ADVERTISEMENT

കൊച്ചി∙ മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ രാജ്യത്തെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് മലയാള സിനിമ പുറത്തായപ്പോൾ കനത്ത നഷ്ടം സംഭവിച്ചത് ബ്ലെസി ചിത്രം ആടുജീവിതത്തിന്. നോമ്പ് കഴിഞ്ഞ്  തിയറ്ററുകളിലേക്ക്  പ്രേക്ഷകർ  ഒഴുകിയെത്തിയപ്പോഴാണ് നിലവിൽ ഓടിക്കൊണ്ടിരുന്ന ആടുജീവിതം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവ കൂടി പിവിആർ പിൻവലിച്ചത്. ഷോ പൂർത്തിയാക്കിയ പ്രേമലു ഇന്നലെ മുതൽ ഒടിടിയിൽ ലഭ്യമാണ്. മഞ്ഞുമ്മൽ ബോയ്സും കലക്‌ഷൻ പൂർണമായി നേടിയതാണ്. നല്ല പ്രതികരണം കിട്ടിയ പുതിയ വിഷുചിത്രങ്ങൾക്കും കലക്‌ഷനിൽ കാര്യമായ ഇടിവുണ്ടാകും.

‘‘ഒന്നരക്കോടി രൂപയിൽ അധികമാണ് ഇപ്പോൾ ഒരു ദിവസത്തെ കലക്‌ഷൻ നഷ്ടം. മലയാളത്തിൽ നിർമിച്ച ഏറ്റവും വലിയ സിനിമയ്ക്ക് മുടക്കു മുതൽ തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിനിടയാണ് പിവിആർ ഗ്രൂപ്പ് ആടുജീവിതം ഉൾപ്പെടെയുള്ള സിനിമകൾക്ക് വിലക്ക് എന്ന പ്രാകൃത ശിക്ഷ വിധിക്കുന്നത്.’’– സംവിധായകൻ ബ്ലെസി പറഞ്ഞു.

‘സമരം വരും എന്നൊരു മുന്നറിയിപ്പു കിട്ടിയിരുന്നെങ്കിൽ ആടുജീവിതം പോലൊരു വലിയ സിനിമ റിലീസിന് ഞങ്ങൾ തയാറാകില്ലായിരുന്നു. ഈദുൽ ഫിത്‌ർ ദിവസം വരെ  ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയെ നോട്ടിസ് പോലും ഇല്ലാതെ പിൻവലിക്കുകയാണ് ചെയ്തത്. കോടികൾ മുടക്കി സിനിമ എടുത്ത നിർമാതാക്കളോടുള്ള കൊടും ചതിയാണത്. കേരളത്തിനു പുറത്തുള്ള 100ൽ പരം സ്ക്രീനുകളാണ് 11 മുതൽ നഷ്ടമായത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചെറിയ തർക്കത്തിന്റെ പേരിൽ സിനിമയെ മൊത്തം ശിക്ഷിക്കുന്നതിൽ ന്യായമെന്താണ്? സിനിമ കളിക്കാനുള്ള മുഴുവൻ ഫീസും ആദ്യമേ അടച്ചിട്ട് സിനിമ പ്രദർശിപ്പിക്കാതിരിക്കാൻ ആർക്കാണ് അധികാരം? ഞങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താതെ ഈ പ്രശ്നം പരിഹരിക്കില്ലെന്നാണു നിർമാതാക്കളുടെ സംഘടന എന്നോടു പറഞ്ഞിട്ടുള്ളത്’’– ബ്ലെസി മനോരമയോടു പറഞ്ഞു.

