ADVERTISEMENT

ഹൈദരാബാദ് ∙ അടിയും തിരിച്ചടിയും ആവോളം കണ്ട ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 31 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ (3ന് 277) നേടിയതോടെ മത്സരം അനായാസം ജയിക്കുമെന്നു തോന്നിച്ചെങ്കിലും അതേ ആവേശത്തിൽ തിരിച്ചുകൊടുക്കാൻ മുംബൈയും തീരുമാനിച്ചതോടെ കളി മാറി. എന്നാൽ അവസാന ഓവർ വരെ പൊരുതിയെങ്കിലും മുംബൈയുടെ പോരാട്ടം 31 റൺസ് അകലെ അവസാനിച്ചു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 3ന് 277. മുംബൈ 20 ഓവറിൽ 5ന് 246. ഇരുടീമുകളും ചേർന്ന് 523 റൺസാണ് ഇന്നലെ അടിച്ചുകൂട്ടിയത്. 23 പന്തിൽ 63 റൺസെടുത്ത ഹൈദരാബാദ് താരം അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

∙ പൊരുതിവീണ് മുംബൈ

ഹൈദരാബാദ് നി‌ർത്തിയ ഇടത്തുനിന്നു തുടങ്ങാനായിരുന്നു മുംബൈയുടെ തീരുമാനം. ആദ്യ ഓവർ മുതൽ അടിച്ചു തുടങ്ങിയ രോഹിത് ശർമയും (12 പന്തിൽ 26) ഇഷൻ കിഷനും (13 പന്തിൽ 34) ആശിച്ച തുടക്കമാണ് മുംബൈയ്ക്കു നൽകിയത്. പിന്നാലെ വന്ന നമൻ ദിറും (14 പന്തിൽ 30) തിലക് വർമയും (34 പന്തി‍ൽ 64) ഫോമിലായതോടെ 11–ാം ഓവറിൽ മുംബൈ ടോട്ടൽ 150 കടന്നു. ഇതോടെ മുംബൈ ചരിത്രവിജയം നേടുമെന്നു തോന്നിച്ചെങ്കിലും മധ്യ ഓവറുകളി‍ൽ റൺ നിരക്കു പിടിച്ചുനിർത്തിയ ഹൈദരാബാദ് ബോളർമാർ മുംബൈയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡിന് (22 പന്തിൽ 42 നോട്ടൗട്ട്) മുംബൈയുടെ തോൽവി ഭാരം കുറയ്ക്കാൻ മാത്രമേ സാധിച്ചുള്ളൂ. ഹൈദരാബാദിനു വേണ്ടി ക്യാപ്റ്റൻ പാറ്റ് കമിൻസും ജയദേവ് ഉനദ്കട്ടും 2 വിക്കറ്റ് വീതം വീഴ്ത്തി.

∙ തല മുതൽ...

ഹൈദരാബാദിനായുള്ള ഐപിഎൽ അരങ്ങേറ്റം ആഘോഷമാക്കാൻ ഉറപ്പിച്ചാണ് ഓസീസ് താരം ട്രാവിസ് ഹെഡ് (24 പന്തിൽ 62) ഇന്നലെ ഇറങ്ങിയത്. മുംബൈയുടെ യുവതാരം ക്വെന മപാക എറിഞ്ഞ മൂന്നാം ഓവറിൽ 2 വീതം സിക്സും ഫോറുമടക്കം 22 റൺസ് നേടിയ ഹെഡ്, ഹാർദിക് പാണ്ഡ്യ എറിഞ്ഞ അടുത്ത ഓവറിൽ തുടർച്ചയായ 3 ഫോർ നേടി. ബൗണ്ടറികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഓസ്ട്രേലിയൻ താരം, 24 പന്തിൽ 3 സിക്സും 9 ഫോറുമടക്കം 258.33 സ്ട്രൈക്ക് റേറ്റിലാണ് 62 റൺസ് നേടിയത്. 

