ADVERTISEMENT

ന്യൂഡൽഹി∙ ഓസ്ട്രേലിയൻ ജഴ്സിയിൽ തകർപ്പൻ പ്രകടനങ്ങളുമായി കയ്യടി നേടുമ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) തുടർച്ചയായി നിരാശപ്പെടുത്തുന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് വീണ്ടും രംഗത്ത്. മത്സരങ്ങൾക്കിടെ സൗജന്യമായി ലഭിക്കുന്ന ഡ്രിങ്ക്സ് ആസ്വദിക്കുന്നതിനാണ് മാക്സ്‍വെൽ ഐപിഎലിന് വരുന്നതെന്ന് സേവാഗ് പരിഹസിച്ചു. ഐപിഎലിലെ മോശം പ്രകടനത്തിന്റെ പേരിൽ മാക്സ്‍വെലിനെതിരെ തുടർച്ചയായി പരിഹാസം ചൊരിയുന്ന വ്യക്തിയാണ് സേവാഗ്.

ഐപിഎലിനുശേഷം ഓസ്ട്രേലിയയിൽ എത്തുമ്പോൾ കളിയോടുള്ള മാക്സ്‌വെലിന്റെ മനോഭാവം തന്നെ മാറുകയാണെന്ന് സേവാഗ് ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയൻ ജഴ്സിയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെയാണ് മാക്സ്‍വെൽ കളിക്കുന്നതെന്ന് സേവാഗ് പറഞ്ഞു. ഐപിഎലിന്റെ സമയത്ത് ക്രിക്കറ്റിനേക്കാൾ തന്റെ ഗോൾഫ് പ്രകടനത്തിനാണ് മാക്സ്‍വെൽ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും സേവാഗ് പരിഹസിച്ചു.

‘ഐപിഎലിൽ കളിക്കുമ്പോൾ സമ്മർദ്ദം ഏറ്റെടുക്കാൻ ഏറ്റവും വിമുഖത കാട്ടുന്ന താരമാണ് മാക്സ്‍വെൽ. വെറുതെ സമയം കളയുന്നതിനുവേണ്ടിയാണ് അയാൾ ഇന്ത്യയിൽ വരുന്നത്. ഗ്രൗണ്ടിൽ റൺസ് നേടുന്നതൊഴികെയുള്ള എല്ലാ കാര്യങ്ങളും മാക്സ്‍വെൽ ചെയ്യും. മറ്റു താരങ്ങളെ പ്രോത്സാഹിപ്പിക്കും, ഗ്രൗണ്ടിലുടനീളം ഓടിനടക്കും, മറ്റുള്ളവർക്കൊപ്പം ആഘോഷത്തിന്റെ ഭാഗമായി നൃത്തം ചെയ്യും... മത്സരം പൂർത്തിയായാലുടൻ അവിടെ കിട്ടുന്ന സൗജന്യ ഡ്രിങ്ക്സ് മേടിച്ച് നേരെ മുറിയിലേക്ക് പോകും. അല്ലെങ്കിൽ മുറിയിൽ പോയിരുന്ന് അവിടുള്ള ഡ്രിങ്ക്സ് ആസ്വദിക്കും’ – സേവാഗ് പറഞ്ഞു.

‘ഐപിഎലിന് വരുമ്പോൾ മാക്സ്‍വെൽ കളിയോട് ആത്മാർഥത കാണിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഐപിഎലിന്റെ സമയത്ത് ക്രിക്കറ്റിനേക്കാൾ ഗോൾഫിലാണ് മാക്സ്‍വെലിന്റെ ശ്രദ്ധ. കാരണം, ഐപിഎലിനെ ഗൗരവമായിട്ടെടുക്കുന്ന ആളാണെങ്കിൽ അതിന്റെ ലക്ഷണം കളിയിൽ കാണും’ – സേവാഗ് പറഞ്ഞു.

കോവിഡ് വ്യാപനം നിമിത്തം യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിൽ, 13 മത്സരങ്ങളിൽനിന്ന് വെറും 108 റൺസ് മാത്രമാണ് മാക്സ്‍വെൽ നേടിയത്. വിക്കറ്റൊന്നും ലഭിച്ചുമില്ല. കഴിഞ്ഞ സീസണിൽ 11.75 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബാണ് മാക്സ്‍വെലിനെ ടീമിലെത്തിച്ചത്. ഇതിനകം ഐപിഎലിൽ 82 മത്സരങ്ങൾ പൂർത്തിയാക്കിയ മാക്സ്‍വെലിന്റെ സമ്പാദ്യം 22.00 ശരാശരിയിൽ 1505 റൺസാണ്. ഉയർന്ന സ്കോർ 95 റൺസ്. ഇതുവരെ വീഴ്ത്തിയത് വെറും 19 വിക്കറ്റും. അതേസമയം, തൊട്ടുപിന്നാലെ നടന്ന ഇന്ത്യ – ഓസ്ട്രേലിയ ഏകദിന, ട്വന്റി20 പരമ്പരകളിൽ മികച്ച പ്രകടനമായിരുന്നു മാക്സ്‍വെലിന്റേത്.

English Summary: Virender Sehwag Slams Glenn Maxwell Again, Says Australian Comes to IPL to Enjoy Free Drinks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com