ADVERTISEMENT

അങ്ങനെ ഇത്തവണത്തെ ഓണവും പൂജാവധിയുമൊക്കെ ഒരുവിധം കഴിഞ്ഞു. സംസാരത്തിനിടയിൽ സുഹൃത്ത് ദീർഘനിശ്വാസം വിട്ടു. കുറെക്കാലത്തെ വീട്ടുകാരുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കി. ഞാൻ കാറിനു വേഗം കുറച്ചു സുഹൃത്തിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. അപ്പോ പണമൊക്കെ എവിടെനിന്നു കിട്ടി.

ഓണത്തിന് ഫിക്‌സഡ് ഡിപ്പോസിറ്റ് പിൻവലിച്ച് ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണോ പഴ്സനൽ ലോൺ എടുക്കുന്നതാണോ ആദായകരം എന്ന് സംശയം ചോദിച്ചതു കുറച്ചുനാളുമുൻപാണ്. സാമ്പത്തിക അച്ചടക്കം ഇല്ലാത്ത ആളായതിനാൽ പഴ്സനൽ ലോണെടുക്കാനാണു ഞാൻ നിർദേശിച്ചത്. പിന്നെ ആ വഴിക്കൊന്നും കണ്ടില്ല. 

ലോണൊന്നും എടുക്കേണ്ടിവന്നില്ല. ഇത്തവണ അല്ലാതെ തന്നെ ഇഎംഐ സ്‌കീമിൽ എല്ലാം സംഘടിപ്പിച്ചു. പുതിയ ഫ്രിഡ്ജും ടിവിയും വാഷിങ് മെഷീനുമെല്ലാം വാങ്ങി. അതേത് സ്‌കീം? ഞാൻ ചോദിച്ചു.

ക്രെഡിറ്റ് കാർഡ് വഴി വാങ്ങിയതുകൊണ്ട് അതെല്ലാം എളുപ്പത്തിൽ നടന്നു. സുഹൃത്ത് പറഞ്ഞു.

കാര്യങ്ങളെല്ലാം എന്തെളുപ്പം

ഏറ്റവും ലളിതമായ വായ്പ സൗകര്യമാണിത്. ഷോറൂമിൽ ചെല്ലുക. ഇഷ്ടമുള്ള സാധനം വാങ്ങുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുക. അതിനുശേഷം ക്രെഡിറ്റ് കാർഡ് കമ്പനിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഈ ഇടപാട് ഇഎംഐ സ്‌കീമിലാക്കാൻ പറയുക. അല്ലെങ്കിൽ കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് ഇഎംഐ സ്‌കീമിൽ ആക്കാൻ പറയുക. അപേക്ഷ വേണ്ട, അഡ്രസ് പ്രൂഫ് വേണ്ട. ഒന്നും വേണ്ട. അനാവശ്യമായ നൂലാമാലകൾ ഒന്നും ഇല്ല. ആകെ വേണ്ടത് ഒരു ക്രെഡിറ്റ് കാർ‍ഡും അതിൽ ആവശ്യത്തിന് ക്രെഡിറ്റ് ലിമിറ്റും മാത്രം. പല കാലയളവിലുള്ള വായ്പ കാലാവധി കിട്ടും. സുഹൃത്ത് ഒറ്റശ്വാസത്തിൽ പറഞ്ഞു.

പലിശ എത്രയാണ്? ഞാൻ ചോദിച്ചു. അത് രസമാണ്. വെറും 1.5% മാത്രം. സുഹൃത്ത് ഇതൊന്നും അറിയില്ലേ എന്ന മട്ടിൽ പുച്ഛഭാവത്തിൽ എന്നോ'ടു ചോദിച്ചു.

ഈ പലിശ പ്രതിമാസമോ പ്രതിവർഷമോ? ഞാൻ വീണ്ടും ചോദിച്ചു. 

സുഹൃത്ത്നെറ്റിചുളിച്ചു. അതൊക്കെ ആർക്കറിയാം. എന്നാൽ, ഇത് പ്രതിമാസ നിരക്കാണ്. ഇതിനെ വാർഷികാടിസ്ഥാനത്തിൽ കണക്കാക്കിയാൽ 18% വരും. 

അതായത്, നിങ്ങൾ ക്രെഡിറ്റ് കാർഡ് വഴി ഇഎംഐ സ്‌കീമിൽ വാങ്ങിയത് വായ്പ എടുത്തുതന്നെയാണ്. അതിന്റെ പലിശ 18%.

സുഹൃത്തിന്റെ കണ്ണു തള്ളി.

നിങ്ങൾ ശമ്പളവരുമാനക്കാരനായതുകൊണ്ട് 10-12% പലിശയ്ക്ക് അനായാസം പഴ്സനൽ ലോൺ കിട്ടുമായിരുന്നല്ലോ. അതെടുക്കുകയായിരുന്നില്ലേ അഭികാമ്യം. ഞാൻ വീണ്ടും ചോദിച്ചു. അതിന്റെ പിറകെയൊക്കെ നടക്കാൻ എവിടാണു സമയം... സുഹൃത്ത് പറഞ്ഞു.

ചെലവ് കൂടുതല്‍

ഇപ്പോൾ പ്രമുഖ ബാങ്കുകളിൽ നിന്നൊക്കെ ഓൺലൈനായി നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതേയുള്ളൂ. പഴയതുപോലെ വലിയ നൂലാമാലകളൊന്നുമില്ല. എങ്കിൽ പഴ്സനൽ ലോണെടുത്ത് ഇത് ക്ലോസ് ചെയ്യാമല്ലേ എന്നായി സുഹൃത്ത്. തിടുക്കപ്പെട്ടു ചെയ്യേണ്ട. പ്രീ ക്ലോഷർ ചാര്‍ജ് ക്രെഡിറ്റ് കാർഡ് കമ്പനി എത്ര ഈടാക്കുമെന്നു നോക്കി രണ്ടും കൂടി താരതമ്യം ചെയ്തശേഷം തീരുമാനമെടുത്താൽ മതി. അപ്പോൾ ക്രെഡിറ്റ് കാർഡ് വായ്പ അപകടമാണല്ലേ എന്നായി സുഹൃത്ത്.

അപകടമൊന്നുമല്ല. മറ്റൊരു മാർഗവും മുന്നിലില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, ചെലവ് കൂടുതലായിരിക്കും എന്നുമാത്രം. അക്കാര്യം ബോധ്യപ്പെട്ടശേഷം എടുക്കുന്നതിൽ തെറ്റില്ല. സൗകര്യം മാത്രം നോക്കി എടുക്കുമ്പോൾ ചിലവേറുമെന്ന കാര്യം മറക്കരുതെന്നുമാത്രം, എന്നു പറഞ്ഞ് ഞാൻ കാറിനു വേഗം കൂട്ടി 

പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ് ലേഖകൻ

സെപ്റ്റംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:

Know These Credit Card Using Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com