ADVERTISEMENT

‘ഞാൻ ആദ്യമായിട്ടാണ് ഇതുപോലൊരു മത്സരത്തിന്റെ ഭാഗമാകുന്നത്. എല്ലാം വളരെ പെട്ടന്ന് അവസാനിച്ചു...!’ – ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ സമ്മാനദാനച്ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞ വാക്കുകളാണിത്. ഇന്ത്യൻ നായകന്റെ മുഖത്ത് അത്ഭുതവും അവിശ്വസനീയതയും പ്രകടമായിരുന്നു.

ബോളർമാരുടെ തേരോട്ടമാണ് അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ കണ്ടത്. 150 ഒാവറുകൾ പൂർത്തിയാകുന്നതിനുമുൻപേ വീണത് 30 വിക്കറ്റുകൾ! ആദ്യ ദിനം മാത്രം വീണത് 13 വിക്കറ്റുകൾ; രണ്ടാം ദിനം 17 വിക്കറ്റുകളും. ആകെ വീണ 30 വിക്കറ്റുകളിൽ 28 എണ്ണം സ്പിന്നർമാർ സ്വന്തമാക്കി. ഫലം, ടെസ്റ്റിന്റെ രണ്ടാംദിവസം തന്നെ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചു!

ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരെ വട്ടം കറക്കിയ അക്ഷർ പട്ടേൽ കളിയിലെ കേമനായി ത‌ിരഞ്ഞെടുക്കപ്പെട്ടു. 400 വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ട രവിചന്ദ്രൻ അശ്വിനെ എല്ലാവരും വാഴ്ത്തി. ഇതെല്ലാം കണ്ടും കേട്ടും ഒരാൾ നിശബ്ദനായി നിൽക്കുന്നുണ്ടായിരുന്നു. ആ കളിക്കാരന്റെ പേര് രോഹിത് ശർമ്മ. മാൻ ഒാഫ് ദ മാച്ച് പുരസ്കാരം നിഷേധിക്കപ്പെട്ടുവെങ്കിലും അയാളായിരുന്നു ഇന്ത്യയുടെ യഥാർത്ഥ ഹീറോ.

rohit-sharma-1

സ്പിൻ ബോളർമാരെ അതിരുവിട്ട് പിന്തുണച്ച പിച്ചിൽ അക്ഷർ തിളങ്ങിയത് ഏറെക്കുറെ സ്വാഭാവികമായിരുന്നു. അതായിരുന്നില്ല രോഹിതിന്റെ സ്ഥിതി. എല്ലാ ബാറ്റ്സ്മാൻമാരും പതറിയ പ്രതലത്തിലാണ് രോഹിത് അനായാസം കളിച്ചത്. ഇന്ത്യൻ ടീം മൂന്നാം ടെസ്റ്റിൽ നേടിയ മൊത്തം റൺസിന്റെ പകുതിയോളം പിറന്നത് രോഹിതിന്റെ ബാറ്റിൽനിന്നായിരുന്നു!

പരമ്പരയിൽ നിലനിൽക്കാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാനും അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വലിയൊരു സ്കോർ പടുത്തുയർത്താനായില്ലെങ്കിലും അവർ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ആൻഡേഴ്സനും ബ്രോഡും ആർച്ചറും സ്റ്റോക്സും ഉൾപ്പെട്ട ഇംഗ്ലിഷ് പേസ് ആക്രമണം അതിശക്തമായിരുന്നു. പിങ്ക് ബോളിന്റെ ഉപയോഗം അവരുടെ കരുത്ത് വർധിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്നു.

പക്ഷേ സന്ദർശകരുടെ പദ്ധതികളെല്ലാം രോഹിതിനുമുന്നില്‍ നിഷ്പ്രഭമായി. പിച്ച്ഡ് അപ് ഡെലിവെറികൾക്കെതിരെ രോഹിത് ഡ്രൈവുകൾ കളിച്ചു. ആർച്ചറുടെ തീപാറുന്ന ബൗൺസറുകളെ പുൾ ചെയ്തു. ബൗണ്ടറി സംരക്ഷിക്കാൻ കുറേ ഫീൽഡർമാരെ നിർത്തിയിട്ടും പന്ത് വേലി കടന്നുകൊണ്ടിരുന്നു. രോഹിതിന്റെ അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് 33 റൺസിന്റെ ലീഡ് സമ്മാനിച്ചത്. ഓപ്പണറായിറങ്ങി 96 പന്തുകൾ നേരിട്ട രോഹിത് 11 ഫോറുകൾ സഹിതം 66 റൺസെടുത്താണ് പുറത്തായത്. ആ പിച്ചിൽ അത് വിലമതിക്കാനാകാത്തതായിരുന്നു.

