ADVERTISEMENT

പെൺകുഞ്ഞ് ജനിക്കുന്ന സമയം മുതല്‍ പതിനെട്ടോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം വരുന്ന ചെലവുകള്‍ ഇപ്പോഴേ പ്ലാന്‍ ചെയ്യാം. ഇവിടെ ഒട്ടും ഒഴിവാക്കാൻ പറ്റാത്ത പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ). ഇപ്പോഴത്തെ ഏറ്റവും വലിയ ആകര്‍ഷണമെന്തെന്നാല്‍, ഈ പദ്ധതിയുടെ പലിശ നിരക്ക് 8.2 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

എന്താണ് സുകന്യ സമൃദ്ധി യോജന?

പെണ്‍കുട്ടികള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച റിസ്‌ക് ഇല്ലാത്ത നിക്ഷേപ പദ്ധതിയാണിത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കു വേണ്ടി റിസ്‌ക് കുറവുള്ള നിക്ഷേപ പദ്ധതി അന്വേഷിക്കുന്ന മാതാപിതാക്കള്‍ക്ക് ഇതൊരു മികച്ച പദ്ധതിയാണ്. നിലവില്‍ ഈ പദ്ധതിയുടെ പലിശ നിരക്ക് 8.2% ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ചെറുകിട സമ്പാദ്യ പദ്ധതികളില്‍, ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന പദ്ധതിയായി സുകന്യ സമൃദ്ധി യോജന മാറി. മാത്രമല്ല ഈ പദ്ധതിയിലൂടെ ലഭിക്കുന്ന തുകയ്ക്ക് നികുതി നല്‍കുകയും വേണ്ട. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമിലും (എസ്.സി.എസ്.എസ്) സമാന പലിശ നിരക്ക് ഉറപ്പു നല്‍കുന്നുണ്ടെങ്കിലും നികുതി നല്‍കേണ്ടി വരും. പലിശ നിരക്ക് എപ്പോഴും 8.2 ശതമാനം തന്നെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. സാമ്പത്തിക വാര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് മാറാനും സാദ്ധ്യതയുണ്ട്. പ്രോവിഡന്റ് ഫണ്ടിന്റെ കാലാവധി 15 വര്‍ഷത്തിന് ശേഷവും നീട്ടാന്‍ കഴിയുമെങ്കിലും സുകന്യ സമൃദ്ധിയില്‍ കാലാവധി പൂര്‍ത്തിയായാല്‍ സമയം നീട്ടാനാവില്ല.

ആര്‍ക്കൊക്കെ ചേരാം

famly1

പത്തു വയസ്സില്‍ താഴെയുള്ള ഏതു പെണ്‍കുട്ടികള്‍ക്കും പോസ്റ്റ് ഓഫീസുകളിലൂടെയും ബാങ്കുകളിലൂടെയും ഈ പദ്ധതിയില്‍ ചേരാന്‍ കഴിയും. 21 വര്‍ഷമാണ് കാലാവധി. ഒരു കുടുംബത്തിലെ ഒറ്റ പെണ്‍കുട്ടിക്കാണ് സാധാരണ ഈ പദ്ധതിയില്‍ ചേരാനാവൂ. ഇരട്ടക്കുട്ടികളോ മൂന്നുമക്കളോ ആണെങ്കില്‍ ഇളവുകള്‍ ലഭിച്ചേക്കും. പെണ്‍കുട്ടി ഇന്ത്യന്‍ പൗരയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. കുറഞ്ഞത് 250 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാനാവും. നിക്ഷേപം ഓരോ വര്‍ഷവും തുല്യ ഗഡുക്കളായും അടയ്ക്കാം.  പലിശ വാര്‍ഷിക അടിസ്ഥാനത്തിലാണ്  കൂട്ടിച്ചേര്‍ക്കുക. സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 80 സി വകുപ്പ് പ്രകാരം നികുതി ഇളവ് ലഭ്യമാണ്. പലിശ വരുമാനത്തിനും നികുതി നല്‍കേണ്ടതില്ല. ഏതെങ്കിലും സാഹചര്യത്തില്‍ പെണ്‍കുട്ടി മരണപ്പെട്ടാല്‍, നോമിനിക്ക് അക്കൗണ്ടിലെ തുക ലഭിക്കും. പെണ്‍കുട്ടിക്ക് ഗുരുതരമായ അസുഖം ബാധിച്ചാലും, അക്കൗണ്ടിലെ തുക ചികിത്സാ ചെലവിനായി  ഉപയോഗിക്കാനാവും. 

കാലാവധി പൂര്‍ത്തിയാകാതെ പണം ലഭിക്കില്ല

പെണ്‍കുട്ടിക്ക് 21 വയസ്സ് തികയുമ്പോഴേ അക്കൗണ്ടിലെ പണം പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ സാധിക്കൂ. പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് 21 വയസ്സു വരെയെന്ന ലോക്ക് ഇന്‍ പിരിയഡ് വെച്ചിരിക്കുന്നത്.  എന്നിരുന്നാലും പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാവുകയോ പത്താം ക്ലാസ് പാസാവുകയോ ചെയ്താല്‍ മൊത്തം തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാന്‍ സാധിക്കും. ഒന്നിച്ചോ തവണകളായോ ഇത് പിന്‍വലിക്കാനാവും. പക്ഷേ, ഇങ്ങനെ പിന്‍വലിക്കണമെങ്കില്‍, പെണ്‍കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് നല്‍കാനാണെന്ന രേഖകള്‍ നല്‍കേണ്ടി വരും. പെണ്‍കുട്ടിയുടെ വിവാഹ സമയത്തും പദ്ധതി അവസാനിപ്പിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കും. ഉയര്‍ന്ന പലിശ നിരക്കും നികുതി ആനുകൂല്യങ്ങളുമാണ് ഈ പദ്ധതിയെ മികച്ചതാക്കുന്നത്.

എസ്.എസ്.വൈ മാത്രം മതിയോ

ഇപ്പോള്‍ ജനിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഉന്നത വിദ്യാഭ്യാസത്തിന്റെയോ വിവാഹത്തിന്റെയോ സമയം 17 മുതല്‍ 25 വര്‍ഷം വരെ അകലെയാണ്. ഏത് സ്ഥിര നിക്ഷേപത്തേക്കാളും കൂടുതല്‍ പലിശ സുകന്യ സമൃദ്ധി യോജന നല്‍കുന്നുണ്ട്. എങ്കിലും വരാനിരിക്കുന്ന കാലഘട്ടത്തിലെ ചെലവുകള്‍ മാനേജു ചെയ്യാന്‍ ഈ പദ്ധതി കൊണ്ടു മാത്രം കഴിയണമെന്നില്ല. അതു കൊണ്ടു തന്നെ കുട്ടികളുടെ പേരില്‍ തെരഞ്ഞെടുക്കുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കുന്നതും നല്ലതാണ്. മാത്രമല്ല മാതാപിതാക്കള്‍ ടേം ഇന്‍ഷൂറന്‍സ് എടുക്കുന്നതിലൂടെ കുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാവും.

English Summary:

Know More About Sukanya Samriddhi Yojana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com