ADVERTISEMENT

ജയ്പൂർ∙ ട്രെന്റ് ബോൾട്ട്, നാന്ദ്രെ ബർഗർ എന്നിവർക്ക് ഓവറുകൾ ബാക്കിയുണ്ടായിരുന്നെങ്കിലും ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അവസാന ഓവറുകൾ എറിഞ്ഞത് സന്ദീപ് ശർമയും ആവേശ് ഖാനുമായിരുന്നു. ഇന്ത്യൻ താരങ്ങൾക്കു പന്തു നൽകാനുള്ള രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തീരുമാനം മത്സരത്തിൽ ഫലം കണ്ടു. 12 റൺസിന് രാജസ്ഥാൻ റോയൽസ് കളി ജയിച്ചു.

അവസാന രണ്ട് ഓവറിൽ 32 റൺസാണ് ഡൽഹി ക്യാപിറ്റൽസിനു ജയിക്കാൻ വേണ്ടിയിരുന്നത്. 19–ാം ഓവറിൽ സന്ദീപ് 15 റൺസ് വഴങ്ങിയെങ്കിലും, അവസാന ഓവറിൽ ആവേശ് ഖാൻ വിട്ടുകൊടുത്തത് നാലു റണ്‍സ് മാത്രമായിരുന്നു. പന്തെറിയുന്നതിൽ പൂര്‍ണ സ്വാതന്ത്ര്യം നൽകുന്ന ക്യാപ്റ്റനാണ് സഞ്ജു സാംസണെന്നു രാജസ്ഥാൻ റോയൽസ് താരം ആവേശ് ഖാൻ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ ബോളിങ് പ്രകടനം നടത്തിയ ശേഷമാണ്, ഗ്രൗണ്ടിൽ സഞ്ജു നല്‍കുന്ന പിന്തുണയെക്കുറിച്ച് ആവേശ് ഖാൻ മനസ്സു തുറന്നത്.

‘‘ഞാൻ ആദ്യമായല്ല അവസാന ഓവര്‍ എറിയുന്നത്. കഴിഞ്ഞ സീസണിൽ ഞാൻ‌ രാജസ്ഥാൻ റോയൽസിനെതിരെ പ്രതിരോധിച്ചുനിന്നിട്ടുണ്ട്. നടപ്പാക്കിയ രീതി നോക്കിയാൽ ഇതായിരിക്കും എന്റെ ഏറ്റവും മികച്ച ഓവർ. ഡൽഹിക്കെതിരെ എന്റെ അവസാന പന്തുകളെല്ലാം വൈഡ് യോർക്കറുകളായിരുന്നു. ലക്നൗലിലും ‍ഡൽഹി ക്യാപിറ്റൽസിലും കളിച്ചിരുന്നപ്പോൾ എന്റെ ഒന്നോ, രണ്ടോ ഓവറുകൾ പവർപ്ലേയിലായിരുന്നു. രാജസ്ഥാനിൽ ഞാൻ‌ രണ്ട് ഓവറുകൾ പവര്‍പ്ലേ കഴിഞ്ഞ ശേഷമാണ് എറിയുന്നത്. അവസാനവും എനിക്കു പന്തു ലഭിക്കുന്നുണ്ട്.’’

‘‘പദ്ധതികളെല്ലാം നടപ്പാക്കാൻ സഞ്ജു സാംസണും ടീം മാനേജ്മെന്റും എനിക്കു മുഴുവന്‍ സ്വാതന്ത്ര്യവും നൽകുന്നുണ്ട്. സഞ്ജു ബോളേഴ്സ് ക്യാപ്റ്റനാണ്. തുടക്കത്തിൽ തന്നെ രാജസ്ഥാൻ വിക്കറ്റുകൾ പോയതോടെ റിയാൻ പരാഗിന്റെ ഇന്നിങ്സാണു കളി മാറ്റിയത്. പോരാടാവുന്ന ഒരു സ്കോറിലേക്ക് ഞങ്ങളെ എത്തിച്ചത് റിയാൻ പരാഗാണ്.’’– ആവേശ് ഖാൻ വ്യക്തമാക്കി.

English Summary:

He is a bowlers captain: Avesh Khan praise Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com