ADVERTISEMENT

സിഡ്നി∙ ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണ്? സച്ചിൻ തെൻഡുൽക്കറോ അതോ വിരാട് കോലിയോ? ആരും ചോദിക്കുന്ന സ്വാഭാവികമായ ചോദ്യം, അല്ലേ? പക്ഷേ, ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് ഈ ചോദ്യം നേരിടേണ്ടി വരുന്നതെങ്കിലോ? ഉവ്വ്, സിഡ്നിയിൽ നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അങ്ങനെയൊരു സംഭവമുണ്ടായി. രണ്ടാമത്തെ മാത്രം ക്രിക്കറ്റ് മത്സരം കളിക്കുന്ന ഇരുപത്തൊന്നുകാരൻ ശുഭ്മാൻ ഗില്ലിനു മുന്നിലാണ് ഈ ചോദ്യമുയർന്നത്. ബാറ്റിങ്ങിനിടെ ഗില്ലിനെ സച്ചിന്റെയും കോലിയുടെയും കാര്യം ഓർമിപ്പിച്ച് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം പയറ്റിയത് ഓസീസ് താരം മാർനസ് ലബുഷെയ്ൻ!

ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 338 റൺസിന് പുറത്തായതിനു പിന്നാലെ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. ക്രീസിൽ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും. ഇതിൽ ഗിൽ ബാറ്റു ചെയ്യുമ്പോഴാണ് ശ്രദ്ധ തെറ്റിക്കാനായി ലബുഷെയ്ൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നത്.

ഫോർവേഡ് ഷോർട്ട് ലെഗ്ഗിലാണ് ഫീൽഡ് ചെയ്തിരുന്നത് എന്നതിനാൽ, ഗില്ലിന്റെ തൊട്ടടുത്തായിരുന്നു ലബുഷെയ്ന്റെ സ്ഥാനം. ഓസീസ് ബോളിങ് ആക്രമണത്തെ ഫലപ്രദമായി നേരിട്ട ഗിൽ, രോഹിത് ശർമയ്‌ക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിക്കുന്നതിനിടെയാണ് ശ്രദ്ധ തെറ്റിക്കുന്നതിന് ലബുഷെയ്ൻ സച്ചിന്റെയും കോലിയുടെയും പേര് എടുത്തിട്ടത്. ഇവരുടെ സംഭാഷണം സംറ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവം വൈറലായത്.

‘ആരാണ് ഇഷ്ടതാരം?’ മിച്ചൽ സ്റ്റാർക്കിന്റെ രണ്ടാം ഓവറിനിടെ ലബുഷെയ്ന്റെ ആദ്യ ചോദ്യം. ഗിൽ മറുപടി നൽകാതിരുന്നതോടെ ചോദ്യം ആവർത്തിച്ചു.

‘താങ്കളുടെ ഇഷ്ട താരം ആരാണ്?’

‘കളി കഴിഞ്ഞിട്ട് മറുപടി തരാം’ – ലബുഷെയ്ന് ഗില്ലിന്റെ മറുപടി.

‘ഈ ബോൾ കഴിഞ്ഞിട്ടോ?’ – ലബുഷെയ്ന്റെ മറുചോദ്യം. അതുകൊണ്ടും നിർത്താതെ കൂടുതൽ ചോദ്യങ്ങൾ വീണ്ടും.

‘സച്ചിനെയാണോ? അതോ കോലിയെയാണോ ഇഷ്ടം?’ – കളി കഴിഞ്ഞിട്ട് മറുപടി തരാമെന്ന് മുൻപു പറഞ്ഞതല്ലാതെ ഇത്തവണ ഗിൽ ഒന്നും പറഞ്ഞില്ല.

ഗിൽ കൂടുതൽ പ്രതികരണങ്ങൾക്കു മുതിരാതിരുന്നതോടെ ‘ഇത് ക്യാച്ചാണ്. ഉറപ്പ്’ – എന്നെല്ലാം പറഞ്ഞ് താരത്തിന്റെ ശ്രദ്ധ തിരിക്കാൻ ലബുഷെയ്ൻ ശ്രമിക്കുന്നതെല്ലാം വിഡിയോയിലുണ്ട്.

പിന്നീട് രോഹിത് ശർമ ബാറ്റു ചെയ്യുമ്പോൾ അദ്ദേഹത്തെയും ലബുഷെയ്ൻ വെറുതെ വിട്ടില്ല. ‘രോഹിത് ക്വാറന്റീനിൽ എന്തു ചെയ്യുകയായിരുന്നു’ എന്നായിരുന്നു ലബുഷെയ്ന്റെ സംശയം. രോഹിത് പക്ഷേ, അതിനോട് പ്രതികരിക്കാൻ നിന്നില്ല. അതേസമയം, ലബുഷെയ്ന്റെ വാചകമടി കമന്ററി ബോക്സിൽ ചിരി പടർത്തി.

ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്ത ഇരുപത്താറുകാരനായ ലബുഷെയ്ന്, ചെറിയ വ്യത്യാസത്തിൽ സെഞ്ചുറി നഷ്ടമായിരുന്നു. 196 പന്തുകൾ നേരിട്ട ലബുഷെയ്നെ വ്യക്തിഗത സ്കോർ 91ൽ നിൽക്കെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. ഓസീസിനായി 17–ാം ടെസ്റ്റ് കളിക്കുന്ന ലബുഷെയ്ൻ, 58നു മുകളിൽ ശരാശരിയിൽ 1600ൽ അധികം റൺസ് നേടിയിട്ടുണ്ട്. ഒരു ഇരട്ടസെഞ്ചുറി സഹിതം നാല് സെഞ്ചുറിയും എട്ട് അർധസെഞ്ചുറിയും നേടി. ടെസ്റ്റിൽ 12 വിക്കറ്റുകളും ലബുഷെയ്ന്റെ പേരിലുണ്ട്.

English Summary: Marnus Labuschagne teases Shubman Gill with Sachin and Kohli’s names, India opener gives stunning reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com