ഹെഡ് പുറത്തായതിനു പിന്നാലെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത അഭിഷേക് ശർമ (23 പന്തിൽ 63), ഹെഡിനെക്കാൾ വേഗത്തിൽ റൺ കണ്ടെത്താൻ തുടങ്ങിയതോടെ ഹൈദരാബാദിന്റെ റൺറേറ്റ് കുതിച്ചുയർന്നു. 16 പന്തിൽ അർധ സെഞ്ചറി തികച്ച അഭിഷേക്, 23 പന്തി‍ൽ 7 സിക്സും 3 ഫോറും അടക്കം 63 റൺസ് നേടിയാണ് മടങ്ങിയത്. ഐപിഎലിൽ സൺറൈസേഴ്സ് താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറിയാണ് അഭിഷേക് സ്വന്തം പേരിൽ കുറിച്ചത്. 

ഹെഡും അഭിഷേകും മടങ്ങിയതിനു പിന്നാലെ ക്ലാസൻ ഷോയ്ക്കാണ് ഹൈദരാബാദ് സ്റ്റേഡിയം സാക്ഷിയായത്. 7 സിക്സും 4 ഫോറുമടക്കം 34 പന്തിൽ 80 റൺസുമായി ഒരറ്റത്ത് ഹെയ്ൻറിച് ക്ലാസൻ (34 പന്തിൽ 80 നോട്ടൗട്ട്) തകർത്താടിയപ്പോൾ 28 പന്തിൽ 42 റൺസുമായി മറുവശത്ത് പുറത്താകാതെ നിന്ന എയ്ഡൻ മാർക്രവും തന്റെ റോൾ ഗംഭീരമാക്കി. നാലാം വിക്കറ്റിൽ 55 പന്തിൽ 116 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.

ഐപിഎൽ ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺ വഴങ്ങുന്ന താരമായി മുംബൈ ഇന്ത്യൻസിന്റെ ക്വെന മപാക. 4 ഓവറിൽ വിക്കറ്റില്ലാതെ 66 റൺസാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഈ പതിനേഴുകാരൻ പേസർ വഴങ്ങിയത്.

ഇന്നലെ തകർന്ന റെക്കോർഡുകൾ

∙ ഐപിഎൽ മത്സരത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ– 3ന് 277
∙ ഒരു ഐപിഎൽ മത്സരത്തിൽ ഇരു ടീമുകളും ചേർന്നു നേടുന്ന ഏറ്റവും ഉയർന്ന സ്കോർ– 523
∙ ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവുമധികം സിക്സറുകൾ– 38
∙ ഐപിഎൽ മത്സരത്തിൽ രണ്ടാം ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്കോർ– 5ന് 246
∙ ആദ്യമായാണ് ഒരു ഐപിഎൽ മത്സരത്തിൽ 4 ബാറ്റർമാർ 25 ൽ താഴെ പന്തുകളിൽ അർധ സെഞ്ചറി തികയ്ക്കുന്നത്. അഭിഷേക് ശർമ (16 പന്തിൽ), ട്രാവിസ് ഹെഡ് (18), ഹെയ്ൻറിച് ക്ലാസൻ (23), തിലക് വർമ (24) എന്നിവരാണ് റെക്കോർഡ് നേട്ടത്തിൽ പങ്കാളികളായത്.

പോയിന്റ് ടേബിൾ
(സ്ഥാനം ,ടീം ,മത്സരം, ജയം, തോൽവി ,പോയിന്റ്, നെറ്റ് റൺ റേറ്റ്)

1. ചെന്നൈ         2   2  0    4    +1.97
2. രാജസ്ഥാൻ     1   1  0    2   +1.00
3. ഹൈദരാബാദ്  2   1   1   2   +0.67
4. കൊൽക്കത്ത   1   1   0   2   +0.20
5. പഞ്ചാബ്        2   1  1    2   +0.02
6. ബെംഗളൂരു     2   1  1    2   –0.18
7. ഗുജറാത്ത്      2   1   1    2   –1.42
8. ഡൽഹി         1   0  1    0   –0.45
9. മുംബൈ        2   0   2   0    –0.92
10. ലക്നൗ        1   0   1   0   –1.00

English Summary:

IPL 2024 - most runs to most sixes: SRH vs MI match breaks many T20 record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com