ADVERTISEMENT

ഗാസ / ജറുസലം / ന്യൂയോർക്ക് ∙ ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, ഈജിപ്തിലെ കയ്റോ‍യിൽ വെടിനിർത്തൽ ചർച്ചകൾ പാളുന്നതായി സൂചന. ചർച്ചയിൽ പുരോഗതി ഇല്ലെന്നും ഗാസ യുദ്ധം ആ മേഖല മുഴുവൻ വ്യാപിക്കുന്നതിനെ കരുതിയിരിക്കണമെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു. 

സിറിയയിലെ നയതന്ത്രകാര്യാലയം ആക്രമിച്ച ഇസ്രയേലിന് ഇറാൻ തിരിച്ചടി നൽകിയതും അതിനു പകരംവീട്ടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചതും മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്. ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള ചെറിയ പ്രകോപനത്തിനു പോലും ഉഗ്രമായ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ടെഹ്റാനിലെ സൈനിക പരേഡ് ചടങ്ങിൽ പ്രഖ്യാപിച്ചു. ഇറാനോടു പ്രതികാരത്തിന് ഇസ്രയേൽ തീരുമാനമെടുത്തു കഴി‍ഞ്ഞെന്നു ബ്രിട്ടിഷ് ‌വിദേശകാര്യമന്ത്രി ഡേവിഡ് കാമറൺ ജറുസലമിൽ പറഞ്ഞു. 

ഖത്തറിലെത്തിയ തുർക്കി വിദേശകാര്യമന്ത്രി ഹക്കൻ ഫിദാൻ, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുമായി ചർച്ച നടത്തി. ഗാസയിലേക്കുള്ള സഹായവിതരണം, ബന്ദി കൈമാറ്റം, വെടിനിർത്തൽ സാധ്യതകൾ എന്നിവയാണ് ചർച്ചയായത്. ഹനിയ അടുത്ത ദിവസങ്ങളിൽ തുർക്കി സന്ദർശിക്കും. ഹമാസ് നേതാവുമായി ചർച്ച നടത്തുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പാർലമെന്റിൽ പറഞ്ഞു. 

ഇതിനിടെ, അഭയാർഥികളെക്കൊണ്ടു നിറഞ്ഞ ഗാസയുടെ തെക്കേയറ്റത്തുള്ള റഫ നഗരത്തിൽ ഇസ്രയേൽ ആക്രമണഭീഷണി ശക്തമായി. യുദ്ധത്തിനു മുൻപ് രണ്ടേമുക്കാൽ ലക്ഷം പേർ താമസിച്ചിരുന്ന റഫയിൽ ഇപ്പോഴുള്ളത് 15 ലക്ഷം പേരാണ്. ഗാസയിലെ ഫെർട്ടിലിറ്റി ക്ലിനിക്കിലുണ്ടായ ഇസ്രയേൽ ഷെല്ലാക്രമണത്തിൽ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന അയ്യായിരത്തിലേറെ ഭ്രൂണങ്ങൾ നശിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അൽ ബാസ്മ ഐവിഎഫ് കേന്ദ്രത്തിൽ കഴിഞ്ഞ ഡിസംബറിലുണ്ടായ ആക്രമണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെക്കൻ ലെബനനിൽ ഇന്നലെ വ്യാപകമായി ഇസ്രയേൽ ആക്രമണം നടത്തി. വടക്കൻ ഇസ്രയേലിലെ അറബ് അൽ അറംഷെ ഗ്രാമത്തിൽ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തിൽ 13 പേർക്കു പരുക്കേറ്റു.

∙ ഗാസയിൽ ഇന്നലെ മാത്രം ഇസ്രയേ‍ൽ ആക്രമണത്തിൽ  കൊല്ലപ്പെട്ടത്  56 പലസ്തീൻകാർ. യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ മരണം 33,899. 

English Summary:

British minister says Israel has decided to take revenge on Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com