ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് സർവകലാശാലകളിൽ പടരുന്ന ഗാസാ യുദ്ധവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ പൊലീസും അധികൃതരും നടപടികൾ കടുപ്പിച്ചു. വിഖ്യാതമായ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വംശജ അടക്കം 2 ബിരുദവിദ്യാർഥികൾ അറസ്റ്റിലായി; ഇവരെ ക്യാംപസിൽനിന്നു വിലക്കി. കോയമ്പത്തൂരിൽ ജനിച്ച് കൊളംബസിൽ വളർന്ന അചിന്ത്യ ശിവലിംഗമാണ് അച്ചടക്കനടപടി നേരിട്ട ഇന്ത്യൻ വിദ്യാർഥിനി. 

സർവകലാശാലയുടെ മക്കോഷ് കോർട്‌യാഡിൽ വ്യാഴാഴ്ച രാവിലെയാണു നൂറിലേറെ വിദ്യാർഥികൾ സമരപ്പന്തൽ കെട്ടി പലസ്തീൻ അനുകൂല ധർണ തുടങ്ങിയത്. ഇസ്രയേലിൽനിന്നുള്ള പണം സ്വീകരിക്കുന്നതു സർവകലാശാല നിർത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. തുടർന്നാണു അചിന്ത്യ, ഹസൻ സായിദ് എന്നിവരെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ യുഎസിലെങ്ങും യുദ്ധവിരുദ്ധ സമരങ്ങളിൽ 550 വിദ്യാർഥികൾ അറസ്റ്റിലായി. 

ഹാർവഡ്, കൊളംബിയ അടക്കം പ്രമുഖ ക്യാംപസുകളെല്ലാം സമരക്കാരെ നീക്കം ചെയ്യാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ 60 വിദ്യാർഥികൾ അറസ്റ്റിലായി. അറ്റ്‌ലാന്റ ഇമോറി യൂണിവേഴ്സിറ്റിയിൽ കണ്ണീർവാതകം പ്രയോഗിച്ചു. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സർവകലാശാല ക്യാംപസിൽ സമരപ്പന്തലുകൾ നീക്കാൻ കേന്ദ്രസേനയെ വിളിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. 

അറസ്റ്റുകളെ അപലപിച്ച മനുഷ്യാവകാശ സംഘടനകളായ ഹ്യുമൻ റൈറ്റ്സ് വാച്ചും അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും സമരക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്ന് ആവശ്യപ്പെട്ടു. ക്യാപസിൽ ജൂതവിദ്യാർഥികൾക്കുനേരെ അതിക്രമം നടക്കുന്നുവെന്ന ആശങ്ക റിപ്പബ്ലിക്കൻ നേതാക്കൾ യുഎസ് കോൺഗ്രസിൽ ഉയർത്തി. 

English Summary:

Anti-war protest: Indian student arrested in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com