്ധനാണ്.

English Summary:

Hunger death again reported in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com