ADVERTISEMENT

ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച പുതുമുഖ താരങ്ങൾക്കൊപ്പം സീനിയർ താരം രവിചന്ദ്രൻ അശ്വിൻ നടത്തിയ അഭിമുഖം വൈറൽ. മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്കായി തിളങ്ങിയ അരങ്ങേറ്റ മത്സരം കളിച്ച ടി.നടരാജൻ, വാഷിങ്ടൻ സുന്ദർ, ഇടവേളയ്ക്കുശേഷം രണ്ടാം ടെസ്റ്റിന് ഇറങ്ങിയ ശാർദൂൽ താക്കൂർ എന്നിവരെയാണ് അശ്വിന്‍ ഇന്റർവ്യൂ ചെയ്തത്. ഇതിൽ നടരാജനും വാഷിങ്ടൻ സുന്ദറും അശ്വിന്റെ നാടായ തമിഴ്നാട്ടിൽനിന്നുള്ളവരാണ്.

ബാറ്റിങ്ങിൽ ഒരുവേള ആറിന് 186 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, ഏഴാം വിക്കറ്റിൽ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി വാഷിങ്ടൻ സുന്ദർ – ശാർദൂൽ താക്കൂർ സഖ്യമാണ് രക്ഷിച്ചത്. ഇരുവരും ടെസ്റ്റിലെ കന്നി അർധസെഞ്ചുറിയും കുറിച്ചു. സുന്ദർ 144 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്തപ്പോൾ, താക്കൂർ 115 പന്തിൽ ഒൻപത് ഫോറും രണ്ടു സിക്സും സഹിതം 67 റൺസെടുത്തു. ഏറ്റവും ഒടുവിൽ ബാറ്റിങ്ങിനെത്തിയ നടരാജൻ, ഒൻപതു പന്തിൽ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സിൽ മൂവർസംഘം മൂന്നു വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തിരുന്നു.

അരങ്ങേറ്റ മത്സരത്തിലെ അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ചായിരുന്നു ഇവരോട് അശ്വിന്റെ ചോദ്യം. കൂട്ടത്തിൽ നടരാജൻ മാത്രം തമിഴിലാണ് സംസാരിച്ചത്. അദ്ദേഹത്തോട് തമിഴിൽ ചോദ്യങ്ങൾ ചോദിച്ചശേഷം മറുപടിയും അശ്വിൻ തന്നെ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തു. മിച്ചൽ സ്റ്റാർക്കിനെ നേരിട്ട അനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് നടരാജൻ നൽകിയ ഉത്തരം ഇങ്ങനെ: ‘സ്റ്റാർക്കിന്റെ ആദ്യ പന്ത് കാണാൻ പോലും പറ്റിയില്ല അണ്ണാ...!’

അശ്വിന്റെ ചോദ്യങ്ങളും മൂവർ സംഘത്തിന്റെ ഉത്തരങ്ങളും ഇതാ:

അശ്വിൻ Vs ശാർദൂൽ താക്കൂർ

∙ ടെസ്റ്റ് കരിയറിലെ രണ്ടാം വരവിൽ സിക്സറടിച്ച് തുടങ്ങിയതിനെക്കുറിച്ച്?

അതൊരു മഹത്തായ അനുഭവമായിരുന്നു. സത്യത്തിൽ സിക്സറടിക്കാൻ മുൻകൂട്ടി നിശ്ചയിച്ച് അപ്രകാരം ചെയ്തതല്ല. അത് ആ പന്തിനോടുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു. പന്തു കണ്ടപ്പോൾ അനുയോജ്യമെന്ന് തോന്നിയ ഷോട്ട് ആ നിമിഷത്തെ തോന്നലിൽ കളിച്ചതാണ്. എന്തായാലും അത് നന്നായി വന്നു. സന്തോഷം.

∙ വിവിയൻ റിച്ചാർഡ്സിന്റെ ശൈലിയിലുള്ള കവർഡ്രൈവുകൾ കളിക്കുന്നത് കണ്ടു..

സത്യം പറഞ്ഞാൽ അതൊന്നും ഞാൻ മുൻപ് പരിശീലിച്ചിട്ടുള്ള ഷോട്ടുകളല്ല. എന്തായാലും എനിക്ക് നല്ല രീതിയിൽ ബാറ്റു ചെയ്യാന്‍ സാധിച്ചൊരു ദിവസമാണിത്. അതുകൊണ്ട് മോശം പന്തുകളൊന്നും വെറുതെ വിടരുതെന്ന് തീരുമാനിച്ചിരുന്നു.

∙ ആദ്യ ടെസ്റ്റ് വിക്കറ്റിനെക്കുറിച്ച്...

അന്ന് പരുക്കിന്റെ പിടിയിൽ ആകെ എറിഞ്ഞത് 10 പന്തുകൾ മാത്രമാണ്. അതുതന്നെ ഏറെ ബുദ്ധിമുട്ടിയാണ് എറിഞ്ഞത്. പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് രണ്ടു വർഷത്തോളം കാത്തിരുന്നിട്ടാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്. ആദ്യ പന്തിൽത്തന്നെ വിക്കറ്റ് നേടാൻ കഴിഞ്ഞതിൽ സന്തോഷം. ടീം വിക്കറ്റിനായി മോഹിച്ചിരുന്ന സമയത്തുതന്നെ വിക്കറ്റെടുക്കാൻ സാധിച്ചതിൽ സന്തോഷം.

അശ്വിൻ Vs വാഷിങ്ടൻ സുന്ദർ

∙ താക്കൂർ സിക്സറടിച്ച് അർധസെഞ്ചുറി തികച്ചതിനെക്കുറിച്ച്..

ആ സിക്സ് ഞാൻ പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ലയണിനെതിരെ സിക്സടിക്കാൻ അദ്ദേഹം കുറച്ചുനേരമായി ശ്രമിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഉടനെ ഒരു സിക്സ് കാണാമെന്ന് എനിക്കുറപ്പായിരുന്നു. മാത്രമല്ല, അർധസെഞ്ചുറി നേടാൻ താക്കൂർ ഏറെ ആഗ്രഹിച്ചിരുന്നു.

∙ മഹത്തായ ഈ അരങ്ങേറ്റത്തെക്കുറിച്ച്...

ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് കൂട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഫോർമാറ്റ്. ദൈവാനുഗ്രഹവും കുടുംബത്തിന്റെ പിന്തുണയും കൊണ്ട് നല്ല രീതിയിൽ തന്നെ തുടക്കമിടാൻ കഴിഞ്ഞു.

അശ്വിൻ Vs നടരാജൻ

∙ ആദ്യ രണ്ടു വിക്കറ്റുകളെക്കുറിച്ച്...

അതിനായി ഞാൻ അത്രയ്ക്ക് ഒന്നും അധ്വാനിച്ചിട്ടില്ല. ടീമിന്റെ പ്ലാൻ അനുസരിച്ച് എറൗണ്ട് ദ സ്റ്റംപ് ബോൾ ചെയ്തു. അതിന് ഫലം കിട്ടുകയും ചെയ്തു.

∙ മിച്ചൽ സ്റ്റാർക്കിന്റെ ഓവർ അതിജീവിച്ചതിനെക്കുറിച്ച്...

വളരെ ബുദ്ധിമുട്ടായിരുന്നു. സത്യം പറഞ്ഞാൽ ആദ്യത്തെ പന്ത് ഞാൻ കണ്ടതുപോലുമില്ല...

English Summary: Ashwin interviews Washington, Natarajan and Thakur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com