ADVERTISEMENT

മുംബൈ ∙ മുംബൈ ബാറ്റർമാർ പടുത്തുയർത്തിയ റൺമലയ്ക്കു മുന്നിൽ പൊരുതി വീണ് ഡൽഹി ക്യാപിറ്റൽസ്. 235 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 205ൽ അവസാനിച്ചു. 25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്കോറർ. 29 റൺസിനാണ് മുംബൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സ്കോർ: മുബൈ ഇന്ത്യൻസ് – 20 ഓവറിൽ 5ന് 234, ഡൽഹി ക്യാപിറ്റൽസ് – 20 ഓവറിൽ 8ന് 205.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ‍ഡൽഹിക്ക് സ്കോർ ബോർഡിൽ 22 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ ഡേവിഡ് വാർണറെ നഷ്ടമായി. അർധ സെഞ്ചറി കണ്ടെത്തിയ പൃഥ്വി ഷായെ (40 പന്തിൽ 66) 12–ാം ഓവറിൽ ജസ്പ്രീത് ബുമ്ര ക്ലീൻ ബോൾഡാക്കി. 31 പന്തിൽ 41 റൺസ് നേടിയ അഭിഷേക് പൊറൽ ടിം ഡേവിഡിന് ക്യാച്ച് നൽകി മടങ്ങി. അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സ് നടത്തിയ വെടിക്കെട്ടാണ് ഡൽഹിയെ 200 കടക്കാൻ സഹായിച്ചത്. എന്നാൽ മുംബൈ ഉയർത്തിയ റൺമല മറികടക്കാൻ അതു മതിയാകുമായിരുന്നില്ല.

മധ്യ ഓവറുകളിൽ റൺനിരക്ക് കുറഞ്ഞത് ഡൽഹി ടീമിന് വിനയായി. ക്യാപ്റ്റൻ റിഷഭ് പന്ത് (1), അക്ഷർ പട്ടേൽ (8), ലളിത് യാദവ് (3), കുമാർ കുശാഗ്ര (0), ജേ റിച്ചാർഡ്സൻ (2) എന്നിവർ നിരാശപ്പെടുത്തുന്ന പ്രകടമാണ് പുറത്തെടുത്തത്. മുംബൈ ഇന്ത്യൻസിനായി ജെറാൾഡ് കോട്സീ 4 ഓവറിൽ 34 റൺസ് വഴങ്ങി 4 വിക്കറ്റു പിഴുതു.

∙ തകര്‍ത്തടിച്ച് മുംബൈ ബാറ്റർമാർ 

ഓപ്പണർമാർ തുടങ്ങിയ വെടിക്കെട്ട്, അവസാന ഓവറുകളിൽ ടിം ഡേവിഡും റൊമാരിയോ ഷെപേർഡും തുടർന്നതോടെയാണ് ഡൽഹി ക്യാപിറ്റൽസിനു മുന്നില്‍ മുംബൈ 235 റൺസിന്റെ കൂറ്റൻ‍ വിജയലക്ഷ്യമുയർത്തിയത്. അവസാന അഞ്ച് ഓവറുകളിൽ 96 റൺസാണ് മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയത്. ആന്‍റിച് നോർജെ എറിഞ്ഞ അവസാന ഓവറിൽ മാത്രം 32 റൺസാണ് പിറന്നത്. 49 റൺസ് നേടിയ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സൂര്യകുമാർ യാദവ് (0) നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 234 റൺസ് നേടിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്, ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ആറോവറിൽ 75 റൺസാണ് മുംബൈ ഓപ്പണർമാർ അടിച്ചുകൂട്ടിയത്. സ്കോർ 80ൽ നിൽക്കേ, 7–ാം ഓവറിന്റെ അവസാന പന്തിൽ രോഹിത് ശർമ ക്ലീൻ ബോൾഡായി. 27 പന്തിൽ 3 സിക്സും 6 ഫോറും സഹിതം 49 റൺസ് നേടിയ താരത്തെ അക്ഷർ പട്ടേലാണ് കൂടാരം കയറ്റിയത്. തൊട്ടടുത്ത ഓവറിൽ റണ്ണൊന്നുമെടുക്കാതെ സൂര്യകുമാർ യാദവ് മടങ്ങി.

നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയോടൊപ്പം ഇഷാൻ കിഷൻ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇരുവരും ചേർന്ന് 10–ാം ഓവറിൽ ടീം സ്കോർ 100 കടത്തി. 11–ാം ഓവറിൽ ഇഷാനെ തകർപ്പൻ റിട്ടേൺ ക്യാച്ചിലൂടെ മടക്കിയ അക്ഷർ പട്ടേൽ വീണ്ടും മുംബൈയ്ക്ക് പ്രഹരമേൽപിച്ചു. 23 പന്തിൽ 42 റൺസ് നേടിയാണ് താരം പുറത്തായത്. പിന്നാലെയിറങ്ങിയ തിലക് വർമയും (5 പന്തിൽ 6) നിരാശപ്പെടുത്തി.

അവസാന ഓവറുകളിൽ തകർത്തടിച്ച ക്യാപ്റ്റൻ ഹാർദിക് 18–ാം ഓവറിൽ 39 റൺസുമായി മടങ്ങി. എന്നാൽ ടിം ഡേവിഡും റൊമാരിയോ ഷെപേർഡും അവസാന രണ്ടോവറിൽ തകർത്തടിച്ചതോടെ സ്കോർ 200 കടന്നു. ടിം ഡേവിഡ് 21 പന്തിൽ 45, ഷെപേർഡ് 10 പന്തിൽ 39 വീതം റൺസ് നേടി പുറത്താകാതെ നിന്നു.

∙ പ്ലേയിങ് ഇലവൻ 

ഡൽഹി ക്യാപിറ്റൽസ് – ഡേവിഡ് വാർണർ, പൃഥ്വി ഷാ, അഭിഷേക് പൊരൽ, റിഷഭ് പന്ത്, ട്രിസ്റ്റൻ സ്റ്റബ്സ്, അക്ഷർ പട്ടേൽ, ലളിത് യാദവ്, ജേ റിച്ചാർഡ്സൻ, ആൻറിച് നോർജെ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.
മുംബൈ ഇന്ത്യൻസ് – രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപേർഡ്, പിയുഷ് ചൗള, ജെറാൾഡ് കോട്സീ, ജസ്പ്രീത് ബുമ്ര.

English Summary:

IPL 2024: Mumbai Indians vs Delhi Capitals Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com