rohit-sharma-2

രണ്ടാമിന്നിങ്സിലും തകർന്നുവീണ ഇംഗ്ലണ്ട് 49 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് വച്ചുനീട്ടിയത്. ഓസ്ട്രേലിയയിൽ കേവലം 36 റൺസിന് ഓൾഔട്ടായതിന്റെ സ്മരണ ഇന്ത്യൻ ടീമിനെയും ആരാധകരെയും വേട്ടയാടിയിരുന്നു. എന്നാൽ രോഹിത് വളരെ വേഗത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. തനത് ശൈലിയിൽ സിക്സറടിച്ച് കളി ഫിനിഷ് ചെയ്തു.

സ്പിൻ ബോളിങ്ങിനെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന വിഷയത്തിൽ ഒരു മാസ്റ്റർക്ലാസാണ് രോഹിത് നൽകിയത്‌. അയാൾ ക്രീസിൽനിന്ന് സ്റ്റെപ്പ് ഔട്ട് ചെയ്ത് സ്പിന്നർമാരുടെ താളം തെറ്റിച്ചു. ചാടിയിറങ്ങുന്ന ബാറ്റ്സ്മാനെ പ്രതിരോധിക്കാൻ ബോളർമാർ ലെങ്തിൽ മാറ്റം വരുത്തിയപ്പോൾ രോഹിത് ബാക്ക്ഫൂട്ടിൽ ഷോട്ടുകൾ കളിച്ചു. അതിനുപുറമെ അത്യാകർഷകമായ സ്വീപ്പുകളും.

2004ൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഒരു ടെസ്റ്റാണ് ഒാർമ്മയിലെത്തുന്നത്. മുംബൈ ആയിരുന്നു വേദി. കളിയുടെ മൂന്നാം ദിവസം ഇന്ത്യ 13 റൺസിന് ജയിച്ചു. മുരളി കാർത്തിക് എന്ന ഇടംകയ്യൻ സ്പിന്നർ ഇന്ത്യയുടെ വിജയശിൽപിയായി. താൽക്കാലിക ബോളറായിരുന്ന മൈക്കൽ ക്ലാർക്ക് 6 വിക്കറ്റുകൾ വീഴ്ത്തി. സച്ചിൻ തെൻഡുൽക്കറും വി.വി.എസ്. ലക്ഷ്മണും അർധസെഞ്ചുറികൾ നേടി.

rohit-kohli

സമാനമായ കാഴ്ചകളാണ് 16 വർഷങ്ങൾക്കിപ്പുറം അഹമ്മദാബാദിൽ കണ്ടത്. മുരളി കാർത്തിക്കിന്റെ റോൾ അക്ഷർ ഭംഗിയായി നിർവഹിച്ചു. മൈക്കൽ ക്ലാർക്കിന്റെ സ്ഥാനത്ത് ജോ റൂട്ട് വന്നു. പക്ഷേ സച്ചിൻ-ലക്ഷ്മൺ സഖ്യത്തിന് പകരംവയ്ക്കാവുന്ന ഒരു കൂട്ടുകെട്ട് ഉണ്ടായില്ല. രോഹിത് ഒറ്റയ്ക്കുതന്നെ ആ ജോലി ചെയ്തു!

ഒരിക്കൽ വിരാട് കോലി അഭിപ്രായപ്പെട്ടിരുന്നു- ‘ഫോമിലുള്ള രോഹിത്തിനോട് മത്സരിക്കാൻ ശ്രമിക്കരുത്. നമുക്കാർക്കും കളിക്കാനാവാത്ത കുറേ ഷോട്ടുകൾ അയാളുടെ കൈവശമുണ്ട്...! ’

മഹാപ്രതിഭയാണ് അയാൾ. പകരംവ‌യ്ക്കാനില്ലാത്ത പ്രതിഭാസം...

English Summary: Rohit Sharma, the real hero in India Vs England 3rd Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com