ചർച്ച വിഫലം

സിനിമയുടെ പ്രൊജക്‌ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിക്കാൻ ഇന്നലെ കൊച്ചിയിൽ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. കേരളത്തിലെ മിക്ക തിയറ്ററുകളിലും സിനിമ പ്രൊജക്‌ഷൻ നടത്തുന്നത് ക്യൂബ് , യുഎഫ്ഒ എന്നീ കമ്പനികളാണ്. ഒരാഴ്ചത്തെ ഷോയ്ക്ക് ഏകദേശം 15000 രൂപയോളമാണ് വിപിഎഫ് (വെർച്വൽ പ്രിന്റ് ഫീ) ഇനത്തിൽ നിർമാതാക്കൾ അഡ്വാൻസായി നൽകേണ്ടത്. ഷോ നീണ്ടാൽ വീണ്ടും പണമടയ്ക്കണം. പുതിയൊരു ചിത്രം റിലീസാകുമ്പോൾ ഒരാഴ്ചത്തെ ഷോയ്ക്ക് ഒരു തിയറ്ററിൽ ഏകദേശം 6000 രൂപയാണ് നിർമാതാവ് ചെലവഴിക്കേണ്ടി വരുക. കേരളം മുഴുവനുള്ള തിയറ്ററുകളിൽ ചെയ്യുമ്പോൾ കുറഞ്ഞത് 15 ലക്ഷത്തോളം രൂപ വരും. നിർമാതാക്കളുടെ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ഉപയോഗിച്ചാൽ ആകെ 5000 രൂപയിൽ മാത്രം ചെലവിട്ടാൽ മതിയാകും. കുറഞ്ഞ നിരക്കിൽ സിനിമ കാണിക്കാനാണ് നിർമാതാക്കൾ പിഡിസി എന്ന പേരിൽ സ്വന്തമായി പുതിയ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയത്. യുഎഫ്ഒയുടെ പ്രോജക്‌ഷൻ ഉപയോഗിക്കുന്ന പിവിആർ ഇതിനു തയാറല്ല. പിവിആർ ഏതു മാർഗം ഉപയോഗിച്ചാലും കുഴപ്പമില്ല വെർച്വൽ പ്രിന്റ് ഫീ ഒഴിവാക്കണമെന്നാണ് നിർമാതാക്കളുടെ ആവശ്യം. 

ഫോറം മാളിലെ പിവിആർ  തിയറ്ററിൽ നിർമാതാക്കളുടെ സംഘടനയുടെ കണ്ടന്റ് മാസ്റ്ററിങ് ആൻഡ് ഡിസ്ട്രിബ്യുഷൻ ശൃംഖലയിൽ നിന്ന് മാത്രമേ സിനിമകൾ സ്വീകരിക്കാവൂ എന്ന നിർദേശമാണ് നിർമാതാക്കൾ മുന്നോട്ടുവച്ചതെന്നും ഒരു സോഴ്സിൽ നിന്ന് മാത്രം സിനിമകൾ സ്വീകരിക്കാൻ നിർബന്ധിക്കുന്നത് വിപണിയിലെ മത്സര മര്യാദകൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്നും പിവിആർ മാനേജ്മെന്റ് വ്യക്തമാക്കി. ഇന്ത്യൻ സിനിമാരംഗത്തെ നിയമാനുസൃത അംഗമെന്ന നിലയിൽ ഈ നിബന്ധന അംഗീകരിക്കാൻ സാധിക്കില്ലെന്നും പിവിആർ ചൂണ്ടിക്കാട്ടി. ദേശീയതലത്തിലുള്ള സിനിമ ശൃംഖലയെന്ന നിലയിൽ തങ്ങളുടെ എല്ലാ പുതിയ തീയറ്ററിലും എല്ലാ സിനിമകൾക്കും ഒരുപോലെ പ്രദർശന സ്വാതന്ത്ര്യം നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും പിവിആർ ചൂണ്ടിക്കാട്ടി.

മലയാള സിനിമയെ പുറത്താക്കി മുന്നോട്ടു പോകാമെന്ന് പിവിആർ കരുതേണ്ട. ശക്തമായി പ്രതികരിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. 

English Summary:

PVR without Malayalam movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com