ADVERTISEMENT

രാജ്യാന്തര ക്രിക്കറ്റിൽ സ്വപ്നതുല്യമായ തിരിച്ചുവരവിന്റെ ക്രീസിലാണ് ഇന്ത്യൻ താരം ഋഷഭ് പന്ത്. ടെസ്റ്റിലും ട്വന്റി20യിലും ഏകദിനത്തിലുമെല്ലാം അവിശ്വസനീയ പ്രകടനങ്ങളുടെ തീപ്പന്തം കൊളുത്തിയ പന്തിന്റെ ഭാഗ്യത്തേരിൽ വിശ്വാസമർപ്പിച്ചാണു ഡൽഹി ക്യാപിറ്റൽസിന്റെ ഐപിഎൽ വരവ്. കരിയറിന്റെ ഗതിതന്നെ മാറ്റിയെഴുതിയെത്തുന്ന പന്തിനു ടീമിന്റെ കടിഞ്ഞാൺ കൈമാറിയ ഡൽഹി ലക്ഷ്യമിടുന്നതും കിരീടം തന്നെ. 

പരുക്കേറ്റ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പിൻമാറ്റം സീസൺ തുടങ്ങും മുൻപേ ഡൽഹിയെ ഞെട്ടിച്ചെങ്കിലും അതിൽനിന്നു കരകയറാൻ പോന്ന കരുത്തുണ്ട് റിക്കി പോണ്ടിങ്ങിന്റെ ടീമിന്. അറേബ്യൻ ലീഗിൽ മിന്നിയ ശിഖർ ധവാനും ഫോമിലേക്കു തിരിച്ചെത്തിയ പൃഥ്വി ഷായും ചേർന്നൊരുക്കുന്ന തുടക്കം, സ്റ്റീവ് സ്മിത്തും ഷിമ്രോൺ ഹെറ്റ്മയറും സാം ബില്ലിങ്സും അജിൻക്യ രഹാനെയും ഊഴം തേടുന്ന മധ്യം, ഫ്ലോട്ടിങ് റോളിൽ വെടിക്കെട്ടിനു ക്യാപ്റ്റൻ പന്തും മാർക്കസ് സ്റ്റോയ്നിസും... ബാറ്റ് കൊണ്ടു ആളിക്കത്തുമെന്ന ഉറപ്പു കൂടിയാണ് ഈ ലൈനപ്. ക്രിസ് വോക്സും ടോം കറനും അക്ഷർ പട്ടേലും ലളിത് യാദവും അശ്വിനും കൂടി ചേരുന്നതാണു ടീമിന്റെ ബാറ്റിങ് മൂലധനം.

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 2 സൂപ്പർ പേസർമാരുടെ പ്രസരിപ്പിലായിരുന്നു പോയ സീസണിൽ ഡൽഹിയുടെ പ്രയാണം. കഗീസോ റബാദയുടെയും ആൻറിച്ച് നോർട്യയുടെയും മാരക കൂട്ടുകെട്ട് ഇക്കുറിയും തുറുപ്പുചീട്ടാകും. ഇന്ത്യൻ പിൻബലമായി ഇഷാന്ത് ശർമയും ഉമേഷ് യാദവും പോലുള്ള പരിചയസമ്പന്നരുമുണ്ട്. സ്റ്റോയ്നിസും വോക്സും ടോം കറനും പോലുള്ള മുൻനിര ഓൾറൗണ്ടർമാരുടെ പിന്തുണ കൂടി ചേരുന്നതാണു പേസ് യൂണിറ്റ്. 

Rahane
ഡൽഹി ക്യാപിറ്റൽസ് താരം അജിൻക്യ രഹാനെ പരിശീലനത്തിനിടെ. ടീം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം.

പേസാണു ബോസ് എങ്കിലും സ്പിന്നിലും മോശമല്ല ഡൽഹി. ലിമിറ്റഡ് ഓവറിൽ രാജ്യാന്തര തിരിച്ചുവരവ് തേടുന്ന അശ്വിനാണു ‘നായകൻ.’ പിന്തുണക്കാരും തെല്ലും മോശമല്ല; അക്ഷർ പട്ടേലും വെറ്ററൻ താരം അമിത് മിശ്രയും

∙ സർപ്രൈസ് സ്റ്റാർ

 വൻതാരങ്ങളുടെ കൂട്ടപ്പൊരിച്ചിലുള്ള ഡൽഹി ബാറ്റിങ് നിരയിലേക്കു സ്റ്റീവ് സ്മിത്തിന്റെ വരവ് അപ്രതീക്ഷിതം. ശിഖർ ധവാൻ നൽകിയ മിന്നുന്ന തുടക്കമുണ്ടായിട്ടും സ്ഥിരതയുടെ കാര്യത്തിൽ പിന്നാക്കം പോയതിനു പരിഹാരം തേടിയാകും ഇഷ്ടതാരം കൂടിയായ വിശ്വസ്ത ബാറ്റ്സ്മാനെ പോണ്ടിങ് ടീമിലെത്തിച്ചത്. ശ്രേയസിന്റെ അഭാവത്തിൽ സ്മിത്തിന്റെ പ്രകടനം ടീമിനു നിർണായകം. 

05-steve-smith-
സ്റ്റീവ് സ്മിത്ത്

താരമൂല്യം: 82.85 കോടി

ശരാശരി പ്രായം: 28

ഡൽഹി @ AUCTION 21 

ടോം കറൻ 5.25 കോടി

സ്റ്റീവ് സ്മിത്ത് 2.2 കോടി

സാം ബില്ലിങ്സ് 2 കോടി

ഉമേഷ് യാദവ് 1 കോടി

റിപാൽ പട്ടേൽ 20 ലക്ഷം

വിഷ്ണു വിനോദ് 20 ലക്ഷം

ലുക്മാൻ മെറിവാല 20 ലക്ഷം

എം.സിദ്ധാർഥ് 20 ലക്ഷം

English Summary: IPL 2021 - Delhi Capitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com