ADVERTISEMENT

എല്ലാ അടുക്കളകളിലും കാണുന്ന രണ്ടു ചേരുവകളാണ് നെയ്യും വെളിച്ചെണ്ണയും. ഇന്ത്യന്‍ പാചകത്തിന്‍റെ മുഖമുദ്രകളായ ഇവ നൂറ്റാണ്ടുകളായി പാചകത്തിന് ഉപയോഗിച്ചു വരുന്നു. റെസിപ്പികളും പാചകരീതികളും മാറിയാലും ഇവ മാറില്ല. എന്നാല്‍ ഇവയില്‍ ഏതാണ് ആരോഗ്യത്തിനു നല്ലത്? അത് മനസ്സിലാവണമെങ്കില്‍ രണ്ടിലും അടങ്ങിയ പോഷകങ്ങള്‍, പാചകഗുണങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പരിഗണിക്കണം.

pachakam-coconut-oil-shutterstock-thasneem
Photo Credit : Thasneem / Shutterstock.com

വെളിച്ചെണ്ണയുടെ നൂറു ഗുണങ്ങള്‍
നല്ല മൂത്ത തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ, പ്രാഥമികമായി മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടി) ഉൾപ്പെടെയുള്ള പൂരിത കൊഴുപ്പുകൾ അടങ്ങിയതാണ്. മെച്ചപ്പെട്ട മസ്തിഷ്ക പ്രവർത്തനം, ഭാരം നിയന്ത്രിക്കൽ, എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യഗുണങ്ങള്‍ക്ക് പ്രശസ്തമാണ് ഇവ. വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ ചെറുക്കാൻ സഹായിക്കുകയും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. മോയ്സ്ചറൈസിങ്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കാരണം വെളിച്ചെണ്ണ ചർമസംരക്ഷണത്തിനും മുടി സംരക്ഷണ ഉൽപന്നങ്ങളിലും ഉപയോഗിച്ചു വരുന്നു.

നെയ്യ് എന്നാല്‍
നൂറ്റാണ്ടുകളായി ഇന്ത്യൻ പാചകരീതിയിലെ പ്രധാന ചേരുവയാണ് നെയ്യ് അഥവാ ഉരുക്കിയ വെണ്ണ. എന്നാല്‍, ഇതു വെണ്ണയിൽനിന്ന് വ്യത്യസ്‌തമായി ലാക്ടോസ് രഹിതവും സവിശേഷമായ പോഷകഗുണങ്ങള്‍ ഉള്ളതുമാണ്. കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിൻ എ, ഇ, കെ തുടങ്ങിയവയുടെ ഉറവിടമാണ് നെയ്യ്. രോഗപ്രതിരോധ പ്രവർത്തനം, കാഴ്ച, ചർമത്തിന്റെ ആരോഗ്യം എന്നിവയില്‍ ഇവ നിർണായക പങ്ക് വഹിക്കുന്നു. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ദഹനനാളത്തിലെ കോശങ്ങളെ പോഷിപ്പിക്കാനും വീക്കം ലഘൂകരിക്കാനും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. കൂടാതെ, ഉയര്‍ന്ന സ്മോക്ക്‌ പോയിന്‍റ് നെയ്യിന്‍റെ മറ്റൊരു സവിശേഷതയാണ്. അതിനാല്‍ ഉയര്‍ന്ന ചൂടില്‍ തയാറാക്കുന്ന വിഭവങ്ങള്‍ക്ക് അനുയോജ്യമാണ് നെയ്യ്.

cooking-oil
Representative Image. Photo Credit : Ben bryant / Shutterstock.com

നെയ്യോ വെളിച്ചെണ്ണയോ - ഏതാണ് ആരോഗ്യകരം?
വെളിച്ചെണ്ണയും നെയ്യും ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കേണ്ടത് അത്യാവശ്യമാണ്.

1. പൂരിത കൊഴുപ്പ്
വെളിച്ചെണ്ണയിലും നെയ്യിലും പൂരിത കൊഴുപ്പ് കൂടുതലാണ്, ഇത് അധികം കഴിക്കുമ്പോൾ കൊളസ്ട്രോളിന്റെ അളവ് കൂടുകയും ഹൃദ്രോഗ സാധ്യത വർധിക്കുകയും ചെയ്യും. ഈ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ മിതത്വം പ്രധാനമാണ്.

2. പോഷക പ്രൊഫൈൽ
വെളിച്ചെണ്ണയിൽ കാണാത്ത തരം, കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളും ബ്യൂട്ടിറിക് ആസിഡും നെയ്യിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, വെളിച്ചെണ്ണയിലുള്ള എം സി ടികൾ രോഗപ്രതിരോധശേഷി കൂട്ടുന്നു എന്നൊരു മെച്ചമുണ്ട്.

3. പാചകത്തിലെ ഉപയോഗം
 
എന്താണ് ഉണ്ടാക്കുന്നത് എന്നതനുസരിച്ചു വേണം വെളിച്ചെണ്ണ വേണോ നെയ്യ് വേണോ എന്ന് തീരുമാനിക്കാന്‍. പായസം പോലെ പ്രത്യേക വിഭവങ്ങള്‍ക്ക് നെയ്യ് ഉപയോഗിക്കുമ്പോള്‍ കറികള്‍ക്കും മറ്റും രുചി കൂട്ടാന്‍ വെളിച്ചെണ്ണ തന്നെയാണ് നല്ലത്. എന്നാല്‍, ഉയര്‍ന്ന തീയില്‍ പാചകം ചെയ്യേണ്ട സാഹചര്യത്തില്‍ നെയ്യ് ഉപയോഗിക്കണം. 

വെളിച്ചെണ്ണയും നെയ്യും മിതമായ അളവിലും വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെ ഭാഗമായും കഴിക്കുമ്പോൾ സമീകൃതവും പോഷകസമൃദ്ധവുമാകും. അതിനാല്‍ ഒന്നു മാത്രം തിരഞ്ഞെടുക്കുന്നതിന് പകരം, ഇവ രണ്ടും ആവശ്യമായ അളവില്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

English Summary:

Comparing Coconut Oil VS Ghee in India Cooking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com