സ്വാർഥതാൽപര്യങ്ങൾ കാരണം എംപിമാരും എംഎൽഎമാരും കൂറുമാറുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു ഹാനികരമാണ്, തർക്കമില്ല. കൂറുമാറുന്ന ക്ഷണത്തിൽ സഭയിലെ അംഗത്വം നഷ്ടപ്പെടുമെന്ന വ്യവസ്ഥയുൾപ്പെടുത്തി ഭരണഘടനയിലെ പത്താം പട്ടിക ഭേദഗതി ചെയ്യുമെന്നു പ്രകടനപത്രികയിൽ ‘ഭരണഘടനയുടെ സംരക്ഷണം’ എന്ന തലക്കെട്ടിനു താഴെ കോൺഗ്രസ് പറയുന്നതിലും സ്വാർഥതയുണ്ട്. ജനാധിപത്യവും ഭരണഘടനയുമെന്നപോലെ, തങ്ങളും നിലനിൽക്കണമെന്നു കോൺഗ്രസ് ആഗ്രഹിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് പാർട്ടിയിൽനിന്ന് ഇറങ്ങിയവരിൽ ഭൂരിപക്ഷവും ചെന്നുകയറിയതു ബിജെപിയിലാണ്. 2014 മുതൽ, അഴിമതിക്കേസുകളിലുൾപ്പെട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ േചർന്നെന്നും അതിൽ 23 പേർക്കും അവരാഗ്രഹിച്ച ആശ്വാസം ലഭിച്ചെന്നുമാണ് ഡൽഹിയിലെ ഒരു പത്രം കണ്ടെത്തിയത്. ചുരുക്കപ്പേരുകൊണ്ടു നമുക്കു മനസ്സിലാവുന്ന ഏതാണ്ട് എല്ലാ പാർട്ടികളിൽനിന്നും, ബിജെപിയുടെതന്നെ ഭാഷയിൽ പറഞ്ഞാൽ ‘എമിനന്റ് പഴ്സനാലിറ്റീസ്’ ബിജെപിയിൽ ചേർന്നിട്ടുണ്ട്. കേസുകെട്ടുകളുള്ളവരും അല്ലാത്തവരുമായി ഏറ്റവും കൂടുതൽപേർ ബിജെപിയിലെത്തിയതു കോൺഗ്രസിൽനിന്നാണ്. പഴയ കോൺഗ്രസാണു പുതിയ ബിജെപിയെന്നു സംഘപരിവാറിൽ അടക്കംപറച്ചിലുള്ളതു ദുഃഖപ്രകടനമായാണു കരുതേണ്ടത്. കാരണം, കോൺഗ്രസുകാർ ആർഎസ്എസിനോടു കൂറുപ്രഖ്യാപിച്ചല്ല ബിജെപിയിൽ ചേരുന്നത്; ബിജെപിയോടുപോലും കൂറുപറയുമോയെന്നതു ന്യായമായ സംശയവുമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com