ADVERTISEMENT

ന്യൂ ഡൽഹി ∙ അടിച്ചോ ഇല്ലയോ ? അടിച്ചതായി ഇസ്രയേലും അടികൊണ്ടതായി ഇറാനും സ്ഥിരീകരിക്കുന്നില്ല; പൂർണമായി നിഷേധിക്കുന്നുമില്ല. ഒരു കാര്യം ഉറപ്പാണ്: ചിത്രം വ്യക്തമാക്കാൻ ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. ഇസ്രയേലിനെതിരെ ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയും ഹൂതികളും നടത്തുന്ന ആക്രമണങ്ങൾക്കു മറുപടിയെന്ന നിലയിൽ ഏപ്രിൽ ഒന്നിന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസലേറ്റിനുമേൽ ഇസ്രയേൽ മിസൈലാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഇറാന്റെ 7 സൈനികോദ്യോഗസ്ഥർ അടക്കം 24 പേരാണു കൊല്ലപ്പെട്ടത്. 

ഇതിനു തിരിച്ചടിയായാണ് ഈ മാസം 14ന് ഇറാൻ ഇസ്രയേലിലേക്കു നൂറുകണക്കിനു ഡ്രോണുകളും മിസൈലുകളും തൊടുത്തത്. യുഎസിനെയും യൂറോപ്യൻ രാജ്യങ്ങളെയും അറിയിച്ചശേഷമായിരുന്നു ആക്രമണം. ഇറാന്റെ ഡ്രോണുകളിലേറെയും യുഎസ്, യുകെ പിന്തുണയോടെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തടുത്തു. ആളപായമുണ്ടായില്ല. 

അടിക്കു തിരിച്ചടി നൽകിയല്ലോ, ഇനി ഇരു കൂട്ടരും സംയമനം പാലിക്കണം എന്നായിരുന്നു വിവിധ രാജ്യങ്ങൾ അന്നാവശ്യപ്പെട്ടത്. എന്നാൽ ഈ വർഷം പൊതുതിരഞ്ഞെടുപ്പു നേരിടാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുഖം രക്ഷിക്കാൻ ഇറാനെതിരെ ഒരു പ്രഹരം കൂടി നടത്തിയേക്കുമെന്ന് അന്നേ ആശങ്കയുണ്ടായിരുന്നു. അതാണിപ്പോൾ സംഭവിച്ചത്. 

ഇറാന്റെ അണ്വായുധ പദ്ധതികളുടെ സങ്കേതങ്ങളുള്ള ഇഷ്ഫഹാനിലും തബ്രീസിലുമാണു ആകാശത്ത് സ്ഫോടനങ്ങളുണ്ടായത്. ഇസ്രയേൽ അയച്ച ഡ്രോണുകൾ ഇറാൻ തകർത്തതാണെന്നും അതല്ല ആക്രമണം മുൻകൂട്ടിയറിഞ്ഞ് ഇറാൻ വിമാനവേധപീരങ്കികൾ പ്രയോഗിച്ചതാണെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആണവകേന്ദ്രത്തിനു നാശമുണ്ടാക്കില്ലെന്ന് അറിഞ്ഞുതന്നെയാവണം ഇസ്രയേൽ ആക്രമണത്തിനു മുതിർന്നത്. പോരാട്ടം വിപുലമാക്കാൻ ഇരുവർക്കും താൽപര്യമില്ലെന്ന് ഇതിൽനിന്നു തന്നെ വ്യക്തം.എന്നാൽ മുഖംരക്ഷിക്കാൻ ഭരണനേതൃത്വത്തിന് ഒരു വെടിയെങ്കിലും പൊട്ടിക്കുകയും വേണം.

English Summary:

Israel and Iran remain silent on drone attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com