ADVERTISEMENT

കൊച്ചി∙ കടുത്ത വേനൽച്ചൂടിൽ ഐസ്ക്രീമിനും ശീതളപാനീയങ്ങൾക്കും ആവശ്യം ഏറിയതോടെ പഞ്ചസാര വിലയിൽ വർധന. മൂന്ന് ആഴ്ചയ്ക്കിടയിൽ ക്വിന്റലിനു 160 രൂപയുടേതാണു വിലക്കയറ്റം. ഈ മാസം ആദ്യം ക്വിന്റലിനു 3960 രൂപയായിരുന്ന വില ഏതാനും ദിവസത്തിനകം 4060 നിലവാരത്തിലേക്കും ഏറ്റവും ഒടുവിൽ 4120 രൂപയിലേക്കുമാണ് ഉയർന്നിട്ടുള്ളത്. വില ഇനിയും ഉയരാനാണു സാധ്യതയെന്നു വിപണിയുമായി ബന്ധപ്പെട്ടവർ അനുമാനിക്കുന്നു.

ഓരോ ഷുഗർ മില്ലും പ്രതിമാസം വിൽക്കാവുന്ന പഞ്ചസാരയുടെ അളവു കേന്ദ്ര സർക്കാർ നിശ്ചയിക്കുകയാണ്. ഇതനുസരിച്ചു ഫെബ്രുവരിയിലേക്ക് അനുവദിച്ചത് ആകെ 22 ലക്ഷം ടൺ. മാർച്ചിൽ 23.5 ലക്ഷം ടണ്ണിന്റെ വിൽപന അനുവദിച്ചു. ഈ മാസം 25 ലക്ഷം ടൺ അനുവദിച്ചിട്ടും മതിയാകാത്ത നിലയിലേക്കുള്ള ഡിമാൻഡ് വർധനയാണു വില ഉയർത്തുന്നത്. 

ഐസ്ക്രീം വിൽപന രാജ്യമാകെ റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുകയാണ്. വിൽപനയിൽ 50 – 60% വരെ വർധനയുണ്ടെന്നു വ്യാപാരികൾ പറയുന്നു. വേനൽക്കാല പാനീയങ്ങളുടെ വിൽപനയും വളരെ വലിയ തോതിലാണ്. ഈ ഉൽപന്നങ്ങളുടെയെല്ലാം പ്രധാന ഘടകങ്ങളിലൊന്നാണു പഞ്ചസാര.

ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കുന്ന രാജ്യമാണെങ്കിലും കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചസാരയുടെ വാർഷിക ഉൽപാദനം കഴിഞ്ഞ മാസം അവസാനത്തോടെ 300 ലക്ഷം ടണ്ണിൽ എത്തിയെന്നാണു കണക്കാക്കുന്നത്. 20 ലക്ഷം ടൺ കൂടി ഉൽപാദിപ്പിക്കാനാകുമെന്നു കരുതുന്നു. ഇതു രാജ്യത്തെ ആവശ്യത്തിൽ കൂടുതലാണെന്നതിനാൽ 10 ലക്ഷം ടണ്ണെങ്കിലും കയറ്റുമതി ചെയ്യാൻ അനുവദിക്കണമെന്ന് ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. എന്നാൽ കയറ്റുമതി നിരോധനത്തിൽ ഇളവ് അനുവദിക്കാൻ സർക്കാർ തയാറാകാൻ സാധ്യതയില്ല. 

കയറ്റുമതി നിരോധിച്ചിരിക്കുന്നതു മൂലം രാജ്യാന്തര വിപണിയിൽ ഉയർന്ന വിലയ്ക്കു പഞ്ചസാര വിൽക്കാനുള്ള അവസരം ഉൽപാദകർക്കു നഷ്ടപ്പെടുന്നുണ്ട്. കടുത്ത വരൾച്ച മൂലം ബ്രസീലിൽ ഉൽപാദനം കുറവാണ്. തായ്‌ലൻഡിൽ മുൻ വർഷത്തെക്കാൾ 12% കുറവാണ് ഉൽപാദനം.

English Summary:

Sugar price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com