ADVERTISEMENT

അടുക്കളയിൽ പാചകത്തിനു സഹായകമാകുന്ന രണ്ടു ടിപ്സ്, 1. സാമ്പാറിന്റെ കഷ്ണങ്ങൾ മുറിച്ച് കഴുകിയതിനു ശേഷം വെളിച്ചെണ്ണയും ലേശം കായപ്പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും നന്നായി തിരുമ്മി ഇരുപത് മിനിറ്റു വച്ചതിന് ശേഷം സാമ്പാർ തയ്യാറാക്കുക! കായമിടാതെ  അവിയലിനും ഇത് പരീക്ഷിക്കാം. 2. ചായയ്ക്ക് രുചി കൂട്ടാൻ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും രണ്ട് ബ്രാൻഡ് ചായപ്പൊടി വാങ്ങി വായുകടാക്കാത്ത പാത്രത്തിലാക്കി ലേശം പഞ്ചസാര ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇനി ചായ ഇടുമ്പോൾ ആ പൊടി ചേർത്ത് ഉപയോഗിക്കുക. രുചിയിൽ മാറ്റമുണ്ടാകും, ഷെഫ് സുരേഷ് പിള്ളയുടെ സോഷ്യൽ മിഡിയ കുറിപ്പിനുകമന്റായി വന്നതു ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ഉപയോഗപ്രദമാകുന്നതുമായ ആയിരക്കണക്കിനു അടുക്കള നുറുങ്ങുകളാണ്. നിങ്ങൾക്ക് അറിയാവുന്ന പൊടികൈകൾ കമന്റിൽ എഴുതൂ, ഇതിന്റെ പ്രതികരണം നോക്കിയിട്ട് പുതിയ ടിപ്‌സുകൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും എന്നു പറഞ്ഞ ഷെഫ് വീണ്ടും 20 ടിപ്സുകൾ കൂടി പങ്കുവച്ചു. ‘ഒരു 20 ടിപ്പും കൊണ്ട് എക്സ്ട്രാ 1000 ടിപ്പ് കിട്ടി’ എന്നായി വായനക്കാർ. 

 

ബ്രൂ കോഫി പൗഡർ കട്ടി ആയി പോയാൽ ബോട്ടിൽ ഫ്രിജിൽ വച്ചിട്ട് എടുത്താൽ കട്ടി മാറി പൗഡർ രൂപത്തിൽ ആവും. കിളിമീൻ വറുകുമ്പോൾ പൊടിഞ്ഞു പോകാതിരിക്കാൻ മസാലയിൽ മുട്ടയുടെ വെള്ള ചേർക്കുന്നത് നല്ലതാണ്...എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ചിപ്സ് സൂക്ഷിക്കാനുള്ള ടിപ്സാണെന്നു ഷെഫ് സുരേഷ് പിള്ള മനോരമ ഓൺലൈനോടു പറഞ്ഞു. ‘ഒരു പാക്കറ്റ് ചിപ്സ് പൊട്ടിച്ചാൽ മൊത്തം ഇരുന്നു തിന്നു തീർക്കുക. ഇത് ചിപ്സ് തണുത്തു പോകാതെ സൂക്ഷിക്കാനും ഉറുമ്പരിക്കാതിരിക്കാനും ഉത്തമം!’

