ADVERTISEMENT

പാർട്ടികൾക്കും ചെറു ചടങ്ങുകൾക്കും ഭക്ഷണമെത്തിക്കാനുള്ള ‘ലാർജ് ഓർഡർ ഫ്ലീറ്റ്’ സൗകര്യം അവതരിപ്പിച്ച് ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ. 50 പേർ വരെയുള്ള ചടങ്ങുകൾക്ക് ഭക്ഷണമെത്തിക്കാനാകുന്ന തരത്തിലാണ് സൊമാറ്റോയുടെ പുതിയ സൗകര്യം സജ്ജീകരിച്ചിരിക്കുന്നതെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ എക്സിൽ (പഴയ ട്വിറ്റർ) അറിയിച്ചു.

‘നിങ്ങളുടെ വലിയ കൂട്ടായ്മകളുടെ (പാർട്ടികൾ/ചടങ്ങുകൾ) ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാനായി ഇന്ത്യയിലെ ആദ്യത്തെ ലാർജ് ഓർഡർ ഫ്ലീറ്റ് ഞങ്ങൾ ആവേശത്തോടെ പരിചയപ്പെടുത്തുകയാണ്. 50 ആളുകൾ വരെ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഭക്ഷണമെത്തിക്കാൻ കഴിയുന്ന തരത്തിൽ രൂപവത്കരിച്ച ഇലക്ട്രോണിക് വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.’– ഗോയൽ എക്സിൽ കുറിച്ചു.

നേരത്തെ സാധാരണ വാഹനങ്ങളിലാണ് ഇത്തരം ഓർഡറുകൾ വിതരണം ചെയ്തിരുന്നത്. ഇതു കാരണം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. അത് തങ്ങളാഗ്രഹിച്ചതല്ല. പുതിയ ഇലക്ട്രിക് ഫ്ലീറ്റ് വാഹനങ്ങളെത്തുന്നതോടെ സൊമാറ്റോയിലൂടെ വലിയ ഓർഡറുകൾ നൽകുന്ന ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇലക്ട്രോണിക് ഫ്ലീറ്റുകൾ ഇപ്പോഴും പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ ഭക്ഷണം തണുപ്പിച്ച് സൂക്ഷിക്കാനുള്ള കംപാർട്ട്മെന്റുകൾ, ഊഷ്മാവ് നിയന്ത്രിക്കാൻ സംവിധാനമുള്ള ചൂടാറാപ്പെട്ടികൾ എന്നിവ ഇലക്ട്രോണിക് വാഹനത്തിൽ സജ്ജമാക്കുമെന്നും ഗോയൽ കൂട്ടിച്ചേർത്തു.

സൊമാറ്റോയുടെ ഓഹരികൾ കുതിച്ചുയരുന്ന സമയത്താണ് പുതിയ സൗകര്യവുമായി കമ്പനിയെത്തുന്നത്. ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ വരുമാനത്തിൽ 30% വർധനയാണ് സൊമാറ്റോയ്ക്കുണ്ടായത്.

English Summary:

Zomato Introduces Large Order Fleet To Serve Parties Of Up To 50 People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com