ADVERTISEMENT

കൊൽക്കത്ത∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ ഉന്നതർക്കെതിരെ കടുത്ത വിമർശനവുമായി വെറ്ററൻ താരം വൃദ്ധിമാൻ സാഹ രംഗത്ത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ എന്നിവരെയാണ് സാഹ വിമർശിച്ചത്. ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും പരിശീലകൻ രാഹുൽ ദ്രാവിഡും ചേതൻ ശർമയും നിർദ്ദേശിച്ചതായി സാഹ ആരോപിച്ചു. താൻ ബിസിസിഐ തലപ്പത്ത് ഉള്ളിടത്തോളം കാലം ടീമിൽ ഇടം ഉറപ്പു നൽകിയ ഗാംഗുലി, പിന്നീട് വാക്കു മാറ്റിയെന്നും സാഹ വെളിപ്പെടുത്തി.

ഇനിമുതൽ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ നേതൃത്വം മുപ്പത്തിയേഴുകാരനായ സാഹയെ അറിയിച്ചതിനെ തുടർന്നാണ് ഇത്തവണത്തെ രഞ്ജി ട്രോഫിയിൽനിന്ന് സാഹ പിൻമാറിയതെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ബിസിസിഐ നേതൃത്വവുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി സാഹ പരസ്യമായി രംഗത്തെത്തിയത്.

‘ഇനിമുതൽ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ടീം മാനേജ്മെന്റ് എന്നെ അറിയിച്ചിരുന്നു. ഇതുവരെ ഇക്കാര്യം പുറത്തു പറയാൻ സാധിക്കാതിരുന്നത് ഞാൻ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നതുകൊണ്ടാണ്’ – സാഹ പറഞ്ഞു. സ്വന്തം നാട്ടുകാരൻ കൂടിയായ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെയും സാഹ വിമർശനം ഉയർത്തി.

‘കഴിഞ്ഞ നവംബറിൽ കാൺപുരിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ കടുത്ത വേദനകൾക്കിടയിലും വേദനസംഹാരി കഴിച്ച് ബാറ്റു ചെയ്ത് പുറത്താകാതെ 61 റൺസെടുത്ത് ഞാൻ ടീമിന് സമനില സമ്മാനിച്ചിരുന്നു. എന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഗാംഗുലി വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. അദ്ദേഹം ബിസിസിഐയുടെ തലപ്പത്ത് ഉള്ളിടത്തോളം കാലം ഒന്നും പേടിക്കേണ്ടെന്നും അന്ന് അറിയിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റിൽനിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചാൽ നമ്മുടെ ആത്മവിശ്വാസം എത്രത്തോളമാകുമെന്ന് ആലോചിച്ചുനോക്കൂ. പക്ഷേ, അതിനുശേഷം എല്ലാം മാറിപ്പോയി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല’ – സാഹ പറഞ്ഞു.

ഇതിനു പിന്നാലെ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും വിളിച്ചതായി സാഹ വെളിപ്പെടുത്തി.

‘ഗാംഗുലിയുടെ സന്ദേശം വന്ന് കുറച്ചുനാളുകൾക്കുശേഷം പരിശീലകൻ രാഹുൽ ദ്രാവിഡും എന്നെ വിളിച്ചിരുന്നു. ടീമിൽ ഇടം ഉറപ്പാണെന്ന് ഗാംഗുലി പറഞ്ഞതിനാൽ തന്റെ പദ്ധതികൾ വിശദീകരിക്കാനാണ് ദ്രാവിഡ് വിളിക്കുന്നതെന്നാണ് ഞാൻ കരുതിയത്. പക്ഷേ, സംസാരിച്ചു തുടങ്ങിയപ്പോൾ ദ്രാവിഡ് പറഞ്ഞത് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. ഇത് എങ്ങനെയാണ് നിന്നോട് പറയേണ്ടത് എന്ന് എനിക്കറിയില്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം തുടങ്ങിയത്. പിന്നീട് ടെസ്റ്റ് ടീമിൽ പുതിയൊരു വിക്കറ്റ് കീപ്പറിനെ പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ച വിവരം എന്നോട് പറഞ്ഞു. എന്റെ പ്രായമോ ഫിറ്റ്നസോ ആണോ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. പക്ഷേ, ടീമിലുണ്ടെങ്കിലും ഞാൻ കളിക്കാനിറങ്ങാത്ത സാഹചര്യത്തിൽ പുതിയൊരു ആളെ പരീക്ഷിക്കാനാണ് തീരുമാനമെന്നായിരുന്നു മറുപടി’ – സാഹ പറഞ്ഞു. വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ദ്രാവിഡ് പോലും ദ്രാവിഡ് തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി.

English Summary: Wriddhiman Saha slams Rahul Dravid, Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com