ചില അടുക്കള നുറുങ്ങുകൾ

1. ചോറ്‌ എളുപ്പത്തിൽ വേവിക്കാൻ രാത്രിയിൽ കുതിർത്തു ഫ്രിജിൽ വയ്ക്കുക. (ബസ്മതിയല്ല)
2. തേങ്ങ വറുത്തരക്കുന്നതിനു മുൻപ്‌ മിക്സിയിൽ ഒന്ന് ക്രഷ് ചെയ്യുക, ഒരേ നിറത്തിലും വേഗത്തിലും വറുത്തെടുക്കാം!
3. മീൻ കറിയിൽ കല്ലുപ്പ്‌ ഉപയോഗിക്കുക, വൃത്തിയാക്കാൻ കല്ലുപ്പ്‌ ഇട്ട്‌ വയറ്റണം.
4. മീൻ കറിക്കു താളിക്കുമ്പോൾ കടുകിനോടൊപ്പം അൽപ്പം ഉലുവ കൂടി ചേർക്കുക.
5. അവിയൽ തയാറാക്കുമ്പോൾ കുറച്ച്‌ ഉണക്ക ചെമ്മീൻ ഇടുക! (മീനവിയൽ)
6. അവിയൽ മഞ്ഞൾ ഇടാതെ വെള്ള നിറത്തിലും ചെയ്യാം! രുചി കൂട്ടാനായ്‌ കടലയും കശുവണ്ടിയും ചേർക്കാം!
7. പച്ചക്കറികൾ എല്ലം പാകം ചെയ്യുന്നതിനു മുൻപ്‌ ഒരു പാത്രത്തിൽ മഞ്ഞൾപൊടിയിട്ട വെള്ളത്തിൽ ഇട്ടു വയ്ക്കുക!
8. മല്ലിപ്പൊടി കടയിൽനിന്നും വാങ്ങാതെ മല്ലി വാങ്ങി ആവശ്യത്തിനു പൊടിച്ചു ഉപയോഗിക്കുക. കറികളുടെ ഗുണവും മണവും കൂടും!
9. വറുക്കാനുള്ള എണ്ണ വൃത്തിയാക്കാൻ ഒരൽപ്പം വെന്ത ചോർ ഇട്ടു വറക്കുക, എണ്ണയിലെ അഴുക്കെല്ലാം ചോറിനൊപ്പം വരും!
10. എളുപ്പത്തിൽ ഗ്രേവി ഉണ്ടാക്കാൻ തക്കാളി മൈക്രോവേവ് ചെയ്തതിനു ശേഷം കറിയിൽ ഇടുക! ( സമയക്കുറവുള്ള വീട്ടമ്മമാർക്കു മാത്രം!)
11. പാൽ ഉപയോഗിച്ചുള്ള പായസങ്ങളിൽ അൽപ്പം പഞസാര കാരമലൈസ്‌ ചെയ്തിടുക!
12. വറുക്കാനുള്ള മീനോ, ചെമ്മീനോ കഴുകിയതിനു ശേഷം ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ചു നന്നായി ജലാംശം ഒപ്പിയതിനു ശേഷം മസാലയിടുക, നല്ല ക്രിസ്പിയായി പൊരിച്ചെടുക്കാം!
13. ഗരംമസാലകൾ മുഴുവനായും ഉപയോഗിക്കുമ്പോൾ ഒരു നേർത്ത തുണിയിൽ കെട്ടിയിട്ടു വഴറ്റുക! വെന്തതിനു ശേഷം കളയുക! കഴിക്കുമ്പോൾ മസാല കടിച്ചു കറിയുടെ ഫ്ലേവർ പോകാതെ ആസ്വദിക്കാം!
14. വറുക്കാനും വയറ്റാനുമുള്ള പാൻ (നോൺ സ്റ്റിക്ക്‌ അല്ലെങ്ങിൽ) പാകം ചെയ്യുന്നതിനു മുൻപ്‌ എണ്ണ ഒഴിച്ചു നന്നായി ചൂടാക്കി എല്ലാ വശങ്ങളിലും എണ്ണ എത്തിച്ചു മിനുസമാക്കുക! ഭക്ഷണം അടിയിൽപിടിക്കാതെ ഉണ്ടാക്കാം.
15. പപ്പടം വറുത്തതിനു ശേഷം പപ്പടത്തിൽ ചുടോടെ കുറച്ചു ഇഡ്ഡലി പൊടിയിടുക(idli chutney powder)
16. മീനച്ചാർ ഉണ്ടാക്കുമ്പോൾ വെള്ളത്തിനുപകരം കുടമ്പുളിയിട്ട വെള്ളമൊഴിക്കുക.
17. ചെമ്മീൻ ചമ്മന്തിക്കു പകരം ഉണക്കമീൻ പൊടിയിട്ടും ഉണ്ടാക്കാം.
18. ചെമ്മീൻ കറിയുണ്ടാക്കുമ്പോൾ ചെമ്മീന്റെ തൊലിയും തലയും എണ്ണയിൽ വഴറ്റി മഞ്ഞളും വെള്ളവുമൊഴിച്ചു തിളപ്പിച്ച്‌ അരിച്ച സ്റ്റോക്ക്‌ കറിയിലേക്ക്‌ ഒഴിക്കുക!
19. ഇഞ്ചിയും വെളുത്തുള്ളിയും അരയ്ക്കുന്നതിനൊപ്പം കുറച്ച്‌ എണ്ണ ചേർത്തു അരയ്ക്കുക! നല്ല രുചിക്കു 40:60 എന്ന കണക്കിൽ എടുക്കുക.
20. വിശപ്പില്ലന്നു പറയുന്ന കുട്ടികളുടെ മുന്നിലേക്കു വെളിച്ചെണ്ണയിൽ കടുകും ചുമന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച്‌ അരികെ വെയ്ക്കുക! മലയാളിയാണെങ്കിൽ കഴിച്ചിരിക്കും!

 

Content Summary : Kitchen tips shared by Chef Suresh Pillai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com