ADVERTISEMENT

ജറുസലം ∙ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 33,037 ആയി. പരുക്കേറ്റവർ 75,668. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 91 പേർക്കു പരുക്കേറ്റു. അതേസമയം, ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന സൂചനകളെത്തുടർന്ന് ഇസ്രയേലിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ഡമാസ്കസിലെ കോൺസുലേറ്റിൽ 2 മുതിർന്ന ജനറൽമാർ അടക്കം 7 പേർ കൊല്ലപ്പെട്ട ആക്രമണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ ഭീഷണി ഉയർത്തിയ സാഹചര്യത്തിൽ സായുധസേനയിലെ അവധികളെല്ലാം ഇസ്രയേൽ റദ്ദാക്കി. എല്ലാ റിസർവ് സൈനികരെയും തിരിച്ചുവിളിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങളും ശക്തമാക്കി. മിസൈലാക്രമണം ഭയന്ന് ടെൽ അവീവിലെ ജിപിഎസ് സർവീസ് റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.

ജീവകാരുണ്യപ്രവർത്തകരായ 7 പേരെ ഇസ്രയേൽ ബോംബിട്ടു കൊന്നതു മനഃപൂർവമാണെന്ന് യുഎസ് സന്നദ്ധ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യൂസികെ ) കുറ്റപ്പെടുത്തി. 7 പ്രവർത്തകരുമായി പോയ 3 വാഹനങ്ങളും കൃത്യതയോടെ ലക്ഷ്യമിട്ട് ഇസ്രയേൽ നശിപ്പിക്കുകയായിരുന്നുവെന്ന് ഡബ്ല്യൂസികെ മേധാവി ഹൊസെ ആന്ദ്രസ് പറഞ്ഞു.

ഇസ്രയേലിന് ആയുധം നൽകുന്നതു നിർത്തണമെന്നാവശ്യപ്പെട്ടു ബ്രിട്ടനിലെ 3 സുപ്രീം കോടതി മുൻ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരുമടക്കം നിയമരംഗത്തെ 600 പ്രമുഖർ രംഗത്തുവന്നു. ആയുധം നൽകൽ തുടരുന്നതു ഗാസയിലെ വംശഹത്യയിൽ ബ്രിട്ടൻ പങ്കാളിയാകുന്നതിനു തുല്യമാണെന്നു പ്രധാനമന്ത്രി ഋഷി സുനകിനു നൽകിയ കത്തിൽ അവർ ചൂണ്ടിക്കാട്ടി. 

ഒക്ടോബർ 7 നു യുദ്ധം തുടങ്ങിയതു മുതൽ യുകെ, യുഎസിനൊപ്പം ഇസ്രയേലിനു ശക്തമായ പിന്തുണയാണു നൽകിവരുന്നത്. ഇസ്രയേലിന് ആയുധം നൽകുന്നതു നിർത്തിവയ്ക്കാനാവില്ലെന്നു സുനക് പ്രതികരിച്ചു. അതേസമയം, കൊല്ലപ്പെട്ട 7 സന്നദ്ധപ്രവർത്തകരിൽ 3 പേരും ബ്രിട്ടിഷ് പൗരന്മാരാണെന്നതു സർക്കാരിനുമേൽ സമ്മർദമേറ്റിയിട്ടുണ്ട്. കൊല്ലപ്പെട്ട പോളണ്ടുകാരന്റെ കുടുംബത്തോട് ഇസ്രയേൽ മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പോളണ്ട് പ്രധാനമന്ത്രിയും പ്രസിഡന്റും രംഗത്തെത്തി.

മുൻപു പരീക്ഷിച്ചിട്ടില്ലാത്തതും രഹസ്യസ്വഭാവമുള്ളതുമായ നിർമിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള ബോംബാക്രമണങ്ങളാണ് ഇസ്രയേൽ ഗാസയിൽ നടത്തുന്നതെന്നും ഇതാണു സാധാരണ ജനങ്ങളുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കുന്നതെന്നും വിമർശനമുയർന്നു. എഐ ഉപയോഗിച്ചു ലക്ഷ്യസ്ഥാനം കണ്ടെത്തുന്ന ഈ ആക്രമണ സംവിധാനത്തെ ലാവെൻഡർ എന്നാണു പേരിട്ടിരിക്കുന്നതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary:

Palestinians killed in Israeli attack in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com