ADVERTISEMENT

ന്യൂഡൽഹി ∙ 2013ലെ ഐപിഎൽ വാതുവയ്പ് കേസിൽനിന്ന് മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രക്ഷപെട്ടത് നിയമത്തിന്റെ അഭാവം മൂലമാണെന്ന് ഡൽഹി പൊലീസിലെ മുൻ കമ്മിഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ കാരണമായത് ഇന്ത്യയിൽ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. നീരജ് കുമാർ ഡൽഹി പൊലീസ് കമ്മിഷണർ ആയിരിക്കെ, അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് സ്‌പെഷ്യൽ സെൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെ വാതുവയ്പ് കേസിൽ അറസ്റ്റു ചെയ്തത്. 2019ലാണ് ആജീവനാന്ത വിലക്ക് 7 വർഷത്തെ സസ്പെൻഷനായി കുറച്ചത്. 2020 സെപ്റ്റംബറിൽ സസ്പെൻഷൻ കാലാവധി പൂർത്തിയായി.

‘‘2013 മേയിൽ ശ്രീശാന്ത് കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞു. എന്നാൽ ക്രിക്കറ്റിൽ മാത്രമല്ല, ഒരു കായികയിനത്തിലും അഴിമതി തടയാനുള്ള നിയമം ഇന്ത്യയിലില്ല. ഓസ്‌ട്രേലിയയിലും ന്യൂസീലാന്‍ഡിലും നിയമമുണ്ട്. സിംബാബ്‌വെയിൽ പോലും ഇത്തരം കുറ്റങ്ങൾക്ക് പ്രത്യേക നിയമമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ്, ഗോൾഫ് എന്നിവയിലെല്ലാം ക്രമക്കേടു തടയാൻ നിയമമുണ്ട്. മാച്ച് ഫിക്സിങ്ങിലൂടെ ആളുകൾ വഞ്ചിക്കപ്പെടുകയാണ്. എന്നാൽ വഞ്ചിക്കപ്പെട്ട ഒരാളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെടുന്നതാണ് ഇവിടുത്തെ വൈരുദ്ധ്യം. ക്രിക്കറ്റ് മത്സരം കാണാൻ പോയ ഒരാൾ അങ്ങനെ കോടതിയിൽ ഹാജരാവാൻ തയാറാവുമോ? ഇരയെ ഹാജരാക്കാൻ പറ്റാത്ത സാഹചര്യത്തിൽ കേസ് തെളിയിക്കാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്’’ – നീരജ് കുമാർ പറഞ്ഞു. 

ഇന്ത്യയിൽ 2013 മുതൽ സ്പോർട്സിലെ അഴിമതി തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. 2018ൽ പാർലമെന്റിൽ അവതരിപ്പിച്ച പ്രിവൻഷൻ ഓഫ് സ്പോർട്ടിങ് ഫ്രോഡ് ബില്ലിൽ വാതുവയ്പ് ഉൾപ്പെടെയുള്ള കായിക തട്ടിപ്പുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അത് നടപ്പാക്കാത്തതെന്ന് മനസ്സിലാകുന്നില്ല. ബിൽ പാസാക്കുകയാണെങ്കിൽ സാഹചര്യം പൂർണമായും മാറുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

പൊലീസിന്റെ പ്രവർത്തനത്തെ കോടതി പ്രശംസിച്ചിരുന്നു. പ്രത്യേക സെൽ മികച്ച പ്രവർത്തനം നടത്തിയെന്ന് ജഡ്ജി പരാമർശിച്ചു. എന്നാൽ നിയമത്തിന്റെ അഭാവത്തിൽ ശിക്ഷ വിധിക്കാൻ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേരള ഹൈക്കോടതിയില്‍നിന്ന് ഇളവ് ലഭിച്ചെങ്കിലും അദ്ദേഹം നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല. മുഹമ്മദ് അസ്ഹറുദ്ദീനെതിരായ കേസ് പൂർത്തിയാക്കാൻ അനുവദിച്ചിരുന്നെങ്കിൽ വമ്പന്‍മാരുടെ പേരുകൾ പുറത്തുവരുമായിരുന്നുവെന്നും പക്ഷേ അതിന് അനുവദിച്ചില്ലെന്നും മുൻ കമ്മിഷണർ പറഞ്ഞു. 37 വർഷത്തെ സേവനത്തിനു ശേഷം 2013 ജൂലൈയിലാണ് നീരജ് കുമാർ വിരമിച്ചത്.

English Summary:

Sreesanth escaped due to vacuum of law: Former Delhi CP Neeraj Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com