ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ ‘പ്രധാന ടീം’ ഇംഗ്ലണ്ടിലായിരിക്കുമ്പോഴും ശ്രീലങ്കൻ പര്യടനം നടത്തുകയാണ് ബിസിസിഐ. യുവതാരങ്ങളുടെ രണ്ടാമതൊരു ടീമിനെക്കൂടി സൃഷ്ടിച്ച് ശ്രീലങ്കയിലേക്ക് ട്വന്റി20, ഏകദിന മത്സരങ്ങൾ കളിക്കാൻ വിടുകയാണു ബിസിസിഐ ചെയ്യുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്ത് ലോകത്തിനു മുന്നിൽ കാട്ടുന്നതിനൊപ്പം യുവതാരങ്ങൾക്കു കഴിവുതെളിയിക്കാനുള്ള അവസരമായാണ് ബിസിസിഐ ലങ്കൻ പര്യടനത്തെ കാണുന്നത്. അതുകൊണ്ട് തന്നെ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമുൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിലെ യുവതാരങ്ങളിൽ‌ പലര്‍‌ക്കും ശ്രീലങ്കയിലേക്കു പോകുന്ന ടീമിൽ അവസരം ലഭിച്ചു.

അതേസമയം ലങ്കൻ പര്യടനത്തിനുള്ള ടീമിലും അവസരം ലഭിക്കാതായതോടെ സമ്പൂർണ നിരാശ പ്രകടമാക്കിയ ഒരു താരമുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കായി തിളങ്ങിയ ഷെൽഡൻ ജാക്സൻ. ടീം പ്രഖ്യാപനത്തിനു പിന്നാലെ ‘ഹാർട്ട് ബ്രോക്കൺ’ ചിഹ്നവുമായാണ് ജാക്സൻ ട്വിറ്ററിൽ തന്റെ നിരാശ പ്രകടിപ്പിച്ചത്. ടീമിൽ അവസരം ലഭിക്കാത്തതിൽ നിരാശയുണ്ടെന്നു താരം ഒരു സ്പോർട്സ് മാധ്യമത്തോടു തുറന്നു പറയുകയും ചെയ്തു. എനിക്കിപ്പോൾ 34 വയസ്സായി. 22–23 വയസ്സുകാരേക്കാൾ നന്നായി കളിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ ടീമിൽ കളിക്കാന്‍ യോഗ്യതയില്ലെന്ന് ക്രിക്കറ്റ് നിയമങ്ങളിൽ എവിടെയാണുള്ളത്– ജാക്സന്‍ ചോദിച്ചു.

sheldon-jackson-1248
ഷെൽഡൻ ജാക്സന്‍

രഞ്ജി ക്രിക്കറ്റിലെ പ്രകടനത്തിന്റേയോ, അല്ലെങ്കില്‍ ഫിറ്റ്നസിലൂടെയോ, എന്തു കാര്യത്തിലാണ് ഇവർ താരങ്ങളെ വിലയിരുത്തുന്നത്? രണ്ട്, മൂന്ന് സീസണുകളിൽ തുടർച്ചയായി 800–900 ലെവലില്‍ സ്കോർ നേടിയാൽ നമ്മൾ ഫിറ്റ് ആണെന്നാണ്. അയാൾക്ക് 30 വയസ്സുകഴിഞ്ഞെന്നു പറയുന്നതു പല തവണ ഞാൻ കേട്ടിട്ടുണ്ട്. ടീമിലെടുക്കരുതെന്ന് എവിടെയാണ് എഴുതപ്പെട്ടിട്ടുള്ളത്? നമ്മുടെ അവകാശങ്ങളെ ആരാണ് ഇല്ലാതാക്കുന്നത്– താരം ചോദിച്ചു. രഞ്ജി ക്രിക്കറ്റിൽ തിളങ്ങുന്ന പ്രകടനം നടത്തിയിട്ടും ടീമിൽ‌ സ്ഥാനം കിട്ടാത്തതാണ് താരത്തെ പ്രകോപിപ്പിച്ചത്.

രഞ്ജിയിൽ നാലു സീസണുകളില്‍ 750ന് മുകളില്‍ റൺസ് നേടിയിട്ടുള്ള താരമാണ് ഷെൽഡൻ ജാക്സൻ. എന്നിട്ടും താരത്തെ ഇന്ത്യയുടെ എ ടീമിലേക്കു പോലും പരിഗണിച്ചില്ലെന്നാണു പരാതി. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത് ശിഖർ ധവാനാണ്, ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റൻ. മൂന്ന് വീതം ഏകദിന, ട്വന്റി20 മത്സരങ്ങളുള്ള പരമ്പരയ്ക്കു ജൂലൈ 13ന് തുടക്കമാകും. 20 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിട്ടുള്ളത്.

English Summary: Sheldon Jackson ‘heartbroken’ after being left out of India’s tour of Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com