ADVERTISEMENT

‘നിങ്ങൾ ഒരു പത്ത് പന്തുകളെ പ്രതിരോധിക്കൂ, അടുത്ത പത്ത് പന്തിലും നിങ്ങൾക്കു ബൗണ്ടറി നേടാം’– ക്രിക്കറ്റ് അക്കാദമികളിൽ സേവാഗിനെപ്പോലെയോ യുവരാജിനെപ്പോലെയോ ഒരു വെടിക്കെട്ട് ബാറ്റ്സ്മാൻ ആകാൻ ആഗ്രഹിച്ചെത്തുന്ന കുട്ടികൾക്കു പരിശീലകർ നൽകുന്ന ആദ്യ ഉപദേശം ഇതായിരിക്കും. നിങ്ങളുടെ ഡിഫൻസ് കൃത്യമാണെങ്കിൽ എത്ര മികച്ച പന്തും അറ്റാക്ക് ചെയ്തു കളിക്കാൻ നിങ്ങൾക്കു സാധിക്കുമെന്നാണു ക്രിക്കറ്റ് ആചാര്യൻമാർ പൊതുവേ പറയാറ്. സിഡ്നിയിൽ നടന്ന ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ വിജയത്തോളം പോന്ന സമനില ഇന്ത്യയ്ക്കു സമ്മാനിച്ചതും ഈ പ്രതിരോധ തന്ത്രമായിരുന്നു.

നേരിട്ട 155-ാം പന്തിലാണ് ഹനുമ വിഹാരി തന്റെ ആദ്യ ഷോട്ട് കളിക്കുന്നത് (അതിനു മുൻപ് രണ്ടു തവണ നേടിയ ബൗണ്ടറിയും ലീഡിങ് എഡ്ജിലൂടെയായിരുന്നു). മറുവശത്ത് അശ്വിനും തന്റെ ഡിഫൻസിൽ ഒരു കോംപ്രമൈസിനും തയാറായില്ല. എന്നാൽ അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ ഉരുക്കുമതിൽ തീർത്ത ചേതേശ്വർ പൂജാരയായിരുന്നു മത്സരത്തിൽ ഒരു പരിധിവരെ യഥാർഥ ഹീറോ. പരമ്പരയിൽ ഉടനീളം കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തതിന് ആരാധകരുടെയും മുൻതാരങ്ങളുടെയും വിമർശനം ഒരു വശത്ത്, പേസും സ്വിങ്ങും ബൗൺസുമായി ഓസീസ് പേസ് ത്രയം മറുവശത്ത്. പക്ഷേ, ക്ഷമയോടെ അയാൾ തന്റെ സ്വാഭാവിക മത്സരത്തിൽ ഉറച്ചുനിന്നു. ചേതേശ്വർ പൂജാര; വിള്ളൽ വീഴാത്ത ഇന്ത്യൻ മതിൽ!

∙ ദ്രാവിഡോ ലക്ഷ്മണോ?

പൂജാരയുടെ പ്രതിരോധ മികവിനെ പലപ്പോഴും ഉപമിച്ചുകാണുന്നത് ദ് ഗ്രേറ്റ് വാൾ രാഹുൽ ദ്രാവിഡുമായാണ്. എന്നാൽ കളിമികവിലും പ്രതിരോധത്തിലെ ടെക്നിക്കുകളിലും ദ്രാവിഡിനെക്കാളും പൂജാരയ്ക്കു സാമ്യതകളുള്ളത് വി.വി.എസ്. ലക്ഷ്മണുമായാണ്. ഇവരുടെ ഫ്രണ്ട് ഫൂട്ട് ഡിഫൻസ് തന്നെയാണ് ഇതിനുള്ള പ്രധാന ഉദാഹരണം. മുൻ കാലിലേക്ക് പരമാവധി ഊന്നി, ബാറ്റും പാഡും ഒന്നിച്ചുനിർത്തി, കൃത്യമായ ഹെഡ് പൊസിഷനോടുകൂടിയാണ് ദ്രാവിഡ് പേസ്– സ്പിൻ ഭേദമെന്യേ ഫ്രണ്ട് ഫൂട്ട് ഡിഫൻസ് കളിച്ചിരുന്നത്. 

ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ പൂജാര (ട്വിറ്റർ ചിത്രം)
ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ പൂജാര (ട്വിറ്റർ ചിത്രം)

എന്നാൽ പൂജാരയാകട്ടെ ഫ്രണ്ട് ഫുട്ടിൽ കളിക്കുന്നത് പരമാവധി ഒഴിവാക്കി, പന്തിനെ കഴിയുന്നതും തന്റെ ശരീരത്തിനടുത്തേക്ക് എത്താൻ അനുവദിച്ചശേഷമാണ് ഡിഫൻസിലേക്ക് കടക്കുന്നത്. ഇതിലൂടെ ലേറ്റ് സ്വിങ്ങിനുള്ള സാധ്യത ഇല്ലാതാക്കാനും പൂജാരയ്ക്കു സാധിക്കുന്നു. ലക്ഷ്മണും സമാനരീതിയിലാണ് തന്റെ പ്രതിരോധം ചിട്ടപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തരത്തിൽ ഡെലിവറിക്കു മുൻപേ ഡിഫൻസിലേക്കു കടക്കുന്നതിനാൽ ഇരുവർക്കും സ്ട്രോക്ക് പ്ലേ നടത്താൻ അവസരം ലഭിക്കാറില്ല. ലോഫ്റ്റഡ് കവർ ഷോട്ടോ ഇൻസൈഡ് ഔട്ട് ഷോട്ടോ ഇവരിൽ നിന്നു കാണാൻ സാധിക്കാത്തതും ഇതുകൊണ്ടുതന്നെ.

cheteshwar-pujara-4

മറുവശത്ത് ദ്രാവിഡ്, മത്സരത്തിന്റെ ഫോർമാറ്റിനനുസരിച്ച് തന്റെ ശൈലിയിൽ മാറ്റം വരുത്തിയും പ്രീ ഡിഫൻസ് മൈൻഡ് സെറ്റ് ഇല്ലാതെ ഓരോ പന്തുകളെയും സമീപിച്ചും ബാറ്റുവീശുന്ന പതിവ് തുടർന്നു.

∙ പൂജാരയും ബാറ്റ് ലിഫ്റ്റും

ബാറ്റ് ലിഫ്റ്റിന്റെ കാര്യത്തിലും മറ്റു താരങ്ങളിൽനിന്നു വളരെ വ്യത്യസ്തനാണ് പൂജാര. സാധാരണ ബാറ്റ്സ്മൻമാർ നെഞ്ചിന്റെ ഉയരത്തിലോ അരക്കെട്ടിനു മേലെ വരെയോ ആണ് പൊതുവേ ബാറ്റ് ലിഫ്റ്റ് എടുക്കാറ്. കെവിൻ പീറ്റേഴ്സൻ, ഹാഷിം അംല, സ്റ്റീവ് സ്മിത്ത് തുടങ്ങി ചില താരങ്ങൾ തങ്ങളെക്കാൾ ഉയരത്തിൽ ബാറ്റ് ലിഫ്റ്റുമായി പന്തിനെ നേരിടാറുണ്ട്. മൂന്നു ഫോർമാറ്റുകളും കളിക്കുന്ന താരങ്ങളാണെങ്കിൽ ഫോർമാറ്റിനനുസരിച്ച് ബാറ്റ് ലിഫ്റ്റിൽ മാറ്റങ്ങൾ‌ വരുത്താറുണ്ട്. കോമൺവെൽത്ത് സീരീസിൽ ലസിത് മലിംഗയെ കശാപ്പുചെയ്തപ്പോൾ, മലിംഗയുടെ യോർക്കറുകളിൽ നിന്നു രക്ഷപ്പെടാൻ ബാറ്റ് ലിഫ്റ്റ് പരമാവധി കുറച്ചിരുന്നതായി വിരാട് കോലി പിന്നീട് പറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലും ബാറ്റ് ലിഫ്റ്റ് കുറയ്ക്കാൻ ശ്രമിക്കാറുള്ളതായും കോലി പറഞ്ഞിട്ടുണ്ട്.

cheteshwar-pujara-3

എന്നാൽ പൂജാരയുടെ ബാറ്റ് ലിഫ്റ്റ് തന്നെ പ്രതിരോധത്തിലൂന്നിയാണ്. തന്റെ കാൽ മുട്ടിനു മുകളിലേക്ക് ഇതുവരെ പൂജാരയുടെ ബാറ്റ് ലിഫ്റ്റ് ഉയർന്നിട്ടില്ല. പൂജാരയുടെ വൻമതിൽ പ്രകടനങ്ങൾക്ക് കരുത്തുപകരുന്നതും ഈ ബാറ്റ് ലിഫ്റ്റാണെന്നു ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു. പ്രതിരോധത്തെ ശക്തി വർധിപ്പിക്കാൻ ഈ ബാറ്റ് ലിഫ്റ്റ് സഹായിക്കുന്നുണ്ടെങ്കിലും ലോഫ്റ്റഡ് ഷോട്ടുകൾ കളിക്കുമ്പോൾ ഇതു തിരിച്ചടിയാകുന്നു.

