ADVERTISEMENT

ഇന്ത്യന്‍ പാചകത്തിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവകളില്‍ ഒന്നാണ്, ക്ലാരിഫൈഡ് ബട്ടർ എന്നും വിളിക്കപ്പെടുന്ന നെയ്യ്. കറികള്‍ മുതല്‍ മധുരപലഹാരങ്ങള്‍ വരെ നൂറുകണക്കിന് വിഭവങ്ങളില്‍ നെയ്യ് ഉപയോഗിക്കുന്നു. നാടന്‍ നെയ്യ് ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കപ്പെടുന്നു, കൂടാതെ വിഭവങ്ങള്‍ക്ക് സവിശേഷമായ രുചിയും സൗരഭ്യവും നൽകുന്നു. 

ആയുര്‍വേദം പറയുന്നതനുസരിച്ച്, രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ചെറുകുടലിന്‍റെ ആഗിരണശേഷി മെച്ചപ്പെടുത്തുന്നതിനും ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. ചര്‍മത്തിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്‍റിഓക്സിഡന്റുകളും നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിലുള്ള വൈറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഹൃദയത്തിന്‍റെ ആരോഗ്യം, കാഴ്ചശക്തി, കാൻസർ പ്രതിരോധം, മലബന്ധ പ്രശ്നങ്ങൾ  എന്നിവയ്ക്കും നെയ്യ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

നെയ്യ് ശുദ്ധമായിരിക്കണം

എന്നാല്‍ ഇത്രയേറെ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍, കഴിക്കുന്ന നെയ്യ് ശുദ്ധമായിരിക്കണം. കൂടിയ ആവശ്യകതയും കുറഞ്ഞ ലഭ്യതയും കാരണം, ഇന്ന് വിപണിയില്‍ കിട്ടുന്ന നെയ്യ് ബ്രാന്‍ഡുകളില്‍ പലതും മായം ചേര്‍ന്നതാണ്. സസ്യ എണ്ണകൾ, മൃഗങ്ങളുടെ കൊഴുപ്പ്, ധാതു കൊഴുപ്പുകൾ, അന്നജം എന്നിവയാണ് സാധാരണയായി നെയ്യില്‍ മായമായി ചേര്‍ക്കുന്നത്. നെയ്യിന്‍റെ പരിശുദ്ധി പരിശോധിക്കുന്നതിനായി,  എഫ്എസ്എസ്എഐ പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വിപണിയില്‍ നിന്നും വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്നറിയാന്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചില പരിശോധനകളെക്കുറിച്ച് അറിയാം.

നെയ്യുടെ നിറം

ശുദ്ധമായ നെയ്യുടെ യഥാർഥ നിറം മഞ്ഞയോ സ്വർണനിറമോ ആണ്. മുകളില്‍ ദ്രവരൂപത്തിലുള്ള സ്വർണനിറമുള്ള നെയ്യും അടിയില്‍ അതിനെക്കാള്‍ അല്‍പം വെളുത്ത നിറത്തിലുള്ള ഖരഭാഗവുമാണ് ശുദ്ധമായ നെയ്യില്‍ ഉണ്ടാവുക. എന്നാല്‍, ധാരാളം ബ്രാൻഡുകൾ മായം ചേർക്കുന്നതിനാൽ, നെയ്യുടെ നിറം മാത്രം നോക്കി അതിന്റെ പരിശുദ്ധി പരിശോധിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

ഉരുക്കി നോക്കുക

ഒരു പാന്‍ ഇടത്തരം തീയില്‍ അടുപ്പത്ത് വയ്ക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ഉരുക്കുക. നെയ്യ് ഉടനടി ഉരുകി ഇരുണ്ട തവിട്ട് നിറമാകുകയാണെങ്കിൽ, അത് ശുദ്ധമായ നെയ്യായിരിക്കും. ഇത് ഉരുകാൻ സമയമെടുക്കുകയും ഇളം മഞ്ഞ നിറമാകുകയും ചെയ്താൽ അത് മായം കലർന്നതാണ്.

വെളിച്ചെണ്ണ ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍

ഒരു ഗ്ലാസ് പാത്രത്തിൽ കുറച്ച് നെയ്യ് ചേർത്ത് ഡബിൾ ബോയിലർ രീതി ഉപയോഗിച്ച് ഉരുക്കുക. ഇനി ഈ മിശ്രിതം ഒരു ജാറിലാക്കി കുറച്ചു നേരം ഫ്രിഡ്ജിൽ വെക്കുക. നെയ്യില്‍ മായമായി വെളിച്ചെണ്ണ ചേര്‍ത്തിട്ടുണ്ട് എങ്കില്‍, കുറച്ച് സമയത്തിന് ശേഷം, വെളിച്ചെണ്ണയും നെയ്യും വെവ്വേറെ പാളികളായി പിരിയുന്നത് കാണാം.

Image Creit: Frames of Yash/Shutteratock
Image Creit: Frames of Yash/Shutteratock

കയ്യില്‍ ഒഴിച്ച് പരിശോധിക്കാം

കൈപ്പത്തിയിൽ ഒരു സ്പൂൺ നെയ്യ് വയ്ക്കുക. കുറച്ചു സമയത്തിന് ശേഷം ഇത് ഉരുകുന്നുണ്ട് എങ്കില്‍ നെയ്യ് ശുദ്ധമാണ്, കേടുകൂടാതെ കട്ടിയായി തന്നെ ഇരുന്നാൽ മായം കലർന്നതാണ് എന്ന് മനസിലാക്കാം. 

രാസപരിശോധന നടത്താം

ഒരു ടെസ്റ്റ് ട്യൂബിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ഒരു നുള്ള് പഞ്ചസാരയും, ഒരു ടേബിൾസ്പൂൺ കേന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഇതിലേക്ക് ചേര്‍ത്ത്, ടെസ്റ്റ് ട്യൂബ് നന്നായി കുലുക്കുക. അപ്പോള്‍, ട്യൂബിന് താഴെയായി പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമുള്ള തരികൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഇതിനർത്ഥം നെയ്യ് വനസ്പതി  പോലെയുള്ള മായം കലർന്നതാണ് എന്നാണ്.

English Summary:

Detection of Adulteration in Ghee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com