ADVERTISEMENT

വിദേശത്ത് ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ലക്ഷക്കണക്കിനാണ്. ചെലവുകൾ മനസ്സിലാക്കുകയും ബജറ്റ് തയാറാക്കുകയും ചെയ്യുന്നത് വിദേശത്തു പഠിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങളിൽ വൈദഗ്ദ്ധ്യം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. 

പണപ്പെരുപ്പവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്ന വിനിമയ നിരക്കും സംബന്ധിച്ച അറിവ് അത്യാവശ്യമാണ്.

∙വിദേശത്തു പഠിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ചെലവുകൾ വിലയിരുത്താം. ട്യൂഷൻ ഫീസും താമസച്ചെലവും കൂടാതെ, ഭക്ഷണത്തിന്റെയും യാത്രയുടെയും ചെലവ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ, പാഠപുസ്തകങ്ങളും മറ്റ് പഠന സാമഗ്രികളും വാങ്ങൽ, പ്രസ്തുത രാജ്യത്തേക്കുള്ള യാത്രച്ചെലവുകൾ, ഇന്ത്യയിലേക്കുള്ള യാത്രച്ചെലവുകൾ തുടങ്ങിയ ദൈനംദിന ജീവിതച്ചെലവുകൾ കൂടാതെ ഒഴിവുസമയത്തിനുള്ള വിവിധ ചെലവുകളും ഇവിടെ കണക്കിലെടുക്കണം. ഓൺലൈൻ കോളേജ് കോഴ്‌സ് എക്‌സ്‌പെൻസ് കാൽക്കുലേറ്റർ ഇതിനായി ഉപയോഗിക്കാം. 

∙വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാർഥികൾക്ക് ഭാവിയിലെ ഇഎംഐ തുകകൾ കണക്കാക്കാൻ ഓൺലൈൻ വിദ്യാഭ്യാസ വായ്പ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാം. അനുയോജ്യമായ ഇഎംഐകൾ കണ്ടെത്തുന്നതിന് കാലാവധിയുടെയും ലോൺ തുകകളുടെയും വിവിധ കോംബിനേഷനുകൾ പരീക്ഷിക്കാവുന്നതാണ്.

∙വിദ്യാർഥികൾക്ക് അവരുടെ ചെലവുകൾ ട്രാക്ക് ചെയ്യാൻ ബജറ്റിങ് ആപ്പുകൾ ഉപയോഗിക്കാം. അവർ എത്രമാത്രം ചെലവഴിക്കുന്നു എന്നു രേഖപ്പെടുത്തുന്നത്, ബജറ്റിൽ ഉറച്ചുനിൽക്കാനും അനാവശ്യ ചെലവുകൾ കുറയ്ക്കാനും അവരെ പ്രാപ്തരാക്കുന്നു. 

∙ഒരു ബജറ്റ് അനുസരിച്ച് ജീവിക്കുമ്പോൾ, വിദ്യാർഥികൾ അടിയന്തര ഘട്ടങ്ങൾക്കുള്ള ഒരു തുക കണ്ടെത്താനും പ്രവർത്തിക്കണം. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഈ തുക സാമ്പത്തിക സുരക്ഷ നൽകുന്നു. 

∙ആതിഥേയ രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് വിദ്യാർഥികൾക്ക് പാർട്ട് ടൈം തൊഴിലവസരങ്ങളും കണ്ടെത്താനാകും. ഓരോ ആഴ്‌ചയും ഏതാനും മണിക്കൂർ ജോലി ചെയ്യുന്നത് വിദ്യാർഥികൾക്ക് അവരുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനും നിയന്ത്രിക്കാനും ഉപകരിക്കുന്നു. ആ നാട്ടിലെ കറൻസിയിൽ സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നതിനാൽ, വിനിമയ നിരക്കിലെ വ്യതിയാനങ്ങളിൽനിന്നും അവർ സംരക്ഷിതരായിരിക്കും.

വിദേശ ബിരുദങ്ങൾ സമഗ്രമായ വ്യക്തിപരവും സാമ്പത്തികവുമായ വളർച്ചയിലേക്കുള്ള ആദ്യ ചവിട്ടുപടിയായേക്കാം. എന്നിരുന്നാലും, ഈ അനുഭവം ആസ്വാദ്യമാക്കാൻ, വിദ്യാർഥികൾ സാമ്പത്തിക വിവേകവും ബജറ്റ് നിയന്ത്രണവും പരിശീലിക്കേണ്ടതുണ്ട്. തന്ത്രപരമായ സാമ്പത്തിക രീതി ആസൂത്രണം ചെയ്യുന്നതിലൂടെ, വിദ്യാർഥികൾക്ക് അവരുടെ ബജറ്റുകൾ കൈകാര്യം ചെയ്യാനും സാമ്പത്തിക സ്ഥിരത ആസ്വദിക്കാനും കഴിയും.

 ലേഖകൻ അവാൻസെ ഫിനാൻഷ്യൽ സർവീസസിന്റെ മാനേജിങ് ഡയറക്ടറും  സിഇഒയുമാണ് 

English Summary:

A Budget Planning is Necessary for Foreign Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com