∙ വൺഡൗൺ മാൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനായി കണക്കാക്കുന്നത് വൺഡൗൺ ആണ്. ഇന്നിങ്സിന്റെ രണ്ടാം പന്തിലോ ചിലപ്പോൾ ആദ്യ ദിനത്തിന്റെ അവസാന പന്തിലോ ആയിരിക്കാം വൺഡൗൺ ബാറ്റ്സ്മാൻ ക്രീസിലെത്തുന്നത്. ന്യൂ ബോൾ, സെമി ന്യൂബോൾ, ഓൾഡ് ബോൾ തുടങ്ങി പന്തിന്റെ സ്വഭാവം എന്തായാലും നേരിടാനുള്ള ബാധ്യത വൺഡൗൺ ബാറ്റ്സ്മാനുണ്ട്. ക്രിക്കറ്റ് ഇതിഹാസം സർ ഡോൺ ബ്രാഡ്മാൻ, വിവ് റിച്ചർഡ്സ്, റിക്കി പോണ്ടിങ്, രാഹുൽ ദ്രാവിഡ്, കുമാർ സംഗക്കാര തുടങ്ങി വൺഡൗണിൽ കഴിവുതെളിയിച്ച ബാറ്റ്സ്മൻമാരാണ് പിൽക്കാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസങ്ങളായി അറിയപ്പെട്ടിട്ടുള്ളത്.

cheteshwar-pujara-1

എന്നാൽ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, സ്റ്റീവ് സ്മിത്ത് തുടങ്ങിയ ബാറ്റ്സ്മൻമാരെല്ലാം കഴിവ് തെളിയിച്ചത് നാലാമനായി ഇറങ്ങിയാണെന്നതും ശ്രദ്ധേയം (ഏകദിനത്തിൽ വിരാട് കോലി വൺ ഡൗൺ ആയും സച്ചിൻ ഓപ്പണറായും സ്മിത്ത് വൺഡൗൺ, ടു ഡൗൺ പൊസിഷനിലുമാണ് സാധാരണ ഇറങ്ങാറുള്ളത്). രാഹുൽ ദ്രാവിഡ് വിരമിച്ചശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൺഡൗൺ പൊസിഷനിൽ‌ അനുഭവപ്പെട്ട ശൂന്യത നികത്തിയത് പൂജാരയുടെ വരവായിരുന്നു.

∙ മെല്ലപ്പോക്ക്

54–ാം പന്തിൽ ഇന്നിങ്സിലെ തന്റെ ആദ്യ റൺ നേടി പൂജാര റെക്കോർഡ് ഇട്ടപ്പോൾ കയ്യടിച്ച അതേ ആരാധകരാണ് പിന്നീട് പല അവസരങ്ങളിലും മെല്ലെപ്പോക്കിന്റെ പേരിൽ പൂജാരയെ കുറ്റപ്പെടുത്തിയതും. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ആക്രമിച്ചുകളിക്കാൻ പൂജാര ശ്രമിക്കാറില്ലെന്നതാണ് പ്രധാന വിമർശനം. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഈ ശൈലിയാണ് ഉത്തമമെന്നും ഒരു ഭാഗത്ത് വിക്കറ്റ് പോകാതെ സൂക്ഷിക്കാൻ പൂജാര ഉള്ളതിനാലാണ് മറുഭാഗത്തെ ബാറ്റ്സ്മൻമാർക്ക് സമ്മർദമില്ലാതെ കളിക്കാൻ സാധിക്കുന്നതെന്നു കരുതുന്നവരും കുറവല്ല. നിലവിൽ‌ ട്വന്റി20 ക്രിക്കറ്റിന്റെ അതിപ്രസരമാണ് ടെസ്റ്റ് ക്രിക്കറ്റിലും ബാറ്റ്സ്മൻമാർ സ്ട്രൈക്ക് റേറ്റ് താഴെപ്പോകാതെ ബാറ്റു ചെയ്യണമെന്ന ആവശ്യത്തിനു പിന്നിലെന്നും കരുതുന്നവരുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഓസ്ട്രേലിയയിൽ, 4 മത്സര പരമ്പരയിൽ ഏറ്റവുമധികം പന്തുകൾ നേരിട്ട സന്ദർശക ബാറ്റ്സ്മാൻ (1245 പന്തുകൾ), ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 500 നു മുകളിൽ പന്തുകൾ നേരിട്ട ഇന്ത്യൻ ബാറ്റ്സ്മാൻ (525) തുടങ്ങിയ പൂജാര റെക്കോർഡുകൾ ഈ ആരോപണങ്ങളെ പിന്താങ്ങുന്നു.

∙ പൂജാരയുടെ ടെസ്റ്റ് സ്റ്റാറ്റ്സ്

മത്സരം – 80

ഇന്നിങ്സ് – 134

റൺസ് – 6030

‍െസഞ്ചുറി – 18

അർധ സെഞ്ചുറി – 27

ഉയർന്ന സ്കോർ  – 206*

English Summary: Is Cheteshwar Pujara’s batting style a concern for India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com