കുക്കറില്‍ വെറും പത്തു മിനിറ്റില്‍ നല്ല നറുനെയ്യ് വീട്ടിലുണ്ടാക്കാം; വൈറല്‍ വിഡിയോ!
Mail This Article
പാചകത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ചേരുവയാണ് നെയ്യ്. വെണ്ണയുരുക്കി ഉണ്ടാക്കുന്ന നെയ്യ് ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ളതാണ്. മധുരപലഹാരങ്ങളിലും എരിവുള്ള കറികളിലും അരിവിഭവങ്ങളിലുമെല്ലാം നെയ്യ് ഉപയോഗിക്കുന്നു. കൂടാതെ പലവിധ രോഗങ്ങള്‍ക്കുള്ള മരുന്നായും നെയ്യ് ഉപയോഗിക്കുന്നു.
സാധാരണയായി നെയ്യ് നമ്മള്‍ കടകളില്‍ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാല്‍ വീട്ടാവശ്യത്തിനുള്ള നെയ്യ് വീടുകളില്‍ തന്നെ തയാറാക്കാവുന്നതാണ്. ഇതല്‍പ്പം സമയമെടുക്കുന്നതും അധ്വാനം ആവശ്യമുള്ളതുമായ പ്രക്രിയയായതിനാല്‍ പലരും ഇതിനു മെനക്കെടാറില്ല എന്ന് മാത്രം. എന്നാൽ വീട്ടിൽ നെയ്യ് ഉണ്ടാക്കാൻ എളുപ്പവും വേഗത്തിലുള്ളതുമായ ഒരു മാർഗം ഉണ്ടെങ്കിലോ? ഇതേക്കുറിച്ച് ഷിപ്ര കേസര്‍വാനി എന്ന വ്ളോഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ വൈറലാണ്. വലിയ പ്രയാസമില്ലാതെ വീട്ടില്‍ത്തന്നെ നെയ്യ് ഉണ്ടാക്കിയെടുക്കുന്ന വിഡിയോ ആണിത്.
വെറും പത്തു മിനിറ്റില്‍ ഇങ്ങനെ നെയ്യ് ഉണ്ടാക്കിയെടുക്കാം എന്ന് വ്ളോഗര്‍ അവകാശപ്പെടുന്നു. ഇതേ വരെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കണ്ടത്. പ്രെഷര്‍കുക്കറില്‍ എങ്ങനെ നെയ്യ് ഉണ്ടാക്കാം എന്നുള്ള വിഡിയോ ആണിത്. ആദ്യം തന്നെ ഒരു കുക്കറില്‍ ഫ്രഷ് ക്രീം ചേര്‍ക്കുന്നു. ഇതിലേക്ക് അല്‍പ്പം വെള്ളമൊഴിക്കുന്നു. തണുത്തതോ അല്ലെങ്കില്‍ സാധാരണ ഊഷ്മാവില്‍ ഉള്ളതോ ആയ ക്രീം ഇതിനായി എടുക്കാം. കുക്കര്‍ ഉയര്‍ന്ന തീയില്‍, ഒരു വിസില്‍ വരുന്നതുവരെ വയ്ക്കുക. ശേഷം, ഇതു തുറന്ന് അല്‍പ്പം ബേക്കിങ് സോഡ ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുന്നു. ഏകദേശം 5-7 മിനിറ്റ് കഴിയുമ്പോള്‍ ക്രീമില്‍ നിന്നും നെയ്യ് വേര്‍പെടുന്നത് കാണാമെന്ന് ഷിപ്ര പറയുന്നു.
ഒട്ടേറെ ആളുകള്‍ ഈ വിഡിയോ വളരെ സഹായകമാണെന്ന് കമന്റ് ചെയ്തു. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ നെയ്യ് കരിഞ്ഞു പോകില്ലേ എന്നും കുറേപ്പേര്‍ കമന്‍റില്‍ ചോദിക്കുന്നത് കാണാം. ബേക്കിങ് സോഡ ആരോഗ്യത്തിന് ഹാനികരമാണെന്നും കുറേപ്പേര്‍ പറഞ്ഞിട്ടുണ്ട്.