ADVERTISEMENT

നെസ്‌ലെ ഇന്ത്യയുടെ മാഗി നൂഡിൽസിൽ അനുവദനീയമായതിലും അധികം ലെഡും മോണോ-സോഡിയം ഗ്ലൂട്ടാമേറ്റും കണ്ടെത്തിയതിനെ തുടർന്ന് നെസ്‌ലെ ഓഹരികള്‍ 11% ഇടിഞ്ഞു. എന്നാൽ ഇതൊരു അവസരമായി കണ്ട നിക്ഷേപകരും ഉണ്ടായിരുന്നു. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു കമ്പനി തിരിച്ചുവരവു നടത്തും എന്ന പ്രതീക്ഷയിൽ ഇക്കൂട്ടർ നിക്ഷേപം നടത്തി. 

അടിസ്ഥാനപരമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ഓഹരിയിൽ ഇടിവ്/ചലനം ഉണ്ടാകണമെങ്കിൽ ശക്തമായ ഒരു കാരണം ഉണ്ടാകണം. കമ്പനിയുമായി നേരിട്ടോ അല്ലാത്തതോ ആയ സംഭവങ്ങള്‍ ഓഹരിയിലെ ചാഞ്ചാട്ടത്തിനു കാരണമാകും. അനുഭവസമ്പത്തു കുറഞ്ഞ സാധാരണ നിക്ഷേപകർ ഇത്തരം സാഹചര്യങ്ങളിൽ ഓഹരി വിറ്റൊഴിയുകയാണ് പതിവ്. മറിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കാറില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളെ അവസരമായി കണ്ട് നിക്ഷേപം നടത്തുന്ന ഫണ്ടുകൾ ഇന്നു ലഭ്യമാണ്. സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ടുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. 

സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ട് 
വിഭജനം, ആസ്തികളുടെ വിൽപന, നിയമങ്ങളിലെ മാറ്റം, കോർപ്പറേറ്റ് ഘടനയിലെ മാറ്റം, ലയനം, ഏറ്റെടുക്കൽ, ഓഹരി തിരികെവാങ്ങൽപോലുള്ള പ്രത്യേക സാഹചര്യങ്ങള്‍ ഓഹരിവിലയിൽ ചാഞ്ചാട്ടമുണ്ടാക്കും. ഓഹരിവിലയെ അനുകൂലമോ പ്രതികൂലമോ സ്വാധീനിക്കുന്ന ഇത്തരം സാഹചര്യം അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്നവയാണ് സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ടുകൾ. പുറമെ പ്രതികൂലമായി തോന്നുന്ന, എന്നാൽ ഭാവിയിൽ നേട്ടത്തിലേക്കു നയിക്കുന്ന അവസരങ്ങളായിമാറും എന്നുള്ള സാഹചര്യത്തിലാണ് ഇത്തരം ഫണ്ടുകൾ പൊതുവേ നിക്ഷേപം നടത്തുക. 

ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് കമ്പനിയായ പിവിആറും ഐനോക്‌സ് ലെഷറുമായി ലയിച്ചത് ഇത്തരം സ്പെഷ്യൽ സിറ്റുവേഷനു മറ്റൊരു ഉദാഹരണമാണ്. ലയനത്തിലൂടെ 114 നഗരങ്ങളിലായി 1,712 സ്‌ക്രീനുകളുള്ള കമ്പനിയായി പിവിആർ ഐനോക്‌സ് മാറി. ഏറെ മൂലധനച്ചെലവുള്ള, ഒടിടിയിൽനിന്നു കനത്ത ഭീക്ഷണി നേരിടുന്ന മേഖലയാണ് സിനിമ തിയറ്റർ വ്യവസായം എങ്കിലും മേൽപറഞ്ഞ സാഹചര്യം പരിഗണിച്ച് ഫണ്ട് മാനേജർമാർ പിവിആറിൽ നിക്ഷേപം നടത്തി. മൾട്ടിപ്ലക്സിൽ 20% വിപണിവിഹിതമുള്ള, ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലും പരസ്യങ്ങൾ പ്രദര്‍ശിപ്പിക്കുന്നതിലും വിലപേശൽ നടത്താൻ കെൽപുള്ള കമ്പനിയാണ് പിവിആർ ഇനോക്സ് എന്നതായിരുന്നു കാരണം. 

എന്നാൽ എപ്പോഴും ഇത്തരം സംഭവവികാസങ്ങൾ കമ്പനിക്ക് അനുകൂലമാവണമെന്നില്ല. അതു തിരിച്ചറിഞ്ഞില്ലെങ്കിൽ നിക്ഷേപം കെണിയായും മാറാം. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യം ഉപയോഗപ്പെടുത്താനായി സാധാരണക്കാർ നേരിട്ടു നിക്ഷേപിക്കാതെ സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ടുകൾവഴി നിക്ഷേപിക്കുന്നതാണു നല്ലത്. ഐസിഐസിഐ പ്രൂ ഇന്ത്യ ഓപ്പർച്യൂനിറ്റീസ് ഫണ്ട് സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ടിന് ഒരു ഉദാഹരണമാണ്•
മനോരമ സമ്പാദ്യം ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ഓഹരികൾ ഉദാഹരണം മാത്രമാണ്. വാങ്ങൽ നിർദേശമല്ല. മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖകൻ.

English Summary:

Special Situation Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com